മലയാളഭാഷയുടെ അവസാന വാക്ക്: ശ്രീകണ്‌ഠേശ്വരം പദ്മനാഭ പിള്ള  

ആദ്യകാലത്തെ അദ്ദേഹത്തിന്റെ കൃതികളിലധികവും തുള്ളല്‍ക്കഥകളും ആട്ടക്കഥകളുമായിരുന്നു. മലയാളത്തിന് പുറമെ ഇംഗ്‌ളീഷ്, സംസ്‌കൃതം, തമിഴ് തുടങ്ങിയ ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു
മലയാളഭാഷയുടെ അവസാന വാക്ക്: ശ്രീകണ്‌ഠേശ്വരം പദ്മനാഭ പിള്ള  

ലയാളഭാഷയുടെ അവസാനവാക്ക് എന്ന് പറയാവുന്ന ശബ്ദതാരാവലിയുടെ കര്‍ത്താവായ ശ്രീകണ്‌ഠേശ്വരം പദ്മനാഭ പിള്ള 1864-ല്‍ തിരുവനന്തപുരത്തെ ശ്രീകണ്‌ഠേശ്വരത്ത് ജനിച്ചു, കുളവറവിള അകത്ത് വീട്ടില്‍ പരുത്തിക്കാട്ട് നാരായണ പിള്ളയുടെയും നാരായണിയുടെയും പുത്രനായി. തുള്ളല്‍, കഥകളി തുടങ്ങിയ ക്‌ളാസിക് കലകളിലുള്ള താല്‍പര്യം സാഹിത്യാഭിരുചിയ്ക്ക് ചെറുപ്പത്തിലേ വഴിവെച്ചു. അതുകൊണ്ടു തന്നെ ആദ്യകാലത്ത് അദ്ദേഹമെഴുതിയ കൃതികളിലധികവും തുള്ളല്‍ക്കഥകളും ആട്ടക്കഥകളുമായിരുന്നു. മലയാളത്തിന് പുറമെ ഇംഗ്‌ളീഷ്, സംസ്‌കൃതം, തമിഴ് തുടങ്ങിയ ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. വൈദ്യവും അറിയാമായിരുന്നു. ആദ്യം കണക്കെഴുത്തു വകുപ്പില്‍ ജോലിക്കാരനായ അദ്ദേഹം പിന്നീട് മജിസ്‌ട്രേറ്റ് പരീക്ഷ പാസായതിനു ശേഷം പ്രാക്ടീസ് തുടങ്ങി. 

ബാലിവിജയം, കീചകവധം എന്നീ തുള്ളല്‍ക്കഥകളും ധര്‍മഗുപ്തവിജയം, സുന്ദോപസുന്ദയുദ്ധം തുടങ്ങിയ ആട്ടക്കഥകളും കനകലതാ സ്വയംവരം, പാണ്ഡവ വിജയം, മദനകാമചരിതം തുടങ്ങിയ നാടകങ്ങളും ഇതരസാഹിത്യശാഖകളില്‍ മറ്റനേകം കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. ഭാഷാവിലാസം എന്നൊരു മാസികയും അദ്ദേഹം നടത്തിയിരുന്നു. ഇരുപതു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി എഴുതിയ ശബ്ദതാരാവലി തന്നെയാണ് ശ്രീകണ്‌ഠേശ്വരത്തിന്റെ മാസ്റ്റര്‍ പീസ്. 32-ാമത്തെ വയസ്‌സിലാണ് അദ്ദേഹം ഇതെഴുതിത്തുടങ്ങിയത്. 1918-ല്‍ മാസികാരൂപത്തില്‍ ഇതിന്റെ ആദ്യഭാഗങ്ങള്‍ വെളിച്ചം കണ്ടു. 1923-ല്‍ നിഘണ്ടുവിന്റെ ഒന്നാമത്തെ പതിപ്പ് പുറത്തിറങ്ങി. മലയാള ഭാഷക്ക്  ശബ്ദതാരാവലിയിലൂടെ അദ്ദേഹം നല്‍കിയ സംഭാവനയെ പുരസ്‌കരിച്ച് അന്നത്തെ ഭരണാധികാരികള്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. ആദ്യത്തെ സമ്പൂര്‍ണ മലയാള നിഘണ്ടുവിന്റെ സ്രഷ്ടാവായ ശ്രീകണ്‌ഠേശ്വരം 1946-ല്‍ അന്തരിച്ചു.

1072-ാമാണ്ട് ഈ നിഘണ്ടു എഴുതുന്നതിന് ആരംഭിച്ചു. ആയിട എഴുത്തുകാപ്പി ഏതാനും പുറം ശ്രീമല്‍ കേരളകാളിദാസനായ കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്‌സിനെ കാണിക്കയും അവിടുന്ന് സന്തോഷിച്ച് ''ഈ രീതിയില്‍ മുഴുപ്പിക്കുന്നതായാല്‍ മലയാളഭാഷയ്ക്ക് ഇത് വലുതായ ഒരു സമ്പാദ്യമായിരിക്കുമെന്നും വേണ്ട സഹായസഹകരണങ്ങള്‍ ചെയ്യാമെന്നും മുന്‍പു നിങ്ങളുടെ കാരണവര്‍ പി. ഗോവിന്ദപ്പിള്ള ബി.എ. ഒരു 'ഇംഗ്‌ളീഷ്-മലയാള നിഘണ്ടു' എഴുതുന്നതിന് ആരംഭിച്ചതിന്റെ ശേഷം ദൈഹികങ്ങളായ ക്‌ളേശങ്ങളായിരിക്കാം ഉടനടി മുടങ്ങിയതുപോലെ വന്നുപോകരുതെന്നും ഈ മഹാരംഭത്തിന്റെ സ്ഥിതി ആലോചിച്ചാല്‍ ഇത് എഴുതിത്തീര്‍ക്കുന്നതിന് മുപ്പതോളം വര്‍ഷം വേണ്ടിവരുമെന്നുമുള്ളതാകയാല്‍ ക്രമത്തിലധികം ക്ഷമയും ശ്രദ്ധയും ഉണ്ടായിരിക്കണമെന്നും'' എന്നോട് കല്പിച്ചു. അവിടുത്തെ മരുമകനും കേരളപാണിനിയുമായ എ.ആര്‍. രാജരാജവര്‍മ കോയിത്തമ്പുരാന്‍ തിരുമനസ്‌സുകൊണ്ടും ഇതേവിധംതന്നെയാണ് ഗുണദോഷിച്ചത്. ഏതാനും ലക്കങ്ങള്‍ അവിടുന്ന് കാണുകയും വേണ്ട ഉപദേശങ്ങള്‍ തരുകയും ചെയ്തിട്ടുള്ള വാസ്തവവും പ്രസ്താവ്യമാകുന്നു.1072 മുതല്‍ ഏഴുവര്‍ഷം തുടര്‍ച്ചയായി വേല ചെയ്തതിന്റെശേഷം നിഘണ്ടു മുഴുവനാകുന്നതിന് ഇനിയും പത്തുപതിനഞ്ചുവര്‍ഷം കൂടി വേണ്ടിവരുമല്ലോ എന്ന് ഒരു വലിയ മടുപ്പ് തോന്നുകയാല്‍ തല്‍ക്കാലം ആ ജോലി നിറുത്തിവെച്ച് ക്രോഡീകരിച്ചിരുന്നവയില്‍ ഏതാനും ശബ്ദങ്ങളെ എടുത്ത് 'കീശാനിഘണ്ടു' എന്ന നാമധേയത്തില്‍ ഒരകാരാദി ഞാന്‍ പുറത്താക്കി. ഇത് 1080-ല്‍ ആയിരുന്നു. അത് എളുപ്പം ചെലവായതിനാല്‍ എന്റെ പ്രയത്‌നം വീണ്ടും ആരംഭിച്ചു. 

1084 അവസാനത്തില്‍ 'ശബ്ദരത്‌നാകരം' എന്ന നിഘണ്ടുവിന്റെ പുറപ്പാടിന്റെ വട്ടങ്ങള്‍ കണ്ടുതുടങ്ങി. അതിന്റെ പ്രയോജകന്മാര്‍ എന്റെ പ്രിയസുഹൃത്തുക്കളായ ബ്രഹ്മശ്രീ സി.എന്‍.എ. രാമയ്യാശാസ്ര്തി എം.എയും മുള്ളുവിളാകം കെ. ഗോവിന്ദപ്പിള്ള അവര്‍കളും ആയിരുന്നു. രണ്ടുപേരും അതിലേക്കു സര്‍വഥാ സമര്‍ഥന്മാരായിരുന്നു എങ്കിലും ഒരാള്‍ പാണ്ഡിത്യംകൊണ്ടും മറ്റൊരാള്‍ പരിശ്രമം കൊണ്ടും മുമ്പും വമ്പും സംമ്പാദിച്ചിരുന്നു. 1085 കന്നിയില്‍ അത് പുറപ്പെട്ടതോടുകൂടി എന്റെ പ്രയത്‌നം ഞാന്‍ നിറുത്തിവെച്ചു. ദുര്‍ദൈവവശാലായിരിക്കാം അഞ്ചോ ആറോ ലക്കങ്ങളോടുകൂടി ശബ്ദരത്‌നാകരത്തിന്റെ പ്രസ്ഥാനം അസ്ഥാനത്തിലായി. തദനന്തരം എന്റെ ഉദ്യമം ഞാന്‍ ഒരുവിധം പുറപ്പെടുവിക്കാമെന്നുള്ള നിലയില്‍ വരുത്തി. ഇങ്ങനെയാണ് ഇതിന്റെ ആവിര്‍ഭാവം.ശീലാവതി തുടങ്ങി മഹാഭാഗവതം വരെയുള്ള എല്ലാ ഗ്രന്ഥങ്ങളുടെയും അനേകം വ്യാഖ്യാനങ്ങളുടെയും പ്രത്യേകം പ്രത്യേകമുള്ള അകാരാദി തുടര്‍ച്ചയില്‍തന്നെ തയാറാക്കിയ മുഖ്യസംഗതിയാണ് ഇത് മുഴുമിപ്പിക്കുന്നതിന് സഹായിച്ചതെന്ന് ഞാന്‍ പ്രത്യേകം അറിയിക്കുന്നു. മഹാശയന്മാരായ കൊല്ലിന്‍സ്, ഗുണ്ടര്‍ട്ട്, ബെയിലി, ആപ്‌തെ മുതലായവരുടെ നിഘണ്ടുക്കളും മറ്റനേകം ഗ്രന്ഥങ്ങളും എന്നെ ഇതില്‍ വേണ്ടുംവിധം സഹായിച്ചിട്ടുണ്ടെന്നുള്ളതും അത്യന്തം സ്മരണീയമാകുന്നു. പി.കെ. നാരായണപിള്ള അവര്‍കള്‍ ബി.എ., ബി.എല്‍., വള്ളത്തോള്‍ നാരായണമേനോന്‍ അവര്‍കള്‍ (ആത്മപോഷിണി പത്രാധിപര്‍) മുതലായവര്‍ നേരിട്ടും മാസിക മുതലായവമൂലവും ചില ഭേദഗതികള്‍ ചെയ്യണമെന്ന് മുന്‍കൂട്ടി ഉപദേശിച്ചതിനെ നിവൃത്തിയുള്ളിടത്തോളം ഞാന്‍ അനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.  

(1923 മാര്‍ച്ച് 16-ാം തീയതി ശ്രീകണ്ടേശരം എഴുതിയ ഓണപ്പതിപ്പിന്റെ മുഖവുരയില്‍ നിന്ന്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com