ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, ഭുവനേശ്വര്‍ കുമാറിനും പരിക്ക്; മുഹമ്മദ് ഷമിക്ക് വഴി തെളിയുന്നു

പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമാണ് ഭുവിയുടെ പരിക്കില്‍ കോഹ് ലി വ്യക്തത വരുത്തിയത്
ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, ഭുവനേശ്വര്‍ കുമാറിനും പരിക്ക്; മുഹമ്മദ് ഷമിക്ക് വഴി തെളിയുന്നു

പാകിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കേറ്റ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ഇന്ത്യയുടെ അടുത്ത മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമാണ് ഭുവിയുടെ പരിക്കില്‍ കോഹ് ലി വ്യക്തത വരുത്തിയത്. 

ഭുവിയുടെ പരിക്ക് ഗുരുതരമല്ല. കൂടിപ്പോയാല്‍ മൂന്ന് മത്സരങ്ങള്‍ ഭുവിക്ക് നഷ്ടമാവും എന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. ഭുവിക്ക് പകരം മുഹമ്മദ് ഷമി ടീമിലേക്കെത്തുമെന്നും കോഹ് ലി വ്യക്തമാക്കി. ചെയ്‌സ് ചെയ്തിറങ്ങിയ പാകിസ്ഥാനെ തുടക്കത്തിലെ വലിഞ്ഞ് മുറുക്കാന്‍ ഭുവിയുടെ സ്‌പെല്ലും സഹായിച്ചിരുന്നു. ആദ്യ രണ്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് ഭുവി വഴങ്ങിയത്. 

അഞ്ചാം ഓവറിലെ നാലാം ഡെലിവറി എറിയുന്നതിന് മുന്‍പ് തന്നെ ഭുവിയില്‍ അസ്വസ്ഥത വ്യക്തമായി. പതിയെ നടന്നാണ് ഭുവി ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. പിന്തുട ഞരമ്പിലെ പ്രശ്‌നമാണ് ഭുവിയെ വലച്ചതെന്ന് കോഹ് ലി പറയുന്നു. ഭുവിക്ക് പരിക്കേറ്റതോടെ പ്ലേയിങ് ഇലവനില്‍ ഇടംനേടുന്നതിനുള്ള അവസരമാണ് ഷമിക്ക് മുന്‍പിലേക്ക് വരുന്നത്. 

ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതുവരെ ഷമിയെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. 2018ലെ പ്രകടനവും, ഓസ്‌ട്രേലിയ, കീവീസ് പര്യടനങ്ങളിലെ മികവും മുന്‍നിര്‍ത്തി ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ തന്റെ പേര് വളരെ വേഗം ഉറപ്പിക്കുകയായിരുന്നു ഷമി. എന്നാല്‍, മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ ഇറക്കുമ്പോള്‍ ടീം ബാലന്‍സില്‍ വന്നേക്കാവുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഷമിയെ ലോകകപ്പിലെ പ്ലേയിങ് ഇലവനുകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com