മറന്നോ അത്? റാവ്‌സനും, കറാനും ഇന്ത്യന്‍ ബാറ്റിങ്ങ് നിരയ്ക്ക് മേല്‍ കയറിയിറങ്ങിയ സമയം; ഒരു ഒന്നൊന്നര തിരിച്ചു വരവുണ്ടായിരുന്നു നമുക്കവിടെ

1983ല്‍ വിന്‍ഡിസിനെ ഫൈനലില്‍ മലര്‍ത്തിയടിക്കുന്നതിന് മുന്‍പ് മറ്റൊരു ഐതിഹാസിക തിരിച്ചുവരവുണ്ടായിരുന്നു അവിടെ...സിംബാബ്വേക്കെതിരെ
മറന്നോ അത്? റാവ്‌സനും, കറാനും ഇന്ത്യന്‍ ബാറ്റിങ്ങ് നിരയ്ക്ക് മേല്‍ കയറിയിറങ്ങിയ സമയം; ഒരു ഒന്നൊന്നര തിരിച്ചു വരവുണ്ടായിരുന്നു നമുക്കവിടെ

ചില തിരിച്ചു വരവുകളുണ്ട്.. സ്വപ്നത്തില്‍ മാത്രം, അല്ലെങ്കില്‍ ചിന്തകള്‍ കാട് കയറി മനസ് കൈവിട്ടു പോവുന്ന നിമിഷങ്ങളിലോ മറ്റോ മാത്രം എതിരാളികളുടെ തലച്ചോറ് മരവിപ്പിച്ചും നമ്മുടെ ഹൃദയത്തെ ലഹരി പിടിപ്പിക്കുകയും ചെയ്യുന്ന തിരിച്ചു വരവുകള്‍...തോറ്റ് നില്‍ക്കുന്നിടത്ത് നിന്നും ജയിച്ചു കയറുക എന്നത് സാധ്യമാണെന്ന ആത്മവിശ്വാസം നമുക്ക് തന്ന തിരിച്ചു വരവുകള്‍...കായിക മേഖലയില്‍ ക്രിക്കറ്റും നമുക്ക് മുന്നിലേക്ക് നല്‍കിയിട്ടുണ്ട് അത്രയും വൈകാരികമായ തിരിച്ചുവരവുകള്‍...

1983ല്‍ വിന്‍ഡിസിനെ ഫൈനലില്‍ മലര്‍ത്തിയടിക്കുന്നതിന് മുന്‍പ് മറ്റൊരു ഐതിഹാസിക തിരിച്ചുവരവുണ്ടായിരുന്നു അവിടെ...സിംബാബ്വേക്കെതിരെ. പീറ്റര്‍ റാവ്‌സനും, കെവിന്‍ കറാനും ഇന്ത്യന്‍ ബാറ്റിങ്ങ് നിരയ്ക്ക് മേല്‍ കയറിയിറങ്ങിയ സമയം. ഗാവസ്‌കറും ശ്രീകാന്തും ഉള്‍പ്പെടെ നിരായുധരായി കാണപ്പട്ട സമയം. ഇന്ത്യന്‍ സ്‌കോര്‍ 17-5.

പിന്നെയായിരുന്നു ആ കൊടുങ്കാറ്റ്...175 റണ്‍സ് തന്റെ വ്യക്തിഗത സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്താണ് ആ കൊടുങ്കാറ്റ് ഒടുങ്ങിയത്...അങ്ങനെയൊരു തിരിച്ചു വരവ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആരെങ്കിലും പ്രതിക്ഷിച്ചു കാണുമോ? അസാധ്യമാണെന്ന് വിശ്വസിച്ചൊരൊന്നിനെ സാധ്യമാക്കി കപില്‍ അവിടെ...വരും തലമുറയ്ക്ക്, ക്രിക്കറ്റിന് പുറത്ത് നില്‍ക്കുന്നവര്‍ക്കും, മനുഷ്യ വംശത്തിനൊന്നാകെയും വീണിടത്ത് നിന്നും എഴുന്നേറ്റ് വരാന്‍ ഈ കളിയുടെ ഓര്‍മ മതിയാവും...

1983ല്‍ ജൂണ്‍ പതിനെട്ടിനായിരുന്നു ആ തകര്‍പ്പന്‍ കളി. നാണം കെട്ട തകര്‍ച്ച മുന്‍പില്‍ കണ്ട ഇന്ത്യ 31 റണ്‍സിന് അവിടെ ജയം പിടിച്ചു. നിശ്ചയദാര്‍ഡ്യം കൊണ്ടായിരുന്നു ടണ്‍ബ്രിഡ്ജില്‍ നമ്മള്‍ ജയിച്ചു കയറിയത്. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന ടാഗിലല്ലാത്ത ഒരു താരം 175 റണ്‍സ് അടിച്ചു കൂട്ടുന്നത് കാണുമ്പോഴുണ്ടാവുന്ന ആവേശം എത്രമാത്രമാണെന്ന് നമുക്ക് ഊഹിക്കാം...അതിന് സാക്ഷ്യം വഹിക്കാനായവര്‍ ഭാഗ്യവാന്മാര്‍!

ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി കപില്‍ അവിടെ ഉദിച്ചുയര്‍ന്നില്ലായിരുന്നു എങ്കില്‍ ലോക കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയ്ക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നേനെ...അതുകൊണ്ടൊക്കെയെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് മറക്കാന്‍ പാടില്ലാത്ത ഒന്നാണ് ജൂണ്‍ 18. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com