ഭുവിയുടെ പരിക്കില്‍ ആശങ്കപ്പെടണം? നവ്ദീപ് സെയ്‌നി ടീമിനൊപ്പം ചേര്‍ന്നു

ഭുവിയുടെ പരിക്ക് ഭേദമാവുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ടീം മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടില്ല
ഭുവിയുടെ പരിക്കില്‍ ആശങ്കപ്പെടണം? നവ്ദീപ് സെയ്‌നി ടീമിനൊപ്പം ചേര്‍ന്നു

പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പരിക്കില്‍ ആശങ്ക ഉടലെടുക്കുന്നതിന് ഇടയില്‍ നവ്ദീപ് സെയ്‌നി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. നെറ്റ് ബൗളറായിട്ടാണ് സെയ്‌നി ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പിനുള്ള റിസര്‍വ് ടീമില്‍ സെയ്‌നിയും ഇടംപിടിച്ചിരുന്നു. 

ധവാന് പരിക്കേറ്റപ്പോള്‍ കവര്‍ ആയിട്ടാണ് പന്തിനെ ഇന്ത്യന്‍ സംഘത്തോടൊപ്പം ചേര്‍ത്തത് എങ്കില്‍ സെയ്‌നിയെ നെറ്റ്‌സിലെ ബൗളറായാണ് ബിസിസിഐ ഇംഗ്ലണ്ടിലേക്ക് വിട്ടിരിക്കുന്നത്. ഭുവിയുടെ പരിക്ക് ഭേദമാവുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ടീം മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടില്ല. ഇതോടെ സെയ്‌നിയെ ഇംഗ്ലണ്ടിലേക്കയച്ചത് ഭുവിക്ക് പകരക്കാരനാക്കാനാണോ എന്ന ചോദ്യം ഉയര്‍ത്തുന്നു. 

ജൂണ്‍ 16ന് നടന്ന പാകിസ്ഥാനെതിരായ മത്സരത്തിന് ഇടയിലാണ് ഭുവിക്ക് പരിക്കേല്‍ക്കുന്നത്. തിങ്കളാഴ്ച സെയ്‌നി മാഞ്ചസ്റ്ററിലെത്തി. സെയ്‌നി മാത്രമാണ് ഇപ്പോള്‍ നെറ്റ് ബൗളറായി ഇവിടെ ഉള്ളതെന്നും ബിസിസിഐ മീഡിയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഹ് ലിയുടെ ബാംഗ്ലൂരിന് വേണ്ടി ഐപിഎല്‍ കളിച്ച സെയ്‌നി 13 കളികളില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയിരുന്നു. 

ദീപക് ചഹര്‍, ഖലീല്‍ അഹ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ക്കൊപ്പം സെയ്‌നിയുടെ പേരും ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരുടെ കൂട്ടത്തില്‍ ബിസിസിഐ പ്രഖ്യാപിച്ചെങ്കിലും പരിക്കിനെ തുടര്‍ന്ന് സെയ്‌നിക്ക് ഇംഗ്ലണ്ടിലേക്ക് വരാനായിരുന്നില്ല. ചഹറും, ആവേശ് ഖാനും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഈ മാസം ആദ്യം തന്നെ ഖലീലും മടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com