ഓറഞ്ച് ജേഴ്‌സിയില്‍ ഇന്ത്യന്‍ ടീം, സോഷ്യല്‍ മീഡിയയില്‍ കയ്യടി, വിമര്‍ശനം (വീഡിയോ)

ഇന്ത്യയുടെ ത്രിവര്‍ണം ടീമിന്റെ ജേഴ്‌സിക്കായി ഉപയോഗിക്കുകയായിരുന്നു ഉചിതമെന്ന് എസ്പി എംഎല്‍എ അബു അസിം ആസ്മി
ഓറഞ്ച് ജേഴ്‌സിയില്‍ ഇന്ത്യന്‍ ടീം, സോഷ്യല്‍ മീഡിയയില്‍ കയ്യടി, വിമര്‍ശനം (വീഡിയോ)

ലണ്ടന്‍ : ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നാളത്തെ മല്‍സരത്തില്‍ നീലക്കുപ്പായക്കാര്‍ എന്ന പേര് വിരാട് കോഹ്‌ലിക്കും സംഘത്തിനും ലഭിക്കില്ല. പുതിയ കുപ്പായത്തിലാകും ഇന്ത്യന്‍ ടീം നാളെ കളത്തിലിറങ്ങുക. ഇം​ഗ്ലണ്ടിന്റെ ജഴ്സിയും നീല നിറത്തിലായതോടെയാണ്, ഇന്ത്യയ്ക്ക് എവേ ജഴ്‌സി നല്‍കിയത്. ഓറഞ്ചും നീലയും കലര്‍ന്നതാണ് പുതിയ ജഴ്‌സി. 

ഐസിസി ലോകകപ്പില്‍ ഹോം , എവേ ജഴ്‌സികള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചശേഷം, പുതിയ എവേ വേഷത്തിലുള്ള ഇന്ത്യയുടെ അരങ്ങേറ്റം കൂടിയാണ് ബര്‍മ്മിംഗ്ഹാമില്‍ ഞായറാഴ്ച നടക്കുക. പുതിയ വേഷത്തില്‍ ഗര്‍ജ്ജനത്തിന് തയ്യാര്‍ എന്നാണ് സ്പിന്നര്‍ യൂസ് വേന്ദ്ര ചാഹല്‍ അഭിപ്രായപ്പെട്ടത്. നിരവധി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പുതിയ ജഴ്‌സിയെ പിന്തുണച്ച് രംഗത്തെത്തി. പുതിയ വേഷം ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

പുതിയ ജഴ്‌സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പെട്രോള്‍ പമ്പ് ജീവനക്കാരുടെ വേഷത്തിന് സമാനമെന്നാണ് എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ബോണ്‍വിറ്റയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാകാം ഈ നിറം തെരഞ്ഞെടുത്തതെന്നും വിമര്‍ശനം ഉയരുന്നു. 

മോദി രാജ്യത്തെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. എന്തുകൊണ്ട് ഓറഞ്ച് നിറം മാത്രം തെരഞ്ഞെടുത്തു ?. ഇന്ത്യയുടെ ത്രിവര്‍ണം ടീമിന്റെ ജേഴ്‌സിക്കായി ഉപയോഗിക്കുകയായിരുന്നു കൂടുതല്‍ ഉചിതമെന്നും മഹാരാഷ്ട്രയിലെ എസ്പി എംഎല്‍എ അബു അസിം ആസ്മി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com