കശാപ്പു നിയന്ത്രണം; ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നകയറിയുള്ളതാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്
കശാപ്പു നിയന്ത്രണം; ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

കൊച്ചി: കന്നുകാലി കശാപ്പു നിയന്ത്രണ ഉത്തരവില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസില്‍ ഹൈക്കോടതി മറ്റന്നാള്‍ വിശദമായ വാദം കേള്‍ക്കും. ഹൈബി ഈഡന്‍ എംഎല്‍എ ഉള്‍പ്പെടെയുളളവരാണ് കേന്ദ്ര ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നകയറിയുള്ളതാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മൃഗപരിപാലനം, കന്നുകാലി കശാപ്പ് എന്നിവ സംസ്ഥാനത്തിന്റെ പരിധിയിലുളള കാര്യങ്ങളാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പരിഗണിക്കാവുന്ന കണ്‍കറന്റ് പട്ടികയിലും. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കന്നുകാലി കശാപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈബി ഈഡന്‍ സമര്‍പ്പിച്ചത് കൂടാതെ മൂന്നു പൊതുതാത്പര്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണയില്‍ ഉള്ളത്. 

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിക്കാരുടെ വാദങ്ങളെ പിന്തുണച്ചു. കേന്ദ്രത്തിന്റെ വാദം വിശദമായി മറ്റന്നാള്‍ കേള്‍ക്കും.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ്, ഈ മാസം 23ന് ഇറക്കിയ ഉത്തരവില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കശാപ്പിനായി കാലിച്ചന്തകളില്‍ മൃഗങ്ങളെ വാങ്ങാനോ വില്‍ക്കാനോ കഴിയില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com