മരണത്തിന്റെ നിലവറയില്‍: ആന്‍ഡമാന്‍ യാത്ര തുടരുന്നു

ഈ 'സിംഹാസന'ത്തില്‍ ഇരുന്നാണ് ഡേവിഡ്ബാരി ഉള്‍പ്പെടെയുള്ള ക്രൂരന്മാരായ ജയിലര്‍മാര്‍ തടവുകാരെ തല്ലാനും കൊല്ലാനുമുള്ള ആജ്ഞകള്‍   പുറപ്പെടുവിച്ചിരുന്നത്.
മരണത്തിന്റെ നിലവറയില്‍: ആന്‍ഡമാന്‍ യാത്ര തുടരുന്നു

സെല്ലുലാര്‍ ജയിലിന്റെ ഗേറ്റ് കടക്കുമ്പോള്‍ ഒരു കെട്ടിടം കാണാം. അതിനുള്ളില്‍ നമ്മെ സ്വാഗതം ചെയ്യുന്നത് സിംഹാസനം പോലെ തോന്നിക്കുന്ന തടിക്കസേരയാണ്. ഈ 'സിംഹാസന'ത്തില്‍ ഇരുന്നാണ് ഡേവിഡ്ബാരി ഉള്‍പ്പെടെയുള്ള ക്രൂരന്മാരായ ജയിലര്‍മാര്‍ തടവുകാരെ തല്ലാനും കൊല്ലാനുമുള്ള ആജ്ഞകള്‍   പുറപ്പെടുവിച്ചിരുന്നത്. തുടര്‍ന്നു കാണുന്നത് എണ്ണയാട്ടുന്ന ചക്ക് ആണ്. ഈ ചക്കിനും പറയാനുണ്ട്, ക്രൂരതയുടെ ഒരായിരം കഥകള്‍.

എല്ലാ ദിവസവും ഒരു തടവുകാരനെ കുറേയേറെ നാളികേരങ്ങള്‍ നല്‍കി എണ്ണയാട്ടാന്‍ ഏല്പിക്കുകയായിരുന്നു പതിവ്. വൈകുന്നേരമാകുമ്പോള്‍ എത്ര ലിറ്റര്‍ എണ്ണ കിട്ടണമെന്ന് ജയിലര്‍മാര്‍ ഒരു കണക്കുവെച്ചിട്ടുണ്ട്. എന്നാല്‍ ചക്കാട്ടി അത്രയും എണ്ണ എടുക്കുക എന്നത് മനുഷ്യസാദ്ധ്യമല്ല. തടവുകാരന്‍ വൈകുന്നേരം വരെ ഉഴവുകാളയെപ്പോലെ കനത്ത ഭാരമുള്ള ചക്കിന്റെ ചക്രം തിരിച്ചുകൊണ്ടിരിക്കും. ഒരു നിമിഷം പോലും വിശ്രമിക്കാനാവില്ല. അഞ്ചാറു മണിക്കൂര്‍ കഴിയുമ്പോള്‍ത്തന്നെ പേശികള്‍ ഉടഞ്ഞ് കഠിനമായ വേദന ആരംഭിക്കും. വേദന സഹിച്ചും ചക്ക് തിരിച്ചേ പറ്റൂ. ഒടുവില്‍ വൈകുന്നേരമാകുമ്പോള്‍  എണ്ണ തൂക്കിനോക്കും. ജയിലധികാരികള്‍ നിഷ്‌കര്‍ഷിച്ച അളവില്‍ എണ്ണ ഉണ്ടാവില്ലെന്നുറപ്പാണ്. അതോടെ ആ പേരും പറഞ്ഞ് മുക്കാലില്‍ കെട്ടി ചാട്ടവാറടി തുടങ്ങും. പേശികള്‍ തകര്‍ന്നും ശരീരമാസകലം പൊട്ടിയൊലിച്ചും ആ പാവം പിന്നെ മാസങ്ങളോളം എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയിലാകും. 

സെല്ലുലാര്‍ ജയിലിലെ കഴുമരം ഈ കെട്ടിടത്തിനുള്ളിലാണ്‌
സെല്ലുലാര്‍ ജയിലിലെ കഴുമരം ഈ കെട്ടിടത്തിനുള്ളിലാണ്‌

ജയിലിലെ പീഡനമുറകളില്‍ പ്രതിഷേധിച്ച് ചിലര്‍ നിരാഹാരം അനുഷ്ഠിക്കാറുണ്ട്. ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അവരില്‍ പലരും ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങിയും അന്നനാളത്തിന് പരിക്കേറ്റും മരിക്കുകയാണുണ്ടായത്. പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തവരും നിരവധിയുണ്ട്. മരിച്ചവരേയും തൂക്കിലേറ്റപ്പെട്ടവരേയും കടലില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു പതിവ്. അവരുടെ രക്തം വീണ് കലങ്ങിയ കടലിനെയാണ് കാലാപാനി എന്നു വിളിച്ചിരുന്നത്.

പീഡനങ്ങളുടെ കെട്ടിടത്തില്‍നിന്നും നടന്നെത്തിയത് കഴുമരങ്ങളുടെ വീട്ടിലേക്കാണ്. ഒരേ നിരപ്പില്‍ മൂന്ന് തൂക്കുകയറുകള്‍. നിലത്ത് തടിപ്പലക. കഴുത്തില്‍ കൊലക്കയര്‍ ധരിപ്പിച്ചു കഴിഞ്ഞാല്‍ താഴെ നിന്ന് ഒരാള്‍ പലക തള്ളിമാറ്റും. കൊലക്കയര്‍ മുറുകി, ആ ഹതഭാഗ്യന്‍ തൂങ്ങിയാടും. കയര്‍ അറുത്തുമാറ്റുമ്പോള്‍ മൃതദേഹം താഴത്തെ നിലവറയിലേക്ക് വീഴും. ഡോക്ടര്‍ താഴെയെത്തി മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ പിന്നെ മൃതദേഹം വള്ളത്തില്‍ കയറ്റി കടലില്‍ കൊണ്ടുപോയി താഴ്ത്തും. മൂന്നു പേരെ ഒരേ സമയത്ത് തൂക്കിലേറ്റിയ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്, സെല്ലുലാര്‍ ജയിലില്‍.

എത്രയോ ഭാഗ്യഹീനരുടെ അവസാന ശ്വാസത്തിനും തേങ്ങലിനും കണ്ണീരിനും വേദിയായ ആ കൊലമരത്തിനു മുന്നില്‍ കുറച്ചുനേരം നമ്രശീര്‍ഷനായി നിന്നു. പിന്നെ പടിയിറങ്ങി നിലവറയിലെത്തി. ചങ്കുപൊട്ടുന്ന ഏകാന്തത. മരണഗന്ധം പേറുന്ന കെട്ട വായു. ചരിത്രമറിയാവുന്ന അവിടെ ആര്‍ക്കും അധികനേരം നില്‍ക്കാനാവില്ല.

ഞാനും നിങ്ങളും ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍നിന്നു മോചിപ്പിക്കാനായി ഈ കഴുമരത്തില്‍ തൂങ്ങിയാടിയ ധീരദേശാഭിമാനികള്‍ക്ക് ഒരു നിമിഷം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചിട്ട് ഞാന്‍ നിലവറയുടെ പടികയറി.
കഴുമര വീടിനോടു ചേര്‍ന്നുള്ള ഗേറ്റിലൂടെ സെല്ലുകളിലേക്ക് പ്രവേശിച്ചു. തുടക്കത്തില്‍ കാണുന്നത് കണ്ടംഡ് സെല്ലുകളാണ്. തൂക്കുകയര്‍ കാത്തിരിക്കുന്നവരേയും ഏകാന്തതടവുകാരേയും പാര്‍പ്പിക്കുന്നത് ഇവിടെയാണ്. തുടര്‍ന്ന് നീണ്ട വരാന്ത. വരാന്തയുടെ അറ്റത്ത്, മേലേയ്ക്കുള്ള പടികളില്‍ ഒരു ബോര്‍ഡ് ''വീര്‍സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്‍.''

സവര്‍ക്കറിന്റെ സെല്ലില്‍
രണ്ടാംനിലയുടെ ഏറ്റവും അറ്റത്ത്, രണ്ട് ഇരുമ്പുഗേറ്റുകള്‍ക്കുള്ളിലാണ് സ്വാതന്ത്ര്യ സമരസേനാനിയും കവിയും അഭിഭാഷകനും നാടകകൃത്തുമൊക്കെയായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറും സഹോദരന്‍ ഗണേഷ് ദാമോദരന്‍ സവര്‍ക്കറും തടവില്‍ കഴിഞ്ഞ സെല്‍. ഇന്ത്യാഹൗസ് എന്ന വിപ്ലവസംഘടനയില്‍ ചേര്‍ന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് 1910-ലാണ് സവര്‍ക്കറെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റു ചെയ്തത്. 50 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അദ്ദേഹത്തിന് കോടതി വിധിച്ചത്.

തടവുകാരെ എണ്ണയാട്ടിക്കുന്ന പോലെയുള്ള ക്രൂരതകള്‍ അരങ്ങേറിയിരുന്നത് ഇവിടെയാണ്
തടവുകാരെ എണ്ണയാട്ടിക്കുന്ന പോലെയുള്ള ക്രൂരതകള്‍ അരങ്ങേറിയിരുന്നത് ഇവിടെയാണ്

1911 ജൂലായ് 4-ന് അദ്ദേഹത്തെ സെല്ലുലാര്‍ ജയിലിലേക്കയച്ചു. അവിടെയും സവര്‍ക്കര്‍ ഒരു വിപ്ലവകാരിയായി തുടര്‍ന്നു. തടവുകാരെ നിര്‍ബന്ധിച്ച് കഠിന ജോലികള്‍ ചെയ്യിക്കുന്നതിനെതിരെ അദ്ദേഹം കലാപം ഉയര്‍ത്തി. ഇന്ത്യയിലെ സവര്‍ക്കറുടെ ജനപിന്തുണ അറിയാവുന്നതുകൊണ്ട് ഡേവിഡ്ബാരി വലിയ ക്രൂരതകളൊന്നും അദ്ദേഹത്തോട് കാട്ടിയില്ല. എന്നാല്‍, ഏകാന്ത തടവിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചത്. എന്തായാലും സെല്ലുലാര്‍ ജയിലില്‍ ഒരു ലൈബ്രറി സ്ഥാപിക്കാനും തടവുകാരെ അക്ഷരം പഠിപ്പിക്കാനും മുന്‍കൈയെടുത്ത് 10 വര്‍ഷം സവര്‍ക്കര്‍ അവിടെ തുടര്‍ന്നു.

മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ സവര്‍ക്കറുടെ മോചനത്തിനായി മുറവിളി ഉയര്‍ത്തുന്നുണ്ടായിരുന്നു. അങ്ങനെ 1921-ല്‍ സവര്‍ക്കറേയും സഹോദരനേയും മഹാരാഷ്ട്രയിലെ രത്‌നഗിരി ജയിലിലേക്ക് മാറ്റി. 1937 വരെ അദ്ദേഹം അവിടെയും വീട്ടുതടങ്കലിലുമായി തുടര്‍ന്നു. 

പില്‍ക്കാലത്ത് ഹിന്ദുക്കളുടെ ഏകീകരണത്തിലും ഹിന്ദുമഹാസഭയുടെ രൂപീകരണത്തിലുമൊക്കെ പ്രധാന പങ്കുവഹിച്ച സവര്‍ക്കറുടെ പേരിലാണ് പോര്‍ട്ട്ബ്ലെയറിലെ എയര്‍പോര്‍ട്ട് അറിയപ്പെടുന്നത് - വീര്‍സവര്‍ക്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. സെല്ലുലാര്‍ ജയിലിനു മുന്നില്‍ നമ്മെ സ്വാഗതം ചെയ്യുന്നതും സവര്‍ക്കറുടെ പൂര്‍ണ്ണകായ പ്രതിമയാണ്.
പത്തുവര്‍ഷം സവര്‍ക്കര്‍ ചെലവഴിച്ച ആ മുറിയില്‍ ചെറിയ പീഠത്തില്‍ അദ്ദേഹത്തിന്റെ ഛായാചിത്രങ്ങള്‍ വെച്ചിട്ടുണ്ട്. കൈയും കാലും ഇരുമ്പുചങ്ങലയാല്‍ ബന്ധിക്കപ്പെട്ടു നില്‍ക്കുന്ന സവര്‍ക്കറുടെ ചിത്രവും ഭിത്തിയിലുണ്ട്. 
വീണ്ടും പടവുകള്‍ കയറി ടെറസ്സിലെത്തി. മൂന്ന് സെല്‍ കെട്ടിടങ്ങള്‍ ഒന്നിക്കുന്ന ബിന്ദുവില്‍ ഒരു നിരീക്ഷണ ഗോപുരം ഉയര്‍ന്നുനില്‍ക്കുന്നു. അതിലേക്ക് കയറാന്‍ തടി ഗോവണിയുണ്ട്.

എണ്ണയാട്ടുന്ന ചക്ക്
എണ്ണയാട്ടുന്ന ചക്ക്

അവിടെനിന്നും നോക്കുമ്പോള്‍ ജയിലിനു പിന്നിലെ നീലക്കടലും അതില്‍ ഒഴുകിനീന്തുന്ന കപ്പലുകളും കാണാം. അതിനു പിന്നില്‍ ബ്രിട്ടീഷുകാര്‍ അവരുടെ വാസസ്ഥലമാക്കി മാറ്റിയ സ്വര്‍ഗ്ഗഭൂമി റോസ് ഐലന്‍ഡ്.
നീണ്ട ഏഴ് സെല്‍ കെട്ടിടങ്ങളാണ്  ആരക്കാലുകള്‍പോലെ, സെല്ലുലാര്‍ ജയിലിനുണ്ടായിരുന്നത് എന്നു തുടക്കത്തില്‍ പറഞ്ഞല്ലോ. അവയില്‍ നാലും പിന്നീട് പൊളിച്ചു മാറ്റപ്പെട്ടു. അവയുടെ കല്ലും തടിയും ഉപയോഗിച്ചു നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങളുണ്ട് പോര്‍ട്ട്ബ്ലെയറില്‍. അവയിലൊന്നാണ് ജയിലിനു പിന്നില്‍ കാണുന്ന ഗോവിന്ദ് വല്ലഭ്പന്ത് ജനറല്‍ ആശുപത്രിയുടെ കെട്ടിടം. 500 ബെഡുകളും 40 ഡോക്ടര്‍മാരുമുള്ള വലിയ ആശുപത്രിയാണിത്.

ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ തീരാക്കളങ്കമായിരുന്ന സെല്ലുലാര്‍ ജയിലിന്റെ പ്രതാപം നശിച്ചുതുടങ്ങിയത് 1933-ലാണ്. തടവുകാര്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെ നിരാഹാര സമരം നടത്തിയ മൂന്ന് സ്വാതന്ത്ര്യസമരസേനാനികള്‍ ബലം പ്രയോഗിച്ച് പാല്‍ കുടിപ്പിക്കുന്നതിനിടെ മരണപ്പെട്ടത് രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കി. ജനരോഷം ഭയന്ന് ഒരു വര്‍ഷത്തോളം ബ്രിട്ടീഷ് കിരാതന്മാര്‍ ക്രൂരതകള്‍ പുറത്തെടുത്തില്ല.

1934-ല്‍ വീണ്ടും ജയിലര്‍മാര്‍ മൂന്നാം മുറകള്‍ പ്രയോഗിച്ചുതുടങ്ങി. എന്നാല്‍ 1937-ല്‍ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചതോടെ 230 തടവുകാര്‍ ഒരുമിച്ച് നിരാഹാരം തുടങ്ങി. ഇന്ത്യയിലെങ്ങും അവരെ പിന്തുണച്ച് പ്രകടനങ്ങളും ലഹളകളും നടന്നു. മഹാത്മാ ഗാന്ധിയും ടാഗോറും തടവുകാരുടെ ആരോഗ്യനിലയില്‍ ആശങ്കാകുലരായി. അവര്‍ പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടു.
45 ദിവസം നീണ്ട നിരാഹാര സമരം ഫലം കണ്ടു. എല്ലാ രാഷ്ട്രീയത്തടവുകാരേയും ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉത്തരവായി. 
1937 സെപ്റ്റംബറില്‍ ആദ്യബാച്ച് തടവുകാര്‍ ഇന്ത്യയിലേക്ക് കപ്പല്‍ കയറി. 1938 ജനുവരി 18-ന് അവസാന ബാച്ചും പോര്‍ട്ട്ബ്ലെയര്‍ വിട്ടതോടെ സെല്ലുലാര്‍ ആളൊഴിഞ്ഞ അവസ്ഥയിലായി.

ഇരുമ്പു ചങ്ങലയില്‍ ബന്ധിപ്പിക്കപ്പെട്ടിരുന്ന തടവുകാര്‍- ശില്‍പം
ഇരുമ്പു ചങ്ങലയില്‍ ബന്ധിപ്പിക്കപ്പെട്ടിരുന്ന തടവുകാര്‍- ശില്‍പം


ഏറെ താമസിയാതെ രണ്ടാംലോകമഹായുദ്ധം തുടങ്ങി. 1942 മാര്‍ച്ച് 23-ന് ജപ്പാന്‍ സൈന്യം ആന്‍ഡമാന്‍ പിടിച്ചടക്കി. 1943 നവംബര്‍ 6-ന് സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ആസാദ്ഹിന്ദ് ഗവണ്‍മെന്റിന് ആന്‍ഡമാന്‍ ദ്വീപുകള്‍ കൈമാറുന്നതായി ജാപ്പാനീസ് അധികൃതര്‍ വിളംബരമിറക്കി. അങ്ങനെ ഇന്ത്യയുടെ മെയിന്‍ലാന്‍ഡ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനു മുന്‍പേ ആന്‍ഡമാന്‍ സ്വതന്ത്രമായി എന്നു പറയാം.

ഒരേ സമയം മൂന്നു പേരെ തൂക്കിയിട്ടിരുന്ന കഴുമരം
ഒരേ സമയം മൂന്നു പേരെ തൂക്കിയിട്ടിരുന്ന കഴുമരം


പക്ഷേ, സ്വാതന്ത്ര്യം നീണ്ടുനിന്നില്ല. 3 വര്‍ഷം കഴിഞ്ഞ് ആന്‍ഡമാന്‍ വീണ്ടും ബ്രിട്ടീഷുകാരുടെ കീഴിലായി. 1947 ആഗസ്റ്റ് 15-ന് മെയിന്‍ലാന്‍ഡിനൊപ്പം സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നേടുകയും ചെയ്തു.
പകല്‍ മുഴുവന്‍ ചുറ്റിനടന്ന ശേഷം വൈകിട്ട് ലൈറ്റ് ആന്റ് സൗണ്ട് ഷോ കാണാന്‍ ജയിലില്‍ തിരിച്ചെത്തി. നടുമുറ്റത്തെ കസേരകള്‍ നിറഞ്ഞുകവിഞ്ഞ് ജനമുണ്ട്. പരിപൂര്‍ണ്ണ നിശ്ശബ്ദതയില്‍, ഇരുട്ടില്‍ ഷോ തുടങ്ങി. ആദ്യം വെളിച്ചം വീണത് നടുമുറ്റത്തിന്റെ  ഓരത്തു നില്‍ക്കുന്ന അരയാലിന്റെ മേലാണ്. സെല്ലുലാര്‍ ജയിലിന്റെ ചരിത്രത്തിനു സാക്ഷിയായ ഈ അരയാല്‍, ജയിലിന്റെ കഥ പറയുന്ന  രീതിയിലാണ് ലൈറ്റ് ആന്റ് സൗണ്ട് ഷോ സംവിധാനം ചെയ്തിരിക്കുന്നത്. അരയാലിന്റെ ശബ്ദം കേട്ടു പരിചയമുള്ളതാണല്ലോ എന്നു തോന്നി. അല്പനേരം കഴിഞ്ഞപ്പോള്‍ ബോധ്യമായി, അത് ഓംപുരിയുടെ ശബ്ദമാണെന്ന്. നിര്‍മ്മാണം മുതല്‍ സ്മാരകമായി പ്രഖ്യാപിക്കുന്നതുവരെയുള്ള ജയിലിന്റെ ചരിത്രം വെളിച്ചത്തിലൂടെയും ശബ്ദവിന്യാസത്തിലൂടെയും അവതരിപ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഗംഭീരമായി എന്നു പറയാതെ വയ്യ.

പിറ്റേ ദിവസം രാവിലെ ഹാവ്ലോക്ക് ദ്വീപിലേക്ക് പോകാനായി ഫെറി ബുക്ക് ചെയ്തിരുന്നു. 'മക്രുസ്' എന്ന കമ്പനിയുടെ ഫെറിയാണ്. ഡീലക്സ് ക്ലാസ്സില്‍ 1407 രൂപയാണ് ഒരു വശത്തേക്കുള്ള യാത്രാനിരക്ക്.  ഒരു ട്രാവല്‍ ഏജന്റിനോടു ചോദിച്ചപ്പോള്‍ ഇതേ ടിക്കറ്റിന് 2500 രൂപയാണ് നിരക്ക് പറഞ്ഞത്!

തൂക്കി കൊല്ലുന്നവര്‍ വന്നു വീഴുന്ന, കഴുമരത്തിന് താഴെയുള്ള നിലവറ
തൂക്കി കൊല്ലുന്നവര്‍ വന്നു വീഴുന്ന, കഴുമരത്തിന് താഴെയുള്ള നിലവറ


വൈകുന്നേരം വീണ്ടും നഗരപ്രദക്ഷിണത്തിനിറങ്ങി. ഇക്കുറി ചെന്നു പെട്ടത് ബസ് സ്റ്റാന്റിലാണ്. മലപ്പുറത്തെ ഏതോ ബസ് സ്റ്റാന്റില്‍ ചെന്നുപെട്ട അനുഭവമാണുണ്ടായത്. കാരണം, മലപ്പുറത്തിന്റെ വിവിധ ഭാഗത്തേക്കു പുറപ്പെടുന്ന ബസുകളാണ് ഏറെയും! തിരൂര്‍, വണ്ടൂര്‍, കാലിക്കട്ട്, മഞ്ചേരി എന്നിങ്ങനെയുള്ള പേരുകള്‍ നെഞ്ചിലേറ്റിയാണ് ബസുകളുടെ കിടപ്പ്. എല്ലാം ആന്‍ഡമാനിലെ വിവിധ മാപ്പിള സെറ്റില്‍മെന്റുകളിലേക്കുള്ള ബസ്സുകളാണ്. മാപ്പിള ലഹള കാലത്ത് ആന്‍ഡമാനിലെത്തിയ മലബാറിലെ മുസ്ലിങ്ങള്‍ ആന്‍ഡമാനില്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുകയും അവയ്ക്ക് ജന്മനാട്ടിലെ പേരുകളിടുകയും ചെയ്തത് മുന്‍പൊരു അദ്ധ്യായത്തില്‍ വിവരിച്ചിരുന്നല്ലോ.

ബസിന്റെ ബോര്‍ഡുകള്‍ വായിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ഞാന്‍ മുന്‍പൊരിക്കല്‍ കോഴിക്കോടിനടുത്തുള്ള പേരാമ്പ്ര എന്ന സ്ഥലത്തു പോയതോര്‍ത്തു. കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ ലോഡ്ജില്‍ ഒപ്പം താമസിച്ചിരുന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവ് വിജയന്റെ നാടാണ് പേരാമ്പ്ര. ഒരിക്കല്‍ വിജയന്റെ വീടു സന്ദര്‍ശിച്ചപ്പോള്‍ കിഴക്കന്‍ മലയോര പ്രദേശങ്ങള്‍ കാണാനായി ജീപ്പില്‍ പുറപ്പെട്ടു. ഒരു ചെറിയ അങ്ങാടിയില്‍ ജീപ്പു നിര്‍ത്തിയപ്പോള്‍ ആ സ്ഥലത്തിന്റെ പേര് ശ്രദ്ധിച്ചു - പാമ്പാടി. കോട്ടയത്തെ എന്റെ ജന്മസ്ഥലത്തിന്റെ അതേ പേര്. 'പാമ്പാടി'യിലെ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ സ്ഥലനാമം എവിടുന്നു വന്നു എന്ന് അടുത്തിരുന്നയാളോട് ചോദിച്ചു. ഈ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും കോട്ടയത്തെ പാമ്പാടിയില്‍നിന്ന് കുടിയേറിയവരാണെന്നും അവരീ മലമ്പ്രദേശത്തിന് നല്‍കിയ പേര് പാമ്പാടി എന്നുതന്നെയാണെന്നും അയാള്‍ വിശദീകരിച്ചു. ഞാന്‍ പാമ്പാടിക്കാരനാണെന്നു പറഞ്ഞപ്പോള്‍ എന്നാല്‍ ഇനിയും കൗതുകങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ടെന്ന് അയാള്‍ പറഞ്ഞു. മുന്നോട്ടുപോകുമ്പോള്‍ കാണുന്ന ഓരോ സ്ഥലത്തിനും കോട്ടയം ജില്ലയിലെ സ്ഥലപ്പേരുകളാണത്രേ. അയര്‍ക്കുന്നം, പാല, പൊന്‍കുന്നം എന്നിങ്ങനെ. ഓരോ സ്ഥലത്തു നിന്നും കുടിയേറുന്നവര്‍ ജന്മദേശത്തോടുള്ള സ്‌നേഹം മൂലം എത്തിപ്പെടുന്ന സ്ഥലത്തിനും അതേ പേരു നല്‍കുന്നത് ജാതിമത വ്യത്യാസമില്ലാത്ത മലയാളികളുടെ രീതിയാണെന്നു തോന്നുന്നു.
ബസ് സ്റ്റാന്റില്‍ അല്പനേരം കാഴ്ചകണ്ടു നിന്നിട്ട് വീണ്ടും നടന്നു. ജീവിക്കാന്‍ സുഖമുള്ള നാടാണ് ആന്‍ഡമാന്‍. വലിയ തിരക്കോ ജീവിക്കാന്‍ വേണ്ടിയുള്ള പരക്കംപാച്ചിലോ ഇല്ല. ഗതാഗതക്കുരുക്കോ അമിതവേഗതയോ ഇല്ല. സ്വസ്ഥതയും സമാധാനവുമുള്ള ജീവിതത്തിന്റെ ലക്ഷണങ്ങള്‍ എവിടെയും ദര്‍ശിക്കാം.

വീര്‍ സവര്‍ക്കര്‍ തടവില്‍ കഴിഞ്ഞ മുറി
വീര്‍ സവര്‍ക്കര്‍ തടവില്‍ കഴിഞ്ഞ മുറി


വീണ്ടും നടപ്പു തുടരുമ്പോഴാണ് നഗരമദ്ധ്യത്തിലെ ഒരു ചെറിയ കുന്നിന്റെ മുകളില്‍ ആ കെട്ടിടം കണ്ടത് - പോര്‍ട്ട്ബ്ലെയര്‍ കേരള സമാജം. ചുവപ്പും മഞ്ഞയും പെയിന്റടിച്ച ഒരു പഴയ കെട്ടിടം. കേരള സമാജം എന്ന് എഴുതിയിരിക്കുന്ന രീതി കണ്ടാലറിയാം, വളരെ പഴക്കമുള്ള കെട്ടിടമാണെന്ന്.
മെല്ലെ കുന്നുകയറി സമാജത്തിന്റെ മുറ്റത്തെത്തി. ഉള്ളില്‍ നൃത്തച്ചുവടുകളുടെ ശബ്ദവും പതിഞ്ഞ ഈണത്തില്‍ പാട്ടും കേള്‍ക്കാം. വൈകുന്നേരങ്ങളിലെ ഡാന്‍സ് ക്ലാസ്സ് നടക്കുകയാണ്. പത്തിലേറെ കുട്ടികളുണ്ട്. ഉള്ളിലെ ഓഡിറ്റോറിയത്തിലാണ് നൃത്തപരിശീലനം. മറ്റു മുറികള്‍ പൂട്ടിയിട്ടിരിക്കുകയാണ്.

കുട്ടികളെ ശല്യപ്പെടുത്തേണ്ട എന്നു കരുതി തിരിഞ്ഞുനടക്കുമ്പോള്‍ കേരളത്തിന്റെ ദേശീയ വസ്ത്രമായ നൈറ്റി ധരിച്ച ഒരു ചേച്ചി എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. ഭാരവാഹികള്‍ ആരുമില്ലേ എന്നു ചോദിച്ചപ്പോള്‍ അവരൊക്കെ ആഴ്ചയിലൊരിക്കലോ അവധി ദിവസങ്ങളിലോ മാത്രമേ വരാറുള്ളൂ എന്നു ചേച്ചി മറുപടി പറഞ്ഞു. അല്ലാത്ത സമയങ്ങളില്‍ ചേച്ചിയുടെ ഭര്‍ത്താവാണ് മേല്‍നോട്ടം. അദ്ദേഹം പുറത്തെവിടെയോ പോയിരിക്കുകയാണ്. കൊല്ലം സ്വദേശിയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്.  അവര്‍ ഡാന്‍സ് പഠിക്കാനായി ഓഡിറ്റോറിയത്തിലുണ്ട്. പരിശീലനം കഴിഞ്ഞ് അവരെ വീട്ടിലേക്ക് കൊണ്ടുപോകാനായി കാത്തുനില്‍ക്കുകയാണ് ചേച്ചി.

മത്സ്യവിഭവങ്ങളുടെ ദ്വീപ്

കേരള സമാജത്തിന്റെ പ്രസിഡന്റും നോവലിസ്റ്റുമായ ജയരാജനെ പിന്നീട് ഫെയ്മസ് ബേക്കറിയില്‍വെച്ച് പരിചയപ്പെട്ടത് എഴുതിയിരുന്നല്ലോ. 1949-ലാണ് ഈ കേരള സമാജം പ്രവര്‍ത്തനം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 800-ലധികം അംഗങ്ങളുണ്ട്. എല്ലാവരും സമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാണ്. എല്ലാ വിശേഷ ദിവസങ്ങളിലും അവര്‍ കുടുംബസമേതം ഇവിടെ ഒത്തുകൂടുന്നു. ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടാനായി നാട്ടില്‍നിന്ന് സിനിമാ-സീരിയല്‍-മിമിക്രി താരങ്ങളേയും സാഹിത്യകാരന്മാരേയുമൊക്കെ കൊണ്ടുവരാറുണ്ട്.

ആന്‍ഡമാന്‍ ദ്വീപുകളില്‍ മലയാളി അസോസിയേഷന്‍ വേറെയുമുണ്ട്. എന്നാല്‍ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതും കേരള സമാജം തന്നെയാണ്. നഗരമദ്ധ്യത്തില്‍ സ്വന്തം സ്ഥലം വാങ്ങാനും സ്‌കൂളുകള്‍ നടത്താനുമൊക്കെ സാധിച്ചു, കേരള സമാജത്തിന്.

രാത്രി ഭക്ഷണം ആനന്ദ എന്ന ഹോട്ടലില്‍ നിന്നായിരുന്നു. നൂറുശതമാനം 'ഫ്രഷാ'യ മത്സ്യവിഭവങ്ങള്‍ കഴിക്കാന്‍ ആന്‍ഡമാനിലെ ഏതു ഹോട്ടലിനേയും ആശ്രയിക്കാം. ചെമ്മീന്റേയും കൂന്തലിന്റേയുമൊക്കെ യഥാര്‍ത്ഥ രുചി അറിയണമെങ്കില്‍ ആന്‍ഡമാനില്‍ പോകണം. എന്നാല്‍ പോക്കറ്റ് കാലിയാക്കുന്ന വില കടല്‍ വിഭവങ്ങള്‍ക്ക് ഈടാക്കുന്നില്ല എന്നതും എടുത്തുപറയണം. കേരളത്തിലെ ഹോട്ടലുകളില്‍ 'സീ ഫുഡ്' എന്ന പേരില്‍ കിട്ടുന്ന, മരിച്ച് രണ്ടുവര്‍ഷം പിന്നിട്ട ചെമ്മീനു പോലും എന്തുവിലയാണ് വാങ്ങുന്നത്!

പിറ്റേന്നു രാവിലെ 8.15-നാണ് ഹാവലോക്ക് ദ്വീപിലേക്കുള്ള ഫെറി പുറപ്പെടുന്നത്. പോര്‍ട്ട്ബ്ലെയര്‍ നഗരത്തില്‍നിന്ന് ഏറെയൊന്നും ദൂരെയല്ലാത്ത ഫെറി ടെര്‍മിനലായ ഫീനിക്സ് ജെട്ടിയില്‍ രണ്ടുമണിക്കൂര്‍ മുന്‍പേ എത്തണം. സുരക്ഷാ പരിശോധന കര്‍ശനമാണത്രേ. 
വെളുപ്പിന് ആറുമണിക്കുതന്നെ ഓട്ടോ പിടിച്ച് ഫീനിക്സ് ജെട്ടിയുടെ ഗേറ്റിലെത്തി. ഇവിടെവരെയേ ഓട്ടോ അനുവദിക്കൂ. ഇനിയുള്ള ദൂരം നടക്കണം. ഗേറ്റില്‍നിന്ന് 500 മീറ്റര്‍ ദൂരെയാണ് ഫെറി പുറപ്പെടുന്ന ജെട്ടി.
നിരവധി പേര്‍ ലഗേജും വലിച്ച് നടക്കുന്നുണ്ട്. പ്രായമായവരുടെ വീല്‍ച്ചെയര്‍ തള്ളാന്‍ പോര്‍ട്ടര്‍മാരുണ്ട്.

ജെട്ടിയിലെത്തിയപ്പോള്‍ കണ്ടത് ഹോവര്‍ക്രാറ്റ് മട്ടിലുള്ള ഗംഭീരമായൊരു ബോട്ടാണ്. ഒരു കപ്പലാണെന്നുതന്നെ പറയാം. മക്കാവുഹോങ്കോങ് റൂട്ടിലൊക്കെ ഇത്തരം 'കട്ടമരനി'ല്‍ സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം.
ചെക്ക് ഇന്‍ കൗണ്ടറില്‍ ടിക്കറ്റ് പരിശോധിച്ചു. വിമാനത്തിലേതുപോലെ തന്നെ  ചെക്ക് ഇന്‍ ബാഗേജുകള്‍ അവിടെ ഏല്പിക്കണം. അത് ഇറങ്ങാന്‍ നേരം തിരികെ തരും.

ജയില്‍ മന്ദിരത്തിനു മേലെ നില്‍ക്കുമ്പോള്‍ കാണുന്ന റോസ് ഐലന്‍ഡ്. ബ്രിട്ടീഷുകാരുടെ ആസ്ഥാനം ഈ ദ്വീപായിരുന്നു
ജയില്‍ മന്ദിരത്തിനു മേലെ നില്‍ക്കുമ്പോള്‍ കാണുന്ന റോസ് ഐലന്‍ഡ്. ബ്രിട്ടീഷുകാരുടെ ആസ്ഥാനം ഈ ദ്വീപായിരുന്നു


6.15-നു തന്നെ പരിശോധന അവസാനിച്ചു. ഇനിയും രണ്ടു മണിക്കൂറുണ്ട് ഫെറി പുറപ്പെടാന്‍. ഇത്ര നേരത്തെ വിളിച്ചുവരുത്തിയത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
ഏഴുമണിയോടെ വെയില്‍ കനത്തു. കുറച്ചു പേര്‍ക്ക് നില്‍ക്കാന്‍ മാത്രമേ ഫെറി ടെര്‍മിനലില്‍ ഇടമുള്ളൂ. മറ്റുള്ളവര്‍ പുറത്ത് വെയിലും കൊണ്ട് നില്‍ക്കേണ്ട അവസ്ഥ. കുട്ടികള്‍ വെയില്‍ കൊണ്ടും വിശന്നും കരയാന്‍ തുടങ്ങി. 15 മിനിറ്റ് മുന്‍പേ ബോര്‍ഡിങ് ആരംഭിക്കൂ. അതുവരെ കാത്തുനിന്നേ പറ്റൂ.
ഇതിനിടെ ഒരുപയ്യന്‍ പ്രഭാതഭക്ഷണപ്പൊതികള്‍ വില്പന തുടങ്ങി. ഇഡ്ഡലിയും ചട്ട്ണിയും അടങ്ങുന്ന പൊതിക്ക് 100 രൂപ. വിശപ്പിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്നവര്‍ ഇഡ്ഡലിക്കു മേല്‍ ചാടിവീണു. പയ്യന് കോളടിച്ചു. കൊണ്ടുവന്ന പൊതികളെല്ലാം പത്തുമിനിട്ടുകൊണ്ടു തീര്‍ന്നു. കൂടുതല്‍ പൊതിയെടുക്കാന്‍ പയ്യന്‍ ശരംവിട്ടതുപോലെ പാഞ്ഞു.

പോര്‍ട്ട്ബ്ലെയറില്‍നിന്ന് ഏറ്റവുധികം വിനോദസഞ്ചാരികള്‍ പോകുന്ന നീല്‍, ഹാവ്ലോക്ക് ദ്വീപുകളിലേക്കെല്ലാം മക്രുസിനെക്കാള്‍ നിരക്ക് കുറഞ്ഞ സര്‍വ്വീസുകളുണ്ട്. ഉദാഹരണമായി, ഗവണ്‍മെന്റ് വക ഫെറിബോട്ടിന് ഹാവ്ലോക്കിലേക്ക് പോകാന്‍ 550 രൂപ നല്‍കിയാല്‍ മതി. ഗ്രീന്‍ ഓഷ്യന്‍, കോസ്റ്റല്‍ ക്രൂയിസ് എന്നിവയുടെ ബോട്ടുകള്‍ക്ക് 1000 രൂപയില്‍ താഴെയേ ഉള്ളൂ നിരക്ക്. എന്നാല്‍ ആഡംബരഭരിതവും എയര്‍ക്കണ്ടീഷന്‍ഡുമാണ് മക്രുസിന്റെ ഫെറിബോട്ടുകള്‍. ഇത്രയധികം നിരക്ക് ഈടാക്കാന്‍ കാരണവും അതുതന്നെയാണ്.
7.45-ന് ബോര്‍ഡിങ് ആരംഭിച്ചു. വെയില്‍കൊണ്ട്  വശംകെട്ടു നിന്നവരെല്ലാം ബോട്ടിന്റെ ഉള്ളിലേക്കു കയറാന്‍ പാഞ്ഞടുത്തതോടെ വലിയ ക്യൂ രൂപപ്പെട്ടു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com