മഞ്ഞപ്പടയുടെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചോ? ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയാണ്‌

മൂന്നില്‍ രണ്ട് മത്സരങ്ങളും പോയിന്റ് ടേബിളിലെ വമ്പന്മാരും ചിരിവൈരികളുമായ ബംഗളൂരുവിനെതിരേയും ചെന്നൈയ്‌ക്കെതിരേയും
മഞ്ഞപ്പടയുടെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചോ? ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയാണ്‌

ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ നാമമാത്രമാക്കിയായിരുന്നു കൊല്‍ക്കത്ത മഞ്ഞപ്പടയെ സമനിലയില്‍ തളച്ചത്. കലിപ്പടക്കാനും കപ്പടിക്കാനും ബ്ലാസ്റ്റേഴ്‌സ് നിര അടുത്ത സീസണിലേക്ക് കണ്ണുനട്ടു കാത്തിരിക്കണമെന്ന പരിഹാസങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. 

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ലഭിച്ച ലീഡ് നിലനിര്‍ത്തുന്നതിലെ പരാജയമായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ ഉലച്ചത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയിച്ച് പോയിന്റ് മുപ്പതിലേക്കെത്തിക്കുക എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി ചെയ്യാനുള്ളത്. പക്ഷേ മൂന്നില്‍ രണ്ട് മത്സരങ്ങളും പോയിന്റ് ടേബിളിലെ വമ്പന്മാരും ചിരിവൈരികളുമായ ബംഗളൂരുവിനെതിരേയും ചെന്നൈയ്‌ക്കെതിരേയും. 

അത്ഭുതങ്ങളിലൂടെ കടന്ന് ബ്ലാസ്റ്റേഴ്‌സ് ഇനിയുള്ള മൂന്ന് കളികളിലും വിജയം പിടിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലമായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി നിര്‍ണയിക്കുക. എന്നുവെച്ചാല്‍ ഗോവയ്ക്ക് ഇനിയുള്ള ആറ് കളികളില്‍ 3 കളിയിലെങ്കിലും അവര്‍ തോല്‍ക്കണം. ജംഷഡ്പൂര്‍ കളിക്കാനിരിക്കുന്ന നാല് കളികളില്‍ രണ്ട് കളിയിലെങ്കിലും തോല്‍വി നേരിടണം. 

അഞ്ച് കളിയാണ് മുംബൈയ്ക്ക് ഇനിയുള്ളത്. അങ്ങിനെ വരുമ്പോള്‍ ഒരു കളിയില്‍ തോല്‍ക്കുകയോ, 2 എണ്ണത്തില്‍ സമനിലയില്‍ കുരുങ്ങുകയോ വേണം. ജെംഷഡ്പൂര്‍, ഗോവ, മുംബൈ എന്നിവരുടെ മത്സര ഫലം ഇങ്ങനെ ആവുകയാണെങ്കില്‍ പോയിന്റ്,

ജഷംഡ്പൂര്‍ - 28
ഗോവ        -29
മുംബൈ    28 
ബ്ലാസ്‌റ്റേഴ്‌സ്-30

കണക്കിലെ കളികള്‍ ഇങ്ങനെ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി വന്നാല്‍ പുനെ, ബംഗളൂരു, ചെന്നൈ എന്നീ ടീമുകള്‍ക്ക് ഒപ്പം ബ്ലാസ്റ്റേഴ്‌സും സെമിയില്‍ കയറും. പക്ഷേ അതിന് വിരളമായ സാധ്യത മാത്രമാണുള്ളതെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നന്നായി അറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com