കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളിയല്ല, സിനിമാ രംഗം ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഗണേഷ് കുമാര്‍ 

ലീപീന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണ് ഇതെന്ന് ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഗണേഷ് കുമാര്‍
ഗണേഷ് കുമാര്‍ (അമ്മയുടെ പത്രസമ്മേളനത്തിനിടെ- ഫയല്‍)
ഗണേഷ് കുമാര്‍ (അമ്മയുടെ പത്രസമ്മേളനത്തിനിടെ- ഫയല്‍)

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കോടതി കുറ്റവാളിയെന്നു വിധിക്കും വരെ ദിലീപ് നിരപരധിയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപീന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണ് ഇതെന്ന് ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഗണേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളിയല്ല. സിനിമാ രംഗത്തുള്ളവര്‍ ദിലീപിന് പ്ിന്തുണ പ്രഖ്യാപിക്കണമെന്ന് ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ടു തിരുത്തണം. എംഎല്‍എ ആയല്ല, സുഹൃത്തായാണ് ദിലീപിനെ കാണാന്‍ എത്തിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

നേരത്തെ ദിലീപിനെ പൊലിസ് അറസ്റ്റ് ചെയ്യും മുമ്പ്, താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇടതുമുന്നണി എംഎല്‍എമാര്‍ കൂടിയായ ഗണേഷ് കുമാറും മുകേഷും ദിലീപിനെ പിന്തുണച്ച് രംഗത്തുവന്നത് വിവാദമായിരുന്നു. ദിലീപിനെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണെന്ന് കുറ്റപ്പെടുത്തിയ ഇവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തട്ടിക്കയറുകയും ചെയ്തു. ഇരുവരുടെയും പെരുമാറ്റത്തില്‍ പിന്നീട് അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഖേദം പ്രകടിപ്പിച്ചിരുന്നു.

തിരുവോണപ്പിറ്റേന്ന്, കെബി ഗണേഷ് കുമാറിനെക്കൂടാതെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിയോജ് ചന്ദ്രന്‍ എന്നിവരും ദിലീപിനെ കണാനെത്തി. 

തിരുവോണ ദിനത്തില്‍ നടന്‍ ജയറാം ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. ഓണക്കോടിയുമായി എത്തിയ ജയറാം എല്ലാ വര്‍ഷവും ഇങ്ങനെ ഒരു പതിവുണ്ടെന്ന് പറഞ്ഞു. തിരുവോണ ദിനത്തില്‍ ഉച്ചയോടെയായിരുന്നു താരം ദിലീപിനെ കാണുന്നതിനായി എത്തിയത്. 

ഉത്രാട ദിനത്തില്‍ നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരും സംവിധായകനായ രഞ്ജിത്തും എത്തിയിരുന്നു. 

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്‍ പങ്കെടുക്കാനായി ദിലീപിന് ബുധനാഴ്ച ജയിലിന് പുറത്തിറങ്ങാനാകും. പൊലീസ് അകമ്പടിയോടെ വീട്ടിലും ക്ഷേത്രത്തിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com