കോര്‍പ്പറേറ്റുകള്‍ മുഖംതിരിച്ചു; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വെല്ലുവിളിയാകുന്നു

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുന്നണിയ്ക്ക് കോപ്പുകൂട്ടുന്ന കോണ്‍ഗ്രസിന് മുന്‍പില്‍ ചോദ്യചിഹ്നമായി സാമ്പത്തിക പ്രതിസന്ധിയും
കോര്‍പ്പറേറ്റുകള്‍ മുഖംതിരിച്ചു; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വെല്ലുവിളിയാകുന്നു

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുന്നണിയ്ക്ക് കോപ്പുകൂട്ടുന്ന കോണ്‍ഗ്രസിന് മുന്‍പില്‍ ചോദ്യചിഹ്നമായി സാമ്പത്തിക പ്രതിസന്ധിയും. ബിജെപി വിരുദ്ധ ഐക്യമുന്നണിയ്ക്ക് രൂപം നല്‍കി 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാകുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.വ്യവസായികളുടെ സംഭാവനയില്‍ വന്ന ഇടിവാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ അഞ്ചുമാസകാലയളവില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് പ്രാദേശിക ഓഫീസുകള്‍ക്ക് ഫണ്ട് കൈമാറിയിട്ടില്ല. ഇത് കോണ്‍ഗ്രസിനെ വ്യവസായികള്‍ കൈവിടുന്നു എന്നതിന്റെ തെളിവായി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സംഭാവനകള്‍ സമാഹരിക്കുന്നതിനുളള ശ്രമം തീവ്രമാക്കാന്‍ ദേശീയ നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് പുറമേ പാര്‍ട്ടി നേതാക്കള്‍ ചെലവുചുരുക്കലിന് തയ്യാറാകണമെന്ന താക്കീതും ദേശീയ നേതൃത്വം മുന്നോട്ടുവെക്കുന്നു.

പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഫണ്ടിന്റെ അപര്യാപ്ത നേരിടുന്നതായി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന സ്ഥിരീകരിച്ചു. ബിജെപിയെപ്പോലെ കോണ്‍ഗ്രസിന് ഇലക്ട്രല്‍ ബോണ്ട് വഴി ആവശ്യത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

2012 മുതല്‍ 2016 വരെയുളള  കാലയളവില്‍ കോര്‍പ്പറേറ്റ് സംഭാവനയായി രാജ്യത്തെ  അഞ്ചു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 956 കോടി രൂപയാണ്. ഇതില്‍ 705 കോടി രൂപയും ലഭിച്ചത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്. കോണ്‍ഗ്രസിന് ലഭിച്ച സംഭാവന കേവലം 198 കോടി രൂപ മാത്രമാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോമ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com