നാലാം സ്ഥാനത്തിനായി ജീവന്‍ നിലനിര്‍ത്തി പാകിസ്ഥാന്‍; കീവീസിനെതിരെ ആറ് വിക്കറ്റ് ജയം

നീഷാമിന്റേയും ഗ്രാന്‍ഡ്‌ഹോമിന്റേയും കൂട്ടുകെട്ടിന്റെ ബലത്തില്‍ കീവീസ് കണ്ടെത്തിയ 237 റണ്‍സ് പാകിസ്ഥാന്‍ അഞ്ച് ബോള്‍ ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു
നാലാം സ്ഥാനത്തിനായി ജീവന്‍ നിലനിര്‍ത്തി പാകിസ്ഥാന്‍; കീവീസിനെതിരെ ആറ് വിക്കറ്റ് ജയം

ന്യൂസിലാന്‍ഡിനെതിരെ ജയം പിടിച്ച് സെമി പ്രതീക്ഷ നിലനിര്‍ത്തി പാകിസ്ഥാന്‍. നീഷാമിന്റേയും ഗ്രാന്‍ഡ്‌ഹോമിന്റേയും കൂട്ടുകെട്ടിന്റെ ബലത്തില്‍ കീവീസ് കണ്ടെത്തിയ 237 റണ്‍സ് പാകിസ്ഥാന്‍ അഞ്ച് ബോള്‍ ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 

സെഞ്ചുറി നേടി പുറത്താവാതെ നിന്ന ബാബര്‍ അസമാണ് ലോകകപ്പില്‍ പാകിസ്ഥാന്റെ ജീവന്‍ നിലനിര്‍ത്തിയത്. 127 പന്തില്‍ നിന്ന് 11 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ബാബറിന്റെ സെഞ്ചുറി. 68 റണ്‍സ് എടുത്ത ഹാരിസ് സോഹെയ്‌ലും, 32 റണ്‍സ് എടുത്ത് ഹഫീസും ബാബറിന് പിന്തുണ നല്‍കി. ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഉറച്ച് നിന്ന് ബാബര്‍ കളിച്ചതോടെ പാക് ടീമിന്റെ നട്ടെല്ലാണ് താനെന്ന് താരം ഒരിക്കല്‍ കൂടി തെളിയിച്ചു. 

കീവീസിനെതിരായ ജയത്തോടെ ഏഴ് കളിയില്‍ നിന്ന് മൂന്ന് ജയവുമായി പാകിസ്ഥാന്‍ ആറാം സ്ഥാനത്തേക്കെത്തി. ആറാം സ്ഥാനത്തുണ്ടായിരുന്ന ശ്രീലങ്ക ഏഴാം സ്ഥാനത്തേക്ക് വീണു. അഫ്ഗാനിസ്ഥാനും, ബംഗ്ലാദേശുമാണ് ഇനിയുള്ള മത്സരങ്ങളില്‍ പാകിസ്ഥാന്റെ എതിരാളികള്‍. 

എഡ്ജ്ബാസ്റ്റണില്‍ ടോസ് നേടിയ വില്യംസന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലേക്ക് കീവീസ് വീണു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്നിടത്ത് നിന്നും ഗ്രാന്‍ഡ്‌ഹോമിന്റേയും നീഷാമിന്റേയും കൂട്ടുകെട്ടാണ് അവരെ 200 കടത്തിയത്. ഇരുവരും ചേര്‍ന്ന് 130 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. 

112 പന്തില്‍ നിന്ന് നീഷാം അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തി 97 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. 71 പന്തില്‍ നിന്ന് ആറ് ഫോറും, ഒരു സിക്‌സുമടക്കം 64 റണ്‍സെടുത്താണ് ഗ്രാന്‍ഡ്‌ഹോം മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com