തച്ചങ്കരിയെ നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കാനോ: ഹൈക്കോടതി

സെന്‍കുമാറിന്റെ നിയമനത്തിനു തൊട്ടു മുമ്പായി പൊലിസില്‍ കൂട്ട സ്ഥലം മാറ്റം നടത്തിയതില്‍ ഹൈക്കോടതി സര്‍ക്കാരിനോടു വിശദീകരണം തേടി.
തച്ചങ്കരിയെ നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കാനോ: ഹൈക്കോടതി

കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത് സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോയെന്ന് ഹൈക്കോടതി. സെന്‍കുമാറിന്റെ നിയമനത്തിനു തൊട്ടു മുമ്പായി പൊലിസില്‍ കൂട്ട സ്ഥലം മാറ്റം നടത്തിയതില്‍ ഹൈക്കോടതി സര്‍ക്കാരിനോടു വിശദീകരണം തേടി.

പൊലീസ് ആസ്ഥാനത്ത് നടത്തിയ കൂട്ട സ്ഥലം മാറ്റങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിക്ക ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നടപടി. ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവു വന്നതിനു പിന്നാലെ പൊലീസ് ആസ്ഥാനത്ത് സര്‍ക്കാര്‍ മാറ്റങ്ങള്‍ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗായാണ് എഡിജിപി ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്. സര്‍ക്കാരുമായി നിയമ യുദ്ധത്തില്‍ ഏര്‍പ്പെട്ട് തിരിച്ചെത്തുന്ന സെന്‍കുമാറിനെ നിരീക്ഷിക്കാനാണ്, മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്നു കരുതുന്ന ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

സെന്‍കുമാറിനെ നിയമിക്കുന്നതിനു മുമ്പായി പൊലീസ് ആസ്ഥാനത്തു നടത്തിയ കൂട്ട സ്ഥലംമാറ്റത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍േദശിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയുടെ റോള്‍ എന്താണെന്നും തച്ചങ്കരിക്കെതിരെ ഏതൊക്കെ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതി ആരാഞ്ഞു.

സുപ്രിം കോടതി ഉത്തരവിലൂടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയ ടിപി സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ ഭിന്നത തുടരുകയാണെന്നാണ് സൂചനകള്‍. സ്ഥാനമേറ്റതിനു പിന്നാലെ പൊലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ നടത്തിയ സ്ഥലം മാറ്റം സര്‍ക്കാര്‍ ഇടപെട്ടു തടഞ്ഞിരുന്നു. പൊലീസ് ഭരണം സംബന്ധിച്ച് ഡിജിപിയും എഡിജിപിയും തമ്മില്‍ തര്‍ക്കം നടന്നതായും വാര്‍ത്തകള്‍ വന്നു. എഡിജിപി തച്ചങ്കരിയുടെ നിഴല്‍ ഭരണമാണ് പൊലീസ് ആസ്ഥാനത്തു നടക്കുന്നതെന്നും സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്തു കൊടുക്കുകയാണ് എന്നുമാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com