ഡുപ്ലസിസിന്റെ തെറ്റായ നീക്കം, ഇംഗ്ലണ്ടിനെതിരെ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ച കാരണങ്ങള്‍

പാര്‍ട്ട് ടൈം സ്പിന്നര്‍മാരുടെ കൈകളിലാണ് ഡുപ്ലസിസ് പന്ത് നല്‍കിയത്. ഇത് മോര്‍ഗനും, ബെന്‍ സ്‌റ്റോക്കിനും ക്രീസില്‍ നിലയുറപ്പിക്കാന്‍ സമയം നല്‍കി
ഡുപ്ലസിസിന്റെ തെറ്റായ നീക്കം, ഇംഗ്ലണ്ടിനെതിരെ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ച കാരണങ്ങള്‍

ആതിഥേയര്‍ ജയിച്ചു തന്നെ തുടങ്ങി. സൗത്ത് ആഫ്രിക്കയ്ക്ക് കളി പിടിക്കാന്‍ ഇനിയും ഏറെ മുന്നൊരുക്കങ്ങള്‍ വേണമെന്ന് ആദ്യ മത്സരത്തില്‍ നിന്ന് തന്നെ വ്യക്തം. നായകന്‍ ഡുപ്ലസിസ് എടുത്ത തെറ്റായ തീരുമാനങ്ങളും 104 റണ്‍സ് തോല്‍വിയിലേക്ക് സൗത്ത് ആഫ്രിക്കയെ വീഴ്ത്തി. 

ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ച ഡുപ്ലസിസ് ഇമ്രാന്‍ താഹിറിനെ ഓപ്പണിങ് ബൗളറാക്കി മികവ് കാട്ടി. ബെയര്‍‌സ്റ്റോയുടെ വിക്കറ്റെടുത്ത് ഇമ്രാന്‍ നായകന്റെ തീരുമാനം ശരിവെച്ചു. എന്നാല്‍ പിന്നാലെ ജോ റൂട്ടും, ജാസന്‍ റോയും മികച്ച കൂട്ടുകെട്ട് തീര്‍ത്ത് ഇംഗ്ലണ്ട് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. 

ഇരുവരുടേയും വിക്കറ്റ് തുടരെ നഷ്ടമായെങ്കിലും പുതിയതായി ക്രീസിലെത്തിയ ബാറ്റ്‌സ്മാന്മാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ഡുപ്ലസിസ് പരാജയപ്പെട്ടു. ഈ സമയം പാര്‍ട്ട് ടൈം സ്പിന്നര്‍മാരുടെ കൈകളിലാണ് ഡുപ്ലസിസ് പന്ത് നല്‍കിയത്. ഇത് മോര്‍ഗനും, ബെന്‍ സ്‌റ്റോക്കിനും ക്രീസില്‍ നിലയുറപ്പിക്കാന്‍ സമയം നല്‍കി. 89 റണ്‍സ് എടുത്താണ് സ്റ്റോക്ക് പിന്നെ മടങ്ങിയത്. സെഞ്ചുറിയിലേക്ക് വേണ്ടി അടിക്കാന്‍ വേണ്ടി സ്റ്റോക്കിന്റെ ഭാഗത്ത് നിന്നുണ്ടായ അക്ഷമയായിരുന്നു സ്‌റ്റോക്കിന്റെ വിക്കറ്റ് കളഞ്ഞത്. നിശ്ചിത ഓവര്‍ തീരുന്നതിന് മുന്‍പ് സെഞ്ചുറിയിലേക്കെത്താനുള്ള സ്റ്റോക്കിന്റെ തിടുക്കം പന്ത് നേരിടുമ്പോള്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുന്നതില്‍ നിന്നും സ്‌റ്റോക്കിന്റെ ശ്രദ്ധ കളഞ്ഞിരുന്നു. ക്രീസിലെത്തിയപ്പോള്‍ തന്നെ സ്‌റ്റോക്കിനെ അസ്വസ്ഥമാക്കാന്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ആ വിക്കറ്റ് അവര്‍ക്ക് നേരത്തെ വീഴ്ത്താമായിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ ഇറക്കുക വഴി ഡുപ്ലസിസ് അവര്‍ക്ക് നിലയുറപ്പിക്കാന്‍ സമയം നല്‍കി. 

ഡെത്ത് ബൗളിങ്ങില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണിക്കുന്ന മികവ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നിന്ന് വന്നില്ല. സ്റ്റാര്‍ ബൗളര്‍ റബാഡയുടെ മൂന്ന് ഡെത്ത് ഓവറുകളില്‍ 31 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. എന്നാല്‍ എന്‍ഗിഡിയും ആന്‍്ഡിലേയും സ്ലോ വൈഡ് ഡെലിവറികളും, സ്ലോ ഷോര്‍ട്ട് ബോളുകളുമായും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ കുഴക്കിയതിനാല്‍ ആതിഥേയര്‍ക്ക് യഥേഷ്ടം റണ്‍സ് കണ്ടെത്താനായില്ല. എന്‍ഗിഡിയുടെ മൂന്ന് ഓവറില്‍ 13 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. 

350ന് അപ്പുറം സ്‌കോര്‍ കണ്ടെത്തുന്നതില്‍ നിന്ന് ആതിഥേയരെ തടയാന്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്കായി. എന്നാല്‍ 312 റണ്‍സ് എന്ന സ്‌കോര്‍ തന്നെ അവിടെ ചെയ്‌സ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. ഹാഷിം അംല റിട്ടേയേര്‍ഡ് ഹര്‍ട്ടാവുക കൂടി ചെയ്തതോടെ സൗത്ത് ആഫ്രിക്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമായി. ഒരുവശത്ത് ഡികോക്ക്് ഉറച്ചു നിന്നെങ്കിലും കൂട്ടുകെട്ട് തീര്‍ക്കാന്‍ മറ്റ് താരങ്ങള്‍ക്ക് സാധിച്ചില്ല. ഡസെനുമൊത്ത് കൂട്ടുകെട്ട് കെട്ടിപ്പൊത്തി ഡികോക്ക്് സൗത്ത് ആഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കിയെങ്ക്ിലും ഡികോക്ക് പുറത്തായതോടെ അവരുടെ സാധ്യതകള്‍ അവസാനിച്ചു. 

ഡികോക്കിന്റെ പുറത്താവലിന് പിന്നാലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു. സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരൊ കുലുക്കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചര്‍ തന്നെയാണ് അവരുടെ ഹീറോ. ബാറ്റിങ്ങില്‍ ഹീറോ ബെന്‍ സ്‌റ്റോക്കും. രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി ബെന്‍ സ്‌റ്റോക്ക് ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തതോടെ ഇംഗ്ലണ്ടിന് ആദ്യ മത്സരത്തില്‍ ആശങ്കപ്പെടാന്‍ അധികമൊന്നുമുണ്ടായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com