ഇതാ, ഇന്ത്യ നയം വ്യക്തമാക്കി കഴിഞ്ഞു, ഓസീസ് തേരോട്ടത്തിനും തടയിട്ട് കോഹ് ലിപ്പട

തുടരെ പത്ത് മത്സരങ്ങള്‍ ജയിച്ച് മുന്നറുകയായിരുന്ന ഓസ്‌ട്രേലിയയുടെ പോക്കിന് കൂടിയാണ് ഓവലില്‍ ഇന്ത്യ തടയിട്ടത്
ഇതാ, ഇന്ത്യ നയം വ്യക്തമാക്കി കഴിഞ്ഞു, ഓസീസ് തേരോട്ടത്തിനും തടയിട്ട് കോഹ് ലിപ്പട

അഫ്ഗാനിസ്ഥാനെതിരേയും, വിന്‍ഡിസിനെതിരേയും ജയം നേടിയെത്തിയ ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയെ അതിജീവിക്കാനായില്ല. സൗത്ത് ആഫ്രിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയേയും മുട്ടുകുത്തിച്ച് ഇന്ത്യ ലോകകപ്പിലെ തുടക്കം ഗംഭീരമാക്കി.  352 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഓസീസിന് 36 റണ്‍സ് അകലെ വെച്ച് തോല്‍വി സമ്മതിക്കേണ്ടി വന്നു. 

തുടരെ പത്ത് മത്സരങ്ങള്‍ ജയിച്ച് മുന്നറുകയായിരുന്ന ഓസ്‌ട്രേലിയയുടെ പോക്കിന് കൂടിയാണ് ഓവലില്‍ ഇന്ത്യ തടയിട്ടത്. ജയത്തോടെ പോയിന്റ് ടേബിളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ഓസ്‌ട്രേലിയ നാലാമതേക്ക് വീണു. ഓവലില്‍ ടോസായിരുന്നു ഇന്ത്യയെ തുണച്ചത്. 

ബാറ്റ്‌സ്മാന്മാര്‍ മികച്ച കളി പുറത്തെടുത്തതിന് പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാരും നിലവിലെ ചാമ്പ്യന്മാരെ കളി പിടിക്കാന്‍ അനുവദിച്ചില്ല. 353 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ആദ്യ പത്ത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടമായില്ല. പക്ഷേ കൂറ്റന്‍ വിജയ ലക്ഷ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ലഭിക്കേണ്ട തുടക്കം അവര്‍ക്ക് നല്‍കാന്‍ ഫിഞ്ചിനേയും, ഡേവിഡ് വാര്‍ണറിനേയും ഭുവിയും ബൂമ്രയും അനുവദിച്ചില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദം തീര്‍ത്തതോടെ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ ഒന്നൊന്നായി മടങ്ങി. 

സ്റ്റീവ് സ്മിത്തും ഖവാജയും ചേര്‍ന്ന് ഇന്ത്യയെ കുറച്ച് സമയത്തേക്ക് ആശങ്കപ്പെടുത്തിയെങ്കിലും 36ാം ഓവറില്‍ ബൂമ്ര ഖവാജയെ കൂടാരം കയറ്റി ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 40ാം ഓവറില്‍ ഭുവി സ്മിത്തിനേയും സ്റ്റൊയ്‌നിസിനേയും മടക്കിയതോടെ അവരുടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു. കൂറ്റനടികള്‍ക്ക് പ്രാപ്തമായ മാക്‌സ്വെല്ലിനെ 41ാം ഓവറില്‍ മടക്കി ചഹല്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ചു. 

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ തുണയ്ക്കുന്നതായിരുന്നു ഓവലിലെ പിച്ച്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാന്‍ അതുകൊണ്ട് തന്നെ കോഹ് ലിക്ക് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല.

കോഹ് ലിയുടെ തീരുമാനം തെറ്റിയില്ലെന്ന് വ്യക്തമാക്കി ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ ബാറ്റേന്തി. 127 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്താണ് ഓപ്പണര്‍മാര്‍ മടങ്ങിയത്. രോഹിത് അര്‍ധശതകം തീര്‍ത്ത് മടങ്ങിയിട്ടും ധവാന്‍ പിന്‍വാങ്ങിയില്ല. 109 പന്തില്‍ നിന്നും  ഫോറിന്റെ അകമ്പടിയോടെ 117 റണ്‍സ് തീര്‍ത്താണ് ധവാന്‍ ക്രീസ് വിട്ടത്. ധവാന്‍ മടങ്ങിയതിന് പിന്നാലെ അപ്രതീക്ഷിതമായി ക്രീസിലേക്കെത്തിയത് ഹര്‍ദിക് പാണ്ഡ്യ.  27 പന്തില്‍ നിന്ന് 4 ഫോറും മൂന്ന് സിക്‌സും പറത്തി ഹര്‍ദിക് ജോലി നിറവേറ്റി മടങ്ങി. അവസാന ഓവറുകളില്‍ ധോനിയും രാഹുലും റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 350 കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com