കുടുക്കിയതാണോ? ഗൂഢാലോചനയുണ്ടോ? ബിസിനസ് തകര്‍ക്കാന്‍ ശ്രമമോ? തുരുതുരെ ചോദ്യങ്ങള്‍, നിസംഗനായി ദിലീപ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരില്‍ മൂന്നിടത്താണ് തെളിവെടുപ്പിനായി പൊലീസ് ദിലീപിനെ എത്തിച്ചത്
കുടുക്കിയതാണോ? ഗൂഢാലോചനയുണ്ടോ? ബിസിനസ് തകര്‍ക്കാന്‍ ശ്രമമോ? തുരുതുരെ ചോദ്യങ്ങള്‍, നിസംഗനായി ദിലീപ്

തൃശൂര്‍: ദിലീപ് നിങ്ങളെ കേസില്‍ കുടുക്കിയതാണോ, നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടോ, നിങ്ങളെ വേട്ടയാടുകയാണോ.. ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് തൃശൂരിലെ തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ ദിലീപിനു നേരെ ഉയര്‍ത്തിയത്. കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനു പങ്കുണ്ടെന്ന വിധത്തിലുളള മണിയുടെ സഹോദരന്റെ ആരോപണത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഒന്നിനോടും പ്രതികരിക്കാതെ നിസംഗനായി ആയിരുന്നു ഇവയോട് ദിലീപിന്റെ പ്രതികരണം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരില്‍ മൂന്നിടത്താണ് തെളിവെടുപ്പിനായി പൊലീസ് ദിലീപിനെ എത്തിച്ചത്. ആദ്യം എത്തിയ ജോയ്‌സ് പാലസ് ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ദിലീപിനെ വാഹനത്തിനു പുറത്തിറക്കിയില്ല. ഇവിടെവച്ച് ആക്രമണ പദ്ധതി സംബന്ധിച്ച് ദിലീപ് സുനില്‍കുമാറുമായി സംസാരിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ദിലീപിനെ കൊണ്ടുവരുന്നത് അറിഞ്ഞ് ഇവിടെ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ വലിയ പടയും ഇവിടെയുണ്ടായിരുന്നു. ജനങ്ങളുടെ പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ഇവിടെ ദിലീപിനെ പുറത്തേക്ക് ഇറക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഗരുഡ ഹോട്ടലില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.

തൃശൂര്‍ ടെന്നിസ് ക്ലബിനു പുറത്ത് ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിടെ ഗൂഢാലോചന നടന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇവിടെയും തെളിവെടുപ്പിനായി ദിലീപിനെ കൊണ്ടുവന്നു. വന്‍ പ്രതിഷേധമാണ് ഇവിടെ നടനെതിരെ അരങ്ങേറിയത്. എഐവൈഎഫ് പ്രവര്‍ത്തകര്‍ ടെന്നിസ് ക്ലബിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ഒറ്റക്കയ്യന്‍ ചാമിയെ വെല്ലും ക്രൂരത കാട്ടിയ നരാധമാ എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങളുമായാണ് അവര്‍ ദിലീപിന്റെ വാഹനത്തിനു മുന്നിലെത്തിയത്.

ജോര്‍ജേട്ടന്‍സ് പൂരം ഷൂട്ടിങ്ങനിടെ ക്ലബ് ജീവനക്കാര്‍ ദിലീപിനൊപ്പം പകര്‍ത്തിയ സെല്‍ഫിയില്‍ പിന്നിലായി പള്‍സര്‍ സുനി നില്‍ക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച സ്ഥിരീകരണവും അനുബന്ധ തെളിവെടുപ്പുമാണ് ടെന്നിസ് ക്ലബില്‍ നടന്നത്. ടെന്നിസ് ക്ലബ് അങ്കണത്തില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ താഴ്ത്തിയ ചില്ലിനിടയിലൂടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ദിലീപിനു നേരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ ചോദ്യങ്ങളും. മണിയുടെ സഹോദരന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടുണ്ട് ഇതില്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും ദിലീപ് പ്രതികരിച്ചില്ല. താങ്കളുടെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടോ, ഗൂഢാലോചന നടക്കുന്നുണ്ടോ, പുതിയ പുതിയ ആരോപണങ്ങള്‍ ഉയരുന്നത് അതുകൊണ്ടാണോ എന്നൊക്കെ ചോദ്യങ്ങള്‍ ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നോക്കിയെങ്കിലും നിസംഗതയായിരുന്നു ദിലീപിന്റെ പ്രതികരണം. ഏറെ നേരം വാഹനത്തില്‍ ഇരുത്തിയ ശേഷം പുറത്തേക്ക് ഇറക്കി ടെന്നിസ് ക്ലബിന്റെ ഹാളിലും ലോണിലും എത്തിച്ചു പൊലീസ് തെളിവെടുപ്പു നടത്തി. പുറത്തിറങ്ങിയ സമയത്തും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ദിലീപ് പ്രതികരിച്ചില്ല. ുധനാഴ്ച കൊച്ചിയില്‍ ഹോട്ടല്‍ മുറിയിലെ തെളിവെടുപ്പിനിടെ ചാനല്‍ റിപ്പോര്‍ട്ടറോട് വായില്‍ തോന്നിയതു പറയല്ലേ എന്നു ദിലീപ് പറഞ്ഞിരുന്നു.

ടെന്നിസ് ക്ലബില്‍ ദിലീപും സുനില്‍കുമാറും കൂടിക്കാഴ്ച നടത്തിയെന്നു പറയുന്ന സ്ഥലം അളന്നും ജീവനക്കാരില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞും പൊലീസ് തെളിവെടുപ്പു നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com