അടുത്ത ഫെബ്രുവരിയോടെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

അടുത്ത ഫെബ്രുവരിയോടെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

ആധാര്‍ ആധാരമാക്കല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ഫെബ്രുവരി ആറിന് മുമ്പായി രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധപ്പെടുത്തണമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. മൊബൈല്‍ കണക്ഷനുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ടെലികോം മന്ത്രാലയം മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയത്.

ഇ-കെവൈസി നടപടിയിലൂടെ ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ മുതല്‍ ഇന്‍കമിംഗ് ഔട്ട്‌ഗോയിംഗ് കോളുകള്‍ ഇല്ലാത്ത ഇന്റര്‍നെറ്റിന് മാത്രമായി എടുത്തിരിക്കുന്ന കണക്ഷനുകളടക്കം ആധാറുമായി ബന്ധപ്പെടുത്തണം. 

രാജ്യത്തെ എല്ലാ മൊബൈലുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്ത് 100 കോടിയിലധികമുള്ള മൊബൈല്‍ ഫോണ്‍ വരിക്കാരെ കൃത്യമായി തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് ലോകിതി ഫൗണ്ടേഷന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. തിരിച്ചറിയാനുള്ള ഉപാധിയായി ആധാര്‍ ഉപയോഗിക്കാമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. 

അതേസമയം, ആധാര്‍ ഒരു കാര്യത്തിലും നിര്‍ബന്ധമാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സ്വമേധയാ ഉപയോഗപ്പെടുത്താമെന്നും വ്യക്തമാക്കി. എന്നാല്‍, വിവിധ പദ്ധതികള്‍ക്കും, ആനുകൂല്യങ്ങളും സേവനങ്ങളും നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com