മാണിയെ ചൊല്ലി ബിജെപിയിൽ പോര് ; അഴിമതിക്കാർക്ക് എൻഡിഎയിൽ സ്ഥാനമില്ലെന്ന് മുരളീധരൻ, രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ലെന്ന് ശ്രീധരൻപിള്ള

എൻഡിഎയിൽ വരണമെങ്കിൽ ആദ്യം കെഎം മാണി നിലപാട് മാറ്റേണ്ടി വരുമെന്ന്  വി മുരളീധരൻ എംപി
മാണിയെ ചൊല്ലി ബിജെപിയിൽ പോര് ; അഴിമതിക്കാർക്ക് എൻഡിഎയിൽ സ്ഥാനമില്ലെന്ന് മുരളീധരൻ, രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ലെന്ന് ശ്രീധരൻപിള്ള

തിരുവനന്തപുരം:  കെഎം മാണിയുമായി സഖ്യമുണ്ടാക്കുന്നതിനെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷം. കെ എം മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനയാണ് പാർട്ടിയില്‍ ഭിന്നത രൂക്ഷമാക്കിയത്. അഴിമതിക്കാരെ എൻഡിഎ മുന്നണിയിൽ എടുക്കില്ലെന്ന നിലപാട് വി മുരളീധരൻ എംപി ആവർത്തിച്ച് വ്യക്തമാക്കി. അതേസമയം വി മുരളീധരന്റെ നിലപാടിനെ തള്ളി മുൻ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള രം​ഗത്തെത്തി. 

അഴിമതിക്കാരെ ദേശീയജനാധിപത്യ സഖ്യത്തിൽ എടുക്കില്ല. എന്‍ഡിഎയുടെ ആശയ ആദർശങ്ങൾ അം​ഗീകരിച്ച് വരുന്നവർക്ക് സ്വാഗതം എന്നാണ് കുമ്മനം പറഞ്ഞത്. എൻഡിഎയിൽ വരണമെങ്കിൽ ആദ്യം കെഎം മാണി നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു. കുമ്മനം പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബുദ്ധിയുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കള്ളന്മാരുടെയും  കൊലപാതകികളുടെയും അഴിമതിക്കാരുടെയും വരെ വോട്ടുതേടുന്നതില്‍ തെറ്റില്ലെന്ന് മുരളീധരൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ മുരളീധരന്റെ നിലപാടിനെ തള്ളി ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി കൂടിയായ പി എസ് ശ്രീധരന്‍പിള്ള രംഗത്തുവന്നു. കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ല. ഇക്കാര്യത്തിൽ മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ് ട്രീയത്തില്‍ തൊട്ടുകൂടായ്മയ്ക്ക് സ്ഥാനമില്ല. രണ്ട് മുന്നണികളേയും വേണ്ട എന്ന് കരുതിയാകും മാണി സ്വതന്ത്ര നിലപാട് സ്വീകരിച്ചത്. അറയ്ക്കൽ ബീവിയെ കെട്ടാൻ അർധസമ്മതം പോരല്ലോയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com