ലോകകപ്പിലെ മഴ പ്രശ്‌നം എങ്ങനെ പരിഹരിക്കാം? ഗാംഗുലി കണ്ടെത്തിയ വഴികള്‍

ഇംഗ്ലണ്ടില്‍ ഗ്രൗണ്ട് മൂടാന്‍ ഉപയോഗിക്കുന്ന കവറുകള്‍ മത്സരത്തിനായി പെട്ടെന്ന് ഗ്രൗണ്ട് ഒരുക്കുന്നതിന് വിലങ്ങുതടിയാണ്
ലോകകപ്പിലെ മഴ പ്രശ്‌നം എങ്ങനെ പരിഹരിക്കാം? ഗാംഗുലി കണ്ടെത്തിയ വഴികള്‍

മത്സരങ്ങള്‍ മഴ കൊണ്ടുപോവുന്നതിന്റെ നിരാശയിലാണ് ലോകകപ്പ് പ്രേമികള്‍. ഇതിനൊരു പരിഹാരമില്ലേ എന്ന് ചോദിച്ചുള്ള ആരാധകരുടെ മുറവിളികള്‍ തുടരുമ്പോഴാണ് ഒരു നിര്‍ദേശവുമായി ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി എത്തുന്നത്. ഇംഗ്ലണ്ടില്‍ ഗ്രൗണ്ട് മൂടാന്‍ ഉപയോഗിക്കുന്ന കവര്‍ മാറ്റണം എന്നാണ് ഗാംഗുലി പറയുന്നത്. 

ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഗ്രൗണ്ട് മൂടാന്‍ ഉപയോഗിക്കുന്ന കവറുകള്‍ മത്സരത്തിനായി പെട്ടെന്ന് ഗ്രൗണ്ട് ഒരുക്കുന്നതിന് വിലങ്ങുതടിയാണ്. ഈഡന്‍ ഗാര്‍ഡനില്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന കവറുകള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്നവയാണ്. അത് തന്നെ ഇവിടേയും ഉപയോഗിക്കണം. ആ കവറുകള്‍ കൊണ്ട് ഗ്രൗണ്ട്് മൂടിയാല്‍ മഴ മാറി പത്ത് മിനിറ്റുകൊണ്ട് തന്നെ ഗ്രൗണ്ട് റെഡിയാക്കാന്‍ സാധിക്കുമെന്നും ഗാംഗുലി പറയുന്നു. 

സുതാര്യമല്ലാത്ത കവറുകളാണ് ഔട്ട്ഫീല്‍ഡില്‍ ഉപയോഗിക്കുന്നത് എങ്കില്‍ പ്രകാശം കടക്കില്ല. ഇതിലൂടെ പുല്ല് വരണ്ടുണങ്ങുന്നത് തടയാം. പുല്ലിന്റെ കളര്‍ പച്ചയില്‍ നിന്ന് ബ്രൗണിലേക്ക് മാറുകയുമില്ല. മഴ ഇടവിട്ട് പെയ്യുന്ന ഇംഗ്ലണ്ടില്‍ അതുപോലുള്ള കവറുകളാണ് വേണ്ടത്. ഇന്ത്യ-കീവീസ് മത്സരത്തിന്റെ അന്ന് മാത്രം പെയ്ത മഴ കൊണ്ടല്ല മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് ദിവസം ഇവരെ തുടരെ മഴ പെയ്യുകയാണ്. 

ഇന്ത്യയുടെ മത്സരത്തില്‍ കളി തുടങ്ങാന്‍ വൈകിയതിന് രണ്ട് കാരണങ്ങളുണ്ട്. ഈറനായ പിച്ചാണ് ഒന്നാമത്തെ കാരണം. എത്രമാത്രം ഇരുണ്ടതാണ് ഗ്രൗണ്ട് എന്നതാണ് രണ്ടാമത്തെ കാരണം, ടിവിയില്‍ കളി കാണുന്നവര്‍ക്ക് അത് വ്യക്തമാവില്ല. ഇത്രയും ഇരുണ്ട് കിടക്കുന്നിടത്ത് മത്സരം സാധ്യമല്ലെന്നും ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com