സച്ചിനൊപ്പം ഓപ്പണറായി രോഹിത്, നെറ്റിച്ചുളിച്ച് ക്രിക്കറ്റ് ലോകം; ഇയാന്‍ ബിഷപ്പിന്റെ എക്കാലത്തേയും മികച്ച പ്ലേയിങ് ഇലവനിലെ സര്‍പ്രൈസുകള്‍

സൗരവ് ഗാംഗുലി, ആദം ഗില്‍ക്രിസ്റ്റ് എന്നിവരെ പോലുള്ളവരെ ഒഴിവാക്കിയാണ് ബിഷപ്പ് രോഹിത്തിനെ തെരഞ്ഞെടുത്തത്
സച്ചിനൊപ്പം ഓപ്പണറായി രോഹിത്, നെറ്റിച്ചുളിച്ച് ക്രിക്കറ്റ് ലോകം; ഇയാന്‍ ബിഷപ്പിന്റെ എക്കാലത്തേയും മികച്ച പ്ലേയിങ് ഇലവനിലെ സര്‍പ്രൈസുകള്‍

ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. അതിന് ഇടയില്‍, വിന്‍ഡിസ് മുന്‍ ഫാസ്റ്റ് ബൗളര്‍ ഇയാന്‍ ബിഷപ്പ് തെരഞ്ഞെടുത്ത എക്കാലത്തേയും മികച്ച ഏകദിന ഇലവനെ കണ്ട് ചെറുതായൊന്ന് നെറ്റിചുളിക്കുകയുമാണ് ക്രിക്കറ്റ് ലോകം..കാരണം എന്തെന്നല്ലേ? 

ഇയാന്‍ ബിഷപ്പിന്റെ എക്കാലത്തേയും മികച്ച ഏകദിന ഇലവന്‍ ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്നതാണ്. നാല് ഇന്ത്യന്‍ കളിക്കാരാണ് ഇലവനില്‍ ഇടം നേടിയത്. പക്ഷേ ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്ക് സംഭവം തീരെ രസിച്ചിട്ടില്ല. ഇയാന്‍ ബിഷപ്പിന്റെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത് ഒരേയൊരു ഓസീസ് താരം മാത്രം. 

ബിഷപ്പിന്റെ ഇലവനില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതും രണ്ട് ഇന്ത്യക്കാരാണ്. ഒരാള്‍, നമ്മള്‍ ഊഹിക്കുന്നത് പോലെ, സച്ചിന്‍ തന്നെ...സച്ചിന് കൂട്ടായി ബിഷപ് തെരഞ്ഞെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയാണ്. സൗരവ് ഗാംഗുലി, ആദം ഗില്‍ക്രിസ്റ്റ് എന്നിവരെ പോലുള്ളവരെ ഒഴിവാക്കിയാണ് ബിഷപ്പ് രോഹിത്തിനെ തെരഞ്ഞെടുത്തത്. 

നിലവില്‍ ലോകക്രിക്കറ്റിലെ ഇതിഹാസ താരമാവുന്നതിനുള്ള യോഗ്യത രോഹിത്തിനുണ്ടെന്നാണ് ബിഷപ്പ് ഇതിന് കാരണമായി പറയുന്നത്. വിവ് റിച്ചാര്‍ഡ്‌സാണ് ബിഷപ്പിന്റെ പ്ലേയിങ് ഇലവനില്‍ മൂന്നാമതായി ഇറങ്ങുന്നത്. റിച്ചാര്‍ഡ്‌സന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കൂ...ഏത് കാലത്തും, ഏത് ടീമിലും ഇടം നേടാന്‍ യോഗ്യനാണ് റിച്ചാര്‍ഡ്‌സ് എന്ന് ബിഷപ് ചൂണ്ടിക്കാണിക്കുന്നു. 

നാലാമനായി വരുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയാണ്. മത്സരങ്ങള്‍ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള കഴിവാണ് കോഹ് ലിയെ വ്യത്യസ്തനാക്കുന്നതെന്ന് ഇയാന്‍ ബിഷപ്പ് പറയുന്നു. എബി ഡിവില്ലിയേഴ്‌സാണ് ഇയാന്‍ ബിഷപ്പിന്റെ പ്ലേയിങ് ഇലവനില്‍ അഞ്ചാമത് വരുന്നത്. ഡിവില്ലിയേഴ്‌സിന്റേത് പോലൊരു സ്‌ട്രൈക്ക് റേറ്റില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരി നിലനിര്‍ത്തുക എന്നത് മറ്റൊരു താരത്തിന് സാധിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഡിവില്ലിയേഴ്‌സിനെ ടീമിലേക്കെടുത്ത് അദ്ദേഹം പറയുന്നു. 

ആറാം സ്ഥാനത്ത്, കപില്‍ ദേവ്, കാലിസ്, ഇമ്രാന്‍ ഖാന്‍, ഇയാന്‍ ബോത്ഹം എന്നിവരെയെല്ലാം തഴഞ്ഞ് സൗത്ത് ആഫ്രിക്കന്‍ ഔള്‍ റൗണ്ടര്‍ ലാന്‍സ് ക്ലസ്‌നറിനേയും ബിഷപ് തെരഞ്ഞെടുക്കുന്നു. ഇയാന്‍ ബിഷപ്പിന്റെ വിക്കറ്റ് കീപ്പര്‍ ധോനിയാണ്. സഖ്‌ലെയ്ന്‍ മുഷ്താഖ് മാത്രമാണ് ബിഷപ്പിന്റെ ഇലവനിലെ ഒരേയൊരു സ്പിന്നര്‍. വസീം അക്രം, വിന്‍ഡിസിന്റെ ജോയല്‍ ഗാര്‍നര്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരെയാണ് ബിഷപ് തന്റെ ടീമിലെ പേസര്‍മാരാക്കുന്നത്. 

ബിഷപ്പിന്റെ എക്കാലത്തേയും മികച്ച ഏകദിന ഇലവന്‍

സച്ചിന്‍, രോഹിത്, വിവ് റിച്ചാര്‍ഡ്‌സ്, വിരാട് കോഹ് ലി, ഡിവില്ലിയേഴ്‌സ്, ലാന്‍സ് ക്ലസ്‌നര്‍, ധോനി, വസീം അക്രം, സഖ്‌ലെയ്ന്‍ മുഷ്താഖ്, ജോയല്‍ ഗാര്‍നര്‍, മഗ്രാത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com