മോദി- മൂഡീസ് ജോടിക്ക് ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലായിട്ടില്ല; ബിജെപിയെ ട്രോളി കോണ്‍ഗ്രസ് 

ചരക്കുസേവനനികുതി, നോട്ടുഅസാധുവാക്കല്‍ തുടങ്ങിയ മോദി സര്‍ക്കാരിന്റെ പരിഷ്‌ക്കരണ നടപടികളുടെ ഫലമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണ്. 
മോദി- മൂഡീസ് ജോടിക്ക് ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലായിട്ടില്ല; ബിജെപിയെ ട്രോളി കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: മോദി - മൂഡീസ് ജോടിക്ക് ഇന്ത്യയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ വായ്പക്ഷമത റേറ്റിംഗ് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഉയര്‍ത്തിയതിന്റെ ഖ്യാതി പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്. നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഇതിനെ ആയുധമാക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജാവാല ആരോപിച്ചു.

ചരക്കുസേവനനികുതി, നോട്ടുഅസാധുവാക്കല്‍ തുടങ്ങിയ മോദി സര്‍ക്കാരിന്റെ പരിഷ്‌ക്കരണ നടപടികളുടെ ഫലമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണ്. ഇതില്‍ നിന്നും രക്ഷപ്പെടാനുളള പിടിവളളിയായിട്ടാണ് മൂഡീസിന്റെ റിപ്പോര്‍ട്ടിനെ നരേന്ദ്രമോദി സര്‍ക്കാര്‍ കാണുന്നത്. ഇത്തരം പരിഷ്‌ക്കരണ നടപടികളുടെ ഫലമായി രാജ്യത്ത് പട്ടിണിമരണങ്ങള്‍, കാര്‍ഷിക മുരടിപ്പ്, തൊഴിലില്ലായ്മ, കയറ്റുമതിയിലെ ഇടിവ് എന്നിവ രൂക്ഷമായിരിക്കുകയാണ്. സാമ്പത്തിക വളര്‍ച്ച നിലച്ചിരിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. ഇതൊന്നും കണക്കിലെടുക്കാതെയാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയത് എന്ന് സുര്‍ജാവാല ആരോപിച്ചു. 

2007 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് മുന്‍പ് അമേരിക്കയിലെ യാഥാര്‍ത്ഥ്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ മൂഡീസും, എസ് ആന്റ് പിയും പരാജയപ്പെട്ടത് മറക്കരുത് എന്ന് രണ്‍ദീപ് സുര്‍ജാവാല ഓര്‍മ്മിപ്പിക്കുന്നു. മുംബൈ, ഡല്‍ഹി എന്നി നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചുളള ലോകബാങ്ക് റിപ്പോര്‍ട്ടിലും മോദിയാണ് ഏറ്റവും വലിയ ജനപ്രിയ നേതാവ് എന്ന നിലയിലുളള പൂ സര്‍വ്വേ റിപ്പാര്‍ട്ടിലും നരേന്ദ്രമോദി അഭിരമിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഇങ്ങനെ പോയാല്‍ മോദി അടുത്ത തെരഞ്ഞെടുപ്പില്‍ വിദേശത്ത് നിന്ന് മത്സരം നിയന്ത്രിക്കുന്ന കാഴ്ചയിലും അത്ഭുതം തോന്നേണ്ടതില്ലെന്ന് രണ്‍ദീപ് സുര്‍ജാ വാല പരിഹസിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com