മീശ പിരിച്ചു ഡേവിഡ് ജെയിംസ് പറഞ്ഞു; ആ സമനില തീപ്പൊരിയാണ്, അതൊന്ന് ആളിക്കത്തിച്ചാൽ മതി വിജയം ഉറപ്പ്

നാല് മത്സരങ്ങളിൽ ഒരു വിജയവും മൂന്ന് സമനിലകളുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
മീശ പിരിച്ചു ഡേവിഡ് ജെയിംസ് പറഞ്ഞു; ആ സമനില തീപ്പൊരിയാണ്, അതൊന്ന് ആളിക്കത്തിച്ചാൽ മതി വിജയം ഉറപ്പ്

പൂനെ: എെഎസ്എല്ലിലെ ആദ്യ മത്സരത്തിൽ കരുത്തരായ എടികെയെ പരാജയപ്പെടുത്തി ഉജ്ജ്വലമായി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അവിടെ തന്നെ നിൽക്കുകയാണിപ്പോഴും. നാല് മത്സരങ്ങളിൽ ഒരു വിജയവും മൂന്ന് സമനിലകളുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അതിനിടെ അവസാന പോരാട്ടത്തിൽ ജംഷഡ്പുരിനെതിരെ രണ്ട് ​ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ​ഗോൾ തിരിച്ചടിച്ച് സമനില പിടിച്ചത് ആത്മവിശ്വാസം തരുന്നതാണ്. വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് ബ്ലാസ്റ്റേഴ്സ് സ്വപ്നം കാണുന്നില്ല. മറുഭാ​ഗത്ത് നാലിൽ മൂന്നും തോറ്റ് അവസാന സ്ഥാനത്ത് നിൽക്കുന്ന എഫ്സി പൂനെ സിറ്റിയാണ് എതിരാളികൾ എന്നതിനാൽ കളിയിൽ മാനസിക മുൻതൂക്കം ബ്ലാസ്റ്റേഴ്സിന് തന്നെ. 

സീസണിന്റെ തുടക്കം ഗംഭീരമാക്കിയെങ്കിലും പിന്നീടങ്ങോട്ട് ഒരു ജയം പോലും കൊമ്പന്മാർക്കു സ്വന്തമാക്കാനായില്ല. രണ്ടു ഹോം മത്സരങ്ങളിലുൾപ്പെടെ പിന്നീടു നടന്ന മൂന്നു മത്സരങ്ങളിലും സമനില വഴങ്ങുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. രണ്ടു ഹോം മത്സരങ്ങളിലും മുന്നിൽ നിന്നതിനു ശേഷം അവസാന നിമിഷങ്ങളിലെ ഗോളിൽ സമനില വഴങ്ങിയ പിഴവ് പൂനെക്കെതിരെ ആവർത്തിക്കില്ലെന്നാണ് പരിശീലകൻ ജയിംസ് പറയുന്നത്. ജംഷഡ്പുരിനെതിരായ പോരാട്ടത്തിൽ ജയത്തോളം പോന്ന സമനില പിടിച്ചെടുത്തതിന്റെ തീപ്പൊരി ബ്ലാസ്റ്റേഴ്സിനുള്ളിൽ നിൽക്കുന്നുണ്ട്. അതിന്ന് ആളിക്കത്തിക്കുകയേ വേണ്ടുവെന്ന് ഡേവിഡ് ജെയിംസ് വ്യക്തമാക്കി. 

തുടർ തോൽവികളെ തുടർന്ന് പരിശീലകൻ മി​​ഗ്വേലിന് പുറത്താക്കിയ പൂനെ ഇന്ത്യൻ കോച്ച് പ്രത്യും റെഡ്ഡിയെ താത്കാലിക പരിശീലകനാക്കി ഭാ​ഗ്യം പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. 

പൂനെയുടെ പ്രതിരോധ പാളിച്ച മുതലെടുത്തു തുടക്കത്തിൽ തന്നെ ​ഗോൾ നേടി ആധിപത്യം സ്ഥാപിക്കുകയാണ് ജെയിംസ് കണക്ക് കൂട്ടുന്നത്. സ്റ്റൊയനോവിചിനെ മുന്നിൽ നിർത്തിയാകും ബ്ലാസ്റ്റേഴ്സ് പോരാട്ടം നയിക്കുക. അവസരങ്ങൾ നഷ്ടപ്പെടുത്താതെ ​ഗോളടിക്കാനുള്ള താരത്തിന്റെ മികവിലാണ് ടീമിന്റെ പ്രതീക്ഷ. ഫോമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം സികെ വിനീതിന്റെ മികവും ടീമിന് മുതൽക്കൂട്ടാണ്. മധ്യനിര താരം മലയാളിയായ മുഹമ്മദ് സഹൽ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. വിലക്ക് മാറി കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തിയിട്ടും മലയാളി പ്രതിരോധ താരം അനസ് എടത്തൊടികയ്ക്ക് കഴിഞ്ഞ മത്സരത്തിൽ പകരക്കാരന്റെ റോളായിരുന്നു. താരവും ഇന്ന് ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയേക്കും. 

ഫുട്ബോളിൽ വിജയം ആർക്കാവുമെന്നു പ്രവചിക്കാനാവില്ലെന്നു ഡേവിഡ് ജയിംസ് വ്യക്തമാക്കി. പൂനെയിൽ ഒരു പിടി മികച്ച താരങ്ങളുണ്ട്. മികച്ച മുന്നേറ്റ നിരയുള്ള പുനെ ടീമിനെ ഗോളടിക്കാൻ വിടാതെ പിടിച്ചു നിർത്തുക കടുപ്പമായിരിക്കുമെന്നും വിജയം ഉറപ്പിക്കണമെങ്കിൽ ഒന്നിലധികം ഗോളുകൾ ബ്ലാസ്റ്റേഴ്സ് നേടേണ്ടത് അത്യാവശ്യമാണെന്നും ജെയിംസ് കൂട്ടിച്ചേർത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com