മഞ്ഞപ്പടയെ മേയ്ക്കാന്‍ കോപ്പലാശാന്‍ ഇത്തവണയില്ല; കോപ്പലിന്റെ തന്ത്രങ്ങള്‍ ഇനി ടാറ്റാ ടീമിന് വേണ്ടി

ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി സ്റ്റീവ് കോപ്പലിന്റെ കരാര്‍ പുതുക്കുന്നതില്‍ സച്ചിന്റെ ടീം മൗനം പാലിച്ചതോടെയാണ് ഐഎസ്എല്ലിലെ പുതിയ ടീമായ ടാറ്റാനഗറിലേക്കുള്ള കോപ്പലിന്റെ ചുവടുമാറ്റം
മഞ്ഞപ്പടയെ മേയ്ക്കാന്‍ കോപ്പലാശാന്‍ ഇത്തവണയില്ല; കോപ്പലിന്റെ തന്ത്രങ്ങള്‍ ഇനി ടാറ്റാ ടീമിന് വേണ്ടി

മൂന്നാം സീസണില്‍ ആവനാഴിയിലെ അവസാന ആയുധവും എടുത്ത് മഞ്ഞപ്പടയെ കൊച്ചിയിലെ ആവേശക്കടലിന് മുന്നില്‍ ഫൈനല്‍ കളിക്കാന്‍ വരെ എത്തിച്ച കോപ്പലാശാന്‍ ഇനി ഐഎസ്എല്ലിലെ ടാറ്റാ ഗ്രൂപ്പിനെ മേയ്ക്കും. ഗോളടിച്ചാല്‍, അത് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ അടിച്ചാലും, എതിര്‍ കളിക്കാര്‍ അടിച്ചാലും യാതൊരു കുലുക്കവുമില്ലാത്ത ഭാവഭേദവുമായി തന്ത്രങ്ങളുടെ കരുത്തില്‍ നിന്നിരുന്ന ഈ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാരനെ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മിസ് ചെയ്യുമെന്ന് ഉറപ്പ്. 

ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി സ്റ്റീവ് കോപ്പലിന്റെ കരാര്‍ പുതുക്കുന്നതില്‍ സച്ചിന്റെ ടീം മൗനം പാലിച്ചതോടെയാണ് ഐഎസ്എല്ലിലെ പുതിയ ടീമായ ടാറ്റാനഗറിലേക്കുള്ള കോപ്പലിന്റെ ചുവടുമാറ്റം. 

ജൂലൈ 15നാണ് ഐഎസ്എല്‍ പരിശീലകരും മാനേജ്‌മെന്റും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത്. മെഹ്താബ് ഹുസൈനെ ടീമില്‍ നിലനിര്‍ത്തുന്നതിനെ ചൊല്ലി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും കോപ്പലും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

കോപ്പല്‍ പോകുന്നതോടെ ആരാധകപ്പടയെ തൃപ്തിപ്പെടുത്തുന്നതിനായി ചില വമ്പന്‍ പേരുകള്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇംഗ്ലണ്ട് ടീമിന്റെ മുന്‍ കോച്ച് സ്വെന്‍ ഗൊറാന്‍ എറിക്‌സണിന്റെ പേരും പരിശീലക സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com