പത്മാവതി; ബന്‍സാലിയേയും ദീപികയേയും ശിക്ഷിക്കണമെന്ന് യോഗി ആദിത്യനാഥ്

ചിത്രത്തിന്റെ സംവിധായകനായ ബന്‍സാലിയേയും പത്മാവതിയായി വേഷമിടുന്ന ദീപിക പദുക്കോണിനേയും ശിക്ഷിക്കണമെന്നാണ് യോഗി ആദിത്യനാഥ് പ്രസ്താവിച്ചത്. 
പത്മാവതി; ബന്‍സാലിയേയും ദീപികയേയും ശിക്ഷിക്കണമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: സഞ്ജയ് ലീലാ ബന്‍സാലിയുടെ ചരിത്രസിനിമ പത്മാവതിക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ചിത്രത്തിന്റെ സംവിധായകനായ ബന്‍സാലിയേയും പത്മാവതിയായി വേഷമിടുന്ന ദീപിക പദുക്കോണിനേയും ശിക്ഷിക്കണമെന്ന്് യോഗി ആദിത്യനാഥ് പറഞ്ഞു.

'നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അത് സഞ്ജയ് ലീല ബന്‍സാലിക്കാണെങ്കിലും. എന്നാല്‍ അവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നത് കുറ്റകരമാണ്. അതേസമയം ജനങ്ങളുടെ വികാരം മാനിക്കാതെയുള്ള ബന്‍സാലിയുടെ പ്രവൃത്തിയും കുറ്റകരമാണ്' യോഗി ആദിത്യനാഥ് പറഞ്ഞു. സംവിധായകനെതിരെയും അക്രമം നടത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

സിനിമ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സിനിമ സെന്‍സര്‍ബോര്‍ഡിന്റെ മുന്നിലാണെന്നും സെന്‍സര്‍ബോര്‍ഡിന്റെ ജോലി ചെയ്യാന്‍ തയാറല്ലെന്നുമാണ് കോടതി പറഞ്ഞത്. സിനിമയില്‍ ചരിത്രം വളച്ചൊടിച്ചുവെന്നും സംവിധായകന്‍ സഞ്ജയ് ലീലാബന്‍സാലിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് ഹര്‍ജി നല്‍കിയിരുന്നത്.

രജപുത്ര രാജ്ഞിയായ റാണി പത്മാവതിയുടെ കഥ പറയുന്ന സിനിമ ഹൈന്ദവ സംസ്‌കാരതത്തിനെതിരാണ് എന്ന് ആരോപിച്ചാണ് കര്‍ണിസേനയടക്കമുള്ള രജപുത്രസംഘടനകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും അക്രമം നടത്തുന്നതും. ചരിത്രവും ഭാവനയും ഇട കലര്‍ത്തുന്ന സിനിമ രജപുത്ര ചരിത്രത്തെ അവഹേളിക്കുന്നതാണെന്നാണ് ആരോപണം.

കര്‍ണിസേനയും മറ്റ് സംഘ്പരിവാര്‍ സംഘടനകളും നടത്തിയ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് നടത്താനിരുന്ന പത്മാവതിയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

ഒരു വര്‍ഷമെടുത്ത് 190 കോടി രൂപ ചെലവിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ എത്തുമ്പോള്‍ രത്തന്‍ സിങ് ആയി ഷാഹിദ് കപൂറും സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങും വേഷമിടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com