തളരാതെ പിന്നിട്ട ജീവിതദൂരം

അപകടത്തില്‍ ഗുരുതരമായി നട്ടെല്ലിനു പരുക്കേറ്റ ബിജു പത്തുവര്‍ഷം കിടപ്പിലായിരുന്നു. തളര്‍ന്നു പോകാതെ ജീവിതത്തിനു കൈകൊടുത്ത ഈ 43-കാരന്‍ ഇന്ന് കേരളവര്‍മ്മ കോളേജില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയാണ്.
ബിജു പോള്‍
ബിജു പോള്‍

ഇരുപതു വര്‍ഷം മുന്‍പാണ് അപകടത്തില്‍ ഗുരുതരമായി നട്ടെല്ലിനു പരുക്കേറ്റ ബിജു പത്തുവര്‍ഷം കിടപ്പിലായിരുന്നു. തളര്‍ന്നു പോകാതെ ജീവിതത്തിനു കൈകൊടുത്ത ഈ 43-കാരന്‍ ഇന്ന് കേരളവര്‍മ്മ കോളേജില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയാണ്. ഒല്ലൂരിനടുത്ത് മരത്താക്കര സ്വദേശി ബിജുവിന്റെ ജീവിതം...

തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അവസാന വര്‍ഷ മലയാളം എം.എ വിദ്യാര്‍ത്ഥി ബിജു പോള്‍ എത്തുമ്പോള്‍ കണ്‍വെട്ടത്തുള്ള കുട്ടികളൊക്കെ എണീക്കും. ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ത്ഥിയാണ് ഈ 43-കാരന്‍ എന്നതുകൊണ്ടല്ല. പ്രത്യേക മാറ്റങ്ങള്‍ വരുത്തിയ ഓട്ടോറിക്ഷ സ്വയം ഓടിച്ചുവരുന്ന ബിജുവിന് വീല്‍ച്ചെയറിലേയ്ക്ക് മാറിക്കയറാനും ക്ലാസ്സിലേയ്ക്കു പോകാനും പിന്തുണ വേണം. ആ പിന്തുണ നല്‍കി കൂട്ടിക്കൊണ്ടുചെന്നു ക്ലാസ്സില്‍ കയറ്റിയിരുത്താനാണ് അവരൊന്നടങ്കം മുന്നോട്ടായുന്നത്; അവരെല്ലാം വേണ്ട, രണ്ടോ മൂന്നോ പേര്‍ മതി എന്ന് അറിയാഞ്ഞിട്ടല്ല. കരുതലും സ്‌നേഹവുമാണ് കാര്യം. ശ്രദ്ധിക്കുക: സഹായം, കരുണ, ദയ എന്നിവയെക്കുറിച്ചല്ല പറയുന്നത്; പിന്തുണ, കരുതല്‍, സ്‌നേഹം എന്നിവയെക്കുറിച്ചാണ്. ഇവയാണ് ബിജു ആഗ്രഹിക്കുന്നതും കേരളവര്‍മ്മ കോളേജ് നല്‍കുന്നതും. 20 വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ അതീവ ഗുരുതരമായി നട്ടെല്ലിനു പരിക്കേറ്റ ബിജു 10 വര്‍ഷക്കാലം കിടന്ന കിടപ്പില്‍നിന്നു പതിയെപ്പതിയെ എണീറ്റ് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നതാണ്. ദുരന്തങ്ങളില്‍ തകര്‍ന്നും തളര്‍ന്നും പോകാതെ ജീവിതത്തിനു കൈകൊടുക്കണം എന്ന മുഴുനീള സന്ദേശചിത്രമാണ് ഈ യുവാവിന്റെ ജീവിതം. 

കൊടൈക്കനാലിലേയ്ക്കുള്ള വിനോദയാത്രയില്‍ ഒപ്പമുണ്ടായിരുന്ന മറ്റു നാലുപേരും മരിച്ച അപകടം. ബിജു മാത്രം രക്ഷപ്പെട്ടത് ആസകലം തകര്‍ന്നു തരിപ്പണമായിട്ടായിരുന്നു. ആ ദിനത്തിനും ഈ ദിനത്തിനുമിടയിലെ ദൂരത്തിനു ബിജു വിളിക്കാനാഗ്രഹിക്കുന്ന പേരാണ് ജീവിതം. ഒരുപാടാളുകള്‍ പലവഴിക്കു പലപ്പോഴായി വന്നു തന്നെ ജീവിപ്പിക്കുകയായിരുന്നു എന്ന് ബിജു പറയുന്നു. മുഖം നിറയെ ആത്മവിശ്വാസച്ചിരിയുള്ള സൗമ്യനായ ഈ ചെറുപ്പക്കാരനെ വേണമെങ്കില്‍ പാഠപുസ്തകമാക്കാം, വേണ്ടവര്‍ക്ക്. പത്താം ക്ലാസ്സില്‍ നിര്‍ത്തിയ വിദ്യാഭ്യാസം തിരിച്ചുപിടിക്കാന്‍ ആദ്യം കംപ്യൂട്ടര്‍ പഠിച്ചു, പിന്നെ വിദൂര വിദ്യാഭ്യാസ കോഴ്സില്‍ ചേര്‍ന്നു ബിരുദമെടുത്തു, അതുകഴിഞ്ഞ് ബിരുദാനന്തര ബിരുദത്തിന് റെഗുലര്‍ കോഴ്സില്‍ ചേര്‍ന്നു. ബി.എ രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ വന്നപ്പോള്‍ത്തന്നെ അനുഭവിച്ചറിഞ്ഞ കേരളവര്‍മ്മ കോളേജ് ബിജുവിനെ കാത്തെന്നപോലെ നിന്നു. തൃശൂര്‍ ഒല്ലൂരിനടുത്ത് മരത്താക്കരയിലാണ് ബിജുവിന്റെ വീട്. അമ്മ ലില്ലി, അച്ഛന്‍ പൗലോസ്. ഒരു ചേട്ടനും മൂന്നു ചേച്ചിമാരും. 

നട്ടെല്ലിന്റെ ബലം

1998-ല്‍ ആയിരുന്നു ആ അപകടം. ബിജുവും കൂട്ടുകാരും സഞ്ചരിച്ച കാറില്‍ എതിരെ വന്ന ലോറി ഇടിച്ചു. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ചില ജോലികളൊക്കെ ചെയ്തിരുന്ന ചേട്ടനെ സഹായിച്ച് ഭേദപ്പെട്ട വരുമാനമൊക്കെയായി കഴിയുകയായിരുന്നു. ചേട്ടന് ആ സമയത്ത് ഒരു സഹായിയെ ആവശ്യവുമായിരുന്നു. ഇടയ്ക്കൊരു ഉല്ലാസ യാത്ര പോയത് ദുരന്തത്തിലേയ്ക്കായി. ബോധം തിരിച്ചുകിട്ടിയത് നാലാം ദിവസം. മൂന്നു മാസത്തെ ആശുപത്രിവാസം കഴിഞ്ഞ് ഡോക്ടര്‍ തുറന്നു പറഞ്ഞത് ബിജു ഇനി എണീറ്റു നടക്കില്ല എന്നാണ്. ശരീരം തളര്‍ന്നുപോയിരിക്കുന്നു. ഈ അവസ്ഥയില്‍നിന്ന് ഇനി എങ്ങനെ ജീവിതം കണ്ടെത്താനാകുമെന്നു നോക്കണം എന്നും പറഞ്ഞു. നിസ്സാരമായ എന്തിനെക്കുറിച്ചോ പറയുന്നതുപോലെ ഇപ്പോള്‍ ആ അനുഭവം പറയാനാകുന്നുണ്ട് ബിജുവിന്; ഇനി എഴുന്നേല്‍ക്കില്ല എന്നു തിരിച്ചറിയുന്ന 23-കാരന്റെ മനസ്സില്‍നിന്നു മാറി മറ്റാരുടെയോ കാര്യംപോലെ നോക്കാനും കഴിയുന്നു. ''വലിയ വിഷമം തോന്നി. 23 വയസ്സേയുള്ളു, അത്യാവശ്യം പോക്കറ്റ് മണി ഉണ്ട്, യമഹ ബൈക്കുണ്ട്, കൂട്ടുകാരുമുണ്ട്. ആരെയും ബുദ്ധിമുട്ടിക്കാതെ അടിച്ചുപൊളിച്ചു ജീവിക്കുന്നു. അതെല്ലാമാണ് ഇല്ലാതാകുന്നതെന്നു മനസ്സിലായി'' ബിജു പറയുന്നു. 

വീട്ടില്‍ എത്തിയ ശേഷമാണ് സ്ഥിതിയുടെ ഗൗരവം കൂടുതല്‍ അനുഭവപ്പെട്ടു തുടങ്ങിയത്. തിരിഞ്ഞു കിടക്കാന്‍പോലും പറ്റില്ല. പ്രാഥമിക കാര്യങ്ങള്‍പോലും തനിയെ ചെയ്യാനാകില്ല. നട്ടെല്ല് വിട്ടുപോയില്ലെന്നേയുള്ളൂ, അതീവ ഗുരുതരമായിരുന്നു പരിക്ക്. അടുത്തയിടെ തുടര്‍ചികിത്സയുടെ ഭാഗമായി സ്‌കാനിംഗ് നടത്താന്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ അദ്ഭുതത്തോടെ ചോദിച്ചത് ഇത്ര വലിയ പരിക്കേറ്റിട്ടും ജീവിച്ചിരിപ്പുണ്ട് അല്ലേ എന്നാണ്. 
മകന് ഇന്നല്ലെങ്കില്‍ നാളെ എഴുന്നേറ്റിരിക്കാനും നടക്കാനും കഴിയും എന്ന പ്രതീക്ഷയില്‍ അപ്പന്‍ പൗലോസ് ആയുര്‍വ്വേദ ചികിത്സകളൊക്കെ ചെയ്തു. പിന്നീട് വീല്‍ച്ചെയറിലേയ്ക്ക് മാറാമെന്ന സ്ഥിതി വന്നപ്പോഴാകട്ടെ, മനസ്സ് അതിനു പാകമാകാന്‍ മടിക്കുകയും ചെയ്തു. താനങ്ങനെ വീല്‍ച്ചെയറില്‍ ഇരിക്കേണ്ടവനല്ല എന്നായിരുന്നു ചിന്ത. കിടപ്പില്‍ നിന്നെണീറ്റ് വീല്‍ച്ചെയറിലേക്കു മാറിയാല്‍പ്പിന്നെ അങ്ങനെയായിപ്പോകുമോ ജീവിതം എന്നു ഭയന്നു. അംഗീകരിക്കാന്‍ പറ്റുന്നില്ല. ആയിടെ പട്ടാളത്തിലുള്ള നാട്ടുകാരന്‍ വര്‍മ്മ സാര്‍ നാട്ടില്‍ വന്നപ്പോള്‍ മനസ്സിന് കുറേയൊക്കെ ശക്തി പകരാന്‍ ശ്രമിച്ചു. ഇങ്ങനെ കിടന്നാല്‍ പോരാ, ചില വ്യായാമങ്ങളൊക്കെ ചെയ്യാന്‍ ശ്രമിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുപോലുള്ള ചില ശ്രമങ്ങള്‍ തന്നെയായിരുന്നു ആ വ്യായാമങ്ങള്‍. പക്ഷേ, അതൊന്നും എളുപ്പമായിരുന്നില്ല. സ്വന്തം മലമൂത്ര വിസര്‍ജ്ജനത്തിന്റെ കാര്യത്തില്‍പ്പോലും നിയന്ത്രണമില്ലാത്ത അവസ്ഥ മനസ്സു മടുപ്പിക്കുകയും ചെയ്തു. 


എങ്കിലും പതിയെപ്പതിയെ കാര്യങ്ങള്‍ക്ക് മാറ്റം വരുന്നത് അറിഞ്ഞു. നാലു വര്‍ഷത്തോളം കഴിഞ്ഞപ്പോഴാണ് മനസ്സൊന്നു പാകപ്പെട്ടത്. തിരിച്ചു ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷ. ജീവിച്ചിരിക്കുകയാണല്ലോ. അഞ്ചാമത്തെ മൃതദേഹവും കാണേണ്ടി വരുമോ എന്നു വേദനിച്ച ഗ്രാമത്തിലേയ്ക്ക് ജീവനോടെയാണല്ലോ മടങ്ങിയെത്തിയത് എന്ന ഒരു ധൈര്യം. ജീവിക്കണം, ജീവിക്കാന്‍ പറ്റും എന്ന തോന്നല്‍ വന്നു. ചികിത്സയ്ക്ക് പലയിടത്തും പോയപ്പോള്‍ ഇതേ അവസ്ഥയില്‍ പത്തും ഇരുപതും വര്‍ഷമായിട്ടും കിടക്കുന്നവരേയും അതിജീവിച്ച് വന്നവരേയുമൊക്കെ പരിചയപ്പെട്ടതും വഴിത്തിരിവായി. തനിക്കു മാത്രം സംഭവിച്ച ദുരന്തമല്ലല്ലോ എന്ന ചിന്ത. എങ്കിലും പിന്നെയും ആറു വര്‍ഷം കിടപ്പില്‍നിന്നു മോചനമുണ്ടായില്ല. പക്ഷേ, കിടപ്പ് ചാരിക്കിടപ്പായും താങ്ങിയിരിപ്പായുമൊക്കെ പുരോഗമിച്ചു. ജീവിക്കണം എന്ന ആഗ്രഹം ഈ തിരിച്ചുവരവിന്റെ വേഗതകുറഞ്ഞ വഴിയില്‍ തെളിഞ്ഞുനിന്നു.

തന്നെപ്പോലുള്ളവര്‍ക്കു പിന്തുണ നല്‍കി ജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരുന്ന സഹായി എന്ന കേന്ദ്രത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് മാറ്റത്തിന്റെ ശരിയായ തുടക്കം. അവിടെ മൂന്നു മാസത്തെ ചികിത്സ. ചികിത്സ എന്നല്ല കോഴ്സ് എന്നാണ് ബിജു പറഞ്ഞത്. വീല്‍ച്ചെയറില്‍ സഞ്ചരിക്കാനും വോക്കര്‍ ഉപയോഗിച്ച് അടിവച്ചടിവച്ച് നടക്കാനും സ്വയം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുമൊക്കെയുള്ള പരിശീലന കാലമായിരുന്നു അത്. അതിനുശേഷം കുറേക്കൂടി ധൈര്യവും ആത്മവിശ്വാസവും വന്നു. അപകട ഇന്‍ഷുറന്‍സ് കിട്ടിയ ആറ് ലക്ഷത്തോളം രൂപയും സഹോദരങ്ങളുടെ ഉള്‍പ്പെടെ സഹായവുമൊക്കെ ചേര്‍ത്ത് ഒരു ചെറിയ വീടുവച്ച് ബിജുവും അച്ഛനും അമ്മയും അങ്ങോട്ടു മാറി. ബിജുവിനുവേണ്ടി പ്രത്യേകമായി സജ്ജീകരിച്ച കുളിമുറി, കക്കൂസ് സൗകര്യങ്ങളുള്ള, ബിജുവിന്റെ വീല്‍ച്ചെയറിന് അനായാസ യാത്ര സാധ്യമാകുന്ന കൊച്ചുവീട്. ചികിത്സയ്ക്കായല്ലാതെ പുറംലോകത്തേയ്ക്ക് ഇറങ്ങിത്തുടങ്ങിയത് ആ വീട്ടില്‍നിന്നാണ്. പിന്നെയും അഞ്ചു വര്‍ഷത്തോളം. പ്രായമേറുകയാണെന്നോ ജീവിതത്തിലെ നല്ല കാലമാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നോ ആലോചിച്ച് വേവലാതിപ്പെടാതിരിക്കാന്‍ ശ്രമിച്ചു. വേവലാതിപ്പെട്ടിട്ടു കാര്യമില്ല എന്ന തിരിച്ചറിവു തന്നെയായിരുന്നു കാര്യം. 

തിരിച്ചുവരവ് 

ബിജുവിനെക്കുറിച്ചുള്ള പത്രവാര്‍ത്ത കണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് മോട്ടോറൈസ്ഡ് വീല്‍ച്ചെയര്‍ സമ്മാനിച്ചത്. ഓള്‍ കേരള വീല്‍ ചെയര്‍ റൈഡ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. പഠനത്തിനിടയ്ക്ക് സംസ്ഥാന ഭാരവാഹിയായാല്‍ ശരിയാകില്ലെന്നു തോന്നിയതുകൊണ്ട് ഇപ്പോള്‍ ജില്ലാ സമിതി അംഗം മാത്രം. മൂന്നു വര്‍ഷം മുന്‍പ് തുടങ്ങിയ സംഘടന സമാന സ്ഥിതിയിലുള്ളവരുടെ കൂട്ടായ്മയായതുകൊണ്ടുതന്നെ പരസ്പരം പ്രചോദനവുമാണ്. മൂവായിരത്തിലധികം അംഗങ്ങളുണ്ട്. ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ, പ്രത്യേക മാറ്റങ്ങള്‍ വരുത്തിയ ഓട്ടോറിക്ഷ കിട്ടിയത് നാല് വര്‍ഷം മുന്‍പ്. കൈകൊണ്ടുതന്നെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടു ചെയ്യാം. വീല്‍ച്ചെയറില്‍നിന്ന് ഓട്ടോറിക്ഷയിലേക്കു കയറാനും തിരിച്ചിറങ്ങാനും പിന്തുണ വേണം. കയറിക്കഴിഞ്ഞ് വീല്‍ച്ചെയര്‍ മടക്കി പിന്നില്‍ വയ്ക്കും. അതിനൊന്നും ആളുകള്‍ക്കൊരു കുറവുമില്ല എന്നതാണ് കേരളവര്‍മ്മ കോളേജിന്റെ പ്രത്യേകത. വീട്ടിലെത്തുമ്പോഴും അയല്‍ക്കാരായും സുഹൃത്തുക്കളായുമൊക്കെ എപ്പോഴും ആരെങ്കിലുമൊക്കെ ഉണ്ടാകും. ഓട്ടോറിക്ഷ നിര്‍ത്തി, വീല്‍ച്ചെയറിലേക്കു നോക്കി, ആരെങ്കിലുമൊന്നു വന്നിരുന്നെങ്കില്‍ എന്നാലോചിച്ച് ഒരിക്കല്‍പ്പോലും ഇരിക്കേണ്ടി വന്നിട്ടില്ലെന്നു ബിജു പറയുന്നു. ദിവസത്തിന്റെ കൂടുതല്‍ ഭാഗം ചെലവഴിക്കുന്ന കോളേജിന് ഏറ്റവും പരിചിതമായ വാഹനം ഇപ്പോള്‍ ഈ ഓട്ടോറിക്ഷയാണ്. ലോകാസമസ്താ സുഖിനോ ഭവന്തു എന്നും സ്‌നേഹമാണഖിലസാരമൂഴിയില്‍ എന്നും കേരളവര്‍മ്മ എന്റെ കോളേജ് എന്നും എഴുതിയ ബിജു പോളിന്റെ കാമ്പസ് ഓട്ടോ.

എറണാകുളത്തെ സ്വകാര്യ ഓട്ടോമൊബൈല്‍ സ്ഥാപനത്തിലെ ആന്‍ഡ്രു ആണ് വണ്ടി ഇങ്ങനെ ചെയ്തുകൊടുത്തത്. വലിയ കടപ്പാടാണ് ആന്‍ഡ്രൂ ചേട്ടനെക്കുറിച്ചു പറയുമ്പോള്‍. സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ ആളാണല്ലോ എന്നാണ് പറഞ്ഞത്. ആ ചിറകുകളിലേറിയാണ് പഠിക്കണം എന്ന ആഗ്രഹം വന്നത്. ഹ്രസ്വകാല കംപ്യൂട്ടര്‍ കോഴ്സു കഴിഞ്ഞ് വിദൂര പഠന കോഴ്സിനു പ്രവേശന പരീക്ഷ എഴുതാനാണ് ആദ്യം കേരളവര്‍മ്മ കോളേജില്‍ വന്നത് എന്നു പറയുമ്പോള്‍ അതിനൊക്കെ എത്രയോ മുന്‍പ് ഈ കോളേജ് തനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നൊരു ഭാവമുണ്ട് ബിജുവിന്. അപകടം ഉണ്ടാകുന്നതിനു മുന്‍പുള്ള കാലത്തുതന്നെ സമപ്രായക്കാരായ ചിലരുടെയെങ്കിലും വാക്കുകളിലൂടെ കേരളവര്‍മ്മ കോളേജ് മനസ്സില്‍ കയറിയിരുന്നു. ഈ കാമ്പസ് കാണണം എന്ന് ആഗ്രഹിച്ചിരുന്നു. ഇവിടുത്തെ തണലും മരങ്ങളുമൊക്കെയായിരുന്നു മനസ്സില്‍. പക്ഷേ, തുടര്‍പഠനം അന്ന് ആലോചനയിലേ ഉണ്ടായിരുന്നില്ല; പഠിക്കാന്‍ ഇവിടെ എത്തുമെന്ന് അന്നും പിന്നീടും വിചാരിച്ചുമില്ല. എത്തിക്കഴിഞ്ഞപ്പോഴാകട്ടെ, ഞാനിവിടെയാണല്ലോ എത്തിയിരിക്കുന്നത് എന്നു പൊടുന്നനെ തിരിച്ചറിഞ്ഞതുപോലെ ഒരവസ്ഥയില്‍പ്പെട്ടും പോയി. എന്തൊരു സമാധാനവും സ്വസ്ഥതയുമാണെന്നോ ഈ കാമ്പസ് തരുന്നതെന്ന് ബിജു. അന്നു വന്നുപോയ ശേഷം പിന്നെ രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനാണ് വീണ്ടും എത്തിയത്. ബി.എയുടെ രണ്ടാം സെമസ്റ്ററും നാലാം സെമസ്റ്ററും പരീക്ഷകള്‍ ഇവിടെവച്ചായിരുന്നു. രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഒന്നാം ദിവസമാണ് ശരിക്കും കണ്ണുനിറയുംവിധം കേരളവര്‍മ്മ കോളേജ് ഹൃദയത്തിലേയ്ക്ക് കയറിക്കളഞ്ഞത്. അന്നു വെള്ളിയാഴ്ചയായിരുന്നതുകൊണ്ട് പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ. കാമ്പസില്‍ ബിജുവിന് പരിചയക്കാരും സുഹൃത്തുക്കളുമില്ല. പക്ഷേ, താന്‍ പരീക്ഷ എഴുതിക്കഴിഞ്ഞ് ഇറങ്ങുന്നത് കാത്ത് നാലഞ്ച് കുട്ടികള്‍ നിന്നത് അവര്‍ വന്നു കൈപിടിച്ചപ്പോള്‍ മാത്രമാണ് അറിഞ്ഞത്. മൂന്നരയ്ക്ക് ക്ലാസ്സ് കഴിഞ്ഞ കുട്ടികള്‍ ബിജുവിനേയും ബിജുവിന്റെ അവസ്ഥയും അറിഞ്ഞ് കാത്തുനിന്നതാണ്. ആ അനുഭവത്തില്‍ ഉലഞ്ഞുപോയി. മുന്‍പൊരിക്കലും ഒരു കാര്യത്തിലും ഉണ്ടാകാത്തവിധം അതു തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്ന് ബിജു. നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് എത്തിയപ്പോള്‍ അധ്യാപകര്‍ കൂടി മുന്‍കൈയെടുത്ത് ഓഫീസ് മുറിയില്‍ കൊണ്ടിരുത്തിയാണ് എഴുതിച്ചത്. വിദൂര പഠന കോഴ്സിന്റെ പരീക്ഷ ഒപ്പം എഴുതുന്ന ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് ജീവിതത്തോടു പൊരുതാന്‍ പഠിപ്പിനിറങ്ങിയ യുവാവിനെ ഒറ്റയ്ക്കാക്കേണ്ടെന്ന് അധ്യാപകര്‍ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണ് ഈ കാമ്പസ് എന്ന് അനുഭവങ്ങളിലൂടെ കാണിച്ചുതന്ന് ഒരുപാടു മനസ്സുകളെ തൊട്ടുകൊണ്ടിരിക്കുന്ന കേരളവര്‍മ്മയ്ക്ക് അതിന്റെ വലിയ ഭാവം തീരെയില്ല താനും. 

ബി.എയ്ക്ക് 70 ശതമാനമായിരുന്നു മാര്‍ക്ക്; ആഗ്രഹം എം.എയ്ക്കു കേരളവര്‍മ്മ കോളേജില്‍ പഠിക്കണമെന്നും. ആ മാര്‍ക്കുകൊണ്ട് അവിടെ കിട്ടാന്‍ സാധ്യതയുണ്ടായിരുന്നില്ല. എന്നിട്ടും കിട്ടി. മലയാളം എം.എയ്ക്ക് ഒരൊഴിവുണ്ടായിരുന്നു. വിദൂര വിദ്യാഭ്യാസ കോഴ്സില്‍ കൂടെയുണ്ടായിരുന്ന പ്രിയ സുഹൃത്ത് ശിവപ്രിയയാണ് അതിനുവേണ്ടി ഓടിനടന്നവരിലൊരാള്‍. ''അംഗപരിമിതി അനുഗ്രഹമായി മാറിയ സന്ദര്‍ഭമായിരുന്നു അത്'' എന്ന് ബിജു ഓര്‍മ്മിക്കുന്നു. എത്ര വലിയ പരിമിതിയാണെങ്കിലും അതുണ്ടാക്കുന്ന പ്രതിസന്ധിയില്‍ തളരാതിരുന്നാല്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അത് അനുഗ്രഹമായിത്തന്നെ മാറും എന്ന് ബിജുവിന്റെ അനുഭവ സാക്ഷ്യം. (ബിജുവിന്റെ തന്നെ വാക്കുകളിലൂടെയായതുകൊണ്ടു മാത്രമാണ് ഭിന്നശേഷിയെ അംഗപരിമിതി എന്ന വാക്ക് ഞങ്ങള്‍ ഉപയോഗിക്കുന്നത്). ''ഈ പരിമിതിയാണ് എന്റെ ശക്തിയായും മാറിയത്, എന്നെ പഠിക്കാന്‍ പ്രേരിപ്പിച്ചത്, ഇത്രയും അധ്യാപകരുടേയും സഹപാഠികളുടേയും സ്‌നേഹം നേടിത്തന്നത്'' ബിജു പറയുന്നു. അങ്ങനെ എം.എ മലയാളം ക്ലാസ്സിലെ ഇരുപതാമനായി ബിജു എത്തി. 18 പെണ്‍കുട്ടികളും ഹരീഷും ബിജുവും. ക്ലാസ് ടീച്ചര്‍ കാമ്പസിലേയും സമൂഹമാധ്യമങ്ങളിലേയും അതിശക്തമായ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത എഴുത്തുകാരി ദീപാ നിശാന്ത്. ദീപാ മിസ്, പ്രിന്‍സിപ്പല്‍ കൃഷ്ണകുമാരി മിസ് (ഡോ. കെ കൃഷ്ണകുമാരി), മലയാളം എം.എ വകുപ്പു മേധാവിയായിരുന്ന രാജേഷ് സര്‍ (രാജേഷ് എം.ആര്‍) ഉള്‍പ്പെടെ കോളേജിലെ ഓരോരുത്തരെക്കുറിച്ചും നന്ദിയോടെയും സ്‌നേഹത്തോടെയും കടപ്പാടോടെയും ഓര്‍ക്കുന്നു. അവരുടെ പേരെടുത്തു പറഞ്ഞ് സ്‌നേഹത്തേയും കരുതലിനേയും കുറിച്ച് വാചാലനാകുന്നു. 

വരവേല്‍ക്കുന്ന മേളങ്ങള്‍

മറ്റുള്ളവര്‍ തനിക്കുവേണ്ടി സ്വന്തം കാര്യങ്ങളും സമയവും പാകപ്പെടുത്തുന്ന അനുഭവ പരമ്പര പറഞ്ഞാലും പറഞ്ഞാലും തീരില്ല ബിജുവിന്. കുറവുകളോടു ചേര്‍ന്നു നില്‍ക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നവര്‍. 23 വയസ്സ് വരെയുള്ള കാലത്ത് എത്രയോ വട്ടം ആവേശത്തോടെ കൂട്ടുകാരുമൊത്ത് പുതിയ സിനിമകള്‍ കണ്ടിരുന്ന തൃശൂര്‍ രാഗം തിയേറ്ററില്‍ 20 വര്‍ഷത്തിനുശേഷം പോയി പുതിയ സിനിമ കണ്ടത്, എല്ലാവര്‍ക്കുമൊപ്പം ഭാരത് ഹോട്ടലില്‍ കയറി മസാല ദോശ കഴിച്ചത്, കായംകുളം കൊച്ചുണ്ണിയുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനേയും നായകന്‍ നിവിന്‍ പോളിയേയുമൊക്കെ പരിചയപ്പെട്ടത്. ബിജുവിനുവേണ്ടി മാത്രമാണ് ക്ലാസ്സ് ഒന്നടങ്കം കായംകുളം കൊച്ചുണ്ണി കാണാന്‍ പോയത്. നാല് വര്‍ഷത്തിലധികം അടച്ചിട്ടിരുന്ന തിയേറ്റര്‍ നവീകരിച്ച് വീണ്ടും തുറന്ന ദിനമായിരുന്നു. അതിന്റെ മേളങ്ങളെല്ലാം തന്നെ വരവേല്‍ക്കാന്‍ ഒരുക്കിയതുപോലെ ബിജുവിന് അനുഭവപ്പെട്ടു. ''ഇന്ന് രാഗം തിയേറ്ററില്‍ 'കായംകുളം കൊച്ചുണ്ണി'യുടെ ആദ്യ ഷോ കാണുമ്പോള്‍, മുന്‍പില്‍ ഫാന്‍സുകാരുടെ ആരവങ്ങള്‍ക്കിടയില്‍ ദൃശ്യങ്ങള്‍ മാറിമറിയുമ്പോള്‍, സത്യത്തില്‍ മനസ്സ് പൂര്‍ണ്ണമായും സിനിമയിലായിരുന്നില്ല. സിനിമയെക്കാള്‍ അവിശ്വസനീയമായ ഒരു ജീവിതം എന്റെ തൊട്ടടുത്തെ കസേരയിലിരിപ്പുണ്ടായിരുന്നു. ബിജു പോള്‍. എം.എ ക്ലാസ്സിലെ എന്റെ കുട്ടി.'' ആ അനുഭവത്തെക്കുറിച്ച് ഒക്ടോബര്‍ 11-ന് ഫേസ്ബുക്കില്‍ ദീപാ നിശാന്ത് എഴുതി. '20 വര്‍ഷായി മിസ്സേ ഞാനിവിടേയ്ക്ക് വന്നിട്ട്'' എന്നു പറഞ്ഞ് ബിജു ആനന്ദത്തോടെയും ആര്‍ത്തിയോടെയും ചുറ്റും നോക്കുന്നുണ്ട്. രാഗത്തിലെ കര്‍ട്ടന്‍ പ്രത്യേക താളത്തിലുയരുന്നത് ഒരു കുട്ടിയെപ്പോല്‍ കൗതുകത്തോടെ ബിജു നോക്കിയിരിക്കുകയാണ്. ബിജു അവസാനമായി രാഗം തിയേറ്ററിലേക്ക് വരുന്നത് ടൈറ്റാനിക് കാണാനാണ്. 20 വര്‍ഷം മുന്‍പ്. ബിജുവിന്റെ പ്രിയപ്പെട്ട യമഹ ബൈക്കില്‍.'' അതില്‍ ഞാനങ്ങനെയുണ്ടല്ലോ എന്നു പറഞ്ഞ് ആ പോസ്റ്റിന്റെ കാര്യം ഓര്‍മ്മിപ്പിച്ചത് ബിജു തന്നെയാണ്. ''ലാലേട്ടന്റെയോ നിവിന്റെയോ കായംകുളം കൊച്ചുണ്ണി എന്ന സിനിമാ ദൃശ്യഭംഗിയെക്കാള്‍ തീവ്രമായി നില്‍ക്കുന്നത് ഇപ്പോഴും ആ ചോദ്യമാണ്, ബിജു സിനിമ കണ്ടിട്ട് എത്ര നാളായി. മനസ്സിന്റെ നൊമ്പരങ്ങള്‍ മനസ്സിലാക്കുക, ചേര്‍ന്നു നില്‍ക്കുക. നമസ്‌കരിക്കുന്നു മിസ്സേ ആ സ്‌നേഹത്തിനു മുന്നില്‍. ഇന്നു തുടക്കം മുതല്‍ അവസാനം വരെ തന്ന ആ കരുതല്‍ ഒന്നു മാത്രം മതി മിസ്സേ, വീല്‍ചെയറില്‍ കഴിയുന്ന ഒരു വിദ്യാര്‍ത്ഥിയായ എനിക്ക് കൂടുതല്‍ ജീവിത പ്രതീക്ഷകള്‍ പകരാന്‍'' എന്നാണ് ആ ദിവസം ബിജു എഴുതിയത്. 
ഇനി കോളേജ് കാന്റീനില്‍ക്കൂടി പോകണമെന്നുണ്ട്. മുകള്‍ നിലയിലല്ലെങ്കിലും കാന്റീന്‍ കെട്ടിടത്തിലേക്ക് വീല്‍ച്ചെയറിനു ചെല്ലാന്‍ പറ്റില്ല. അതും മറികടക്കാന്‍ കോളേജ് സഹായിക്കും വൈകാതെ. കേരളവര്‍മ്മയുടെ പരിമിത സൗകര്യങ്ങളില്‍ ഭിന്നശേഷി സൗഹൃദ മൂത്രപ്പുരയില്ല എന്നതാണ് അലട്ടുന്ന ഏക കാര്യം. അത് പരിഹരിക്കുന്നതും കോളേജിന്റെ പരിഗണനയിലുണ്ട്. സിനിമ കണ്ടതുപോലെ കടല്‍ കാണാനും കൂട്ടുകാരും അധ്യാപകരുമൊത്ത് പോകണമെന്നുമുണ്ട് ആഗ്രഹം. അതും വൈകാതെ നടക്കുമെന്നറിയാം. 
പ്രളയദുരിതബാധിതരെ സഹായിക്കുന്നതിന് എം.എ മലയാളം വകുപ്പ് സാഹിത്യ അക്കാദമി ഹാളില്‍ 'ചിത്രത്തോണി' പ്രദര്‍ശനം നടത്തിയിരുന്ന ദിവസങ്ങളായതുകൊണ്ട് അവിടെവച്ചാണ് ബിജുവിനെ കണ്ടത്. അതുകഴിഞ്ഞ് കോളേജിലേയ്ക്കു കൂടി ഒന്നിച്ചു പോയി. ക്ലാസ്സിലെ മറ്റു കുട്ടികളെ കണ്ടു. അവരില്ലെങ്കില്‍ ഞാന്‍ പൂര്‍ണ്ണനാകില്ല എന്നാണ് ബിജു പറയുന്നത്. അവരില്‍ ഏറ്റവും അടുപ്പമുള്ള കൂട്ടുകാരില്‍ ചിലരുടെ പേര് പറയാമോ എന്നു ചോദിച്ചു. എല്ലാവരും ഫ്രണ്ട്സാണ്, എന്നാലും അപര്‍ണ, അശ്വതി, സ്‌നേഹ, ചിഞ്ചു എന്നിങ്ങനെ പറഞ്ഞു വന്നപ്പോള്‍ 19 പേരുകളുമായി. അപ്പോള്‍ ബിജു ചിരിച്ചു: ''എല്ലാവരും ഫ്രണ്ട്സാണ്, ഒരാളുമില്ല അങ്ങനല്ലാതെ.'' ബിജുവിന്റെ ഓട്ടോയില്‍ സ്ഥിരം യാത്ര ചെയ്യുന്ന കൂട്ടുകാരുമുണ്ട്. 
അമ്മ തിരുവനന്തപുരം ആര്‍.സി.സിയിലെ ചികിത്സയിലാണ്. കീമോ തെറാപ്പി കഴിഞ്ഞു. നിശ്ചിത ഇടവേളകളില്‍ അവിടെ പോകണം. ഓട്ടോറിക്ഷയുടെ ഡീസല്‍ ചെലവ് മാസം 400 രൂപയോളം വരും. സഹോദരങ്ങളുടേയും മറ്റും സഹായത്തിലാണ് വീട്ടുചെലവുകള്‍. ഇതൊക്കെക്കൊണ്ട് സ്വന്തമായി ഒരു ജോലി ചെയ്ത് വരുമാനമുണ്ടാക്കുക എന്നത് കോഴ്സ് കഴിഞ്ഞാലുടന്‍ ആദ്യ പരിഗണനയിലുള്ള കാര്യമാണ്. അതിപ്പോ പഠിച്ചതിനു പറ്റിയ ജോലി തന്നെയാകണം എന്നു നിര്‍ബ്ബന്ധമൊന്നുമില്ല. പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ്, ജോലിക്കു വേണ്ടിയല്ല പഠിച്ചത് എന്നതാണ് ബിജുവിന്റെ ലൈന്‍. നേരത്തെ ബിജുവിനെ വിളിച്ച് ഭക്ഷണം കഴിച്ചോ മരുന്നു കഴിച്ചോ എന്നൊക്കെ ചോദിച്ചിരുന്ന ചേച്ചിമാരും ചേട്ടനുമൊക്കെ ഇപ്പോള്‍ കേരളവര്‍മ്മയിലെ വിശേഷങ്ങളാണ് ചോദിക്കുന്നത്. ചേട്ടന് വീട് മാറിപ്പോകാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. ഇപ്പോഴും എന്താവശ്യത്തിനും ഓടിയെത്തും. ചേച്ചിമാരും. അമിത സഹതാപംകൊണ്ട് വഷളാക്കിയില്ല എന്നു പറയും ബിജു. സ്‌നേഹക്കൂടുതല്‍ കൊണ്ടായിരുന്നു അതെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ''നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് ഞാന്‍ എത്ര നല്‍കിയാലും അത് പകരമാകില്ല. ഒന്നു ഞാന്‍ ഉറപ്പുതരുന്നു, നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന്റെ നിറവില്‍ ഞാന്‍ കണ്ടെത്തിയ ജീവിതസൗന്ദര്യം അത് ഞാന്‍ പ്രതീക്ഷയോടെ നിലനിര്‍ത്തും. അതാണ് ഞാന്‍ തിരിച്ചുതരുന്ന എന്റെ സ്‌നേഹസമ്മാനം'' എന്നാണ് ചേച്ചിമാരുമായുള്ള ഫോട്ടോയിലെ പോസ്റ്റില്‍ ബിജു എഴുതിയത്. ബിജു ഹോപ് എന്നാണ് ബിജുവിന്റെ ഫേസ്ബുക്ക് ഐഡി. പ്രതീക്ഷയുടെ അടങ്ങാത്ത തിരി കഴിയുന്നിടത്തൊക്കെ കൊളുത്തിവയ്ക്കുകയാണ് ഇഷ്ടമുള്ള കാര്യം. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കുമെന്നും നമ്മള്‍ കാണുന്ന കാഴ്ചയ്ക്കപ്പുറം മറ്റൊരു കാഴ്ചയുണ്ടാകുമെന്നും ബിജു പറയുന്നത് വായിച്ചറിഞ്ഞ തത്ത്വമല്ല, സ്വന്തം അനുഭവം.

 
മൂന്നാം നിലയില്‍നിന്ന് എം.എ മലയാളം ക്ലാസ്സിനെ താഴേയ്ക്ക് കൊണ്ടുവരികയാണ് കേരളവര്‍മ്മ കോളേജ് ആദ്യം ചെയ്തത്. പഠിതാവിന് മുകളിലേയ്ക്ക് കയറാന്‍ വയ്യാത്തതുകൊണ്ട് ക്ലാസ്സ് താഴേയ്ക്കു വരുന്ന അപൂര്‍വ്വ അനുഭവം. ആ ക്ലാസ്സ് മുറി എം.കോമിന്റേതായിരുന്നു. അവര്‍ മാറിക്കൊടുത്തു. ബിജു ഉള്‍പ്പെട്ട എം.എ മലയാളം ക്ലാസ്സ് ഈ വര്‍ഷം കഴിയുന്നതോടെ ക്ലാസ്സ് വീണ്ടും പടി കയറും; എം.കോം ക്ലാസ്സ് തിരിച്ചും വരും. 
''ചോറ് പൊതിഞ്ഞു തരുമ്പോള്‍ ഞാന്‍ അമ്മേടെ മുഖത്തേക്ക് നോക്കും. എന്റെ മകന്‍ ജീവിതത്തില്‍ തോറ്റുപോയില്ലല്ലോ എന്ന സന്തോഷമാണ് അവിടെ. ദിവസത്തിന്റെ തുടക്കം അങ്ങനെയായതുകൊണ്ടാകണം എനിക്ക് എപ്പോഴും നല്ല ഉത്സാഹമാ'' എന്ന് ബിജു പറയുമ്പോള്‍ കണ്ണീര്‍ നനവൊന്നുമില്ല വാക്കുകളില്‍. അങ്ങനെ നനഞ്ഞിരിക്കാന്‍ മനസ്സുമില്ല. 


മാറ്റങ്ങളുടെ കാമ്പസ് 

വിവിധ കോഴ്സുകളിലായി ഒന്നാം വര്‍ഷം എത്തിയവരും അവസാന വര്‍ഷം പോകുന്നതുമൊക്കെയായി അറുപതിനടുത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ എപ്പോഴുമുണ്ടാകും കേരളവര്‍മ്മ കോളേജില്‍. നിലവില്‍ 53 കുട്ടികളുണ്ട്. കാഴ്ച കുറഞ്ഞവരും കുറഞ്ഞ തോതില്‍ ഓട്ടിസം ബാധിച്ച കുട്ടികളുമുള്‍പ്പെടെ. അവരിലൊരാളും വന്നതുപോലെയല്ല തിരിച്ചുപോകുന്നത്. വ്യക്തിത്വത്തിലും കാഴ്ചപ്പാടുകളിലുമൊക്കെ വലിയ മാറ്റങ്ങള്‍ ഈ കാമ്പസ് നല്‍കുന്നു. അവരുടെ അച്ഛനും അമ്മയുമൊക്കെത്തന്നെ പറഞ്ഞാണ് അധ്യാപകര്‍ ഇത് അറിയുന്നത്. കോളേജ് തുടങ്ങിയ കാലം മുതല്‍ അങ്ങനെയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന രീതിയുണ്ട്. എത്രയോ കുട്ടികള്‍ പഠിച്ചിറങ്ങി.
ഇവിടെ ബിരുദം കഴിഞ്ഞ് തൃശൂരിലെത്തന്നെ എയ്ഡഡ് കോളേജില്‍ ബിരുദാനന്തര ബിരുദ പ്രവേശനം കിട്ടിയ കാഴ്ചയില്ലാത്ത പെണ്‍കുട്ടി തിരിച്ചുവരാന്‍ കരഞ്ഞ് അപേക്ഷിച്ചതും പ്രവേശനം നല്‍കിയതുമായ അനുഭവമുണ്ട്. ''എങ്ങനെ പഠിക്കും, ആര് വായിച്ചു തരും, ആര് പരീക്ഷ എഴുതിത്തരും?'' തുടങ്ങിയ കുറേ ചോദ്യങ്ങള്‍ ആദ്യ ദിവസം തന്നെ ആ കോളേജിലെ ഉത്തരവാദപ്പെട്ടവരില്‍നിന്നു മുഖത്തേയ്ക്കു വന്നു വീണപ്പോഴാണ് കുട്ടി കരഞ്ഞുപോയത്. മൂന്നു വര്‍ഷം കേരളവര്‍മ്മ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ ഈ ചോദ്യങ്ങളൊന്നും നേരിട്ടിരുന്നില്ല. വായിച്ചു കൊടുക്കാനും എഴുതിക്കൊടുക്കാനും കൈപിടിച്ചു നടത്താനും ഒരു കാമ്പസ് അങ്ങനെതന്നെയായിരുന്നു കൂടെ. അതുതന്നെയാണ് കേരളവര്‍മ്മയുടെ പ്രത്യേകതയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com