അമേരിക്കയുമായി സമ്പൂര്‍ണ സൈനിക സഹകരണം; ഉടമ്പടിയില്‍ ഒപ്പുവെച്ചു, ആണവകരാറിന് ശേഷമുളള സുപ്രധാന നീക്കം

സമ്പൂര്‍ണ സൈനിക സഹകരണം സാധ്യമാക്കുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു
അമേരിക്കയുമായി സമ്പൂര്‍ണ സൈനിക സഹകരണം; ഉടമ്പടിയില്‍ ഒപ്പുവെച്ചു, ആണവകരാറിന് ശേഷമുളള സുപ്രധാന നീക്കം

ന്യൂഡല്‍ഹി:  സൈനിക നയതന്ത്രമേഖലകളില്‍ പരസ്പരം സഹികരിക്കാന്‍ ഇന്ത്യയും അമേരിക്കയും ധാരണ. സമ്പൂര്‍ണ സൈനിക സഹകരണം സാധ്യമാക്കുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അമേരിക്കയുടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതാണ് കരാര്‍. ആണവകരാറിന് ശേഷമുളള സുപ്രധാനമായ തീരുമാനമായാണ് ഇതിനെ കണക്കുകൂട്ടുന്നത്.ഇന്ത്യയും- അമേരിക്കയും കൂടുതല്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നതാണ് വിദേശകാര്യ, പ്രതിരോധതല ഉഭയകക്ഷി ചര്‍ച്ചകളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍. 

അമേരിക്കയുടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്ന കോംകാസ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കമ്മ്യൂണിക്കേഷന്‍സ് കോംപാറ്റിബിലിറ്റി ആന്റ് സെക്യൂരിറ്റി എഗ്രിമെന്റ് എന്നതാണ് കോംകാസയുടെ പൂര്‍ണരൂപം. സമാധാനം, വികസനം, അഭിവൃദ്ധി എന്നി രംഗങ്ങളില്‍ പൂര്‍ണ സഹകരണം ഉറപ്പുവരുത്തുന്നതാണ് കൂടിക്കാഴ്ച എന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.തീവ്രവാദം ഉള്‍പ്പെടെയുളള സുരക്ഷാകാര്യങ്ങളിലും ഇരുരാജ്യങ്ങളുടെയും സഹകരണം തുടരുമെന്നും നിര്‍മ്മല പറഞ്ഞു. 

ഇന്ത്യയ്ക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന, പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയിബയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. പാകിസ്ഥാനില്‍ തഴച്ചുവളരുന്ന തീവ്രവാദത്തെ അടിസ്ഥാനമാക്കിയാണ് ഈ പട്ടികയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഈ തീവ്രവാദം ഇന്ത്യയെയും അമേരിക്കയെയും ഒരേ പോലെ ബാധിച്ചിട്ടുണ്ടെന്നും സുഷമാ സ്വരാജ് പറഞ്ഞു. 

വിവിധ തലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുളള ഇന്ത്യ- അമേരിക്ക ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ന്യൂഡല്‍ഹിയിലാണ് തുടക്കമായത്. പ്രതിരോധ, വിദേശകാര്യ ഉന്നതതല ചര്‍ച്ചയ്ക്ക് ടു പ്ലസ് ടു എന്നാണ് പേരിട്ടിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് അമേരിക്കന്‍ പ്രതിനിധികളായി പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയുമാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.  

അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണ് ഇന്ത്യ. നയതന്ത്രതലത്തിലും സുരക്ഷാരംഗത്തും ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുളള ധാരണയുടെ അടിസ്ഥാനത്തിലാണ് ടു പ്ലസ് ടു ഉന്നതതലയോഗം സംഘടിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com