ബാറ്റിങ്ങിനെ തുണയ്ക്കുമെന്ന് പറഞ്ഞ പിച്ച്, അവിടെ പാകിസ്ഥാനെ ചീട്ടുകൊട്ടാരമാക്കിയത് ഹോള്‍ഡറുടെ തന്ത്രം

തന്റെ ആദ്യ രണ്ട് ഓവറില്‍ 20 റണ്‍സാണ് ഹോള്‍ഡര്‍ വഴങ്ങിയത്. ഈ സമയം ഒഷാന്‍ തോമസിനാവും ഹോള്‍ഡര്‍ പന്തേല്‍പ്പിക്കുക എന്ന ഏവരും കരുതി
ബാറ്റിങ്ങിനെ തുണയ്ക്കുമെന്ന് പറഞ്ഞ പിച്ച്, അവിടെ പാകിസ്ഥാനെ ചീട്ടുകൊട്ടാരമാക്കിയത് ഹോള്‍ഡറുടെ തന്ത്രം

ബാറ്റിങ്ങിനെ തുണയ്ക്കുന്നതെന്ന് വിലയിരുത്തപ്പെട്ട പിച്ച്. കളി തുടങ്ങുന്നതിന് മുന്‍പ് പിച്ച് പരിശോധിച്ച മൈക്കല്‍ ഹോള്‍ഡിങ് പറഞ്ഞത് ബൗളര്‍മാര്‍ക്ക് വലിയ സഹായം പിച്ചില്‍ നിന്ന് ലഭിക്കില്ലെന്നാണ്...ബൗളിങ് ഓപ്പണ്‍ ചെയ്ത ഹോള്‍ഡറുടെ സ്‌പെല്‍ ആ വിലയിരുത്തല്‍ ശരിവെച്ചു. പക്ഷേ കളി തുടങ്ങി മൂന്നാമത്തെ ഓവറില്‍ തന്നെ കാര്യങ്ങള്‍ ആകെ മാറി. 22ാം ഓവറായപ്പോഴേക്കും പാക് ടീം ഓള്‍ ഔട്ട്. 

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ പാകിസ്ഥാന്‍ എങ്ങനെ 107 റണ്‍സിന് ഓള്‍ ഔട്ട് എന്നതാണ് ചോദ്യം. അവിടെ കളി ജയിപ്പിച്ചത് വിന്‍ഡിസ് നായകന്‍ ഹോള്‍ഡറുടെ തന്ത്രമാണ്. തന്റെ ആദ്യ രണ്ട് ഓവറില്‍ 20 റണ്‍സാണ് ഹോള്‍ഡര്‍ വഴങ്ങിയത്. ഈ സമയം ഒഷാന്‍ തോമസിനാവും ഹോള്‍ഡര്‍ പന്തേല്‍പ്പിക്കുക എന്ന ഏവരും കരുതി. പക്ഷേ റസലിനെയാണ് ഹോള്‍ഡര്‍ കൊണ്ടുവന്നത്. 

ഐപിഎല്ലില്‍ പോലും റസലിനെ ബൗളറായി അധികം ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ, ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ റസലിന്റെ കൈകളിലേക്ക് പന്തേല്‍പ്പിക്കുമെന്ന് ആരും കരുതിയില്ല. എന്നിട്ടും റസലിനെ ഹോള്‍ഡര്‍ വിശ്വസിച്ചു. ആ വിശ്വാസം തെറ്റിയതുമില്ല. റസലിന്റെ വേഗം നിറച്ച ബൗണ്‍സറുകള്‍ പാക് ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചു. 

മൂന്ന് ഓവര്‍ ഉള്‍പ്പെട്ട സ്‌പെല്ലില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ രണ്ട് നിര്‍ണായക വിക്കറ്റുകളാണ് തകര്‍പ്പന്‍ ഡെലിവറിയിലൂടെ റസല്‍ വീഴ്ത്തിയത്. റസലിന്റെ ബൗളിങ് പ്ലാന്‍ മറ്റ് വിന്‍ഡിസ് പേസര്‍്മാരും ഏറ്റെടുത്തതോടെ പാകിസ്ഥാനെ പിന്നെ പിടിച്ചു നില്‍ക്കാനായില്ല. 

ബാറ്റുകൊണ്ടും പന്തുകൊണ്ടും വിന്‍ഡിസ് ഞെട്ടിച്ചു കഴിഞ്ഞു. ലോകകപ്പ് സന്നാഹ മത്സരത്തില്‍ 400ന് മുകളില്‍ സ്‌കോര്‍ കടത്തിയും, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയും വിന്‍ഡിസ് മറ്റ് ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com