ലോകമാകെ വലവിരിച്ച് ചൈനീസ് കമ്പനി; കോടികളുടെ ഏറ്റെടുക്കലുകള്‍; ദുരൂഹതയുടെ ചുരുളഴിക്കാന്‍ അമേരിക്കയും ലോകരാജ്യങ്ങള്‍ 

993ല്‍ ഒരു പ്രാദേശിക വിമാനക്കമ്പനിയായി പ്രവര്‍ത്തനം ആരംഭിച്ച എച്ച്എന്‍എ കമ്പനിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്
ലോകമാകെ വലവിരിച്ച് ചൈനീസ് കമ്പനി; കോടികളുടെ ഏറ്റെടുക്കലുകള്‍; ദുരൂഹതയുടെ ചുരുളഴിക്കാന്‍ അമേരിക്കയും ലോകരാജ്യങ്ങള്‍ 

ന്യൂയോര്‍ക്ക്: രാജ്യാന്തര ബിസിനസ്സ് മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം ഒരു ചൈനീസ് കമ്പനിയാണ്. ചൈനീസ് കമ്പനിയുടെ ലോകമൊട്ടാകെ വലവിരിച്ചുളള ഏറ്റെടുക്കല്‍ ആഘോഷവും കോടികളുടെ ദുരുഹമായ ഇടപാടുകളുമാണ് രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നത്. ടൂറിസം, ലോജിസ്റ്റിക്‌സ്, ധനകാര്യം ഉള്‍പ്പെടെ കമ്പനി കൈവെയ്ക്കാത്ത മേഖലകള്‍ ഇല്ലെന്ന് തന്നെ പറയാം. ഞൊടിയിടയില്‍ ആറു ഉപഭൂഖണ്ഡങ്ങളിലും വ്യാപിച്ചുകിടക്കുന്ന നിലയില്‍ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തതിന്റെ പിന്നിലെ കമ്പനിയുടെ രഹസ്യം തേടുകയാണ് ബിസിനസ്സ് മാധ്യമങ്ങള്‍.സാമ്പത്തിക സ്ഥിതിയെ ബാധിക്കുമോയെന്ന ആശങ്കയില്‍ രാജ്യങ്ങള്‍ അന്വേഷണവും മുറയ്ക്ക് ആരംഭിച്ചിട്ടുണ്ട്.

1993ല്‍ ഒരു പ്രാദേശിക വിമാനക്കമ്പനിയായി പ്രവര്‍ത്തനം ആരംഭിച്ച എച്ച്എന്‍എ കമ്പനിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് നാലുലക്ഷത്തില്‍പ്പരം തൊഴില്‍ സൃഷ്ടിച്ചതായി കമ്പനി അവകാശപ്പെടുന്നു. 18,000 കോടി ഡോളറിന്റെ ആസ്തിയുളള കമ്പനി ചൈനീസ്, പാശ്ചാത്യ സംസ്‌കാരങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് കോര്‍പ്പറേറ്റ് സംസ്‌കാരത്തിന് അടിത്തറ പാകിയത്. 

2016ന് ശേഷം ആറു ഉപഭൂഖണ്ഡങ്ങളിലായി 4000 കോടി ഡോളറില്‍പ്പരം വരുന്ന ഏറ്റെടുക്കലാണ് കമ്പനി നടത്തിയത്. ബാങ്കുകളുടെ അകമഴിഞ്ഞ സഹായത്തില്‍ നടന്ന ഈ ഏറ്റെടുക്കല്‍ മാമാങ്കത്തിന് പിന്നാലെ കോടികളുടെ കടബാധ്യതയും കമ്പനി നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഏറ്റെടുക്കല്‍ ആവേശത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കമ്പനി ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലാണ് മുഖ്യമായി ശ്രദ്ധപതിപ്പിക്കുന്നത്. ലോകോത്തര കമ്പനികളായ ഹില്‍റ്റണ്‍ വേള്‍ഡ് വൈഡ് ഹോള്‍ഡിംഗ്‌സ് , ഡെച്ച് ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ മുഖ്യ ഓഹരി ഉടമയായാണ് എച്ച്എന്‍എ വളര്‍ന്നത്. 

അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ആന്റണി സ്‌കാറാമുസിയുടെ നേതൃത്വത്തിലുളള കമ്പനിയുടെ ഓഹരി വാങ്ങാനും ചൈനീസ് കമ്പനി നീക്കം നടത്തിയിരുന്നു.വിദേശനിക്ഷേപം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഈ ഇടപാട് തടഞ്ഞത്. രാജ്യത്തിന്റെ ആസ്തികള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു അമേരിക്കന്‍ നടപടി. നിലവില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് കമ്പനി. കൂടാതെ തെറ്റായ വിവരങ്ങള്‍ നല്‍കി നിക്ഷേപം നടത്തിയതിന്റെ പേരില്‍ കമ്പനിയ്‌ക്കെതിരെ അമേരിക്കയില്‍ കേസും നിലനില്‍ക്കുന്നുണ്ട്.

ഡെച്ച് ബാങ്കിലെ ഓഹരിപങ്കാളിത്തതിന്റെ പേരില്‍ യൂറോപ്പിലും കമ്പനിയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ കൈമാറിയതാണ് ഇവിടെയും കമ്പനിയ്ക്ക് വിനയായത്. സമാനമായ നിലയില്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും കമ്പനിയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞ ഘട്ടത്തില്‍  ചൈനയിലും കമ്പനി അന്വേഷണം നേരിടുകയാണ്. 2016ല്‍ കമ്പനിയുടെ പ്രവര്‍ത്തനഫലമായി  വിദേശനിക്ഷേപത്തിന്റെ കുത്തൊഴുക്കാണ് ചൈനയില്‍ ദൃശ്യമായത്. ഇതിന് പിന്നാലെയാണ് ചൈന സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഇതാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ ചൈനീസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ലോകവ്യാപകമായി ഏറ്റെടുക്കല്‍ പരിപാടിയായി മുന്നിട്ടിറങ്ങിയ എച്ച്എന്‍എയെ ചൈനീസ് ബാങ്കുകള്‍ അകമഴിഞ്ഞു സഹായിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിലവില്‍ ഇത്തരം സഹായം ആവര്‍ത്തിക്കാനുളള സാമ്പത്തിക സ്ഥിതി ബാങ്കുകള്‍ക്ക് നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതും അന്വേഷണത്തിലേയ്ക്ക് നയിച്ച മറ്റൊരു ഘടകമാണ്. 

അമേരിക്കയിലെയും ചൈനയിലെയും രണ്ടു കമ്പനികളാണ് എച്ച്എന്‍എയുടെ മുഖ്യ ഓഹരിപങ്കാളികള്‍. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com