നാരായം കൊണ്ട് വലിച്ചുനീട്ടി എഴുതിയ അക്ഷരങ്ങളെ ഒതുക്കമുള്ളതാക്കി, മലയാളഭാഷയുടെ പരിണാമം 

കടലാസില്‍ മലയാളം എഴുതിയിരുന്നവരെല്ലാം അന്ന്‌ ടൈപ്പ് റൈറ്ററിലും കൂടി മലയാളം എഴുതി ശീലിച്ചിരുന്നെങ്കില്‍ പിന്നീട് കംപ്യൂട്ടര്‍ വന്നപ്പോള്‍ നമ്മുടെ ഭാഷയ്ക്ക് ഇത്രമാത്രം അവഗണന സംഭവിക്കില്ലായിരുന്നു
നാരായം കൊണ്ട് വലിച്ചുനീട്ടി എഴുതിയ അക്ഷരങ്ങളെ ഒതുക്കമുള്ളതാക്കി, മലയാളഭാഷയുടെ പരിണാമം 

ച്ചടിയന്ത്രം കണ്ടുപിടിച്ചപ്പോള്‍ കേരളത്തിലെത്തിയ ക്രൈസ്തവ മിഷനറിമാര്‍ ആദ്യം ചെയ്തത് അച്ചടിയന്ത്രത്തിന്റെ സാങ്കേതികതയെ തങ്ങളുടെ സുവിശേഷവേലയ്ക്ക് ഉപയോഗിച്ചു എന്നതാണ്.സുവിശേഷ പ്രഘോഷണത്തിനുവേണ്ടി ഒരു ഭാഷാപണ്ഡിതനായിത്തീര്‍ന്ന ബഞ്ചമിന്‍ ബെയ്‌ലി ഒരു ആശാരിക്കു പരിചിതമായിട്ടുള്ള കൊത്തുപണി ശീലിക്കുകയും മരത്തില്‍ അച്ചുകള്‍ കൊത്തിയുണ്ടാക്കി ഒരു മൂശാരിയെക്കൊണ്ട് അത് ഈയ്യത്തില്‍ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. അത് ഒരു സാങ്കേതിക വിദഗ്ദ്ധന്റെ ജോലിയാണ് എന്നുപറഞ്ഞ് വേണമെങ്കില്‍ അന്നും ബെയ്‌ലിക്ക് ഒഴിഞ്ഞുനില്‍ക്കാമായിരുന്നു. ഇന്ന് അത് ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ ജോലിയാണ് എന്നു പറഞ്ഞ് മാറിനില്‍ക്കുന്ന നമ്മുടെ മലയാളം അദ്ധ്യാപകരെപ്പോലെ. ഇങ്ങനെ സുവിശേഷപ്രഘോഷണത്തിനായി ഗുണ്ടര്‍ട്ടും ബെയ്‌ലിയും ശ്രമിക്കുന്ന സമയത്ത് മലയാളഭാഷ ക്രമപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ. 

നാരായം കൊണ്ട് വലിച്ചുനീട്ടി എഴുതിയിരുന്ന മലയാളം അക്ഷരങ്ങളെ ഉരുണ്ട ഒതുക്കമുള്ള ഒറ്റയറ്റ അക്ഷരങ്ങളാക്കി മാറ്റിത്തീര്‍ത്തു. പൊതുവായി ജനങ്ങള്‍ക്ക് മനസ്‌സിലാകത്തക്കവിധം പദങ്ങള്‍ക്ക് അര്‍ത്ഥക്‌ളിപ്തത ഉണ്ടാക്കാന്‍ പദകോശവും നിഘണ്ടുവും ഉണ്ടാക്കി. ഭാഷയ്ക്ക് പൊതുവായൊരു വ്യവസ്ഥയുണ്ടാകാന്‍ വ്യാകരണനിയമങ്ങള്‍ കണ്ടെത്തി. അങ്ങനെ അവരുടെ ഭാഷാപ്രയത്‌നം മലയാളത്തെ ഒരു മാനകഭാഷയിലേക്ക് എത്തിച്ചു. വാമൊഴിയിലും സാഹിത്യത്തിലും എല്ലാത്തരം പ്രാദേശിക ഭേദങ്ങളോടും കൂടി നിലനില്‍ക്കുമ്പോഴും ഒരു ഭാഷയ്ക്ക് ഒരു ജനതയുടെ മുഴുവന്‍ ഭാഷയാകണമെങ്കില്‍ പൊതുവായ ചില മാനദണ്ഡങ്ങള്‍ ഉണ്ടായേ പറ്റൂ. 

ഒരു ശിശു അമ്മിഞ്ഞപ്പാലിനോടൊപ്പം സ്വന്തമാക്കുന്നതാണ് മാതൃഭാഷ എങ്കിലും ജീവിതത്തിന്റെ വളര്‍ച്ചയില്‍ ആ ഭാഷയെത്തന്നെ ഫലവത്തായി ഉപയോഗിക്കണമെങ്കില്‍ ആ ഭാഷയുടെ സാങ്കേതികതയെ പരിശീലിക്കേണ്ടതുണ്ട്. ആദ്യമായി മലയാളത്തെ സാങ്കേതികവിദ്യയോട് ഇണക്കിച്ചേര്‍ത്ത ഒരു മാനകഭാഷയാക്കി മലയാളിക്കു മുന്നില്‍ അവതരിപ്പിച്ചു എന്നതാണ് ക്രൈസ്തവ മിഷനറിമാര്‍ ചെയ്ത ഏറ്റവും വലിയ നേട്ടം. എന്നാല്‍ അടുത്തൊരു ഘട്ടത്തില്‍ ടൈപ്പ്‌റൈറ്റര്‍ നിലവില്‍ വന്നപ്പോള്‍ നമുക്ക് നമ്മുടെ ഭാഷയെ ആ യന്ത്രത്തിന് വഴങ്ങുംരീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ യന്ത്രത്തെ ഭാഷയുടെ ആവശ്യത്തിനനുസരിച്ച് വികസിപ്പിക്കാനുമായില്ല. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും അതുപോലെയുള്ള സര്‍ക്കാര്‍ സംരംഭങ്ങളുംകാര്യമായി ശ്രമം നടത്തുകയും ലിപി പരിഷ്‌കരണം നടപ്പിലാക്കുകയും ചെയ്തു എങ്കിലും ഭാഷയുടെ ഭംഗി പോയി എന്ന ഭാഷാസ്‌നേഹികളുടെ പ്രതിഷേധത്തില്‍ ആ പരിഷ്‌കരണം അല്പായുസ്‌സായി. കടലാസില്‍ മലയാളം എഴുതിയിരുന്നവരെല്ലാം അന്ന്‌ ടൈപ്പ് റൈറ്ററിലും കൂടി മലയാളം എഴുതി ശീലിച്ചിരുന്നെങ്കില്‍ പിന്നീട് കംപ്യൂട്ടര്‍ വന്നപ്പോള്‍ നമ്മുടെ ഭാഷയ്ക്ക് ഇത്രമാത്രം അവഗണന സംഭവിക്കില്ലായിരുന്നു.

(ഡോ. റോസി തമ്പി എഴുതിയ മലയാളം ഭാവിയുടെ ഭാഷ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com