മരണത്തിലേക്ക് തുഴഞ്ഞുപോയവള്‍

അസാധാരണ പ്രതിഭാശാലിയും കഠിനാദ്ധ്വാനം ചെയ്യുന്നവളും ധൈര്യശാലിയും വിവേകിയുമായിരുന്നു വെര്‍ജീനിയ.
വെര്‍ജീനിയ വൂള്‍ഫ്
വെര്‍ജീനിയ വൂള്‍ഫ്

''ഒരാള്‍ ജനിച്ച ദിവസമല്ല ഒരിക്കലും അയാള്‍ ജനിക്കുന്നത്, അതിനുമെത്രയോ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനിച്ച ഒരാളുടെ പിന്‍തുടര്‍ച്ച, പരിണാമത്തിന്റെ ചോദനകള്‍ ഒരാളിലേക്കെത്തുന്നത് ആ പിന്‍തുടര്‍ച്ചയില്‍ നിന്നാണ്.'' ഈ ചിന്ത വെര്‍ജീനിയ എന്ന വ്യക്തിയെ താന്‍ ആരുടേയോ അനന്തരാവകാശിയാണെന്ന് എന്നും ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ''ഞാന്‍ ആരാണ്'' എന്ന അവളുടെ ചിന്തയാണ്, താന്‍ കേവലം പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്റെ മാതാപിതാക്കള്‍ക്കു മാത്രമായി ജനിച്ച ഒരു കുട്ടി മാത്രമല്ല, താനൊരു വാഹക കൂടിയാണെന്ന് വെര്‍ജീനിയ കരുതുന്നത്. മനുഷ്യ പരിണാമത്തിന്റെ അന്യൂനമായ ചില സവിശേഷതകള്‍ തനിക്കിവിടെ കുടഞ്ഞിട്ട് പോകാനുണ്ട്. നൂറ്റാണ്ടുകളായി ഓരോ ജീവിയും ജീവന്റെ ചലനങ്ങള്‍ ഭൂമിയില്‍ അടയാളപ്പെടുത്തിപ്പോകുന്നുണ്ട്. അവയെല്ലാം, ഭൂമിയുടെ പുറം ചുമരെഴുത്തുകളായി ശീതീകരിച്ചുവയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കടുത്ത ചൂടില്‍ ഉരുകിപ്പോയവയ്ക്കപ്പുറം ശിലാഫലകങ്ങളെപ്പോലെ, ഒന്നിനുമുരുക്കാന്‍ കഴിയാതെ ചിലതവിടെ പതിഞ്ഞിരിപ്പുണ്ട്. അതെനിക്ക് കാണാം. അവള്‍ കരുതുന്നു. ആധുനികത ഏറെ ഇഷ്ടപ്പെടുന്നവളെങ്കിലും പാരമ്പര്യവാദിയായിരുന്നു വെര്‍ജീനിയ. കാരണം തന്റെ സ്വഭാവരീതികള്‍, മാനസിക സ്ഥിരത, അസ്ഥിരത, ബുദ്ധി, വൈകാരിക ഭാവം - ഇവ തനിക്ക് പാരമ്പര്യമായി ലഭിച്ചതാണെന്ന വിശ്വാസം.

ലെവീസില്‍നിന്നും വരികയായിരുന്നു, അവര്‍ ഒരു സംഘം സൈക്കിള്‍ യാത്രക്കാരായ യുവാക്കള്‍. അവര്‍ അവധി ദിവസം ഉല്ലാസപ്രദമാക്കാന്‍ യാത്ര തിരിച്ചവര്‍. അഹോമിനു സമീപത്തുള്ള നദിക്കരയില്‍ ഭക്ഷണം കഴിക്കാനായി ഒരുങ്ങുമ്പോഴാണ് അവര്‍ ആ കാഴ്ച കണ്ടത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന എന്തോ ഒന്ന്. ഓളങ്ങള്‍ക്കിടയില്‍നിന്ന് അത് പൊങ്ങുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു, ചെറുതായി.
''അതൊരാള്‍രൂപം പോലുണ്ടല്ലോ'' കൂട്ടത്തിലൊരാള്‍ പറഞ്ഞു. ''അതെ, അതൊരു കോട്ടണിഞ്ഞ സ്ത്രീ രൂപമാണ്.'' കരയോടടുപ്പിക്കുമ്പോള്‍ അവര്‍ പറഞ്ഞു.
സമയം 11.45. വാച്ചിലെ സമയം, അവരുടെ മരണസമയം കുറിച്ചുകൊണ്ട് കോട്ടിന്റെ പോക്കറ്റില്‍ കിടപ്പുണ്ടായിരുന്നു. മുങ്ങിത്താഴാന്‍ അവര്‍ കോട്ടിന്റെ പോക്കറ്റില്‍ കരുതിയിരുന്ന കനമുള്ള കല്ലുകള്‍ക്കൊപ്പം.
''ഇത് വ്യത്യസ്തമായ ഒരു ആത്മഹത്യ തന്നെ എന്നതില്‍ സംശയമില്ല. അവര്‍ ഏതോ വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ട് എന്ന് തീര്‍ച്ചയാണ്.''
കൂട്ടുകാര്‍ പരസ്പരം പറഞ്ഞു.
പൊലീസെത്തി മൃതദേഹം കരയ്‌ക്കെടുത്ത് 'ലിയോനാഡ'ന്റെ സാന്നിധ്യത്തില്‍ പരിശോധിച്ച് സ്ഥിരീകരിച്ചു കഴിഞ്ഞപ്പോഴേക്കും ലിയോനാഡ് ഏറെ, അസ്വസ്ഥനായി കാണപ്പെട്ടു. എങ്കിലും തന്റെ പ്രിയസഖിക്ക് ഉചിതമായ ശവദാഹക്രിയകള്‍ ചെയ്യാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അയാള്‍ നല്‍കിക്കൊണ്ടിരുന്നു.
വെര്‍ജീനിയയുടെ മരണം വ്യക്തമായ രേഖപ്പെടുത്തലുകളില്ലാതെ കിടക്കുന്നു. 1941 മാര്‍ച്ച് 28-ന് അവര്‍ വീടിനടുത്തുള്ള അരുവിയുടെ നേരെ നടന്നുപോകുന്നതായി വേലക്കാരി കണ്ടിരുന്നു. ഒഴുകിപ്പോയ അവരുടെ ദേഹം അന്വേഷണങ്ങള്‍ക്കൊടുവില്‍ ഏറെ ദിവസം കഴിഞ്ഞാണ് കണ്ടെത്തിയത് എന്നതും ദുരൂഹതയുളവാക്കുന്നതായിരുന്നു. എന്നാല്‍ അവര്‍ തീര്‍ത്തും മരണാഭിമുഖ്യമുള്ള രോഗത്തിനടിമയായിരുന്നു എന്നത്, അതിനു മുന്നേയുള്ള അവരുടെ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു.
വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ, അര്‍ദ്ധസഹോദരനില്‍നിന്നും അനുഭവിക്കേണ്ടിവന്ന ലൈംഗികമായ പീഡനം നല്‍കിയ ആഴത്തിലുള്ള മുറിവ് ഉണക്കമില്ലാതെ പഴുത്തുകൊണ്ടിരിക്കയായിരുന്നു. വെര്‍ജീനിയയ്ക്ക് അവരുടെ ആത്മഹത്യയോളം അതു കാരണമായി ഭവിക്കുകയും ചെയ്തു. ആത്മാഭിമാനം നിറഞ്ഞുനില്‍ക്കുന്ന വെര്‍ജീനിയയുടെ ഡയറിയെഴുത്തുകള്‍, സാഹിത്യത്തിനുള്ള വിലപ്പെട്ട സംഭാവനയായി പിന്നീട് വിലയിരുത്തപ്പെട്ടു. ഒരു കലാകാരന്, ഏത് മേഖലയിലുള്ളവരായിക്കോട്ടെ, അവരുടെ ആകാംക്ഷയും പ്രതീക്ഷയും അസ്വസ്ഥതകളും ദേഷ്യവും നിരാശയുമെല്ലാം കലര്‍ന്ന വികാരത്തെ പ്രകടിപ്പിക്കാനും ആശ്വസിക്കാനുമുള്ള ഏറ്റവും നല്ല മരുന്നാണ് എന്നും കല. അത് നിറങ്ങളായാലും സംഗീതമായാലും നൃത്തമോ ശില്പമോ, എന്തുമായിക്കൊള്ളട്ടെ, അതങ്ങനെതന്നെയായിരിക്കും.

വെര്‍ജിനിയയുടെ എഴുത്തുകള്‍

പത്തൊന്‍പതാം നൂറ്റാണ്ടിലെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളേയും സ്വവര്‍ഗ്ഗരതിയെക്കുറിച്ച് തുറന്നെഴുതാന്‍ തുടങ്ങുന്ന എഴുത്തുകാരുടെ മനസ്ഥിതിയെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും വ്യക്തമായി രേഖപ്പെടുത്തുന്നതായിരുന്നു വെര്‍ജീനിയയുടെ എഴുത്തുകള്‍. അതുകൊണ്ടുതന്നെ അവരുടെ ഡയറിക്കുറിപ്പുകള്‍, അമ്പരപ്പിക്കുന്ന തരത്തില്‍ മറ്റുള്ള എഴുത്തുകാരുടെ എഴുത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു. സൗഹൃദങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന 'വെര്‍ജീനിയ വൂള്‍ഫ്' ''നമുക്ക് കഴിയാത്ത ജീവിതത്തെ, ജീവിക്കാന്‍ കഴിയുന്നവരായി, ജീവിതത്തില്‍ പൂര്‍ണ്ണത നേടാന്‍ സഹായിക്കുന്നവരായി'' സുഹൃത്തുക്കളെ കണ്ടിരുന്നു. ഗിബ്ബോണ്‍ അത്തരത്തിലുള്ള ഒരാളായിരുന്നു. ആത്മകഥകള്‍ വായിക്കാന്‍ കൂടുതലിഷ്ടപ്പെട്ടിരുന്നതുകൊണ്ട്, സ്ത്രീകളുടെ സത്യസന്ധമായ ആത്മകഥകള്‍ വായിക്കാനായി അവര്‍ കൂടുതല്‍ കാത്തിരുന്നു. പക്ഷേ, വളരെ കുറച്ചു സ്ത്രീകള്‍ മാത്രമെ സത്യസന്ധമായ ആത്മകഥയിലേക്ക് വന്നിട്ടുള്ളൂ, അവരുടെ അഭിപ്രായത്തില്‍. ബോസ്വെല്ലിന്റെ രചനകളെ ഇഷ്ടപ്പെടാന്‍ കാരണം അവരില്‍ കാണപ്പെടുന്ന ധാരാളം സവിശേഷതകളായിരുന്നു. 'ഗ്രേറ്റ് വിമണ്‍ ഓഫ് ദെയര്‍ ടൈം' എന്ന 'എഥേന്‍ സ്മിത്തി'ന്റെ ലേഖനസമാഹാരത്തില്‍ അവര്‍ വെര്‍ജീനിയയെക്കുറിച്ച് ഉജ്ജ്വലമായി പ്രതിപാദിക്കുന്നുണ്ട്. മുഖം മൂടിയണിഞ്ഞുകൊണ്ടൊരാള്‍ അവരുടെ ആത്മകഥയെഴുതാന്‍ തുടങ്ങുമ്പോള്‍, അത് സ്ത്രീയാകുമ്പോള്‍ പ്രത്യേകിച്ച് അവര്‍ ഭയപ്പെടുന്നത്; പരിഹാസം, സ്വയം പ്രകടമാക്കാനുള്ള ഭയം, വായനക്കാര്‍ക്ക് തോന്നുന്ന മടുപ്പ് അതിനുമപ്പുറം ഓര്‍മ്മകള്‍ ഓരോ ആളുടേയും സ്വകാര്യതയല്ലേ എന്ന ചിന്തയൊക്കെയാണെന്ന് വെര്‍ജീനിയയുടെ ആദ്യകാല ഡയറിക്കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

കോണ്‍വാളിലുള്ള സെന്റ് ഈവ്സിലെ ടല്ലാന്റ് ഹൗസിലെ വേനല്‍ക്കാല വസതിയിലായിരുന്നു വെര്‍ജീനിയായുടെ കുട്ടിക്കാലം ചെലവഴിച്ചത്. അവരുടെ ഏറ്റവും പ്രസിദ്ധമായ കൃതി 'ടു ദ ലൈറ്റ് ഹൗസി'ലെ പ്രധാന പ്രതിപാദ്യവും 'ടല്ലാന്റ് ഹൗസില്‍' ചെലവഴിച്ച കുട്ടിക്കാലവും അവിടുന്ന് വിട്ടതിനുശേഷം അവരനുഭവിച്ച അതേക്കുറിച്ചുള്ള ആതുരമായ ഓര്‍മ്മകളുമായിരുന്നു. 1922-ല്‍ എഴുതിയ ജേക്കബ്സ് റൂമിലും 1931-ല്‍ എഴുതിയ ദ വേവ്സിലും ടല്ലാന്റ് ഹൗസ് പലപ്പോഴും കടന്നു വരുന്നുണ്ട്. എന്നാല്‍ അത് പൂര്‍ണ്ണമായും പ്രത്യക്ഷമായ തുറന്നുപറയലായിരുന്നില്ല എന്നും വെര്‍ജീനിയ വെളിപ്പെടുത്തുന്നു. 1881-ല്‍ ലെസ്ലി സ്റ്റീഫന്‍ കടല്‍ക്കരയിലെ ആ വീട് സ്വന്തമാക്കുമ്പോള്‍ അദ്ദേഹത്തിന്റെ മരിച്ചുപോയ ആദ്യ ഭാര്യയിലെ ബുദ്ധിമാന്ദ്യമുള്ള മകള്‍ ല്യൂറ, രണ്ടാമത് വിവാഹം കഴിച്ച ജൂലിയയുടെ ആദ്യ ഭര്‍ത്താവ് ഹെര്‍ബര്‍ട്ട് ഡക്വര്‍ത്തിന്റെ മക്കളായ പതിമൂന്ന് വയസ്സുള്ള ജോര്‍ജ്, പന്ത്രണ്ടു വയസ്സുള്ള സ്റ്റെല്ല, പതിനൊന്ന് വയസ്സുള്ള ജെറാള്‍ഡ് എന്നിവരും ലെസ്ലി സ്റ്റീഫന്റേയും ജൂലിയയുടേയും മക്കളായ വെനേസ, തോബി, വെര്‍ജീനിയ എന്നിവരുമുണ്ടായിരുന്നു. പിന്നീടാണ് ഇവരുടെ കൊച്ചു സഹോദരന്‍ 'അഡ്രിയന്‍' ജനിക്കുന്നത്.

മുതിര്‍ന്നപ്പോള്‍ വെര്‍ജീനിയ അവരുടെ പുസ്തകങ്ങള്‍ക്കൊപ്പം പിതാവ് ലിയോനാഡിന്റെ നൂറുകണക്കിന് പുസ്തകങ്ങളും തങ്ങളുടെ പുസ്തകങ്ങളോടൊപ്പം സൂക്ഷിക്കാനായി കൊണ്ടുപോയി.
പാരമ്പര്യം പ്രധാന ഘടകവും ആകര്‍ഷണവുമായി വെര്‍ജീനിയയുടെ സ്വഭാവത്തിന്റെ പ്രത്യേകതകളായി എന്നും നിലനിന്നിരുന്നു. അവരുടെ എഴുത്തിലും ആ പ്രത്യേകതകള്‍ നിഴലിച്ചു കാണുന്നു. ഒരു ദ്വന്ദ്വ വ്യക്തിത്വത്തിലുണ്ടാകുന്ന ആശയസംഘര്‍ഷങ്ങള്‍ അവരില്‍ എന്നും നിലനിന്നിരുന്നു. തന്നിലുള്ള ജന്മവാസനകള്‍ ഒന്ന്, പതിനായിരക്കണക്കിന് വര്‍ഷങ്ങളായി പൂര്‍വികരില്‍നിന്നും കൈമാറി ലഭിച്ചതും മറ്റൊന്ന്, ജനിച്ചതിനുശേഷം ചുറ്റുപാടുമുള്ള സാമൂഹ്യ അന്തരീക്ഷം നമ്മിലുണ്ടാക്കിയെടുക്കുന്നതുമായ സവിശേഷതകള്‍. അതുകൊണ്ടുതന്നെ, തന്നിലുള്ള ഒരാള്‍ പതിനായിരക്കണക്കിനു മുന്നെ ജനിച്ചവളും മറ്റൊരാള്‍ 1882 ജനുവരി 25-ന് ജനിച്ചവളുമായിത്തീരുന്നു. പൂര്‍വ്വജന്മ വാസനകള്‍ കൊണ്ടുനടക്കുന്ന 'ഒരു അനന്തരാവകാശി'യാണ് താനെന്നതിന് വെര്‍ജീനിയ കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്നുണ്ടായിരുന്നു. ഈ രണ്ട് ദ്വന്ദ്വങ്ങള്‍ തമ്മിലുള്ള ആശയസംഘര്‍ഷം അവരുടെ മനസ്സിന്റെ അന്തര്‍ധാരയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇത് അവരുടെ എഴുത്തിലും പ്രകടമായിരുന്നു. 'സ്‌കെച്ച് ഓഫ് ദ പാസ്റ്റ്' എന്ന കൃതിയില്‍ 'ഹെര്‍ബര്‍ട്ട് ഫിഷറു'ടെ ഓര്‍മ്മക്കുറിപ്പുമായി ബന്ധിപ്പിക്കുന്നത് ഇതിന് ഉദാഹരണമായെടുക്കാം.

മാതൃവിഷാദവും വെര്‍ജിനിയയും

വെര്‍ജീനിയയുടെ പതിമൂന്നാം വയസ്സില്‍ അമ്മ മരിച്ചു എന്നത് അവരുടെ ഡയറിക്കുറിപ്പുകളില്‍ അവരുടെ ചിത്രം തെളിഞ്ഞും മങ്ങിയുമിരിക്കാന്‍ കാരണമായി. അവരുടെ അമ്മ വളരെ ഏകാന്തയും ഒറ്റപ്പെട്ടവളും സുന്ദരിയും എല്ലാവര്‍ക്കും ആശ്വാസം കൊടുത്തുകൊണ്ട് ശുശ്രൂഷാ മനോഭാവത്തോടെ ബന്ധുക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ പെരുമാറിയിരുന്നവളുമായിരുന്നു. അവരുടെ മരിച്ചുപോയ ഭര്‍ത്താവിലുണ്ടായ കുട്ടികളും ലെസ്ലിയിലുണ്ടായ കുട്ടികളും തമ്മില്‍ രണ്ടു കാലഘട്ടത്തിന്റെ വ്യത്യാസവും നിലനിന്നിരുന്നു.

കുട്ടിക്കാലവും പഴയ ജീവിതകാലവും കുടുംബത്തിലെ മുത്തച്ഛന്‍ മുതലുള്ളവരുമായുള്ള ശബ്ദവീചികള്‍ പങ്കുവയ്ക്കപ്പെടാനവസരം കിട്ടിയാല്‍ നമുക്കെന്നും പഴയകാലം മുതല്‍ ജീവിച്ചുകൊണ്ടേയിരിക്കാം എന്ന വ്യത്യസ്തമായ ഒരു ചിന്ത വെര്‍ജീനിയയില്‍ ഉണ്ടായിരുന്നു. ഭൂതകാലത്തേക്ക് തിരിച്ചുവച്ച ഒരു ശബ്ദയന്ത്രം, അവരുടെ 'ദ ഇയേഴ്സ്' എന്ന നോവലിന്റെ രചനയ്ക്കായി ഒരുങ്ങുമ്പോള്‍ അവര്‍ ആഗ്രഹിച്ചിരുന്നു, അവരുടെ മുന്‍ അഭിരുചികളിലേക്കുള്ള അവരുടെ നോട്ടമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ ഇന്നില്‍ ജീവിച്ചുകൊണ്ട് പിന്‍തിരിഞ്ഞ് മനുഷ്യചരിത്രത്തെ നോക്കിക്കാണുകയായിരുന്നു അവര്‍ ചെയ്തത്. ഈ വ്യത്യസ്തതകളായിരുന്നു വെര്‍ജീനിയയെ മറ്റുള്ള എഴുത്തുകാരികളില്‍നിന്നും വ്യത്യസ്തയാക്കിയത്.

വിശ്രമിക്കാനായി മുകളിലത്തെ മുറിയിലേക്ക് പോയ വെര്‍ജീനിയ, ലിയോനാഡ് പോയതിനു ശേഷം മുകളിലത്തെ മുറിയില്‍ കത്തെഴുതിവച്ച്, താഴേക്ക് വന്ന് പുറത്തേക്ക് പോകുന്നത്, വേലക്കാരി കണ്ടതാണെങ്കിലും അത്യാഹിതമെന്തെങ്കിലും സംഭവിക്കുമെന്ന് കരുതിയില്ല. ലിയോനാഡ് തിരിച്ചുവന്ന് മുറിയിലേക്ക് പോയപ്പോള്‍ വെര്‍ജീനിയയുടെ കത്ത് ശ്രദ്ധയില്‍പ്പെടുകയും അവര്‍ക്കെന്തോ സംഭവിച്ചതായി മനസ്സിലാക്കുകയും എല്ലായിടവും പരിഭ്രമത്തോടെ അന്വേഷിക്കുകയും ചെയ്തു. നദീതീരത്ത് കാലടിപ്പാടുകളും നദിയില്‍ പൊങ്ങിയൊഴുകുന്ന വാക്കിംഗ് സ്റ്റിക്കും പൊലീസിലറിയിക്കാന്‍ കാരണമായി. മാര്‍ച്ച് 28-ാം തീയതിയിലെ സംഭവത്തിനുശേഷം മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. പത്രങ്ങളില്‍ പ്രധാന പേജില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷേ, ഏപ്രില്‍ പതിനൊന്നാം തീയതി മാത്രമാണ് ഫര്‍കോട്ടണിഞ്ഞ, ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു വെള്ളത്തില്‍ പൊങ്ങിക്കിടന്നിരുന്നത് എന്ന് ആ യുവാക്കള്‍ തിരിച്ചറിഞ്ഞത്.

അവരുടെ ചിതാഭസ്മം ആ പൂന്തോട്ടത്തിലെ ലിയോനാഡിന്റേയും വെര്‍ജീനിയായുടേയും പേരുചൊല്ലി വിളിച്ച വൃക്ഷച്ചുവട്ടില്‍ മനോഹരമായ വള്ളികളുടേയും പൂക്കളുടേയും അലങ്കാരത്തോടെ വിശ്രമിക്കുന്നു. 'ബിറ്റ്വീന്‍ ദ ആക്ട്സ്', വെര്‍ജീനിയയുടെ മരണത്തിനുശേഷം ലിയോനാഡും ജോണ്‍ ലേമാനും അവരുടെ നല്ല ഓര്‍മ്മ നിലനിര്‍ത്താനും ഒരു കാലഘട്ടത്തിന്റെ ചരിത്രമാക്കി മാറ്റാനും പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചിലപ്പോള്‍ കേള്‍ക്കുന്ന ചില വാക്കുകള്‍ കുട്ടിയായിരുന്ന വെര്‍ജീനിയയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കിയിരുന്നു എന്നുവേണം കരുതാന്‍. വിധവയായിരിക്കുമ്പോള്‍ ഒറ്റപ്പെട്ടുപോയ അമ്മയുടെ ദുഃഖം അവര്‍ പറഞ്ഞപ്പോഴായിരുന്നു അത്. വൈകിമാത്രം സംസാരിച്ച കുട്ടിയായിരുന്നു വെര്‍ജീനിയ. പക്ഷേ, സംസാരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ വ്യക്തമായി നിര്‍ത്താതെ സംസാരിക്കുവാനും കഥകള്‍ പറഞ്ഞിരിക്കുവാനും ഉത്സാഹിക്കുന്ന പെണ്‍കുട്ടിയായി മാറിയിരുന്നു.
വെര്‍ജീനിയ സഹോദരനായ 'തോബി'യെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു. തോബിയുടെ മരണം ഉണ്ടാക്കിയ മുറിപ്പാടുകള്‍ അവരുടെ 'ജേക്കബ്സ് റൂമി'ലും, 'ദ വേവ്സി'ലും, 'സ്‌കെച്ച് ഓഫ് ദ പാസ്റ്റിലും' കഥാപാത്രങ്ങളായി വരുന്നതിലൂടെ കാണാന്‍ പറ്റും.

ഒരാള്‍ എഴുത്തുകാരിയും ഒരാള്‍ ചിത്രകാരിയും. സഹോദരി വെനേസ പേരെടുത്ത ചിത്രകാരിയായിരുന്നു. മൂത്ത സഹോദരി വെനേസയുമായി കരുത്തുറ്റതും ആഴത്തിലുമുള്ള ബന്ധമായിരുന്നു വെര്‍ജീനിയയുടേത്. പരസ്പരവിശ്വാസം, പരസ്പരം നല്‍കുന്ന ഊര്‍ജ്ജ സാന്ത്വന രൂപത്തിലുള്ള ദൃഢബന്ധവും ജീവിതത്തില്‍ വളരെ വലിയ പ്രേരകശക്തിയായി മാറിയിരുന്നു വെര്‍ജീനിയയ്ക്ക് എന്നും. ചിലപ്പോള്‍, അമ്മ നഷ്ടപ്പെട്ടതിനുശേഷം ഏറ്റവും കൂടുതല്‍ വെര്‍ജീനിയയില്‍ സ്വാധീനം ചെലുത്തിയ സ്ത്രീയും വെനേസയായിരുന്നു. നമ്മളുണ്ടാക്കുന്നതാണ് നമ്മുടെ വര്‍ത്തമാനവും ഭാവിയും നമ്മുടെ വിധിയും എന്ന വെനേസയുടെ വാക്കുകള്‍ എങ്ങനെ തന്നെ സ്വാധീനിച്ചു എന്ന് വെര്‍ജീനിയ പിന്നീട് എഴുതിവയ്ക്കുകയുണ്ടായി.

ജൂലിയയുടെ ആദ്യ വിവാഹത്തിലെ മകനായ ജെറാള്‍ഡില്‍ നിന്നുള്ള ലൈംഗികമായ മോശം പെരുമാറ്റരീതി കുട്ടിയായ വെര്‍ജീനിയയില്‍ മാനസികമായ പ്രയാസവും കുറ്റബോധവും ലജ്ജയും കലര്‍ന്ന ആധിയിലേക്കെത്തിച്ചു. പ്രണയമോ ലൈംഗികതയോ തിരിച്ചറിയാന്‍ പാടില്ലാത്ത പ്രായത്തിലാണെങ്കിലും അത് വെറുപ്പും അവജ്ഞയും ഉണ്ടാക്കുന്ന ഒന്നായി മാറുകയും ചിലപ്പോള്‍ പ്രകടമാക്കുന്ന രീതിയില്‍ അവളില്‍ രൂഢമൂലമായി അത് വളര്‍ന്നുവരികയായിരുന്നു. അസുഖം മൂലമുണ്ടായ അമ്മയുടെ മരണവും മാനസികമായി വെര്‍ജീനിയയെ ഏറെ ബാധിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്തു. അത് ജീവിതാവസാനം വരെ നിലനിന്നു. 'ദ ലൈറ്റ് ഹൗസി'ലും 'സ്‌കെച്ച് ഓഫ് ദ പാസ്റ്റി'ലും അമ്മയുടെ മരണത്തെക്കുറിച്ച് വെര്‍ജീനിയ സൂചിപ്പിക്കുന്നു. തണുത്ത ഇരുമ്പുപോലുള്ളവയില്‍ തൊടുമ്പോള്‍ അമ്മയുടെ മരണം ഓര്‍മ്മവരുന്നതായി വെര്‍ജീനിയ പറയുന്നുണ്ട്. അമ്മയുടെ മരണശേഷം സ്റ്റെല്ല വീട്ടുഭരണം ഏറ്റെടുത്തു. ജാക്കുമായുള്ള സ്റ്റെല്ലയുടെ വിവാഹശേഷം മൂന്നുമാസം കഴിഞ്ഞപ്പോള്‍ത്തന്നെ സ്റ്റെല്ല മരണപ്പെട്ടു. സ്റ്റെല്ലയുടെ മരണത്തോടടുത്ത മാസങ്ങളില്‍ വെര്‍ജീനിയ രോഗവും മാനസിക വിഷമങ്ങളും കാരണം സ്റ്റെല്ലയുടെ വീട്ടില്‍ത്തന്നെയായിരുന്നു താമസിച്ചിരുന്നത്. സ്റ്റെല്ല മരിക്കുമ്പോള്‍ വെര്‍ജീനിയയ്ക്ക് പതിനഞ്ച് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഡക്വര്‍ത്ത് സഹോദരന്മാരില്‍നിന്നും മോചനം കിട്ടിയപ്പോഴാണ് വെനേസയ്ക്കും വെര്‍ജീനിയയ്ക്കും തങ്ങള്‍ സ്വതന്ത്ര സ്ത്രീകളാണെന്ന ബോധമുണ്ടായത്.

''അടിമത്തം, അത് മനസ്സായാലും ശരീരമായാലും സാമ്പത്തികമായാലും അത് അടിമത്തം എന്നു മാത്രമല്ല, അത് അപമാനകരം തന്നെയാണ്.'' അച്ഛനോടൊപ്പമായിരുന്നപ്പോഴും അര്‍ദ്ധസഹോദരന്മാരോടൊപ്പമായിരുന്നപ്പോഴും അവര്‍ കറുത്ത ഇടനാഴിയിലെന്നപോലെയായിരുന്നു. അതുകൊണ്ടുതന്നെ എന്നും വിഷാദമുഖച്ഛായയുള്ളതും ആകുലമായ വ്യാകുലമായ ഉള്‍വലിഞ്ഞ രീതിയിലുമാണ് വെര്‍ജീനിയയും വെനേസയും എന്നും കാണപ്പെട്ടത്. പിതാവ് ലെസ്ലി, കൂടുതല്‍ വൃദ്ധനും അസുഖത്തില്‍പ്പെട്ട് തളര്‍ന്നവനുമായിത്തീര്‍ന്നപ്പോള്‍ അര്‍ദ്ധസഹോദരനും ധനം കൈയിലുള്ളവനുമായ ജോര്‍ജ്ജ്, തങ്ങളെ അയാളുടെ അധികാരപരിധിക്കുള്ളിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അത്, വിലകൂടിയ ഉടുപ്പുകള്‍ വാങ്ങിത്തന്നും ആഭരണങ്ങളും സമ്മാനങ്ങള്‍ വാങ്ങിത്തന്നുമായിരുന്നെന്നാലും അത് ഞങ്ങള്‍ സഹോദരിമാര്‍ക്ക് ഏറെ അപമാനകരമായിത്തന്നെ തോന്നി. നിഷ്‌ക്കളങ്കമായ രീതിയിലാണെങ്കിലും ലൈംഗികമായ ആസക്തികൂടി ജോര്‍ജ്ജിന്റെ പെരുമാറ്റത്തില്‍ കൂടിക്കലര്‍ന്നതിനാല്‍ വെര്‍ജീനിയയുടെ പിന്നീടുള്ള സ്വപ്നങ്ങള്‍ ഭീകരാവസ്ഥയിലേക്ക് നീങ്ങാന്‍, ജോര്‍ജ്ജിന്റെ പെരുമാറ്റരീതികളും കാരണമായിത്തീര്‍ന്നു. '22 ഹെഡ് പോങ്ക് ഗേറ്റ്' എന്ന കൃതിയില്‍, ജോര്‍ജ്ജില്‍നിന്നും തനിക്കേല്‍ക്കേണ്ടിവന്ന ലൈംഗികമായ പ്രശ്‌നങ്ങളുടെ സൂചനകള്‍ ഉണ്ടായിരുന്നു.

വെര്‍ജീനിയയുടെ സൗഹൃദങ്ങളില്‍ ഏറെ പ്രത്യേകത കാണാം. സഹോദരി, വെനേസയുമായി ഏറ്റവും സൗഹൃദം വച്ചു പുലര്‍ത്തിയത്, ചിലപ്പോള്‍ സ്വാര്‍ത്ഥതപരമായി നീങ്ങുന്നതു കാണാം. മറ്റു സൗഹൃദങ്ങളിലെ പ്രത്യേകതകള്‍ വിചിത്രമായി തോന്നാം. സ്ത്രീകളുമായി സൗഹൃദങ്ങള്‍ ഏറെയും അസാധാരണത്വമുള്ളവരും അവരെ അപേക്ഷിച്ച് പ്രായം കൂടിയവരെയുമായിരുന്നു അവര്‍ തെരഞ്ഞെടുത്തത്. ജാനറ്റ് കേസ്, വയലറ്റ് ഡിക്കിന്‍സണ്‍, കിറ്റി മാക്സെ, നെല്ലിസിസില്‍, മാജ് വോഗന്‍, എമ്മ വോഗന്‍ തുടങ്ങിയവര്‍. ഇവരില്‍ പലരും മറ്റുള്ളവരുമായി സ്വവര്‍ഗ്ഗരതി ആസ്വദിച്ചിരുന്നവരും സുന്ദരികളും നല്ല വിശകലന ബുദ്ധിയുള്ളവരും രഹസ്യമായി കരുതുന്ന കാര്യങ്ങള്‍ തുറന്നു പറഞ്ഞ് പൊട്ടിച്ചിരിക്കുന്നവരും ലൈംഗികതയില്‍ നിന്നു വിട്ടുനിന്ന, എന്നാല്‍ ലൈംഗികാര്‍ഷണമുള്ളവരുമായിരുന്നു. ചിലപ്പോള്‍ പുരുഷന്മാരോടാരോടും പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഇത്തരം സ്ത്രീ സുഹൃത്തുക്കളോട് പറയാന്‍ കഴിയുമെന്നത്, വെര്‍ജീനിയയ്ക്ക് ഏറെ ആശ്വാസം പകര്‍ന്നു. ഇവരില്‍ത്തന്നെ എമ്മ വോഗനോട് അവര്‍ക്ക് കൂടുതല്‍ പ്രിയമുള്ള സൗഹൃദം നിലനിന്നിരുന്നു.

സുഹൃത്തുക്കളില്‍ ആദ്യകാലത്ത് ലേഡി എലേനര്‍, വയലറ്റ് ഡിക്കിന്‍സണ്‍ എന്നിവര്‍ വെര്‍ജീനിയയെ ഏറെ സ്വാധീനിച്ചവരായിരുന്നു. പിതാവിന്റെ മരണശേഷവും സില്‍വിയയെ എഴുത്തു തുടരുവാന്‍ നിര്‍ബന്ധിച്ചും ദീര്‍ഘയാത്രകളില്‍ ഒരുമിച്ചുണ്ടായിരുന്നതും വയലറ്റ് ആയിരുന്നു. പിതാവിന്റെ മരണശേഷം വയലറ്റിനെഴുതിയ കത്തുകളില്‍ അദ്ദേഹത്തിനുവേണ്ടി ഒന്നും ചെയ്തില്ല എന്ന് പശ്ചാത്തപിക്കുകയും എഴുത്ത് നിര്‍ത്തുന്നതിനോളം മാനസികമായ തകര്‍ച്ചയിലേക്ക് അതെത്തിക്കുകയും ചെയ്തു.
അസാധാരണ പ്രതിഭാശാലിയും കഠിനാദ്ധ്വാനം ചെയ്യുന്നവളും ധൈര്യശാലിയും വിവേകിയുമായിരുന്നു വെര്‍ജീനിയ. യുക്തിചിന്തയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവളുമായിരുന്നു. മാനസികമായ പിരിമുറുക്കങ്ങളും രോഗങ്ങളും പിടിമുറുക്കിയപ്പോള്‍പ്പോലും അവര്‍ ഏറെ സമചിത്തതയോടെ പെരുമാറിയിരുന്നു.

ഏകദേശം പതിമൂന്നാം വയസ്സില്‍ അമ്മയുടെ മരണത്തിനുശേഷമുള്ള കാലത്തിനും മുപ്പത്തിമൂന്നു വയസ്സാവുന്നതുവരെയുള്ള കാലത്തിനുമിടയിലായിരുന്നു സില്‍വിയയില്‍ കടുത്ത മാനസികപ്രശ്‌നം രോഗാവസ്ഥയിലേക്കു മാറിയതും ആത്മഹത്യാശ്രമങ്ങള്‍ ഉണ്ടായതും. ഈ കാലഘട്ടത്തിനിടയില്‍ ഏകദേശം അഞ്ചു പ്രാവശ്യത്തോളം അവര്‍ ആത്മഹത്യയ്ക്കു ശ്രമിക്കുകയുണ്ടായി. ബൈപ്പോളാര്‍ ഡിസീസിന്റെ എല്ലാത്തരം ലക്ഷണങ്ങളും അവരില്‍ തെളിഞ്ഞുകാണാനുണ്ടായിരുന്നു ആ കാലങ്ങളില്‍. കടുത്ത വിഷാദം, ഹൃദയമിടിപ്പിന്റെ കൂടിയ വേഗത, അരുചി, ആകുലത, തളര്‍ച്ച എന്നിവയില്‍ കൂടി കടന്നുപോകുന്ന മാനസികാവസ്ഥ നല്‍കുന്ന വാക്കുകളായിരുന്നു അവരുടെ എഴുത്തിലും പ്രതിഫലിച്ചത്. ലിയോനാഡിന്റെ സൂക്ഷ്മവും ശ്രദ്ധയോടെയുള്ള നിരീക്ഷണവും അവരുടെ ആരോഗ്യകാര്യങ്ങളിലുള്ള ശ്രദ്ധയുമാണ് യഥാര്‍ത്ഥത്തില്‍ വെര്‍ജീനിയയുടെ തുടര്‍ന്നങ്ങോട്ടുള്ള ജീവിതത്തിലെ സുരക്ഷയായി മാറുന്നത്. ലിയോനാഡിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കില്‍ തീര്‍ച്ചയായും വെര്‍ജീനിയ സാഹിത്യലോകത്തുനിന്ന് നേരത്തെ അപ്രത്യക്ഷമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 1913-ലും 1915-ലും വെര്‍ജീനിയ ആത്മഹത്യാശ്രമങ്ങള്‍ നടത്തിയിരുന്നു. ആദ്യത്തേത് അമിതമായി മരുന്നുകഴിച്ചുകൊണ്ടായിരുന്നു. 1915-ല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ കൂടുതലാവുന്നതിനു മുന്‍പെ ചികിത്സയും പരിചരണവും ലഭിച്ചതും ലിയോനാഡിന്റേയും വെനേസയുടെ സാമീപ്യവും മാനസികാരോഗ്യം പൂര്‍വ്വസ്ഥിതിയിലെത്താന്‍ കാരണമായി. നിര്‍ത്താതെ പരസ്പരവിരുദ്ധമായി, സംസാരിച്ചുകൊണ്ടിരിക്കുക, മരിച്ചുപോയവര്‍ അടുത്തുതന്നെയുണ്ടെന്നുള്ള സങ്കല്‍പ്പത്തില്‍ അവരോട് സംസാരിച്ചുകൊണ്ടിരിക്കുക, ഇഷ്ടമില്ലാത്തവരോട് പരുഷമായി സംസാരിക്കുക, അബോധാവസ്ഥയിലേക്ക് വീഴുക തുടങ്ങിയ അവസ്ഥയിലൂടെ വെര്‍ജീനിയ കടന്നുപോയ്ക്കൊണ്ടിരുന്നു.

തികഞ്ഞ ആത്മവിശ്വാസത്തോടെ ചെയ്യുന്ന ജോലിയില്‍ മുഴുകുക വെര്‍ജീനിയയുടെ സ്വഭാവമായിരുന്നു. എപ്പോഴും അവള്‍ കഠിനാദ്ധ്വാനം ചെയ്തു.
സഹോദരന്‍ തോബിയുടെ മരണമായിരുന്നു വെര്‍ജീനിയയ്ക്ക് മറ്റൊരാഘാതമായിത്തീര്‍ന്നത്. വീണ്ടും വിരക്തിയിലേക്കും മാനസികാസ്വസ്ഥതയിലേക്കും കടന്നു വെര്‍ജീനിയയുടെ എഴുത്തില്‍ അതിന്റെ പ്രതിസ്ഫുരണങ്ങള്‍ നന്നായി കണ്ടിരുന്നു. അവര്‍ ആ കാലഘട്ടത്തില്‍ എഴുതിക്കൊണ്ടിരുന്നു. 1906 നവംബറില്‍ ലെസ്ലിയുടെ മരണത്തിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് തോബി ടൈഫോയിഡും തുടര്‍ന്നുള്ള ഓപ്പറേഷനും കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരാനാകാതെ മരണത്തിലേക്ക് പോയത്. ലിട്ടോണ്‍ ലിയോനാഡ്, സാക്സണ്‍, ക്ലൈവ് എന്നീ സുഹൃത്തുക്കള്‍ ആശ്വസിപ്പിക്കാനെത്തി.

ക്ലൈവുമായുള്ള വെനേസയുടെ വിവാഹം വെര്‍ജീനിയയെ ഏറെ വിഷാദവതിയാക്കി. വെനേസ തന്റെ മാത്രം എന്നതില്‍നിന്ന് മാറി മറ്റാരുടേയോ സ്വന്തമാകുക, ജീനിയയില്‍ സ്വാര്‍ത്ഥപരമായ നിരാശയും വേദനയും അസൂയയും കലര്‍ന്ന മനോഭാവത്തിലേക്കെത്തിച്ചു. ശരിക്കും വെര്‍ജീനിയ, വെനേസ എന്നും തന്റെ കൂടെയുണ്ടാവണമെന്ന് അതിയായി ആഗ്രഹിച്ചു. അമ്മയുടെ നഷ്ടമുണ്ടാക്കിയ സ്ഥാനം നികത്തിയത് വെര്‍ജീനിയയ്ക്ക് വെനേസയുടെ സാമീപ്യമായിരുന്നു. അവര്‍ വീണ്ടും ഒറ്റപ്പെടലിന്റെ അഗാധതയിലേക്ക് വീണു. തന്റെ സ്ഥാനം ഈ ലോകത്തില്‍ എവിടെയാണെന്നതിനെക്കുറിച്ച് അവര്‍ ആശങ്കപ്പെട്ടുതുടങ്ങി.

വെര്‍ജീനിയ, തന്നോട് താല്പര്യമുണ്ടായിരുന്ന വ്യക്തികളെയൊന്നും ഇഷ്ടപ്പെടാന്‍ തയ്യാറായില്ല. എഡ്വേഡ് ഹില്‍ട്ടണ്‍ യംഗ്, ഹെഡ്ലിമാന്‍, വാള്‍ട്ടര്‍ ലാംബ് എന്നിവരോട് പ്രണയമാര്‍ന്ന മനസ്സോടെ സമീപിക്കാന്‍ വെര്‍ജീനിയയ്ക്ക് കഴിഞ്ഞില്ല. ഡിസ്നി വാട്ടര്‍ ലോ, ജാക് ഹില്‍സ് എന്നിവരോട് മാനസികാഭിമുഖ്യം തോന്നിയിരുന്നെങ്കിലും വെനേസയുടെ ഭര്‍ത്താവ് ക്ലൈവിനോടും സ്റ്റെറ്റയുടെ ഭര്‍ത്താവായിരുന്ന ജാക്ഹില്‍സിനോടും കൂടുതല്‍ സൗഹൃദത്തോടെയും താല്പര്യത്തോടെ പെരുമാറാന്‍ കഴിഞ്ഞത് അവരുടെ സാഹിത്യാഭിരുചികൊണ്ടുകൂടിയാവാം. പക്ഷേ, അതും ഭാഗികമായിരുന്നു എന്ന് പിന്നീട് വിലയിരുത്തപ്പെടുകയുണ്ടായി. ലിട്ടോണ്‍ സ്ട്രെച്ചിയുമായി കൂടുതല്‍ അടുത്തുവെങ്കിലും അത് വിവാഹത്തിലേക്കെത്താന്‍ മാത്രം സ്വതന്ത്രമായിരുന്നില്ല. താന്‍ വിവാഹം കഴിക്കുന്ന വ്യക്തിയുടെ നിയന്ത്രണങ്ങളില്‍ ഒതുങ്ങാന്‍ കഴിയാത്ത ഒരാളായിരുന്നു വെര്‍ജീനിയ.
'ദ വില്ലേജ് ഇന്‍ ദ ജംഗിള്‍', 'സ്റ്റോറീസ് ഫ്രം ദ ഈസ്റ്റ്' എന്നീ നോവലുകളുടെ കര്‍ത്താവായ ലിയോനാഡ് വൂള്‍ഫ് സിലോണില്‍ കോളനിവാഴ്ചയുടെ ഭാഗമായി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായി തിരിച്ചുവന്ന ആളായിരുന്നു. അമിതമായി ജോലിയെ സ്‌നേഹിച്ചിരുന്ന ഹൃദയാലുവും ബുദ്ധിമാനുമായ ഒരാള്‍.

1912 ആഗസ്റ്റിലായിരുന്നു ലിയാനോഡിന്റേയും വെര്‍ജീനിയയുടേയും വിവാഹം നടന്നത്. ഏറെ കഴിയും മുന്‍പെ വെര്‍ജീനിയ രോഗാവസ്ഥയിലേക്കെത്തുകയും രണ്ടുമൂന്നു വര്‍ഷത്തോളം രോഗം കൊണ്ട് ബുദ്ധിമുട്ടുകയും ചെയ്തു. പലപ്പോഴും പറയുന്നതുപോലെ വെര്‍ജീനിയ വീണ്ടും പറയുന്നു. മരണത്തിന്റെ ആഴങ്ങളില്‍നിന്നും പിടിച്ചുയര്‍ത്തിയ നന്മയുടെ കരങ്ങളായിരുന്നു ലിയോനാഡ്. ലിയോനാഡിന് മുപ്പത്തി ഒന്നും സില്‍വിയയ്ക്ക് മുപ്പതും പ്രായമായിരുന്നു വിവാഹസമയത്ത്. 1912-നു ശേഷമാണ് വെര്‍ജീനിയ പ്രതിഫലത്തുക കൂടുതല്‍ വാങ്ങുന്ന എഴുത്തുകാരിയായി മാറിയത്. 'ദ വോയേജ് ഔട്ട്' എന്ന നോവല്‍ എഴുതിത്തീര്‍ക്കുമ്പോഴേക്കും അവര്‍ മരണം മുറിച്ചു കടന്നുവന്ന വളെപ്പോലെ അവശയായിരുന്നു. അറുപതു ദിവസംകൊണ്ട് മാറ്റിയെഴുത്തിന്റെ അറുനൂറ് പേജുകളോളം അവര്‍ അപ്പോഴേക്കും ടൈപ്പ് ചെയ്ത് കഴിഞ്ഞിരുന്നു.
1913 സപ്തംബര്‍ പതിമൂന്നിലെ രാത്രി, അവര്‍ ഉറക്കഗുളിക അമിതമായി കഴിച്ച് മരണവുമായി വര്‍ത്തമാനത്തിലേര്‍പ്പെടുന്ന അവസ്ഥയില്‍ ഭൂമിവിട്ടകലുന്ന പ്രതീതിയോളമെത്തിയിരുന്നു. അവര്‍ നൂറോളം ഉറക്കഗുളികകള്‍ കഴിച്ചിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
തീവ്രപരിചരണത്തിലൂടെയും സ്‌നേഹജനങ്ങളുടെ ജാഗ്രത്തായ പരിഭ്രമങ്ങള്‍ക്കുമൊടുവില്‍ അവര്‍, മരണലോകത്തില്‍നിന്നും തിരിച്ചെത്തിയതുപോലെ, പതിയെ തിരിച്ച് ഭൂമിയിലേക്കിറങ്ങിവന്നു. അസ്വസ്ഥമായ ദിവസങ്ങള്‍.

'ദ വോയേജ് ഔട്ട്' പ്രസിദ്ധീകരിച്ചതിനുശേഷം വര്‍ഷം മുഴുവന്‍ അവര്‍, മതിഭ്രമത്തിന്റെ പിടിയിലമര്‍ന്നു. അവരുടെ ലൈംഗികമായ പരാജയത്തിന്റെ കൂടി അപരാധം അവരിലേക്ക് സ്വയം കൂട്ടിച്ചേര്‍ത്തുവച്ചതും കാരണമായിരുന്നിരിക്കാം. ലിയോനാഡിനോട് മാത്രമെ, ജീനിയ ശാരീരികബന്ധം പുലര്‍ത്തിയിരുന്നുള്ളുവെങ്കിലും അത് പരാജയമായിരുന്നുവെന്ന് വിറ്റ-സാക്വില്ലി-വെസ്റ്റ് അഭിപ്രായപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലിയോനാഡ് തന്റെ ലൈംഗികമായ ആസക്തികളെ തന്റെ നിയന്ത്രണത്തിലാക്കി, മുന്നോട്ട് പോയതായി പറയുന്നു. തന്റെ ബാല്യകാലത്തെ, അനുഭവത്തിന്റെ മുറിവ്, വളരെ പേടിപ്പെടുത്തുന്ന ഒന്നായി വെര്‍ജീനിയയില്‍ നിലനിന്നിരുന്നതുകൊണ്ട് ശാരീരികബന്ധത്തിന് ലിയോനാഡ് തുനിയുമ്പോഴൊക്കെ, അവര്‍ അക്രമസ്വഭാവം കാണിക്കുന്ന രീതിയിലേക്ക് മാറിപ്പോയിരുന്നു. പ്രതിഭാശാലിയായ വെര്‍ജീനിയയെ ലിയോനാഡ് ഏറെ ബഹുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ലിയോനാഡ്, അവരെ മുറിപ്പെടുത്താനാഗ്രഹിച്ചില്ല. മറ്റു സ്ത്രീകളുമായി ബന്ധപ്പെടുന്നതിന് സ്വയം വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഒന്നുമാത്രം അവര്‍, ജീനിയയോടാവശ്യപ്പെട്ടു. മറ്റു പുരുഷന്മാരുമായുള്ള ശാരീരികബന്ധം നിയന്ത്രിക്കണമെന്നുമാത്രം. തീര്‍ത്തും പ്രസന്നമല്ലാത്ത ഒരു ദാമ്പത്യത്തില്‍, അവര്‍ പരസ്പരം കുട്ടികളായി, കുട്ടികളില്ലെന്ന പരിമിതികളെ അവര്‍ മറികടക്കാന്‍ ശ്രമിച്ചു. ഒരുപക്ഷേ, കുട്ടികളുണ്ടായിരുന്നെങ്കില്‍ പങ്കുവയ്ക്കപ്പെടുമായിരുന്ന സ്‌നേഹത്തിന്റെ ഒഴുക്ക് അവര്‍ തന്റെ എഴുത്തുപേനയിലൂടെ അത്രമേല്‍ ഒഴുക്കിവിടില്ലായിരുന്നു. അതേസമയം, അവര്‍ കുട്ടികള്‍ക്കായി അതിയായി ആഗ്രഹിക്കുകയുമായിരുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായത്തെ മുന്‍നിര്‍ത്തി ലിയോനാഡ് സംയമനം പാലിച്ചതുകൊണ്ടായിരുന്നു തങ്ങള്‍ക്ക് കുട്ടികളെ ലഭിക്കാതിരുന്നതെന്നോര്‍ക്കാതെ, ലിയോനാഡിനെ ജീനിയ കുറ്റപ്പെടുത്താനും ശ്രമിച്ചിരുന്നു. കാരണം കുട്ടികളില്ലായ്മ എന്നത് അവരെ വളരെയധികം ചിലപ്പോള്‍ നിരാശയിലേക്കാഴ്ത്തിയിരുന്നു.

വെറുമൊരു സാധാരണ കുടുംബിനിയായ സ്ത്രീ ഭര്‍ത്താവിനെ പരിചരിച്ച് കഴിയുമ്പോലെ കഴിയുവാന്‍ വെര്‍ജീനിയ തീര്‍ത്തും ഇഷ്ടപ്പെട്ടില്ല, എന്നാല്‍ അദ്ദേഹത്തിന്റെ അഭിരുചികളെ വിലയിരുത്താന്‍ ഇഷ്ടപ്പെട്ടിരുന്നു. ഒരു രക്ഷാകര്‍ത്താവ് എന്ന നിലയില്‍ വെര്‍ജീനിയയ്ക്കുവേണ്ടി തീരുമാനങ്ങളെടുക്കുക, അവരുടെ ഇഷ്ടാനിഷ്ടങ്ങളെ ക്രമപ്പെടുത്തുക എന്നതുപോലും ലിയോനാഡ് ചെയ്തിരുന്നു എന്നത് പലപ്പോഴും വെര്‍ജീനിയ ചെറിയ തോതില്‍ അസ്വസ്ഥപ്പെട്ടിരുന്നു. എങ്കിലും അവര്‍ക്ക് സ്വയമായി തന്നെ രൂപപ്പെടുത്താന്‍ കഴിയാത്ത രീതിയില്‍ മനസ്സ് മതിവിഭ്രമങ്ങളില്‍പ്പെട്ടതുകൊണ്ട് ലിയോനാഡിലെ സുരക്ഷിതത്വം അവര്‍ ഇഷ്ടപ്പെട്ടു.

1922-ലെഴുതിയ 'ജേക്കബ്സ് റൂം' ഒന്നാം ലോകമഹായുദ്ധത്തിന്റെ ശരിയായ പ്രതിഫലനങ്ങളാണ്. മരണത്തോടുള്ള തീവ്രാനുരാഗവും അതോടൊപ്പം സമാന്തരമായി മനസ്സിലൂടെ കടന്നുപോകുന്ന ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളായ യുദ്ധത്തിന്റെ ഭീകരാവസ്ഥയും ഈ കൃതിയില്‍ പ്രതിപാദ്യവിഷയങ്ങളാവുന്നു. ട്രാജഡിയെ ആഖ്യാനിക്കുന്ന കൃതി, സ്വാഭാവികമായും യുദ്ധത്തിന്റെ ബാക്കിപത്രങ്ങളാവുന്നവരെക്കുറിച്ചും പിടിച്ചടക്കുന്നവരുടെ ആര്‍ത്തിയെക്കുറിച്ചും നിഷ്‌ക്കളങ്കമായി ജീവിച്ചുപോകുന്ന സാധാരണ ജനങ്ങള്‍ ഇരകളായി മാറുന്നതിനെക്കുറിച്ചൊക്കെയായിരുന്നു അത്. 1931-ല്‍ പ്രസിദ്ധീകരിച്ച 'ദ വേവ്സി'ലും യുദ്ധപ്രതിഫലനങ്ങള്‍ തന്നെയാണ് കാണുന്നത്.

എഴുത്തിലെ സ്ത്രീവിമോചനം

ദ ഇയേഴ്സ്, ബിറ്റ്വീന്‍ ദ് ആക്ട്സ്, ത്രീ ജീനിയസ്, റോജര്‍ ഫ്രൈ എന്നിവയിലും യുദ്ധപ്രതിഫലനങ്ങളുണ്ടാവുന്നു. യുദ്ധത്തിനെതിരായ കലയിലും സാഹിത്യത്തിലുമേര്‍പ്പെട്ടവര്‍ പ്രതികരിക്കേണ്ടതിനെക്കുറിച്ച് അവര്‍ ശക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇതൊക്കെക്കൊണ്ട് തന്നെ, ഈ കാലഘട്ടത്തിലെഴുതിയ വെര്‍ജീനിയന്‍ കൃതികള്‍, ഒരു രാജ്യത്തിന്റെ ചരിത്രത്തെളിവുകള്‍ ലഭിക്കുന്ന കൃതികൂടിയായി മാറുന്നുണ്ട്.
ഏകദേശം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗരതിയും ബൈസെക്ഷ്വല്‍ പ്രണയവും നിലനിന്നിരുന്നതായി സില്‍വിയയുടെ ഡയറിക്കുറിപ്പുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ചിലപ്പോള്‍ കുടുംബത്തില്‍ത്തന്നെ ത്രികോണജീവിതങ്ങള്‍ നിലനില്‍ക്കുന്നതായും സുഖകരമല്ലാതേയും സമരസപ്പെട്ടും അത് തുടര്‍ന്നുപോന്നതായും അവര്‍ രേഖപ്പെടുത്തുന്നു.
യുദ്ധരഹിതമായ ഒരു ലോകം ആഗ്രഹിക്കുന്നവരായതുകൊണ്ട് നിര്‍ബ്ബന്ധിത സൈനിക സേവനത്തില്‍നിന്നും ഒഴിവായിക്കിട്ടാനായി വെര്‍ജീനിയയുടെ രോഗാവസ്ഥയും ലിയോനാഡിന്റെ കൈവിറയല്‍കൊണ്ടുള്ള വിഷമവും കാണിച്ച് ഡോക്ടര്‍മാരില്‍നിന്നും പ്രത്യേകം സാക്ഷ്യപ്പെടുത്തലുകള്‍ വാങ്ങേണ്ടതായി വന്നു. 'വിമന്‍സ് കോ - ഓപ്പറേറ്റീവ് ഗില്‍ഡി'ലെ അംഗങ്ങള്‍ ചേര്‍ന്ന് എഴുതി മാര്‍ഗരറ്റ് ഡേവീസ് പുറത്തിറക്കിയ 'ലൈഫ് ആസ് വീ ഹാവ് നോണ്‍ ഇറ്റ്' എന്ന കൃതിയുടെ ആമുഖമായി വെര്‍ജീനിയയുടെ അഭിപ്രായം സ്ത്രീകള്‍ക്ക് നേരത്തെതന്നെ സമ്മതിദാനാവകാശം ലഭിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ യുദ്ധം തന്നെയുണ്ടാവുമെന്നു തോന്നുന്നില്ല എന്നാണ്. സ്ത്രീകള്‍ സമാധാനം ആഗ്രഹിക്കുന്നവരും തങ്ങളുടെ പ്രിയജനങ്ങളെ വെടിവെപ്പുകളില്‍ ചിന്നിച്ചിതറാന്‍ അയയ്ക്കുന്നതിനെ തീര്‍ച്ചയായും എതിര്‍ക്കുന്നവരുമാണെന്ന്.
പലപ്പോഴും മാനസികമായ തകരാറുകള്‍ കാണിക്കുന്ന, പ്രത്യേകിച്ച് കലാഭിമുഖ്യമുള്ളവര്‍ക്ക് അവര്‍ക്ക് താല്പര്യമുള്ള തൊഴിലില്‍ മുഴുകുക എന്നതാണ് ഏറ്റവും നല്ല ചികിത്സാരീതി എന്ന് തോന്നിപ്പോകും. പല അന്വേഷണങ്ങള്‍ക്കൊടുവില്‍ റിച്ച്മണ്ടിലെ 'ഹോഗാര്‍ത്ത്' പ്രസ്സ് പിറവിയെടുത്ത് ആദ്യ പ്രസിദ്ധീകരണമായി. ലിയോനാഡിന്റെ 'ത്രീ ജൂസ്', വെര്‍ജീനിയയുടെ 'ദ മാര്‍ക്ക് ഓണ്‍ ദ വാള്‍' എന്നിവയടങ്ങിയ 'ടു സ്റ്റോറീസ്' പുറത്തിറക്കി. അന്ന് അമേരിക്കയില്‍ എഴുതിത്തുടങ്ങിയ പ്രശസ്തനായ യുവകവി ടി.എസ്. എലിയട്ടിന്റെ പുതിയ കവിതകളടക്കം ന്യൂഗാര്‍ഡന്‍സ്, മിഡില്‍റ്റണ്‍ മുറെയുടെ 'ദ ക്രിട്ടിക് ഇന്‍ ജഡ്ജ്മെന്റ്' എന്നീ കൃതികളും ഒപ്പം പ്രസിദ്ധീകരിക്കപ്പെട്ടു. സാമുവല്‍ ബട്ലറെപ്പോലെ, വളരെ പ്രസിദ്ധനാവാന്‍ സാദ്ധ്യതയുണ്ടായിട്ടും നോവല്‍ സങ്കേതത്തെ ഗൗരവത്തിലെടുക്കാത്തതുകൊണ്ട് വിചാരിച്ച രീതിയില്‍ വിജയിച്ചില്ലെന്ന തോന്നല്‍ വെര്‍ജീനിയയില്‍ വന്നുപെട്ടു. താനും പരാജയപ്പെടുന്ന ഒരു നോവലിസ്റ്റാവുമോ എന്ന ഭയം. എന്നാല്‍ വെര്‍ജീനിയ വളരെ കഠിനാദ്ധ്വാനം ചെയ്യുന്നവളും എഴുത്തിനെ അതീവ ഗൗരവത്തോടെ കാണുന്നവളുമായിരുന്നു. എന്നാല്‍ 1921-ല്‍ 'മണ്‍ഡെ ഓര്‍ ട്യൂസ്ഡെ', 'ദ മാര്‍ക്ക് ആസ് ദ വാള്‍' എന്നിവയൊക്കെ പുതിയ പതിപ്പുകളായി ഇറക്കിയപ്പോഴും സാഹിത്യലോകം അതിന് വളരെയേറെ പ്രാധാന്യം നല്‍കി. വെനേസ പ്രശസ്തയായ ചിത്രകാരി എന്ന നിലയില്‍, അവരുടെ തകരാറിലായ കുടുംബജീവിതത്തിന് ആശ്വാസമേകുന്നതായി മാറി.
വെര്‍ജീനിയയുമായി ഏറെ സാമ്യം പുലര്‍ത്തിയിരുന്ന കാതറീന്‍ മാന്‍ഷീല്‍ഡ്, വെര്‍ജീനിയന്‍ കൃതികളെ വിമര്‍ശനരീതിയില്‍ എഴുതിയിരുന്നു. എന്നാല്‍, പലരീതിയിലും സ്വഭാവത്തില്‍ വിരുദ്ധമായ വ്യത്യസ്തതകളും നിലനിന്നിരുന്നു. വിരുദ്ധസ്വഭാവങ്ങള്‍ക്കിടയിലും അവരില്‍ നിലനിന്നിരുന്ന ആത്മബന്ധം അസൂയാവഹമായിരുന്നു. അതിനിടയില്‍ അവര്‍ക്ക് എഴുത്തില്‍ തുടരാന്‍ കഴിഞ്ഞില്ല. രോഗം പിടിപെട്ട്, വളരെ ചെറിയ പ്രായത്തില്‍ മുപ്പത്തിനാലാം വയസ്സില്‍ കാതറീന്‍ മരണപ്പെട്ടപ്പോള്‍, അവസാന നാളുകളില്‍ കാതറീന് എഴുതാതിരുന്നതിലും അവരെ കാണാന്‍ പോകാതിരുന്നതിലും ഏറെ ദുഃഖിച്ച് തന്റെ എഴുത്ത് നിര്‍ത്തുകയാണെന്നുവരെ വെര്‍ജീനിയ ഭയപ്പെട്ടു.

പുരുഷാധിപത്യത്തിനെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍

വായന പ്രാണനെപ്പോലെ ഒപ്പം കൊണ്ടുനടക്കുകയും അതിലെ കഥാപാത്രങ്ങളെ ജീവനുള്ളവയെപ്പോലെ കാണുകയും അക്ഷരങ്ങള്‍ തിരിച്ച് നമ്മെ വായിക്കുകയും നമ്മളെ മാറ്റുകയും ചെയ്യുന്നുവെന്ന് വെര്‍ജീനിയ വിശ്വസിച്ചു. വായിക്കുക, പ്രസിദ്ധരായ ആളുകളുടെ കൃതികള്‍ വീണ്ടും വായിക്കുക, അത് കുറിച്ചുവയ്ക്കുക, സുഹൃത്തുക്കളെപ്പോലെ കരുതി പുസ്തകങ്ങളെ ആസ്വദിക്കുക. ഇത് അവരുടെ സ്വഭാവത്തിന്റെ സവിശേഷതകളായിരുന്നു. 1910 മുതല്‍ ഏകദേശം 1920 വരെയുള്ള കാലത്ത് ബ്രിട്ടീഷ് സാഹിത്യം, വനിതാ എഴുത്തുകാരെയോ കലാകാരന്മാരെയോ വിമര്‍ശകരെയോ പരിഗണിക്കാത്ത ഒരു കാലമായിരുന്നു. എന്നാല്‍ വെര്‍ജീനിയ നോവലിസ്റ്റ്, ജീവചരിത്രകാരി, വിമര്‍ശക എന്ന രീതിയിലൊക്കെ വിജയിക്കുകയും മറ്റു സ്ത്രീകളെ കൂടുതല്‍ എഴുത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വളരെ വ്യത്യസ്തമായ 'ഓര്‍ലാന്‍ഡ'യുടെ രചനയിലൂടെ കടന്നുപോകുമ്പോള്‍ വിറ്റ സാക്വില്ലിയുമായി നല്ല സൗഹൃദത്തിലായിരുന്നു വെര്‍ജീനിയ. വിറ്റയില്‍നിന്ന് വെര്‍ജീനിയയെക്കുറിച്ചറിഞ്ഞ് 'എ റൂം ഓഫ് വണ്‍സ് ഓണ്‍' എന്ന വെര്‍ജീനിയയുടെ കൃതി വായിച്ചതിനുശേഷമാണ് 'എഥേല്‍ സ്മിത്ത്' വെര്‍ജീനിയയെ പരിചയപ്പെടാനായി വന്നത്. അവര്‍ ബി.ബി.സിയിലെ 'പോയ്ന്റ് ഓഫ് വ്യൂവി'ല്‍ പങ്കെടുക്കാന്‍ വെര്‍ജീനിയയെ വിളിക്കുകയും ചെയ്തു. 'എ റൂം ഓഫ് വണ്‍സ് ഓണ്‍' സ്വതന്ത്രയായിരിക്കാന്‍ ഇഷ്ടപ്പെടുന്ന പൂര്‍ണ്ണമായും സ്വതന്ത്രയായ ഒരു സ്ത്രീയെ ആഗ്രഹിക്കുന്ന മനസ്സിനെ പറയുന്നു.

പ്രിയസുഹൃത്തായ ലിട്ടോണിന്റെ മരണം വെര്‍ജീനിയയ്ക്കും ലിയോനാഡിനും താങ്ങാവുന്നതിലധികമായി. പിന്നാലെ ഏതാനും നാള്‍ കഴിഞ്ഞ് ലിട്ടോണിന്റെ ഭാര്യ കാരിങ്ങ്ടണ്‍ ദുഃഖം താങ്ങാനാവാതെ സ്വയം വെടിവെച്ചു മരിച്ചു.
'പോയിന്‍സ് ഹാള്‍' എന്ന കൃതി 'ബിറ്റ്വീന്‍ ദ ആക്ട്' എന്ന് മാറ്റിയെഴുതിയതിനു ശേഷം അതില്‍ തൃപ്തിയില്ലാതെ അവര്‍ പിന്നീടൊന്നും എഴുതിയില്ല. അപ്പോഴേക്കും അവര്‍ രോഗത്തിന്റെ പിടിയില്‍ വീണു കഴിഞ്ഞിരുന്നു. വിശ്രമിക്കാന്‍ പറയാന്‍ അനുവദിക്കില്ലെന്ന ഉപാധിയില്‍ ഡോക്ടറെ കാണാനായി, വെര്‍ജീനിയ സമ്മതിച്ചു. പക്ഷേ, അതിനുശേഷം അവര്‍ തിരിച്ച് ആരോഗ്യകരമായ മാനസികാവസ്ഥയിലേക്ക് വന്നില്ല. എന്തില്‍നിന്നോ രക്ഷപ്പെടാനുള്ള വെമ്പല്‍പോലെ അവര്‍ ആരുമറിയാതെ നടന്നുപോകുകയായിരുന്നു, മരണത്തിലേക്ക്.

'A woman must have money and room of her own if she is to write fiction' വെര്‍ജീനിയ 'എ റൂം ഓഫ് വണ്‍സ് ഓണി'നെക്കുറിച്ച് പറയുന്നതിങ്ങനെ. 1929 ഒക്ടോബര്‍ 24-ന് പ്രസിദ്ധീകരിച്ച, ഈ കൃതി ന്യൂഹാമിലേയും ഗിര്‍ട്ടണ്‍ കോളേജിലേയും ലക്ചര്‍ നോട്ടുകള്‍ വികസിപ്പിച്ചവയാണ്. സാഹിത്യലോകത്ത് പുരുഷാധിപത്യത്തിനെതിരെയുള്ള ചോദ്യംചെയ്യലുകളായി ഇത് ഫിക്ഷനായും പിന്നീട് നോണ്‍ഫിക്ഷന്‍ എന്ന രീതിയിലും വന്നു.

ചരിത്രത്തിലെ ഇരുളടഞ്ഞ മദ്ധ്യകാലഘട്ടത്തിനുശേഷം സ്ത്രീമുന്നേറ്റങ്ങള്‍ ലോകമെമ്പാടും നടന്നിട്ടുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലും ഇതിന്റെ തുടക്കം, സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നവരാണെന്നും അവര്‍ സമത്വം ആഗ്രഹിക്കുന്നുണ്ട് എന്നുള്ള തോന്നലില്‍നിന്നുമാണ്. 'ചാള്‍സ് ഫോറിയര്‍' ആണ് ആദ്യമായി 'ഫെമിനിസം' എന്ന പദം ഉപയോഗിച്ചതും പിന്നീട് ആ പദം പ്രയോഗത്തില്‍ വന്നതും. 1837-ലായിരുന്നു ഇത്. അതിന് മുന്‍പുവരെ ഏറ്റവും അവഗണിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സ്ത്രീകളുടെ ജീവിതം കടന്നുപോയിരുന്നത്. ഇത് എല്ലാ മേഖലകളിലും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെല്ലാം കാണാമായിരുന്നു. വീടും കുട്ടികളും പുരുഷന്റെ ലൈംഗിക തൃപ്തിക്കുള്ള ഉപകരണം എന്ന നിലയില്‍ സ്ത്രീ സ്വാതന്ത്ര്യചിന്തയ്ക്ക് മറയിട്ടുകൊണ്ട് വളരെ ശോചനീയമായ നിലയിലായിരുന്നു അതുവരെയുണ്ടായ കറുത്ത കാലഘട്ടം. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതിനുശേഷമുള്ള കാലഘട്ടം സ്ത്രീകളിലും ചിന്താപരമായ മാറ്റങ്ങള്‍ കൈവന്ന കാലമായിരുന്നു. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍, ഇതില്‍നിന്ന് മോചനം നേടാനായി ഫെമിനിസ്റ്റ് ചിന്താഗതികള്‍ രൂപപ്പെട്ടുവന്നു. പാശ്ചാത്യരാജ്യങ്ങളില്‍ ഇത്തരം മുന്നേറ്റങ്ങള്‍ 'ഫസ്റ്റ് വേവ് ഓഫ് ഫെമിനിസം', 'സെക്കന്റ് വേവ് ഓഫ് ഫെമിനിസം', 'തേര്‍ഡ് വേവ് ഓഫ് ഫെമിനിസം' എന്നിങ്ങനെ മൂന്നായി രൂപപ്പെട്ടുവന്നു.

പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകളില്‍ നടന്നിരുന്ന സ്ത്രീമുന്നേറ്റക്കാഴ്ചപ്പാടുകളേയും പോരാട്ടങ്ങളേയുമാണ് 'ഫസ്റ്റ് വേവ് ഫെമിനിസം' ഉള്‍ക്കൊള്ളുന്നത്. തൊണ്ണൂറിന് ശേഷം തേഡ് വേവ് ഫെമിനിസവുമായിരുന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടന്ന അവകാശസമരമായിരുന്നു ഒന്നാമത്തെ മുന്നേറ്റം. 21 വയസ്സ് തികഞ്ഞവര്‍ക്ക് 1928-ല്‍ വോട്ടവകാശം ലഭിച്ചു. അതിനു മുന്‍പ് 1893-ലും 1902-ലും ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയിലുമായി സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു. വെര്‍ജീനിയ വൂള്‍ഫിന്റെ 'എ റൂം ഓഫ് വണ്‍സ് ഓണ്‍' പ്രസിദ്ധീകരിക്കുന്നത് ഈ കാലഘട്ടത്തിലാണ്. കേംബ്രിഡ്ജ് കോളേജുകളുമായി ബന്ധപ്പെട്ട കോളേജുകളില്‍, സ്ത്രീകള്‍ക്കു വേണ്ടി സംഘടിപ്പിക്കപ്പെട്ട ക്ലാസ്സുകളില്‍ കലാരംഗത്ത് പ്രത്യേകിച്ച് സാഹിത്യരചന, പ്രസിദ്ധീകരണങ്ങള്‍ എന്നിവയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാകാനുള്ള കാരണങ്ങള്‍ എന്തുകൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ടും അതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടുമുള്ള ക്ലാസ്സുകളായിരുന്നു അത്. ആ ക്ലാസ്സുകളുടെ പ്രബന്ധരൂപത്തിലുള്ള കൃതിയാണ് 'എ റൂം ഓഫ് വണ്‍സ് ഓണ്‍'. ഫസ്റ്റ് വേവ് ഫെമിനിസത്തിന്റെ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു കൃതിയായിരുന്നു വെര്‍ജീനിയയുടെ കൃതി. ബ്രിട്ടനില്‍ തൊഴിലിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തപ്പോള്‍ അമേരിക്കന്‍ തൊഴിലിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു പരിഷ്‌ക്കരണങ്ങള്‍ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നത്. മേരി ആസ്റ്റലിന്റെ 'എ സീരിയസ് പ്രൊപ്പോസല്‍ റ്റു ദി ലേഡീസ്', സാറാ എല്ലിസിന്റെ 'വിമണ്‍ ഓഫ് ഇംഗ്ലണ്ട്' എന്നീ കൃതികള്‍ സ്ത്രീ സ്വാതന്ത്ര്യ ചിന്തകള്‍ക്ക് തീ പിടിപ്പിക്കുന്നവയായിരുന്നു. 'എലിസബത്ത് കാഡി സ്റ്റാന്റ്റോണ്‍', 'മറ്റില്‍ഡാ ജോസലിന്‍ ഗേജ്' എന്നിവര്‍ ഫസ്റ്റ് വേവ് ഫെമിനിസത്തിന്റെ വക്താക്കളായിരുന്നു.

പോസ്റ്റ് ഫെമിനിസം, ലിബറല്‍ ഫെമിനിസം, റാഡിക്കല്‍ ഫെമിനിസം, ലെസ്ബിയന്‍ ഫെമിനിസം, ഇക്കോ ഫെമിനിസം, ജൂത, മാര്‍ക്സിസ്റ്റ് സോഷ്യലിസ്റ്റ്, ആഫ്രിക്കന്‍, ഇന്ത്യന്‍, ദളിത്, കേരള ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍, ഫെമിനിസ്റ്റ് ചിന്തയുടെ വകഭേദങ്ങളായി തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ശക്തമായി വരുന്നുണ്ട്. എല്ലാത്തിന്റേയും ആശയലോകത്തില്‍ സ്ത്രീകളുടെ സ്വാതന്ത്രേ്യച്ഛയും സ്വത്വബോധ ചിന്തയില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന പ്രകരണങ്ങളുമാണ്. പൊരുതി ജീവിച്ച് മണ്‍മറഞ്ഞുപോയ സ്ത്രീപ്രതിഭകള്‍ കൊളുത്തിവെച്ച സ്വാതന്ത്ര്യത്തിന്റെ തിരിയിലെ വെളിച്ചം ആളിപ്പടരുകതന്നെ ചെയ്യുന്നുണ്ട്. വെര്‍ജീനിയ വിശ്വസിക്കുമ്പോലെ, ഇതൊരു തുടര്‍ച്ചയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com