നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതി : കുറ്റപത്രം ചൊവ്വാഴ്ച  സമര്‍പ്പിക്കും

ഈ മാസം 29 ന് ദുബായില്‍ പോകണമെന്ന ദിലീപിന്റെ ആവശ്യത്തെ  പ്രോസിക്യൂഷന്‍ എതിര്‍ക്കും
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതി : കുറ്റപത്രം ചൊവ്വാഴ്ച  സമര്‍പ്പിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പ്രതി ചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാകും. കേസില്‍ ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ ആകെ പതിനൊന്ന് പ്രതികളാണ് ഉള്ളത്. കുറ്റപത്രത്തിന്റെ പ്രിന്റ് ഔട്ടുകല്‍ എടുക്കുന്ന നടപടികളിലാണ് ഇപ്പോള്‍ അന്വേഷണസംഘം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. 

നേരത്തെ ദിലീപിനെ ഒന്നാം പ്രതിയാക്കാനായിരുന്നു അന്വേഷണസംഘം തീരുമാനിച്ചിരുന്നത്. എന്നാല്‍ ദിലീപിനെ കേസില്‍ ഒന്നാം പ്രതിയാക്കുമ്പോള്‍, നേരത്തെ നല്‍കിയ കുറ്റപത്രം പൂര്‍ണമായും അഴിച്ചുപണിയേണ്ട സാഹചര്യം ഉണ്ടാകും. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിയും കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ ആറുവരെ പ്രതികളും, ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളിയെ ഏഴാം പ്രതിയാക്കിയുമാണ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 

ദിലീപിനെ ഒന്നാം പ്രതിയാക്കുമ്പോള്‍ കുറ്റപത്രം ഒന്നാകെ പൊളിച്ചുപണിയുന്നത് ദുഷ്‌കരമാണെന്നും, വിചാരണ വേളയില്‍ ചില ബുദ്ധിമുട്ടുകല്‍ ഉണ്ടാക്കിയേക്കുമെന്നുമാണ് അന്വേഷണസംഘം വിലയിരുത്തിയത്. അതനുസരിച്ച് ദിലീപിനെ ഒന്നാംപ്രതിയാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് ദിലീപിനെ ഏഴാം പ്രതിയാക്കുകയും, ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പു സാക്ഷിയാക്കാനും അന്വേഷണസംഘം ആലോചിച്ചു. എന്നാല്‍ ചാര്‍ളിയുടെ ഇപ്പോഴത്തെ നിലപാട് സംശയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആദ്യ കുറ്റപത്രം അതേപടി നിലനിര്‍ത്തി ഗൂഢീലോചന നടത്തിയ ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്തിമധാരണയിലെത്തിയത്. 

കുറ്റപത്രത്തില്‍ ആകെ 320 സാക്ഷികള്‍ ഉണ്ടാകുമെന്നാണ് സൂചന. ഫോണ്‍ രേഖകള്‍ അടക്കം 425 ഡോക്കുമെന്റ്‌സും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. കൂടാതെ, ഈ മാസം 29 ന് ദുബായില്‍ പോകണമെന്ന ദിലീപിന്റെ ആവശ്യത്തെ എതിര്‍ക്കാനും അന്വേഷണസംഘം തീരുമാനിച്ചു. തന്റെ ഹോട്ടല്‍ ഉദ്ഘാടനത്തിന് പോകാന്‍ അനുവദിക്കണമെന്നും അതിനായി പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കുകയാണ്. എന്നാല്‍ ദിലീപിനെ രാജ്യത്തിന് വെളിയില്‍ പോകാന്‍ അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിന് ഇടയാക്കുമെന്നും, കേസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിക്കും. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം നിരവധി സാക്ഷികള്‍ കൂറുമാറിയത് അടക്കം ചൂണ്ടിക്കാട്ടിയാകും അന്വേഷണസംഘം ദിലീപിന്റെ ആവശ്യത്തെ എതിര്‍ക്കുക.


ഈ വര്‍ഷം ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com