കോണ്‍ഗ്രസിലെ പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ല; രാജ്യസഭാ സ്ഥാനാര്‍ഥി ഇന്നു തന്നെയെന്ന് കെഎം മാണി

താനോ ജോസ് കെ മാണിയോ രാജ്യസഭയിലേക്കു പോവേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം
കോണ്‍ഗ്രസിലെ പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ല; രാജ്യസഭാ സ്ഥാനാര്‍ഥി ഇന്നു തന്നെയെന്ന് കെഎം മാണി

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിന്റെ പേരില്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിഷേധത്തെ കാര്യമായെടുക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. ഇത്തരം പ്രതിഷേധങ്ങളെല്ലാം എല്ലാ പാര്‍ട്ടിയിലും ഉള്ളതാണെന്ന്, ചോദ്യത്തിനുത്തരമായി കെഎം മാണി പറഞ്ഞു.

ദേശീയതലത്തിലെ വിശാല താല്‍പര്യം പരിഗണിച്ചാണ് യുഡിഎഫിലേക്കു മടങ്ങാന്‍ തീരുമാനിച്ചതെന്ന്, പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാണി പറഞ്ഞു. ദേശീയ തലത്തില്‍ മതനിരപേക്ഷ കക്ഷികളുടെ വിശാല സഖ്യം രൂപപ്പെടേണ്ടതുണ്ട്. കര്‍ഷക ജനതയുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കെഎം മാണി പറഞ്ഞു. കര്‍ഷക പ്രശ്‌നങ്ങളില്‍ അനുകൂല തീരുമാനമെടുക്കാമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

രാജ്യസഭാ സീറ്റ് വേണമെന്ന ഉപാധി കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടില്ല. അതു കോണ്‍ഗ്രസ് അറിഞ്ഞുതന്നതാണെന്ന് മാണി പറഞ്ഞു. യുഡിഎഫിലേക്കു മടക്കത്തിനു സാഹചര്യമൊരുക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മാണി നന്ദി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ ഇന്നു തന്നെ തീരുമാനിക്കും. താനോ ജോസ് കെ മാണിയോ രാജ്യസഭയിലേക്കു പോവേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. പാര്‍ട്ടി നേതൃയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് മാണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com