ജാനുവമ്മ പറഞ്ഞ കഥ

ജാനുവമ്മ പറഞ്ഞ കഥ
ജാനുവമ്മ പറഞ്ഞ കഥ

ഭാഷയുടെ അപാര ഭംഗിയാണ് മാധവിക്കുട്ടിയുടെ എഴുത്ത്. നാട്ടുവഴികളുടെ അറിയാത്തതും കാണാത്തതുമായ ഏതൊക്കെ പച്ചപ്പിലൂടെയാണ് മാധവിക്കുട്ടി മലയാളത്തെ നടത്തിച്ചുകൊണ്ടുപോയത്. ജാനുവമ്മ പറഞ്ഞ കഥ വായിക്കൂ..

ഞായിപ്പൊ സിനിമ കാണാന്‍ പൂവ്വാറില്യ. വസ്സ് പിടിച്ച് കൊനെ നേരം കണ്ടോരടെ വെശര്‍പ്പിന്റെ നാറ്റോം ചെലപ്പോ ഒരു നുള്ളും ഒക്കേം സഹിച്ച് ഒടൂല് സിനിമാത്തിയേട്ടറില് എത്തുമ്പൊ ഇയ്ക്ക് ഒറ്റടി മുമ്പലയ്ക്ക് വെയ്ക്കാന്‍ വെയ്യാണ്ടെയാവും. കുട്ട്യോളാണെങ്കി ഇയ്ക്ക് തറിസീറ്റ് വാങ്ങിത്തരൂല്യ. വാല്‍ക്കണ സീറ്റാ വാങ്ങ്ാ. അയിനോ? ഇരുട്ടില് തപ്പിപ്പിടിച്ച് കേറിക്കേറി ഒടൂലാ പയിനെട്ടാം പടി ചവ്ട്ട്ാ. ഇന്റെ ഗുരുവായൂരപ്പാ, ഇയ്ക്ക് അപ്പൊത്തൊടങ്ങൂലൊ ഇന്റെ തണ്ട്‌ല് വേതന. എത്ര മരുന്നോള് സേവിച്ചു. എത്ര വഴിവാട് കഴിച്ചു. ഒരു ഭേദോല്യ. എല്ലിന്റെ ആത്ത് ചുളുചുളുന്ന് കുത്ത്ാ! ഇഞ്ഞി ഞായരേം കാണാന്‍ പൂവില്യ. ആരടെ സികില്‍സേം ഇയ്ക്ക് വേണ്ട. ഇന്നെ തെക്കോട്ടെടുക്കുമ്പഴേ ഈ വേതന മാറുള്ളു. അത് യ്ക്കശ്ശണ്ട്. രോഗത്തിനില്ലേ സികില്‍സ? തലേലെഴുത്തിനുണ്ടാ സികില്‍സാ?
അപ്പൊ ഞാമ്പറഞ്ഞത് ഇഞ്ഞി ഈ ജെമ്മം ഇയ്ക്ക് സിനിമ കാണണ്ട. ഒടൂല് കണ്ടത് ജെയരാജന്റെ ശാന്തംന്ന് പേര്ള്ള സിനിമയാ. കറഞ്ഞിട്ടൊരു കുണ്ടനെ ഓന്‌റെ അമ്മ തൊട്ട് തലോട്ണു. ഓന്റെ തല തോര്‍ത്തിയ്ക്കണൂ. ഓ്‌ന് വേണ്ടി അമ്പലത്തിപ്പോയി കണ്ണടച്ച് പ്രാര്‍ത്ഥിയ്ക്കുണു. എന്നിട്ടെന്താ? ഒാനൊട്ട് നന്നാവ്ണൂല്യ. തമ്മിത്തമ്മി തല്ലിക്കൊല്ലാനാ ഓനും ഓന്റെ ചങ്ങായ്യോളക്കും പൂതി. വെല്ലാത്ത ഒരു സിനിമ. സിനിമയ്ക്ക് കൊട്ത്ത കാശ് ഉണ്ടായിര്‍ന്നെങ്കി കപ്പേം മീനും കുട്ട്യോള്‍ക്ക് കൊടുക്കായിര്‍ന്നു. ഇയ്ക്ക് ഈ കരച്ചിലും പിഴിച്ചലും അശേഷം ഇഷ്ടല്യ. ശ്രീനിവാസനും മാളേം മാമുക്കോയേം ഒക്കെള്ള സിനിമോളാ ഇയ്ക്കിഷ്ടം. മനസ്സ് തൊറന്ന് ചിറിയ്ക്കാം. ഈ ജയരാജനെ ഇയ്ക്കറീല്യ. അറിഞ്ഞിരുന്നുവെങ്കി ഞാമ്പറയുവാര്ന്നു ഇന്റെ ജയരാജാ ദൈവം തമ്പ്്‌രാന്‍ മനിഷ്യര്‍ക്ക് തോനെ ദുഃഖോം കണ്ണീരും കൊട്ത്തടക്കുണൂ. ഇഞ്ഞി ഇങ്ങടെ വകേം ദുഃഖം കൊട്ക്കണാ? എന്താ? ഞാമ്പറേണത് ശെരിയല്ലേ? പണ്ടൊരാള് പറഞ്ഞത് എന്താശ്ശ്‌ണ്ടോ? തോട്ടക്കാരനാച്ചാ അയ്യാള് പൂച്ചെടിയോളക്കാ നനയ്ക്കണ്ടത്. മുള്‍ച്ചെടിയ്ക്കല്ല. മുള്ള് തൊട്ടാ കയ്യ് വേതനിക്കില്യേന്നും? ആളോ്‌ളെ സന്തോഷിപ്പിയ്ക്കണ കഥോളാവണം സിനിമേല്. ആളോ്‌ളെ കരയിപ്പിയ്ക്കണ് എന്തിനാ? കരയിപ്പിച്ചേന്റെ പാവം കിട്ടൂല്യേ? ഞാനാ? ഞാനാരേം കണ്ടിട്ടില്യേ... ജെയരാജനെ ഞാങ്കണ്ടിട്ടില്യ. അവരൊക്കെ വൊല്യോരല്ലേ? കാശ്‌ള്ളോര്? അവറ്റയൊന്നും പാവങ്ങടെ വീട്ടില് വെരില്യാലൊ? കമലുട്ട്യേമടെ വീട്ടിലാ? ഇയ്ക്കത്ര ഓര്‍മ്മല്യ. ഈ പേര് ഞായന്ന് കേട്ടിട്ട്ണ്ടാര്‍ന്നില്യ. ദേവാനന്ദ് വന്നേര്‍ന്നു. ഇന്നെ നോക്കി എന്തായിപ്പൊ ഞാന്‍ പറേണ്ടത് ഒരു പുഞ്ചിരി. അയ്യാള് ചിറിച്ച് പെണ്ണുങ്ങളെ പാട്ടിലാക്ക്യേര്‍ന്നു. ആക്കിക്കോട്ടെ. നുമ്മക്കെന്താ ചേതം? ദേവാനന്ദ് നുമ്മടെ സമ്മന്തക്കാരനല്ലല്ലൊ. പിന്നെ നുമ്മക്കെന്താ ചേതം? പിന്നീം ചെലോരെയൊക്കെ കണ്ടേര്‍ന്നൂ. ഇപ്പൊ ഒന്നിന്റേം പേര് ഓര്‍മ്മല്യ. നുമ്മടെ നാട്ട്്ാരല്ല. ഒക്കേം മറാട്ടിയോളും. ഇന്ദിക്കാരും. കണ്ടാല്‍ ചേല്‌ണ്ടേനീം. കണ്ടാത്തോന്നും തനി നായമ്മാരാന്ന്. തിരുവനന്തപുരത്ത് താമസിയ്ക്കുമ്പൊ പ്രേംനസീറിനെ കണ്ടു. കവിള് ചൊക ചൊകന്ന്... അതി സുന്ദരന്‍. അത് നമ്മുടെ ജാതിയല്ല. തുലുക്കനാന്ന് ദാസ് മേനോന്‍ ഇന്നോട് പറഞ്ഞപ്പൊ ഇയ്ക്ക് വിശ്വാസായില്യ. കോലോത്തെ വെല്യ തമ്പ്‌രാന്റെ നെറോം തലയെടുപ്പും. പിന്നീം പിന്നീം നോക്കാന്‍ തോന്നും. ഞാനാ? ഞാനങ്ങനെ ആണുങ്ങളെ നോക്കി ചോര കുടിയ്ക്കില്യ. എരപ്പ്! ഇന്റെ തറവാട്ടില് ഒരൊറ്റ പെണ്ണും ആണുങ്ങളെ തുറിച്ച് നോക്കീട്ടില്യ. ഇഞ്ഞിയൊട്ട് നോക്കൂല്യ. അമ്മാമ ഇല്യേ? വേപ്പാര്? അദ്യം വരച്ച വരേല് നിര്‍ത്തീട്ടാ പെണ്‍കുട്ട്യോളെ വളര്‍ത്തിക്കൊണ്ട്വന്നത്. അത് ശ്ശണ്ടാ? പ്രേംനസീറല്ല ഇഞ്ഞി സാക്ഷാല്‍ ഗാന്ധി വന്നാലും ഇന്റോടത്തെ പെണ്‍കുട്ട്യോള് തുറിച്ചുനോക്കില്യ. തീര്‍ച്ചയാ. 
ആണ്ങ്ങടെ ഭംഗിയെപ്പറ്റി പറഞ്ഞോണ്ടിരിയ്ക്കുമ്പൊ വെറുതെ പറഞ്ഞൂന്നേള്ളു. ഇന്റോടത്തെ സുനി പറയ്ാ നുമ്മ്‌ടെ ജയനാ അതിസുന്ദരന്‍ന്ന്. ഓരോര്ത്തരുടെ കണ്ണില് ഓരോരുത്തര് സുന്ദരമ്മാര്. അല്ലേന്നും? കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞെന്ന് പണ്ടൊരാള് പറഞ്ഞത് കേട്ടിട്ടില്യേ? ഞാമ്പറഞ്ഞോണ്ട് വന്നത് ജെയരാജന്‍ ഇങ്ങനെ എല്ലാരേം കരേപ്പിയ്ക്കാന്‍ തൊടങ്ങണ്ട. നല്ല സിനിമോള് എട്ക്കണം. പാട്ടും ചിറീം ഒക്കെള്ള സിനിമോള്. ഞങ്ങക്കൊക്കെ ചിറിയ്ക്കണ്ടേ? സന്തോഷിയ്ക്കണ്ടേ? മോനേ ജെയരാജാ അനക്കും അമ്മല്യേ? അമ്മമ്മല്യേ? പെങ്ങമ്മാരില്യേ? അവറ്റയൊക്കെ തേങ്ങിക്കരയണത് കാണാന്‍ അനക്ക് മോഹണ്ടാ?
ഞാന്‍ കണ്ടിട്ടില്യ. ചെറ്പ്പക്കാരനാന്ന് നൊമ്മടെ സുനി പറഞ്ഞിട്ടാ ഞായറിഞ്ഞത്. തൃശ്ശൂരാത്രെ താമസം.വേറെ കഥയൊന്നും കിട്ടീല്യെങ്കി വടക്കുന്നാഥക്ഷേത്രത്തില് രാവിലെ തൊഴാന്‍ പോണ പെണ്‍കിടാങ്ങള്‌ടെ സിനിമ എടുത്തോളിന്‍. നല്ല ചേല്ണ്ടാവും. പക്ഷേ, പണ്ടത്തെ ഭംഗിയൊന്നും ഇപ്പഴത്തെ കുട്ട്യോള്‍ക്ക് ഇല്യ. അത് തീര്‍ച്ചയാ. ആരാ മുണ്ട്്് ചിറ്റണ്? ആരൂല്യ. മുടീം മുറിച്ചടക്ക്ണൂ. മൊച്ചക്കൊരങ്ങമ്മാരെപ്പോലെയാ ചാടിച്ചാടി നടക്കണ്, അവറ്റ. അല്ലാണ്ടെ ഞായാരെപ്പറ്റിയാ പറയ്ാ? നായമ്മാരിലും ഉണ്ടല്ലൊ മുന്ത്യേ യാതി? കിരിയത്ത് വെള്ളായ്മ? അവരും വെരും അമ്പലത്തില്. അമ്യാമ്മാരും വെരും നോത്തൊക്കെ പച്ചമഞ്ഞള് തേച്ചിട്ട് ഇങ്ങള് പെലെര്‍ച്ചെ പോയി നോക്കിന്‍. തൃശൂരിലെ പെണ്ണുങ്ങളല്ലേന്നും ഈ ഭൂമില് വെച്ച് സുന്ദരിയോള്? സൗന്ദര്യമത്സരാ? ഉവ്വ് ഉവ്വ്. ഞാന്‍ കൊറെ കേട്ടട്ക്കുണു. കമലുട്ട്യേമ പേപ്പറിലെ പോട്ടം കാണിച്ച് തന്നിട്ടുണ്ട്. പ്രാന്തന്‍ താമി നടന്നേര്‍ന്നപോലെയല്ലേന്നും പെണ്ണുങ്ങളെക്കൊണ്ട് നടത്തണ്? കോണോണ്ട്ന്ന് മാത്രം. മൊലടെ മോള്ളും ശകലം തുണിണ്ടാവും. വാക്കിയൊന്നൂല്യ. നോക്കിയാ ഓക്കനം വെരും. ഇവറ്റയെകൊണ്ട് നിറ്ത്തണത് ആരാശ്ശണ്ടാ? ശത്രു ആളൊന്ന്വല്ല. സൊന്തം തന്തേം തള്ളേം തന്നെയാ. കാശ് കിട്ടുത്രെ. ജെയിച്ചോക്ക് നല്ല കാശാ. തോറ്റോര്‍ക്ക് ഒന്നൂല്യ. നേരെ വണ്ടീം പിടിച്ച് കുടുമ്മത്തിയ്ക്ക് മടങ്ങും. നാണോം മാനോം പോയി. ഇഞ്ഞി കുടുമ്മത്തെ കഞ്ഞിയന്നെ ശരണം. 
എന്തായീ പറേണ്? ഞാമ്പൂവോ്‌ന്നോ? ഇയ്ക്ക് നല്ലപ്പന്‍ കാലത്തുംകൂടി തോന്നീട്ടില്യ വാക്കിള്ളോരടെ നുമ്പില് തുണി ഊരാന്‍. ഞാമ്പൂവില്യ. ഒരു സൗന്ദര്യമത്സരത്തിനും ഞാമ്പൂവീല്യ. ആനത്തലയോളം പൊന്ന് തരാംന്ന് പറഞ്ഞാലും ഞാന്‍ ഇന്റെ മുണ്ടഴിയ്ക്കില്യ, തീര്‍ച്ച.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com