ഗുജറാത്തില്‍ ആറാം തവണയും ബിജെപി; ഹിമാചലും കോണ്‍ഗ്രസിനെ കൈവിട്ടു

ഗുജറാത്തില്‍ ആറാം തവണയും ബിജെപി; ഹിമാചലും കോണ്‍ഗ്രസിനെ കൈവിട്ടു

ആറാം തവണയും ബിജെപി അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസത്തിന് ഇടനല്‍കുന്ന പരാജയമാണ് സംഭവിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: വാശിയേറിയ മത്സരത്തിനൊടുവില്‍ ഗുജറാത്ത് വീണ്ടും ബിജെപിക്കൊപ്പം പോയി. ആറാം തവണയും ബിജെപി അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസത്തിന് ഇടനല്‍കുന്ന പരാജയമാണ് സംഭവിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹിമാചല്‍ പ്രദേശും ബിജെപി അധികാരം പിടിച്ചെടുത്തു. ഒരു ഘട്ടത്തില്‍ പിന്നില്‍ നിന്ന ശേഷമാണ് ഗുജറാത്ത് ബിജെപി നിലനിര്‍ത്തിയത്

99 സീറ്റുകളില്‍ ബിജെപിയും 80 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റാണ് വേണ്ടത്. 49.1 ശതമാനമാണ് ബിജെപിയുടെ വോട്ടുവിഹിതം. കോണ്‍ഗ്രസിന് കിട്ടിയത് 41.4 ശതമാനം. കഴിഞ്ഞ തെരഞ്ഞുടുപ്പില്‍ നിന്നും കൂടുതലായി ഒരു ശതമാനം വോട്ടകുള്‍ അധികം ബിജെപി നേടി. 

ആറാംതവണയും അധികാരമുറപ്പിച്ചെങ്കിലും കഴിഞ്ഞ തവണത്തേത് പോലെ മികച്ച വിജയം (115 സീറ്റുകള്‍) നേടാന്‍ ബിജെപിക്കായില്ല. ഒരുഘട്ടത്തില്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി വിജയ് രൂപാണി രാജ്‌കോട്ട് വെസ്റ്റില്‍ വിജയിച്ചത് ബിജെപിക്ക് ആശ്വാസമായി. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ കനത്ത മത്സരമാണ് കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത്. നേരിയ വോട്ടിന്റെ പിന്‍ബലത്തിലാണ് നിതിന്‍ പട്ടേല്‍ വിജയിച്ചത്. വഡ്ഗാമില്‍ ജനവിധി തേടിയ ദലിത് യുവനേതാവ് ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് ഠാക്കൂറും വിജയിച്ചു. പോര്‍ബന്തറില്‍ മുതിര്‍ന്ന നേതാവ് അര്‍ജുന്‍ മേഡ്‌വാഡിയ പരാജയപ്പെട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ഭാരതീയ െ്രെടബല്‍ പാര്‍ട്ടി രണ്ടിടത്ത് ജയിച്ചു. എന്‍സിപിയും സ്വതന്ത്രനും ഓരോ സീറ്റ് നേടി. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള മത്സരമായി വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താന്‍ സാധിച്ചത് രാഹുലിനും കോണ്‍ഗ്രസിനും വലിയ ആശ്വാസം നല്‍കും. അതേസമയം ഹിമാചലിലേറ്റ തിരിച്ചടി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും.

ആകെയുള്ള 68 സീറ്റുകളില്‍ 43 ഇടത്ത് ബിജെപി ജയിച്ചപ്പോള്‍ 21 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും നാലിടത്ത് മറ്റുള്ളവരും വിജയിച്ചു. സിപിഎം ഇത്തവണ തിയോഗില്‍ വിജയിച്ച് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി രാകേഷ് സിന്‍ഹയാണ് വിജയിച്ചത്. ഇവിടെ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. അതേസമയം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമാല്‍ തോറ്റത് ബിജെപിക്ക് ക്ഷീണമായി.ബിജെപിയുടെ സംസ്ഥാന, യുവമോര്‍ച്ച അധ്യക്ഷന്‍മാര്‍ തോല്‍വി രുചിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com