കവിയുടെ നോവല്‍: ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതുന്നു

കവികള്‍ കഥാകൃത്തുക്കളായിരുന്നതാണ് നമ്മുടെ ചരിത്രം.
കവിയുടെ നോവല്‍: ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതുന്നു

വികള്‍ കഥാകൃത്തുക്കളായിരുന്നതാണ് നമ്മുടെ ചരിത്രം. ചെറുകഥ എന്ന സാഹിത്യരൂപം പുതുതായി വരുന്നു. ആ സാഹിത്യരൂപവുമായി ആവേശത്തോടെ നമ്മുടെ കവികള്‍ അടുത്തു. അവര്‍ കഥകളെഴുതിത്തുടങ്ങി. മലയാളത്തിന്റെ കഥയുടേയും നോവലിന്റേയും വേരുകള്‍ കവികളെഴുതിയ ആദ്യകാല ഗദ്യരൂപങ്ങളില്‍ നമുക്ക് ദര്‍ശിക്കാം. കവിതകളെഴുതി പരാജയപ്പെട്ട് കഥകളെഴുതിയവരല്ല അവര്‍. കഥയില്‍ ആത്മാര്‍ത്ഥമായും ആകൃഷ്ടരായവരാണ്. ഇതിനര്‍ത്ഥം നമ്മുടെ കവികള്‍ക്ക് കഥാബന്ധമുണ്ട് എന്നതല്ല. പില്‍ക്കാലത്ത് കവികള്‍ നോവലും കഥയും എഴുതിയിട്ടുണ്ട്. കവിതകളെഴുതിത്തുടങ്ങി കഥയില്‍ എത്തിയവരുമുണ്ട്. മറിച്ചും. എന്നാല്‍, കഥകളെഴുതി പരാജയപ്പെട്ട് കവിതകളില്‍ എത്തിയവരുണ്ടോ മലയാളത്തില്‍. ഒരുപക്ഷേ, അത് കാണില്ല- കഥയും കവിതയും ഒരുപോലെ കൊണ്ടുനടന്നവരുണ്ടാകാം.

സാഹിത്യരൂപങ്ങളോടുള്ള ആഭിമുഖ്യചരിത്രം അപൂര്‍വ്വമായ അനുഭവങ്ങളാണ് നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്. നിരൂപകര്‍ കഥയും നോവലുമെഴുതി മൃഗീയമായി പരാജയപ്പെട്ടതിന്റെ അനുഭവവും നമ്മുടെ സാഹിത്യചരിത്രത്തിലുണ്ട്. സാഹിത്യാഭിരുചിയുള്ളവര്‍ ഏത് സാഹിത്യരൂപവും കൈകാര്യം ചെയ്യാന്‍ ശ്രമിക്കും. അത് ഒരു ധീരതയാണ്. ഉറച്ചുനില്‍ക്കാമെന്ന് തോന്നുന്ന ഒരു രൂപത്തില്‍ ശ്രദ്ധിച്ചു മുന്നോട്ടുപോകും. അതിന്റെ പേരില്‍ അവര്‍ അറിയപ്പെടും. അതായത് ഒരു സാഹിത്യരൂപത്തിന്റേയും മുന്നില്‍ പകച്ചുനില്‍ക്കുന്നവനല്ല, സര്‍ഗ്ഗാത്മക എഴുത്തുകാരന്‍. 

ബാലചന്ദ്രന്‍ ചുള്ളിക്കാട് നമുക്ക് പ്രിയപ്പെട്ട കവിയാണ്. ഇടയ്‌ക്കൊക്കെ ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തി നമ്മെ ഞെട്ടിപ്പിക്കും എന്നല്ലാതെ, ബൃഹത് നോവലുകളെഴുതി നമ്മെ അമ്പരപ്പിച്ചിട്ടില്ല. കവിയല്ലെന്ന് പറയാനുമാവില്ല. എന്നാല്‍, ചുള്ളിക്കാട് കവിത മാത്രമേ എഴുതിയിട്ടുള്ളൂ എന്നാണ് പലരുടേയും വിശ്വാസം. മാപ്പുസാക്ഷിയും സന്ദര്‍ശനവുമൊക്കെ ചൊല്ലിപ്പറഞ്ഞ് അത് ഉറപ്പുവരുത്തും. ചിദംബരസ്മരണ ഒരു അപൂര്‍വ്വ രചനയാണെന്ന് പറയും. എന്നാല്‍, വായനക്കാര്‍ക്കായി ഒരു സത്യം തുറന്നു പറയുന്നു. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു കൊച്ചു നോവല്‍ എഴുതിയിട്ടുണ്ട്, അദ്ദേഹം ചെറുകഥകള്‍ എഴുതിയിട്ടില്ല. പക്ഷേ, ഒരു നോവലെഴുതി. അത് അപരാധമല്ല. സര്‍ഗ്ഗപ്രതിഭനായ കവി സാഹിത്യചരിത്രത്തില്‍ നോവലെഴുതി ഒന്ന് അടയാളപ്പെടുത്തി എന്നേ ഉള്ളൂ. ബാലചന്ദ്രന്റെ എഴുത്തുജീവിതത്തെ അതുകൂടി പരിഗണിച്ചുകൊണ്ടുവേണം വിലയിരുത്താന്‍. 

കവി നോവലെഴുതി എന്നത് ഒരു പരിഹാസ വൃത്തിയല്ല. ആ നോവലില്‍ ഫിക്ഷനുണ്ടോ എന്ന് നോക്കിയാല്‍ മതി. ഫിക്ഷന്‍ ആരെഴുതിയാലും അത് സ്വീകരിക്കാന്‍ നാമെന്തിന് മടിക്കണം. കവിയായ ബാലചന്ദ്രന്‍ ഒരു നോവലെഴുതിയാല്‍ അതില്‍ ഫിക്ഷന്‍ മാത്രമല്ല, കവിതയുണ്ടോ എന്നുകൂടി അന്വേഷിക്കാന്‍ കവിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് താല്പര്യം കാണും. കഥാത്മക കവിതകള്‍ എന്നൊരു വിഭാഗം ചരിത്രത്തില്‍ കാണുന്നു. ആ നിലയ്ക്ക് കാവ്യാത്മകമായ കഥകള്‍ രൂപപ്പെടുന്നതില്‍ തെറ്റില്ല. പല കഥാകാരന്മാരുടേയും കാവ്യാത്മക ഭാഷയെക്കുറിച്ച് നിരൂപകര്‍ വാചാലരാകുന്നത് നാം കേട്ടിരിക്കുന്നു. ആ പശ്ചാത്തലത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചെറു നോവല്‍ 'ഹിരണ്യം' ഒന്നു വായിച്ചുനോക്കുക. 

1977 ആഗസ്റ്റ് ലക്കം 'വീക്ഷണം' വാരികയിലാണ് ബാലചന്ദ്രന്റെ 'ഹിരണ്യം' വരുന്നത്. ഇത് രചനയുടെ നാല്പത്തൊന്നാം വര്‍ഷമാണ്. ഓണപ്പതിപ്പായിട്ടാണ് വാരിക പുറത്തിറങ്ങിയത്. സി. രാധാകൃഷ്ണന്റെ 'കങ്കാളികള്‍' എന്ന നോവല്‍ ആ ലക്കത്തിലുണ്ടായിരുന്നു. യു.കെ. കുമാരന്റെ 'മുലപ്പാലും'. 'നോവലെറ്റ്' എന്ന തലക്കെട്ടിന് കീഴെയാണ് 'ഹിരണ്യം' അച്ചടിക്കപ്പെട്ടതെങ്കിലും ഒരു ബൃഹത് കഥയുടെ രൂപമല്ലാതതിനാല്‍, അത് നോവലായി ഞാന്‍ പരിഗണിക്കുന്നു. ഉപക്രമം, പ്രവേശം എന്നിവയോടൊപ്പം ഒന്‍പത് അദ്ധ്യായങ്ങളുണ്ട് നോവലിന്. എന്തുകൊണ്ട് ഇങ്ങനെയൊരു നോവല്‍? ആധുനികതയുടെ ഉച്ചയിലാണ് ഈ നോവല്‍ എഴുതപ്പെടുന്നത്. ദുര്‍ഗ്രഹത ആധുനികതയുടെ വലിയ ദോഷമായി ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയിരുന്നു. അസ്തിത്വവും ശൂന്യതയും നിലനില്പുമൊക്കെയായിരുന്നു പ്രമേയങ്ങള്‍. കവിയായ ചുള്ളിക്കാട് അത്തരം പ്രമേയങ്ങളിലേക്ക് പോയിട്ടില്ല. എന്നിട്ടും മനുഷ്യവസ്ഥകള്‍ കവിതയില്‍ വന്നു. എങ്കില്‍ എന്തുകൊണ്ട് ഒരു ആധുനിക കഥ സൃഷ്ടിച്ചുകൂടാ? 'ഹിരണ്യ'ത്തിന്റെ രചന അങ്ങനെ സംഭവിച്ചതായിരിക്കണം. അല്ലെങ്കില്‍ കുറച്ച് റോയല്‍റ്റി പ്രതീക്ഷിച്ച് നോവല്‍ എഴുതിയതാകുമോ?  അതെന്തായാലും നാല്പതു വര്‍ഷം കഴിഞ്ഞിട്ടും ഈ കൃതിയെക്കുറിച്ച് ബാലചന്ദ്രന്‍ മൗനം അവലംബിച്ചു പോരുന്നു. 'ഹിരണ്യം' പുസ്തകരൂപത്തിലാക്കാന്‍ ഒരു പ്രസാധകനെപ്പോലും സമീപിച്ചിട്ടില്ല. ഏതോ ഒരു കോളത്തില്‍ 'ഹിരണ്യ'ത്തെക്കുറിച്ച് പരാമര്‍ശിച്ചതിന് ഫോണ്‍ ചെയ്ത് നന്ദി പറഞ്ഞു എന്നല്ലാതെ, ഈ ഖണ്ഡനോവല്‍ വീണ്ടും പ്രകാശിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. തങ്ങള്‍ എഴുതിയ ചവറുകള്‍പോലും ഗ്രന്ഥമാക്കുന്ന ശൈലി വ്യാപകമായ കാലത്ത് ചുള്ളിക്കാട് തന്റെ ചെറുനോവല്‍ ഒളിച്ചുവച്ചിരിക്കുന്നു. ഒരു സംവാദാത്മക രചനയാണ് 'ഹിരണ്യം.'

ഒരു പൗരാണിക വായനയാണോ ആധുനിക വായനയാണോ ഹിരണ്യം നല്‍കുക. തീര്‍ച്ചയായും രണ്ടു രീതിയിലും നമുക്കത് വായിക്കാന്‍ കഴിയും. നോവലിന്റെ ഉപക്രമം ഇങ്ങനെ:
ഒടുവില്‍
മരണത്തില്‍നിന്നും
ജനനത്തിലേക്കുള്ള
പ്രയാണപഥത്തില്‍ 
ദീര്‍ഘ യാത്രികന്‍ തളര്‍ന്ന് വീണു:
ജാഗ്രത്തിലും 
ഉന്മാദത്തിലും 
സുഷുപ്തിയിലും
കര്‍മ്മകാണ്ഡത്തിലെ പാപരീതികള്‍
അവന് ചുറ്റും
വേട്ടനായ്ക്കളായി ഇരമ്പി. 
വീണ്ടും 
മഹായാനത്തിന് കല്പന
ജന്മത്തില്‍നിന്ന് ജന്മത്തിലേക്ക്
മൃത്യുവില്‍നിന്ന് മൃത്യുവിലേക്ക്
അവന്‍
'നിര്‍മോചനനത്രെ!'

ഒരു പുതിയ കാഴ്ച കൊണ്ടുവരാനുള്ള ശ്രമം തുടക്കത്തില്‍ത്തന്നെ കാണുന്നു. അത് ഒരു ദര്‍ശനമാണ്. 'നിര്‍മോചനം' അതാണ് അടയാളപ്പെടുത്തുന്നത്. അത് പ്രകൃതി നിരീക്ഷണമാണ്. മരണത്തില്‍നിന്ന് തുടങ്ങുന്ന യാത്ര. ജന്മത്തിലേക്കാണ് ആ യാത്ര എങ്കില്‍ പിറവിയുടെ വേദനയാണ് ദര്‍ശനം. ജന്മമാണ് പ്രധാന പ്രശ്‌നം എന്നും വ്യാഖ്യാനിക്കാന്‍ കഴിയും. ജനനമില്ലെങ്കില്‍ മരണത്തെക്കുറിച്ച് നാം വ്യാകുലപ്പെടുന്നതെന്തിന്? മരണം അനിവാര്യമാണ് എങ്കില്‍, ജനനമാണ് ആ അനിവാര്യതയെ ഉല്‍പ്പന്നമാക്കുന്നത് എന്നാണ് സൂചന. 

കാലവും പ്രദേശവും നരകമാണ്. ഒരു യാത്രികന്‍ നരകത്തിലെത്തുന്നു. അവിടത്തെ ഓരോ നിലവറയും അയാള്‍ നടന്ന് തുറന്നു നോക്കുന്നു. ജനിമൃതികള്‍ കൂട്ടിമുട്ടിക്കിടക്കുന്നത് അയാളുടെ കണ്ണില്‍പ്പെട്ടു. യാത്രയില്‍ നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുന്നു. ചിരപുരാതന മൃത്യു നിദ്രകൊള്ളുന്നത് കാണുന്നു. അവന്റെ കുതിരകള്‍ കാലവഴികളില്‍ ചത്തുകിടക്കുന്നു. മറ്റൊരിടത്ത് ഭീമാകാരനായ യമന്റെ രൂപം ദിഗന്തങ്ങളെ കാല്‍ക്കീഴിലാക്കി ഉയര്‍ന്നുനില്‍ക്കുന്നു. വൃദ്ധനും രാക്കമ്മയും വേലയ്യനും വിതുമ്പുന്നതും പാപബോധങ്ങളില്‍ കരയുന്നതും പ്രതിരോധിക്കുന്നതും യാത്രികനായ ശങ്കരന്‍കുട്ടിയുടെ അനുഭവമാകുന്നു. ഈ യാത്രാജന്മത്തിന്റെ ഏത് മഹാവിപത്തിന്റെ ഫലമായിരുന്നുവെന്ന് കഥാപാത്രം ഓര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. വസൂരിയുടേയും രതിമൂര്‍ച്ചയുടേയും അനുഭവങ്ങള്‍ വേറെയും. 

ഈ കഥ ഒരു പുരാവൃത്ത പശ്ചാത്തലത്തില്‍ പറയാനാണ് ബാലചന്ദ്രന്‍ പരിശ്രമിച്ചത്. നരസിംഹമൂര്‍ത്തിയുടെ കഥ നമുക്കൊക്കെ അറിയാം, ഹിരണ്യകശിപുവിന്റേയും. 'പ്രഭാത'മെന്ന അദ്ധ്യായത്തില്‍ കഥാകാരന്‍ ഇപ്രകാരമെഴുതുന്നു:

''പുക പിടിച്ചു മങ്ങിയ നരസിംഹത്തിന്റെ ചരിത്രത്തിലേക്ക് ഭീതിയോടെ നോക്കിക്കൊണ്ട് ശങ്കരന്‍കുട്ടി ഇരുന്നു. തലയ്ക്കുള്ളില്‍ ചെണ്ടയുടെ ഭേരീനാദമുയര്‍ന്നു. കുടല്‍മാല പിളര്‍ന്ന് കിടക്കുന്ന ഹിരണ്യകശിപുവിന് ആരുടെ ഛായയാണ്?''

ആരാണ് മീതെയെന്ന ചോദ്യം നോവല്‍ ഉന്നയിക്കുന്നില്ല. തിന്മ എവിടെയാണെന്ന് അന്വേഷിക്കുന്നില്ല. ജീവിതം സന്ദേഹങ്ങളുടെ പുക പടര്‍ന്ന് നിറഞ്ഞുകിടക്കുന്നു. അവിടെ ഏകാന്തതയും ആലസ്യവും ശൂന്യതയും ആഴമണയ്ക്കുന്നു. മന്ത്രം, കുരുതി, ചോര എന്നിവയുടെ അന്തരീക്ഷം സൃഷ്ടിച്ച് അതൊക്കെ കണ്ട് യാത്ര ചെയ്യുന്ന ശങ്കരന്‍കുട്ടിയെ നിര്‍വ്വചിക്കുന്നു. നരസിംഹകഥയില്‍ ശങ്കരന്‍കുട്ടിയെ ആരായുകയാണ് എഴുത്തുകാരന്‍. ഓരോ അറകളുടേയും മുന്നില്‍ എത്തുന്ന ശങ്കരന്‍കുട്ടിക്ക് ഓരോ ഭാവമാണ്. അഥവാ താന്‍ നേരിടുന്നവരുടെ മുഖശിക്ഷയ്ക്കുനുസരിച്ച് അയാള്‍ മാറുകയാണോ? ആത്മാവിലേക്ക് ചൂഴ്ന്നിറങ്ങുന്ന രാഘവന്റെ കണ്ണുകളെ നേരിടാനാകാതെ ശങ്കരന്‍കുട്ടി മുഖം തിരിക്കുന്നു. നരകത്തിന്റെ ശാപം അയാളില്‍ ചലിച്ചുകൊണ്ടിരിക്കുന്നു. മരിച്ചവര്‍ക്കുണ്ടോ ശങ്കരന്‍കുട്ടി പ്രതികാരം? അതുകേട്ട് അയാള്‍ അമ്പരക്കുന്നു, ഞെട്ടുന്നു. സത്യത്തിന്റെ പ്രളയ കവാടത്തില്‍ ശങ്കരന്‍കുട്ടി മുങ്ങിപ്പിടഞ്ഞു. ഒരു നിമിഷത്തെ ശ്വാസത്തിനുവേണ്ടി കൈകാലിട്ടടിച്ചു. ജീവതന്തുക്കള്‍ വരിഞ്ഞുപൊട്ടുന്ന വേദനയോടെ അയാള്‍ വിളിച്ചു - ഭൈരവാ...

ആശങ്കകളും മരണപടലങ്ങളും നിറഞ്ഞ ജീവിതത്തിന്റെ ആലസ്യവും ഏകാന്തതയും കൂടിച്ചേര്‍ക്കപ്പെടുന്നത് പ്രദോഷത്തില്‍ ശങ്കരന്‍കുട്ടി കണ്ടു. കടവായില്‍ ചോര പതയുന്നത്, കണ്ണുകളില്‍ മരണവൃത്തങ്ങള്‍... ഹിരണ്യവിധി എഴുതപ്പെടുകയായിരുന്നു എന്നും അയാള്‍ അറിയുന്നു. 

മിത്തും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഒരു അഭിമുഖീകരണം നോവലിന്റെ ആന്തരികതയാല്‍ പ്രത്യക്ഷപ്പെടുന്നു. ആധുനികര്‍ പുരാവൃത്തങ്ങളില്ലാത്ത ഒരെഴുത്തിനെ സങ്കല്പിക്കാതിരുന്നിട്ടില്ല. ആധുനിക കവികള്‍ മിത്തും പുരാണവും ധാരാളമായി ഉപയോഗിച്ചിരുന്നു. ഒരു ചെറിയ നോവലില്‍ പുരാവൃത്തം കടന്നുവന്നത്, രചയിതാവിന്റെ ഉള്ളില്‍ ഒരു കവി കുടിയിരിക്കുന്നതുകൊണ്ടാകണം. ആഖ്യാനത്തിന്റെ പല ഘട്ടങ്ങളിലും കവിതയുണ്ട് എന്നത് ഒരു സത്യം മാത്രം. ഒരുപക്ഷേ, ഓരോ വരികളിലും കവിത ദര്‍ശിക്കാനാവും. 'ഹിരണ്യം' വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ യുക്തി മറ്റൊന്നല്ല. എന്തിന് ഹിരണ്യം നോവലായി സങ്കല്പിക്കണം. ബാലചന്ദ്രന്‍ വിചാരിച്ചാല്‍ നോവലിന്റെ ഓരോ അദ്ധ്യായങ്ങളുമെടുത്ത് ഒന്നു മിനുക്കിയാല്‍ ഇതൊരു ഖണ്ഡകാവ്യമായി മാറും. കവിതയായി ഭാവന ചെയ്യാവുന്നതാണ് ഇതിലെ ഓരോ സന്ദര്‍ഭവും. ഭാഷപോലും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com