ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം; പിന്തുണയുമായി ആധാര്‍ കാര്‍ഡ് ശില്‍പ്പി നന്ദന്‍ നിലേകാനിയും

 
ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം; പിന്തുണയുമായി ആധാര്‍ കാര്‍ഡ് ശില്‍പ്പി നന്ദന്‍ നിലേകാനിയും

ഉച്ചഭക്ഷണവും സബ്‌സിഡിയുമടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന് ആധാര്‍ കാര്‍ഡിന്റെ ശില്‍പ്പി നന്ദന്‍ നിലേകാനി. അതേസമയം, ആധാര്‍ നമ്പറില്ലെങ്കില്‍ ഈ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് നിഷേധിക്കാന്‍ പാടില്ലെന്നും നിലേകാനി അഭിപ്രായപ്പെട്ടു.

യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പ്രഥമ ചെയര്‍മാനായിരുന്ന നിലേകാനി ആധാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുക്കുന്ന നടപടികള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് ആധാറിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കാനും, ആദായ നികുതിയടക്കുന്നതിനും, പാന്‍കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നിയമനിര്‍മാണത്തിനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം സംവിധാനം ഒരുക്കുന്നതിലൂടെ പണച്ചോര്‍ച്ച തടയാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും നിലേകാനി അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റില്‍ അനുമതി ലഭിച്ച നിയമത്തെ പിന്തുടരുക മാത്രമാണ് കേന്ദ്ര സര്‍ക്കാരും വിവിധ വകുപ്പുകളും ചെയ്യുന്നത്. ആധാറിനെ താഴ്തിക്കെട്ടിയതുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം. ഭാവിയില്‍ ആധാറാകും ഏക തിരിച്ചറിയല്‍ രേഖയെന്ന് കഴിഞ്ഞ ദിവസം ജയ്റ്റ്‌ലി ലോകസഭയില്‍ അറിയിച്ചിരുന്നു. 

എന്നാല്‍, സര്‍ക്കാരിന്റെ ഈ നീക്കം ഭരണഘടനാവിരുദ്ധമാണെന്നും ആധാര്‍ നിര്‍ബന്ധമാക്കേണ്ടന്ന സുപ്രീം കോടതി നിയത്തിന്റെ ലംഘനമാണെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com