ലോകകപ്പ് സെമിയും ഫൈനലും ഉപേക്ഷിക്കേണ്ടി വന്നാല്‍ എന്ത് ചെയ്യും? ഐസിസിയുടെ മുന്‍പിലുള്ള വഴികള്‍ ഇങ്ങനെ

ഗ്രൂപ്പ് ഘട്ടം ഇങ്ങനെ പോയാല്‍ സെമിയിലേക്ക് ടീമുകള്‍ പ്രവേശിക്കുക എന്തിന്റെ അടിസ്ഥാനത്തിലാവും? സെമിയിലും മഴ പെയ്താലോ? 
ലോകകപ്പ് സെമിയും ഫൈനലും ഉപേക്ഷിക്കേണ്ടി വന്നാല്‍ എന്ത് ചെയ്യും? ഐസിസിയുടെ മുന്‍പിലുള്ള വഴികള്‍ ഇങ്ങനെ

ഇംഗ്ലണ്ട് ലോകകപ്പിന് മുന്‍പ് രണ്ട് ലോകകപ്പ് മത്സരങ്ങള്‍ മാത്രമാണ് ഒരു ബോള്‍ പോലും എറിയാനാവാതെ ഉപേക്ഷിക്കേണ്ടി വന്നത്. പക്ഷേ ആ കണക്കുകളെല്ലാം ഇംഗ്ലണ്ട് വേദിയാവുന്ന 2019 ലോകകപ്പ് തിരുത്തിയെഴുതുമെന്നുറപ്പ്. 1992ലും 2003ലും രണ്ട് വട്ടം മഴയെ തുടര്‍ന്ന് മത്സര ഫലം ലഭിക്കാതെ വന്ന കണക്കൊക്കെ ഈ ലോകകപ്പ് മറികടന്നു കഴിഞ്ഞു. നാല് മത്സരങ്ങള്‍ ഇതുവരെ ഇംഗ്ലണ്ടില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഗ്രൂപ്പ് ഘട്ടം ഇങ്ങനെ പോയാല്‍ സെമിയിലേക്ക് ടീമുകള്‍ പ്രവേശിക്കുക എന്തിന്റെ അടിസ്ഥാനത്തിലാവും? സെമിയിലും മഴ പെയ്താലോ? 

ഗ്രൂപ്പ് സ്റ്റേജില്‍ ആദ്യ നാലിലെത്തുന്ന ഒന്നിലധികം ടീമുകള്‍ ഒരേ പോയിന്റില്‍ വന്നാല്‍ ആര് സെമിയിലേക്ക് കടക്കുമെന്ന് ആന്വേഷിച്ച് ആരാധകര്‍ അന്വേഷണം തുടങ്ങി കഴിഞ്ഞു. നെറ്റ് റണ്‍റേറ്റാവും അവിടെ നോക്കുക. നെറ്റ് റണ്‍റേറ്റ് കണക്കു കൂട്ടുന്ന വിധം ഇങ്ങനെ...

ടൂര്‍ണമെന്റില്‍ ഉടനീളം ഓരോ ഓവറിലും ആ ടീം സ്‌കോര്‍ ചെയ്തിരിക്കുന്ന ശരാശരി റണ്‍സില്‍ നിന്ന്, ടൂര്‍ണമെന്റില്‍ ആ ടീമിനെതിരെ ഓരോ ഓവറിലും സ്‌കോര്‍ ചെയ്തിരിക്കുന്ന ശരാശരി റണ്‍സ് കുറയ്ക്കും. നിശ്ചിത ഓവര്‍ തികയുന്നതിന് മുന്‍പ് ടീം ഓള്‍ ഔട്ടായാല്‍, ഓള്‍ ഔട്ടായ ഓവര്‍ പരിഗണിക്കാതെ, നിശ്ചിത ഓവര്‍ തന്നെ കണക്കാക്കിയാവും നെറ്റ് റണ്‍റേറ്റ് കാണുക. റിസല്‍ട്ട് ലഭിച്ച മത്സരങ്ങളുടെ നെറ്റ് റണ്‍ റേറ്റ് മാത്രമാവും ഇങ്ങനെ കണക്കു കൂട്ടുക. 

കളി പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയും, എന്നാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഫലം വരികയും ചെയ്താല്‍, ടീം 2ന്റെ ശരാശരി സ്‌കോറും നേരിട്ട ഓവറും ടീം ഒന്നിന്റേതുമായി കണക്കാക്കിയാവും നെറ്റ് റണ്‍റേറ്റ് തീരുമാനിക്കുക. നെറ്റ് റണ്‍്‌റേറ്റും ടീമുകള്‍ക്ക് ഒരേപോലെ വന്നെങ്കിലോ? എങ്കില്‍ പോയിന്റും നെറ്റ് റണ്‍റേറ്റും ഒന്നയുള്ള ടീമുകള്‍ ഒരുമിച്ച് വന്നപ്പോള്‍ ആര് ജയിച്ചുവോ ആ ടീം സെമിയിലേക്ക് കടക്കും. 

എന്നാല്‍, ഒരേ പോയിന്റുള്ള ഇരു ടീമുകളും നേര്‍ക്കു നേര്‍ വന്നപ്പോള്‍ മത്സരം ഫലം ലഭിച്ചിരുന്നില്ല എന്ന സ്ഥിതിയാണെങ്കില്‍ എന്ത് ചെയ്യും? അപ്പോള്‍ ഐസിസിയുടെ ലീഗ് സ്‌റ്റേജ് സീഡിങ് അനുസരിച്ചായിരിക്കും ഏത് ടീം സെമിയിലേക്ക് കടക്കണം എന്ന് തീരുമാനിക്കുക. 

ഐസിസി ലീഗ് സ്‌റ്റേജ് സീഡിങ്

1. സൗത്ത് ആഫ്രിക്ക
2. ഇന്ത്യ
3. ഓസ്‌ട്രേലിയ, 
4. ഇംഗ്ലണ്ട്
5. ന്യൂസിലാന്‍ഡ്
6. പാകിസ്ഥാന്‍
7. ബംഗ്ലാദേശ്
8.ശ്രീലങ്ക
9. അഫ്ഗാനിസ്ഥാന്‍
10. വിന്‍ഡിസ്

ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടമാവുമ്പോള്‍ സൂപ്പര്‍ ഓവര്‍ റൂളാവും നോക്കുക. സെമി ഫൈനലിനും, ഫൈനലിനും ഐസിസി റിസര്‍വ് ഡേ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ റിസര്‍വ് ഡേയും കളിക്കാനായില്ലെങ്കില്‍ എന്ത് ചെയ്യും?  ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ മുന്നിലുണ്ടായ ടീം ഫൈനലിലേക്ക് കടക്കും. ഫൈനല്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലോ? ഫൈനലിലെത്തിയ രണ്ട് ടീമുകള്‍ക്കും കൂടി കപ്പ് പങ്കുവയ്ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com