കുട്ടിയെ പുഴയിലെറിയാൻ വിവിധ പാലങ്ങളിൽ കൊണ്ടുപോയി ; മൃതദേഹം പൊങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പുഴയോരത്ത് തിരച്ചില്‍ നടത്തി, പ്രതിയുടെ വെളിപ്പെടുത്തൽ പുറത്ത്

മുഹമ്മദ് ഷഹീനേയും കൂട്ടി വളാഞ്ചേരിയിലും തിരൂരിലുമെല്ലാം കറങ്ങിയതിന് ശേഷം തൂതപ്പുഴയുടെ പൂലാമന്തോള്‍ പാലത്തിലെത്തി
കുട്ടിയെ പുഴയിലെറിയാൻ വിവിധ പാലങ്ങളിൽ കൊണ്ടുപോയി ; മൃതദേഹം പൊങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പുഴയോരത്ത് തിരച്ചില്‍ നടത്തി, പ്രതിയുടെ വെളിപ്പെടുത്തൽ പുറത്ത്

മലപ്പുറം  : മലപ്പുറം മേലാറ്റൂരിൽ ഒമ്പതുവയസ്സുകാരനെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ, കുട്ടിയെ പുഴയിലെറിയാൻ വിവിധ പാലങ്ങളിൽ കൊണ്ടുപോയിരുന്നതായി പ്രതി മുഹമ്മദ് അന്വേഷണസംഘത്തിന് മൊഴി നൽകി. ഒന്‍പതു വയസുകാരന്‍ മുഹമ്മദ് ഷഹീനേയും കൂട്ടി വളാഞ്ചേരിയിലും തിരൂരിലുമെല്ലാം കറങ്ങിയതിന് ശേഷം തൂതപ്പുഴയുടെ പൂലാമന്തോള്‍ പാലത്തിലെത്തിയിരുന്നതായാണ് പ്രതി പൊലീസിനെ അറിയിച്ചത്. കുട്ടിയെ ബൈക്കില്‍ നിന്നിറക്കി പാലത്തിലൂടെ കൈപിടിച്ച് നടന്നു നോക്കി.  ആളും വാഹനങ്ങളും കാരണം പാലത്തില്‍ നിന്ന് പുഴയിലേക്ക് എറിയാനുളള നീക്കം നടന്നില്ല. കൊലപ്പെടുത്താനുളള മറ്റു വഴികള്‍ ആലോചിച്ചെങ്കിലും പ്രാവര്‍ത്തികമായില്ലെന്നും ഇയാൾ പറഞ്ഞു. 

രാത്രി ഒന്‍പതരക്കാണ് കടലുണ്ടിപ്പുഴയുടെ ആനക്കയം പാലത്തിന് സമീപം എത്തിയത്.  പുഴയുടെ മധ്യഭാഗത്ത് ബൈക്കു നിര്‍ത്തി.  കുട്ടിയെ ബൈക്കില്‍ നിന്ന് താഴേയിറക്കി. മോട്ടോര്‍ സൈക്കിളിന്റെ ടാങ്കിന് മീതേക്ക് കയറ്റുന്നതുപോലെ ഭാവിച്ച് കുട്ടിയെ മുകളിലേക്ക് ഉയര്‍ത്തി പുഴയിലേക്ക് അപ്രതീക്ഷിതമായി എറിയുകയായിരുന്നു. 

കുട്ടി വെളളത്തില്‍ മുങ്ങിത്താഴുന്നത് നോക്കി, മരണം ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്.  പിറ്റേ ദിവസങ്ങളില്‍ അതിരാവിലെ ആനക്കയം പാലത്തിന് താഴേക്കുളള പുഴയുടെ ഇരുകരകളിലുമെത്തി പരിശോധന നടത്തി. പുഴയില്‍ മൃതദേഹം പൊങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദിവസങ്ങളോളം പുഴയോരത്ത് തിരച്ചില്‍ നടത്തിയിരുന്നതായും പ്രതി മുഹമ്മദ് പൊലീസിന് മൊഴി നല്‍കി. 

മൃതദേഹം കാണാതായതോടെ ഇനി പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പിതൃസഹോദരനായ പ്രതിയെന്ന് പൊലീസ് സൂചിപ്പിച്ചു.  ഷാഹീന് വേണ്ടി കഴിഞ്ഞ മൂന്നു ദിവസമായി കടലുണ്ടിപ്പുഴയിലും  പരിസരപ്രദേശങ്ങളിലും  തിരച്ചില്‍ തുടരുകയാണ്. രണ്ടുലക്ഷം രൂപ കുട്ടികളുടെ മാതാപിതാക്കളില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് മുഹമ്മദ് പൊലീസിനോടു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com