വരാപ്പുഴ കസ്റ്റഡി മരണം: ആലുവ എസ്പിയുടെ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു

ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളാണ് ശ്രീജിത്തിന്റെ  കസ്റ്റഡി മരണത്തിന് ഉത്തരവാദികള്‍ എന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് നടപടി
വരാപ്പുഴ കസ്റ്റഡി മരണം: ആലുവ എസ്പിയുടെ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയമായ ആലുവ റൂറല്‍ എസ്പിയുടെ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു. ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളാണ് ശ്രീജിത്തിന്റെ  കസ്റ്റഡി മരണത്തിന് ഉത്തരവാദികള്‍ എന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് നടപടി. 

റൂറല്‍ എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഫോഴ്‌സ് എന്ന റൂറല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം ചട്ടം ലംഘിച്ചാണെന്ന് പരാതി ഉയര്‍ന്നിരുന്നു. വരാപ്പുഴയില്‍ തന്നെ മറ്റൊരു യുവാവിന്റെ മരണത്തിലും ആര്‍ടിഎഫിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചീട്ടുകളി സംഘത്തെ പിടിക്കാന്‍ വന്ന ഫോഴ്‌സിനെകണ്ട് വെള്ളത്തില്‍ ചാടിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും അതു മരണത്തിനു കാരണമായി എന്നുമായിരുന്നു പരാതി.

പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് അംഗങ്ങളായ പൊലീസുകാരാണ്. ഇവര്‍ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് ഇറക്കിയതുമുതല്‍ മര്‍ദിച്ചിരുന്നതായി ശ്രീജിത്തിന്റെ അമ്മയും സഹോദരനും അടക്കം ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റൂറല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍, സുമേഷ്, സന്തോഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. 

ശ്രീജിത്തിനെ വീടിന് സമീപത്തെ ജംഗ്ഷനിലേക്ക് വലിച്ചിഴച്ചും സംഘം മര്‍ദിച്ചിരുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ശ്രീജിത്തിന്റെ കുടുംബം ബഹളമുണ്ടാക്കിയതോടെയാണ് സംഘം ഇയാളെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഈ മൂന്ന് പൊലീസുകാരെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീജിത്തിന് സ്‌റ്റേഷനില്‍ എത്തുന്നതിന് മുമ്പാണ് മര്‍ദനമേറ്റതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും വിലയിരുത്തല്‍.

അതിനിടെ സംഭവത്തില്‍ പരസ്പരം പഴിചാരുന്ന നിലപാടുകളാണ് ലോക്കല്‍ പൊലീസും ടൈഗര്‍ ഫോഴ്‌സും സ്വീകരിച്ചത്. തങ്ങളുടെ കസ്റ്റഡിയില്‍ കിട്ടുന്നതിനു മുമ്പാണ് ശ്രീജിത്തിനു മര്‍ദനമേറ്റത് എന്നാണ് ലോക്കല്‍ പൊലീസിന്റെ നിലപാട്. എന്നാല്‍ ടൈഗര്‍ ഫോഴ്‌സിനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആര്‍ടിഎഫ് അംഗങ്ങളുടെ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com