ജീവിതത്തിന്റെ ചൂട്ടുവെളിച്ചം

അയാള്‍ ജീവിച്ചുതീര്‍ത്ത കടുപ്പമേറിയ ദിവസങ്ങളില്‍ നിന്നാണ് ആ കവിതകള്‍ പിറന്നതെന്ന്  ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നു.
ജിനേഷ് മടപ്പള്ളി
ജിനേഷ് മടപ്പള്ളി

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍വെച്ചായിരുന്നു ജിനേഷ് മടപ്പള്ളിയെ അവസാനമായി കണ്ടത്. അന്നയാള്‍ രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ എന്ന സ്വന്തം പുസ്തകം ഒപ്പിട്ടുതന്നു. ആ പുസ്തകം കൈവശമുണ്ട്. കവി കളം വിട്ടിരിക്കുന്നു. കവിത ജീവിച്ചിരിക്കുന്നു.
പ്രസ്തുത പുസ്തകത്തിലെ കവിതകള്‍ക്കൊന്നും പേരുകളില്ല. ആ കവിതകള്‍ക്ക് ഏറ്റവും ഇണങ്ങുന്ന പേര്  'നീ' എന്നതാകാം. എല്ലാ കവിതകളിലും ദൃശ്യമായും അദൃശ്യമായും ഒരു 'നീ'യുണ്ട്. ആ 'നീ' ആകാം കവിയിലെ കവിത.

പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍ എന്ന കവിതയാണ് ജിനേഷ് മടപ്പള്ളിയുടെ വായനക്കാരനാക്കി എന്നെ മാറ്റിയത്.  വൈയക്തികമായ ലോകം ആവിഷ്‌ക്കരിക്കുമ്പോഴും സാമൂഹിക  ജീവിതത്തിന്റെ അടരുകള്‍ ഉള്ളില്‍ പേറുന്നുവെന്നതാണ് ജിനേഷിന്റെ കവിതകളുടെ ഒരു സവിശേഷത. നെഞ്ചുതുരന്ന പാലങ്ങളെ നദികള്‍ സ്‌നേഹിക്കുന്നതുപോലെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് ഒരു കവിതയിലെഴുതി. രണ്ടുപേര്‍ക്ക് മാത്രം കേള്‍ക്കാന്‍ കഴിയുന്ന നിലയില്‍ സംസാരിക്കാന്‍ പഠിക്കുമ്പോള്‍ ഏതൊരു ഭാഷയില്‍നിന്നും പുതിയൊരു ഭാഷ പിറവികൊള്ളുമെന്ന് മറ്റൊരു കവിതയിലും. ഇങ്ങനെ പരാമര്‍ശ പ്രസക്തിയുള്ള അനേകം വരികളുണ്ട്. 'സമകാലിക മലയാളം വാരിക'യിലും കവിതകള്‍ പ്രസിദ്ധീകരിച്ചു.

ജിനേഷിന്റെ കവിതയില്‍ ഒരു നേര്‍രേഖയുണ്ടായിരുന്നു. ആലോചിച്ചുറച്ച മട്ടിലുള്ള ഒരു കൃത്യത. ഭാഷയിലെ വളവുകളിലും മലക്കംമറിച്ചിലുകളിലും അയാള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നോ? തെളിച്ചമുള്ളതും വ്യക്തതയുള്ളതുമായ ഒരു ഭാഷയായിരുന്നു ജിനേഷിന്റേത്. അര്‍ത്ഥത്തെക്കുറിച്ച് ഒരുറപ്പും ഇല്ലാതെ ഒരു വാക്കും, അനുഭവിച്ചറിയാത്ത ഒരു ജീവിതസന്ദര്‍ഭവും ആ കവിതയില്‍ കടന്നുവന്നില്ല. ലളിതമായിരുന്നു കവിതകളുടെ ഘടന. ഒരു പടിക്കെട്ട് കയറിക്കയറി പോകുന്നതിന്റെ അല്ലെങ്കില്‍ ഒരു പടിക്കെട്ട് ഇറങ്ങിയിറങ്ങി വരുന്നതിന്റെ വൈഷമ്യങ്ങളും എളുപ്പങ്ങളും ആഖ്യാനത്തില്‍ ലയിച്ചുചേര്‍ന്നു. അത് വായനക്കാരനെ വശത്താക്കി. ഒട്ടുമിക്ക കവിതകളിലും പ്രണയവും അതിന്റെ മറുപുറമായി മരണവും പ്രമേയരൂപത്തില്‍ ഒളിച്ചുപാര്‍ത്തു. സ്വയംഹത്യയുടെ നിഴലുകളും വീണുകിടക്കുന്നു.

കൃത്യതയും ആവിഷ്‌ക്കരണത്തിലെ സത്യസന്ധതയും എഴുതുന്ന ഓരോ വാക്കുകളിലും അയാള്‍ സൂക്ഷിച്ചു. സ്വന്തം ജീവിതാനുഭവങ്ങളുടെ ചൂട്ട് കത്തിച്ചുവെച്ച വെളിച്ചത്തില്‍ അയാളെഴുതിക്കൊണ്ടേയിരുന്നു. അയാള്‍ ജീവിച്ചുതീര്‍ത്ത കടുപ്പമേറിയ ദിവസങ്ങളില്‍ നിന്നാണ് ആ കവിതകള്‍ പിറന്നതെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നു. കണ്ണീരുപ്പു പുരളാത്ത ജീവിത പലഹാരമായിരുന്നില്ല  അയാള്‍ക്ക് കവിത.  

റയിനര്‍ മരിയ റില്‍ക്കെ യുവകവിക്കുള്ള കത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''നിങ്ങളുടെ ഏകാകിതയെ സ്‌നേഹാലിംഗനം ചെയ്യുക. അതില്‍ മുളപൊട്ടുന്ന വേദനയോട് നിങ്ങള്‍ പൊരുത്തപ്പെടുക. അടുത്തും അകലെയുമുള്ളവര്‍ക്കായി അത് ഉറക്കെപ്പാടുക.'' മുളപൊട്ടിയ വേദനയെക്കുറിച്ചായിരുന്നു ജിനേഷും എഴുതിയത്. ഏതാനും ദിവസം മുന്‍പാണ് ജിനേഷിന്റെ അമ്മ മരിച്ചത്. സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ രാത്രി ജിനേഷിനെ വിളിച്ചിരുന്നു. അധികം സംസാരിക്കാനില്ലാതെ ഫോണ്‍വച്ച ഓര്‍മ്മകൂടിയുണ്ട്.  

എനിക്ക് പാട്ടുപാടുവാന്‍  ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നുപോയി - കൂപ്പുകൈ!  എന്നെഴുതി 1936 ജൂലായ് 5-ന് ഇടപ്പള്ളി  ജീവിതത്തില്‍നിന്നും മടങ്ങിയപ്പോള്‍ പ്രായം 27 വയസ്സ്. ആണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. കവിതകളുടെ കരുത്തില്‍ ഇടപ്പള്ളി വായനക്കാര്‍ക്കിടയിലുണ്ട്.

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ് 
മരിച്ചിട്ടുണ്ടാവും 
അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ്
തീരുമാനിച്ചിരുന്നതിനാല്‍ 
എന്നെഴുതിയ ജിനേഷ് ജീവിതത്തിനു പൂര്‍ണവിരാമമിട്ടിരിക്കുന്നു. നാലു സമാഹാരങ്ങളിലായി എഴുതപ്പെട്ട അയാളുടെ കവിതകള്‍ ബാക്കിനില്‍ക്കുന്നു. 
സുഹൃത്തേ വിട!


ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍ 
കവിത / ജിനേഷ് മടപ്പള്ളി

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
തന്നിലേക്കും മരണത്തിലേക്കും
നിരന്തരം സഞ്ചരിക്കുന്ന
ഒരു വഴിയുണ്ട്.

അവിടം മനുഷ്യരാല്‍ നിറഞ്ഞിരിക്കും
പക്ഷേ, ആരും അയാളെ കാണില്ല
അവിടം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരിക്കും
പക്ഷേ, അയാള്‍ അത് കാണില്ല

അതിന്റെ ഇരുവശങ്ങളിലും
ജീവിതത്തിലേക്ക് തുറക്കുന്ന
നിരവധി ഊടുവഴികളുണ്ടായിരിക്കും

കുതിക്കാന്‍ ചെറിയ പരിശ്രമം മാത്രം
ആവശ്യമുള്ളവ
അവയിലൊന്നിലൂടെ 
അയാള്‍ രക്ഷപ്പെട്ടേക്കുമെന്ന്
ലോകം ന്യായമായും പ്രതീക്ഷിക്കും

കണ്ടിട്ടും കാണാത്തവനെപ്പോലെ
അലസനായി നടന്ന്
നിരാശപ്പെടുത്തും അയാള്‍

മുഴുവന്‍ മനുഷ്യരും
തന്റെമേല്‍ ജയം നേടിയിരിക്കുന്നു
എന്നയാള്‍ ഉറച്ച് വിശ്വസിക്കും

അവരില്‍
കോടിക്കണക്കിന് മനുഷ്യരുമായി
അയാള്‍ പോരാടിയിട്ടില്ലെങ്കിലും

അവരില്‍
അനേകം മനുഷ്യരെ അയാള്‍
വലിയ വ്യത്യാസത്തിന് തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും

വീട്ടുകാരും അടുത്ത സുഹൃത്തുക്കളും
വലുതായി വലുതായി വരും
നാട്ടുകാരും ബന്ധുക്കളും
ചെറുതായി ചെറുതായി പോകും

ഭൂമി
സമുദ്രങ്ങളെയും വന്‍കരകളെയും
ഉറക്കപ്പായപോലെ മടക്കി എഴുന്നേറ്റ്
ചുരുങ്ങിച്ചുരുങ്ങി
തന്നെമാത്രം പൊതിഞ്ഞ് വീര്‍പ്പ് മുട്ടിക്കുന്ന
കഠിന യാഥാര്‍ത്ഥ്യമാകും

ആത്മഹത്യാക്കുറിപ്പില്‍
ആരോ പിഴുതെറിഞ്ഞ
കുട്ടികളുടെ പുഞ്ചിരികള്‍ തൂക്കിയിട്ട
ഒരു മരത്തിന്റെ ചിത്രം മാത്രമുണ്ടാകും

ഇടയ്ക്കിടെ
ജീവിച്ചിരുന്നാലെന്താ എന്നൊരു ചിന്ത
കുമിളപോലെ പൊന്തിവന്ന്
പൊട്ടിച്ചിതറും

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ്
മരിച്ചിട്ടുണ്ടാവും

അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്‍പ്
തീരുമാനിച്ചിരുന്നതിനാല്‍

മരിച്ച ഒരാള്‍ക്കാണല്ലോ
ഭക്ഷണം വിളമ്പിയതെന്ന്
മരിച്ച ഒരാളുടെ കൂടെയാണല്ലോ
യാത്ര ചെയ്തതെന്ന്
മരിച്ച ഒരാളാണല്ലോ
ജീവനുള്ള ഒരാളായി
ചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്

കാലം വിസ്മയിക്കും

അയാളുടെയത്രയും
കനമുള്ള ജീവിതം
ജീവിച്ചിരിക്കുന്നവര്‍ക്കില്ല

താങ്ങിത്താങ്ങി തളരുമ്പോള്‍
മാറ്റിപ്പിടിക്കാനാളില്ലാതെ
കുഴഞ്ഞുപോവുന്നതല്ലേ
സത്യമായും അയഞ്ഞുപോവുന്നതല്ലേ

അല്ലാതെ
ആരെങ്കിലും
ഇഷ്ടത്തോടെ......

1.
ഉറക്കമില്ലാതെ പിടയുന്ന
ഈ രാത്രിയില്‍ 

നിന്നെക്കുറിച്ച്
ഒരു കവിത എഴുതാന്‍ തോന്നുന്നു

നീ സ്വസ്ഥമായ് ഉറങ്ങുകയായിരിക്കും 

എഴുതുമ്പോള്‍ 
നീ ഉണരും

എഴുതുന്നില്ല

2.
നീ ഇപ്പോള്‍ 
എന്തു ചെയ്യുകയായിരിക്കും
ആലോചിക്കാന്‍ ഒരു രസമുണ്ട്

അടുത്ത വീട്ടിലെ കോഴിക്കുഞ്ഞുങ്ങള്‍ക്ക്
തീറ്റ കൊടുക്കുകയായിരിക്കുമോ

പത്രത്തില്‍ 
സിനിമാനേരങ്ങള്‍ തിരയുകയായിരിക്കുമോ

ചിലപ്പോള്‍ 
നീ എന്നെ ഓര്‍ക്കുകയായിരിക്കും
എങ്കിലും അങ്ങനെ ഞാന്‍ കരുതുന്നില്ല

അങ്ങനെ കരുതിയാല്‍
പിന്നെ അതിനെക്കുറിച്ച് 
ഒരു കവിത എഴുതേണ്ടതായ് വരും

ഒരാളെക്കുറിച്ച് ഇത്രയധികം കവിതകളോ എന്ന്
കാലം വെറുതെ അസൂയപ്പെടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com