ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ജീവിതത്തിലെ സ്വവർ​ഗാനുരാ​ഗം ഇനി കളത്തിലും

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ദമ്പതികള്‍ ഒരു ടീമിനു വേണ്ടി കളിക്കാനിറങ്ങിയെന്ന അപൂർവതയാണ് സെന്റ് ലൂസിയ മൈതാനത്ത് അരങ്ങേറിയത്
ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ജീവിതത്തിലെ സ്വവർ​ഗാനുരാ​ഗം ഇനി കളത്തിലും

സെന്റ് ലൂസിയ: വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിൽ ഒരു അപൂർവ ചരിത്രം പിറന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ദമ്പതികള്‍ ഒരു ടീമിനു വേണ്ടി കളിക്കാനിറങ്ങിയെന്ന അപൂർവതയാണ് സെന്റ് ലൂസിയ മൈതാനത്ത് അരങ്ങേറിയത്. സ്വവർ​ഗാനുരാ​ഗികളായ ദമ്പതികളാണ് ഇരുവരും. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റൻ ഡാനി വാന്‍ നെയ്‌ക്കെര്‍ക്കും മരിസാന്നി കാപ്പുമാണ് താരങ്ങള്‍. ലസ്ബിയന്‍ പ്രണയിനികളായ ഇരുവരും ജൂലൈയിലാണ് വിവാഹിതരായത്. തിങ്കളാഴ്ച വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ ഇരുവരും കളിക്കാനിറങ്ങി 67 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ മുന്നിൽ നിന്നു. മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 99 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക ഒൻപത് പന്തുകൾ ശേഷിക്കെയാണ് വിജയം പിടിച്ചെടുത്തത്. മത്സരത്തില്‍ കാപ്പിന്റെ ഓള്‍റൗണ്ട് പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം ഒരു വിക്കറ്റ് വീഴ്ത്തി. പിന്നീട് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 44 പന്തില്‍ 38 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഡാനി വാനും ഒരു വിക്കറ്റെടുക്കുകയും 33 റണ്‍സെടുക്കുകയും ചെയ്തതോടെ ദമ്പതികൾ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഇരുവരും ശ്രീലങ്കയ്‌ക്കെതിരെ 50ാം ടി20 വിക്കറ്റ് നേടിയും ശ്രദ്ധേയരായി.
 
ഏകദിനത്തില്‍ ഡാനി 98 മത്സരങ്ങളില്‍ നിന്ന് 1946 റണ്‍സും, ടി20യില്‍ 1538 റണ്‍സും നേടിയിട്ടുണ്ട്. കാപ്പ് ആകട്ടെ 96 ഏകദിനങ്ങളില്‍ നിന്ന് 1626 റണ്‍സും 106 വിക്കറ്റുകളും നേടി. 67 ടി20 മത്സരങ്ങളില്‍ നിന്ന് 700 റണ്‍സും 50 വിക്കറ്റും കാപ്പിന് സ്വന്തമായുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com