യാത്രാഖ്യാനങ്ങളും പ്രതിഫലനങ്ങളും 

2018-ലെ മാന്‍ബുക്കര്‍ അന്തര്‍ദ്ദേശീയ പുരസ്‌കാരം നേടിയ പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍സൂക്കിന്റെ Flights എന്ന നോവലിന്റെ വായന
യാത്രാഖ്യാനങ്ങളും പ്രതിഫലനങ്ങളും 

2018-ലെ സാഹിത്യത്തിനുള്ള മാന്‍ബുക്കര്‍ അന്തര്‍ദ്ദേശീയ പുരസ്‌കാരം നേടിയ പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍സൂക്കിന്റെ (Olga Tokarczuk) പലായനങ്ങള്‍ (Flights) എന്ന നോവല്‍ ആധുനിക യൂറോപ്യന്‍ എഴുത്തിന്റെ ഏറ്റവും പുതിയ മുഖമാണ്. ഇന്നത്തെ യൂറോപ്പിലെ മാനവികതാവാദികളായ എഴുത്തുകാരില്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമാണ് ഇവര്‍ നേടിയെടുത്തിരിക്കുന്നത്. ഭൂഖണ്ഡപരമായ പാരമ്പര്യത്തിനുള്ളില്‍നിന്നുകൊണ്ട് നോവല്‍ ആഖ്യാനത്തിന് പ്രബന്ധരചനയുടെ ദീപ്തമായ ഒരു മുഖം പകര്‍ന്നുകൊടുക്കാനും ഇവര്‍ക്കു കഴിഞ്ഞു. യൂറോപ്യന്‍ എഴുത്തിലെ സെബാള്‍ട്ടിന്റേയും മിലാന്‍ കുന്ദേരയുടേയും ദാനിലൊകിഷിന്റേയും ദുബ്രാവ്‌സ്‌ക ഉഗ്രസിക്കിന്റേയും വഴിയിലൂടെ സഞ്ചരിക്കുവാനാണ് എഴുത്തുകാരി ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ചും സെര്‍ബൊ ക്രൊയേഷ്യന്‍ എഴുത്തുകാരന്‍ ദാനിലൊകിമ് ടോകാര്‍സൂക്കിന്റെ രചനകളോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നു. ഈ പുരസ്‌കാരത്തിന്റെ പ്രത്യേകത പരിഗണിക്കപ്പെടുന്ന രചനകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ എഴുത്തുകാരന്റെ പുതിയ രചനയായിരിക്കണമെന്നുള്ളതാണ് പുരസ്‌കാരത്തിന്റെ പകുതി തുക അംഗീകരിക്കപ്പെട്ട രചനയുടെ പരിഭാഷകര്‍ക്ക് ഉള്ളതാണെന്നുള്ളതും എടുത്തുപറയേണ്ടിയിരിക്കുന്നു.

നൊബേല്‍ സമ്മാന സമിതിയില്‍ അടുത്തകാലത്തുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഈവര്‍ഷമത് കൊടുക്കേണ്ടയെന്ന ദുരന്തത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നുള്ളതും ഇവിടെ ഓര്‍ത്തുപോകുന്നു. ലിറ്റററി ഏജന്റന്മാരും വാതുവയ്പുകാരും സഭയ്ക്കുള്ളിലെ ജീര്‍ണ്ണതയും ചേര്‍ന്നു വരുത്തിവച്ച വിനയാണിത്. 1962-ല്‍ പോളണ്ടില്‍ ജനിച്ച ഇവരെത്തേടി വിഖ്യാതപുരസ്‌കാരമായ 2015-ലെ പോളിഷ് മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ പുരസ്‌കാരവും അവിടത്തെ ഏറ്റവും മഹത്തായതെന്ന് വിലയിരുത്തപ്പെടുന്ന നിക്ക് (Nike) പുരസ്‌കാരവും 2008-ല്‍ ഇതിനു ലഭിച്ചിട്ടുണ്ട്. ജെനിഫര്‍ ക്രോഫ്റ്റാണ് (Jennifer Croft) ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പ്രസിദ്ധീകരണരംഗത്ത് കൂടുതലൊന്നും അറിയപ്പെടാത്ത ഇംഗ്ലണ്ടിലെ ഫിറ്റ്‌സ്‌കരാള്‍ദൊ എഡീഷന്‍സ് (Fitz carraldo Editions, London) പ്രസാധകരാണ് ഇത് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. പതിവ് നോവല്‍ സമ്പ്രദായങ്ങളോട് മമത പുലര്‍ത്താതെ ചെറിയ ചെറിയ ഖണ്ഡങ്ങളിലൂടെയാണ് രചനയുടെ വഴി തെളിഞ്ഞുവരുന്നത്. അപൂര്‍വ്വമായ ചില നീണ്ട ഭാഗങ്ങളും നോവലിന്റെ ഗതിയെ നിയന്ത്രിക്കുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാത്രകളുടേയും മനുഷ്യശരീരഘടനാ ശാസ്ത്രത്തിന്റേയും സ്പര്‍ശം അനുഭവിപ്പിക്കുന്ന ഈ നോവല്‍ ഒരു ഒഴുക്കന്‍ വായനയ്ക്ക് വഴങ്ങിക്കൊടുക്കുന്ന ഒന്നല്ല. ഗൗരവപൂര്‍ണ്ണമായ ഒരു വായനയെ ഈ നോവല്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്ന പരിഗണനയും കൊടുക്കേണ്ടതായിട്ടുണ്ട്.

ടോകാര്‍സൂക്കിന്റെ 'പകലിന്റെ ഭവനം രാത്രിയുടെ ഭവനം' (House of Day. House of Night) എന്ന നോവല്‍ 2012-ല്‍ വായിച്ചതിന്റെ ഓര്‍മ്മകള്‍ മനസ്സില്‍നിന്നും മായാതെ നില്‍ക്കുന്നുണ്ട്. യാത്രാഖ്യാനങ്ങളേയും അവ പങ്കുവച്ചുതരുന്ന പ്രതിഫലനങ്ങളും മനുഷ്യശരീരത്തിന്റെ തലങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന തീവ്രമായ അന്വേഷണങ്ങളും കണ്ണികളായി ചേര്‍ത്തുവയ്ക്കുമ്പോഴുണ്ടാകുന്ന അസാധാരണമായ ഒരു രചനാരൂപമാണിത്. പതിവ് നോവലില്‍നിന്നും മാറി സഞ്ചരിക്കുമ്പോഴും നോവല്‍ എന്ന സാഹിത്യരൂപത്തിന് പുതിയ ഒരസ്തിത്വം സൃഷ്ടിച്ചുകൊടുക്കാന്‍ ടോകാര്‍സൂക്കിന് കഴിയുന്നുണ്ട്. പതിനേഴാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലം വരെയുള്ള സംഭവങ്ങളും യാത്രകളും അത്യപൂര്‍വ്വമായ മാനുഷിക ദര്‍ശനങ്ങളും ഒരുക്കുന്ന നോവലിന്റെ ഭൂദൃശ്യങ്ങള്‍ക്ക് ആധുനികതയുടെ പരിമിതികള്‍ക്കു പുറത്തെ പുതിയ ചക്രവാളങ്ങള്‍ തേടിപ്പോകാനും കഴിഞ്ഞിരിക്കുന്നു. ഒരു സൈക്കോളജിസ്റ്റായി പരിശീലനം നേടിയ ഓള്‍ഗ ടോകാര്‍സൂക്കിന് മനുഷ്യശരീരവും ആത്മാവുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനുള്ള താല്പര്യവുമുണ്ടായിരുന്നു. കാലവും ചരിത്രവും രാഷ്ട്രീയവും സ്വന്തം ഭൂമികയിലെ കഴിഞ്ഞ നൂറ്റാണ്ടില്‍ സംഭവിച്ച മാറ്റങ്ങളുമൊക്കെ അവരെ കൂടുതല്‍ ചിന്തിപ്പിക്കാനും ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനുമുള്ള നിരവധി വഴികള്‍ കണ്ടെത്താനുള്ള സാഹചര്യങ്ങളില്‍ കൊണ്ടെത്തിക്കുകയായിരുന്നു. യുദ്ധാനന്തര യൂറോപ്പിലെ ദുരന്തപൂര്‍ണ്ണമായ അവസ്ഥയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പെട്ടെന്നുണ്ടായ പതനവും എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരെഴുത്തുകാരിയെന്ന നിലയില്‍ അവരെ കൂടുതല്‍ ശ്രദ്ധേയയാക്കി. പ്രതിഭാശാലിയായ ഒരു പുതിയ എഴുത്തുകാരിയുടെ ഈ കടന്നുവരവ് വായനക്കാരെ പ്രത്യേകിച്ചും കൂടുതല്‍ താല്പര്യമുള്ളവരാക്കി രൂപാന്തരപ്പെടുത്തിയെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

നോവലിന്റെ ആദ്യഭാഗത്തുള്ള ഒരു ശകലത്തില്‍ യാത്രക്കായി ഒരുങ്ങുന്ന ഒരു മനുഷ്യന്‍ ഒരു പ്രത്യേക ഗ്രന്ഥം കൂട്ടത്തില്‍ കൊണ്ടുപോകാനായി തെരഞ്ഞെടുക്കുന്നുണ്ട്. അത് ഫ്രെഞ്ച് റുമേനിയന്‍ ദാര്‍ശനികനായ എമില്‍ ഷിയോരാന്റെ പുസ്തകമാണ്. റുമേനിയന്‍ ഏകാധിപതിയുടെ കീഴില്‍ ജീവിക്കാനാവാതെ വന്നപ്പോള്‍ പാരീസിലേക്കു പ്രവാസിയായി വരികയായിരുന്നു ഷിയൊരാന്‍ (Emil Cioran). അദ്ദേഹത്തിന്റെ ചില ഗ്രന്ഥങ്ങള്‍ ബുക്കാറസ്റ്റില്‍വച്ച് നശിപ്പിക്കാനും അധികാരികള്‍ തയ്യാറായി. ജാലകഛായയില്‍ ഇരിക്കുന്ന മനുഷ്യന്‍ പുറത്തെ നിശ്ചലതയെയാണ് ശ്രദ്ധിച്ചുകൊണ്ടിരുന്നത്. പുറത്ത് അവശേഷിച്ച ശബ്ദങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നതായി അയാളറിയുന്നുണ്ട്. ആരുടെയൊക്കെയോ കാലടി നിസ്വനങ്ങളുടെ മുഴക്കങ്ങള്‍ മാത്രം ബാക്കിയാവുന്നു. ജാലകത്തിനു പുറത്തെ മുറ്റം ശൂന്യമാണ്. ആകാശത്തുനിന്ന് മൃദുലതയോടെ ഇരുട്ട് താഴേക്കിറങ്ങി ചിതറിവീഴുന്നു. ഒരു കറുത്ത മണ്ണിന്റെ രൂപമാണ് അതിനുണ്ടായിരുന്നത്. ഏറ്റവും മോശമായി തോന്നിയത് നിശ്ചലതയാണ്. സോഡിയം വേപ്പര്‍ വിളക്കുകളുടെ പ്രകാശത്തിന് ഒരു വിഷാദഛായയാണ് ഉണ്ടായിരുന്നത്. ഒന്നും സംഭവിക്കുന്നുണ്ടായിരുന്നില്ല. എത്ര സൂക്ഷ്മമായിട്ടാണ് ഓള്‍ഗ ടോകാര്‍സൂക്ക് നോവലിലെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതെന്നു നോക്കൂ. ശബ്ദങ്ങള്‍ എവിടേക്കൊ സ്വയം ചുരുങ്ങിക്കൂടുന്നതുപോലെയുണ്ടായിരുന്നു.  അവരുടെ ഒച്ചിന്റെ കണ്ണുകള്‍ പിന്‍വലിച്ചൊതുങ്ങുന്നതുപോലെ. പുറംലോകത്തിന്റെ സംഗീതസംഘം മടങ്ങിപ്പോകുന്നതിന്റെ തേങ്ങലുകള്‍ അവ ഉദ്യാനത്തിന്റെ ഏകാന്തതയിലേക്കു പിന്‍വാങ്ങുകയായിരുന്നു. പെട്ടെന്നുതന്നെ ഒരു തിരിച്ചറിവുണ്ടായതുപോലെ അയാള്‍ തരിച്ചുനിന്നു. ഒന്നും ചെയ്യാനാവാതെ തിരിച്ചരികെ ഇവിടെ ഞാന്‍ മാത്രം. 


ഒരിക്കലും അവസാനിക്കാത്ത മനുഷ്യരുടെ യാത്രകളെക്കുറിച്ചാണ് നോവലിസ്റ്റ് സംവേദിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പിലെ ഹോട്ടലുകള്‍ അവരുടെ മുറികളില്‍ സൂക്ഷിച്ചിരിക്കുന്ന ബൈബിളിന്റെ കോപ്പി മാറ്റി അവിടെ നീത്‌ഷെയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കുന്ന ഷിയൊറാന്റെ പുസ്തകങ്ങള്‍ വയ്ക്കുന്നതാണ് നല്ലത്. ബൈബിള്‍കൊണ്ട് ഇനിയുള്ള കാലത്ത് പ്രത്യേകിച്ചൊരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ല. എന്തെങ്കിലും പുതിയ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മനുഷ്യന്‍ സ്വയം സ്വതന്ത്രനായേ പറ്റൂ. നോവലിലെ ആഖ്യാതാവിനെ പലപ്പോഴും സ്രഷ്ടാവിന്റെ ഒരപരസാന്നിദ്ധ്യമായി മാത്രം കാണാന്‍ കഴിയുന്ന സ്ഥിതിയും വായനക്കാരുടെ മുന്നിലുണ്ട്. കുറച്ചൊക്കെ നര്‍മ്മസ്വഭാവം സ്വന്തമായുള്ള ശരിക്കും തനതായ ശബ്ദവും സ്വന്തമായിട്ടുള്ള ഒരു രൂപം. അയാളുടെ എണ്ണമറ്റ ദേശാന്തര ഗമനങ്ങളില്‍ അവര്‍ തമ്മില്‍ സന്ധിക്കുന്നതിന്റെ ചിത്രവും ലഭിക്കുന്നുണ്ട്. ശകലങ്ങളായി എഴുതുന്ന രീതിയില്‍ തെളിഞ്ഞുവരുന്ന കാലത്തിന്റെ അസാധാരണ കാഴ്ചകളും വായനക്കാരെ അത്ഭുതപ്പെടുത്തുന്നുണ്ട്. 

ഈ നോവലിന്റെ അസ്തിത്വപരമായ മുന്‍ധാരണകള്‍ എല്ലാം തന്നെ തുടര്‍ച്ചയായി വന്നും പോയുമിരിക്കുന്ന ചലനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന രൂപങ്ങളാണ്. ആന്തരാവബോധത്തിന്റെ ഒരു നോവലായി ഇതിനെ കാണണമെന്ന് നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. അതിനുള്ളില്‍ ആശയങ്ങളും കഥാപാത്രങ്ങളുടെ ശബ്ദവിന്യാസങ്ങളും കഥകളും ചേര്‍ന്നുണ്ടാക്കുന്ന ലോകത്തിന് പലപ്പോഴും പ്രത്യക്ഷമായ രീതിയിലൊരു ബന്ധവും വേര്‍തിരിച്ചെടുക്കാന്‍ കഴിയാതെ വരുന്നു. ഇവിടെ കാലവും ഇടവും വേര്‍തിരിച്ചു കാണുവാനാവാത്ത ഒരു പ്രതിസന്ധിക്കുള്ളിലാണ് വികസിതമാകുന്നത്. പതിനേഴാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെ അത് വന്നു നിറയുന്നതിന്റെ ഒരു ചിത്രം മറ്റൊരിടത്ത് ദര്‍ശിക്കാനാവാത്ത ഒന്നായി നിലനില്‍ക്കുന്നു. കഥകളും ശബ്ദങ്ങളും ചേര്‍ന്നൊരുക്കുന്ന അപശ്രുതിയുടെ താളത്തിനുള്ളിലും നോവല്‍ സജീവമായിത്തന്നെ മുന്നിലുണ്ട്. 
പോളണ്ടിലെ അന്തരീക്ഷത്തെക്കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണയുള്ള എഴുത്തുകാരിയാണ് ഓള്‍ഗ. പോളിഷ് ഭാഷയില്‍ നോവലിന്റെ ശീര്‍ഷകമായി വരുന്നത് ബിയിഗുനി (Bieguni) എന്ന വാക്കാണ്. ഇംഗ്ലീഷ് പരിഭാഷയില്‍ വരുന്ന പേരിനെക്കാള്‍ ഇതിനു കൂടുതല്‍ അര്‍ത്ഥതലങ്ങളുണ്ട്. ഒരു ഫിക്ഷണല്‍ സ്ലാവികീന്റെ അവാന്തര വിഭാഗമായി ഇതിനെ കാണണമെന്ന് തോന്നുന്നു. ഇംഗ്ലീഷില്‍ അലഞ്ഞുതിരിയുന്നവര്‍ (Wanderers) എന്ന പദത്തോടാണ് കൂടുതല്‍ സാമ്യം തോന്നുന്നതെന്നും വാദിക്കുന്നവരുണ്ട്. തുടര്‍ച്ചയായി വേണ്ടിവരുന്ന ചലനങ്ങള്‍ക്ക് ഒരു ഉറച്ച ജീവിതം തടസ്സമായി തീരുവാനാണ് സാധ്യതകള്‍ കൂടുതലുള്ളത്. ബുദ്ധസന്ന്യാസികളുടെ യാത്രാപഥങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് നോവലില്‍ പരാമര്‍ശങ്ങളുണ്ട്. 

ഇവിടെ കഥാപാത്രങ്ങള്‍ക്ക് അലഞ്ഞുതിരിയുന്ന ഒരു സന്ന്യാസിയുടെ പാരമ്പര്യത്തോടാണ് കൂടുതല്‍ അടുപ്പം തോന്നുന്നത്. അറബ് പാരമ്പര്യത്തിലെ ദെര്‍വിശുകള്‍ക്കും ഏതാണ്ട് ഇതേ ജീവിതവ്യാഖ്യാനങ്ങളാണുള്ളത്. മിക്കപ്പോഴും അപരിചിതരായ മനുഷ്യരുടെ സന്മനസ്സുകളുടെ ഛായയ്ക്കുള്ളിലാണ് അവര്‍ ജീവിക്കുന്നത്. പക്ഷേ, ഇവയൊന്നും തന്നെ അവരുടെ യാത്രകളുടെ ഒഴുക്കിന് പ്രതിരോധമായി വരുന്നുമില്ല. പഴയകാലത്ത് ജിപ്സികളുടേയും ജൂതരുടേയും ജീവിതയാത്രകള്‍ ഏകാധിപതികളുടെ വെറുപ്പിന് ഇരയായതിന്റെ കാരണവും നമുക്ക് ഊഹിച്ചെടുക്കാന്‍ കഴിയും. 
മറ്റൊരു ശകലത്തില്‍ ഒരു ദുഃഖിതയായ പെണ്‍കുട്ടി ചക്രവര്‍ത്തിക്കു മുന്നില്‍ മൂന്ന് ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ പരാതി സമര്‍പ്പിക്കുന്നുണ്ട്. ചക്രവര്‍ത്തിയുടെ കീഴില്‍ പോരാട്ടങ്ങളില്‍ പങ്കെടുത്ത് മരിച്ചുപോയ വിശ്വസ്തനായ പിതാവിന്റെ ശരീരം വിട്ടുകിട്ടുകയാണ് അവളുടെ ആവശ്യം. ഗ്രീക്ക് മിഥോളജിയിലെ സ്വന്തം സഹോദരന്റെ ശരീരം വിട്ടുകിട്ടാന്‍ തയ്യാറാകുന്ന ആവശ്യപ്പെടുന്ന ആന്റിഗണിയെപ്പോലെ അവള്‍ വായനക്കാരുടെ മുന്നിലുണ്ട്. പക്ഷേ, ഈ സ്ത്രീ തികച്ചും വ്യത്യസ്തയാണ്. മരണത്തിനുശേഷം ലഭിക്കേണ്ട ആദരവുകളൊന്നും പിതാവിനു ലഭിച്ചില്ലെന്നുള്ളത് അവളെ വേദനിപ്പിക്കുകയാണ്. ജീവിതത്തില്‍ വിശുദ്ധനായ റോമന്‍ ചക്രവര്‍ത്തി ജോസഫ് രണ്ടാമനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യനായിരുന്നു അയാള്‍. ഇപ്പോള്‍ രണ്ടുപോരും മരിച്ചുപോയിരിക്കുന്നു. പക്ഷേ, പുത്രിയായ ജോസഫൈന്‍ സോളിമാന്‍ ഓസ്ട്രിയയിലെ ചക്രവര്‍ത്തി ഫ്രാന്‍സിസ് ഒന്നാമന്റെ മുന്നില്‍ യാചിക്കുകയാണ്. പുത്രിയുടെ വിശ്വാസ്യതയും അവളുടെ ആവശ്യവും ന്യായമുള്ളതാണെന്ന് പില്‍ക്കാലത്ത് അവളുടെ  സഹോദരി കാണിച്ചുതരുന്നുണ്ട്. ഓള്‍ഗയുടെ ഈ ശകലം വായിക്കുമ്പോള്‍ നാമറിയാതെ ഒരു തീവ്രമായബന്ധത്തിന്റെ ചിതറിപ്പോയ ദൃശ്യങ്ങളിലേക്ക് നാമെത്തിച്ചേരുകയും ചെയ്യും. ഇതോടൊപ്പം സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന വൂള്‍ഫാങ്ങ അമേദിയസ് മൊസാര്‍ട്ടിന്റെ രൂപവും നോവലിസ്റ്റ് ചിത്രീകരിക്കുന്നു. രണ്ട് രൂപങ്ങള്‍ക്കും സമാനതകളുണ്ട്. പിതാവിന്റെ ശരീരം തിരിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്ന പുത്രിയുടെ ചിത്രം അത്രമേല്‍ ശക്തമായ ഒന്നാണ്. മറ്റൊരു ശകലത്തില്‍ സംഗീതജ്ഞനായ ഫ്രൈദറിക് ഷോപ്പിന്റെ ഹൃദയവുമായി 1849-ല്‍ പാരീസില്‍വച്ചുണ്ടായ മരണത്തിനുശേഷം റഷ്യന്‍ അതിര്‍ത്തി സൈനികരെ ഒളിപ്പിച്ച് പോളണ്ടിലേക്കു പോകുന്ന സഹോദരിയുടെ രൂപവും പങ്കുവച്ചുതരുന്നുണ്ട്. മരിച്ചുപോയ സഹോദരന്റെ ഹൃദയം ഒരു ജാറിനുള്ളിലാക്കിയാണ് ഒളിപ്പിച്ചു കടത്തുന്നത്. മാസ്റ്ററുടെ ശവസംസ്‌കാരത്തിന് പോളണ്ടില്‍ അങ്ങനെയെങ്കിലും ഒരു പൂര്‍ണ്ണതയുണ്ടാവണമെന്ന് അവള്‍ ആഗ്രഹിച്ചു. അത് ഷോപ്പിന്റെ അന്ത്യാഭിലാഷങ്ങളിലൊന്നായിരുന്നു. ഹൃദയമില്ലാത്ത ബാക്കി ശരീരഭാഗങ്ങള്‍ പാരീസ് നഗരത്തിലാണ് അടക്കിയത്. ഷോപ്പിന്‍ പാരീസില്‍ കഴിയുമ്പോഴും ഹൃദയം പോളണ്ടിന്റെ ഭൂമികയിലായിരുന്നു. ലുഡ്വിക്ക് എന്ന ഷോപ്പിന്റെ സഹോദരിയെ എങ്ങനെയാണ് നമുക്കു മറക്കാനാവുക. 


ഇത്തരം ശകലങ്ങളിലൂടെ തുടിച്ചുനിന്നിരുന്ന ജീവിതങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ ഏറെയുണ്ട് ഈ നോവലില്‍. ഭാവനകൊണ്ട് ഓള്‍ഗ ഇതിനെയെല്ലാം മാറ്റിമറിച്ചിരിക്കുന്നു. ആഖ്യാനത്തിന്റെ അതിവിശാലമായ തലങ്ങളും നീണ്ടഭാഗങ്ങളിലെ ചിത്രീകരണങ്ങളെ വല്ലാതെ ആവേശം കൊള്ളിക്കുന്നുണ്ട്. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള തീവ്രമായ ഊഹാപോഹങ്ങളും അതായത് നമ്മുടെ ലോകത്തിന്റെ രൂപവും അതിന്റെ ഭാവിയും ഈ നോവലില്‍ അവിടവിടെയായി തുടിച്ചുനില്‍ക്കുന്നതും അത്യപൂര്‍വ്വമായ ദൃശ്യങ്ങളാണ്. സ്വന്തം പാദം മുറിച്ചെടുത്തശേഷം അതിന്മേല്‍ പരീക്ഷണം നടത്തുന്ന ഒരു പ്രൊഫസ്സറുടെ ചിത്രവും ഈ നോവലിലെ ഒരു ശകലത്തില്‍ കണ്ടെത്തുവാന്‍ കഴിയും. എഴുത്തുകാരി ഓള്‍ഗ ടോകാര്‍സൂക്കിനെ സംബന്ധിച്ചിടത്തോളം എല്ലായിടത്തുമുണ്ട് എന്നാല്‍ ഒരിടത്തുമില്ല എന്ന ഒരവസ്ഥയിലാണവര്‍. എവിടേക്കെങ്കിലും യാത്ര തുടങ്ങുന്നതോടൊപ്പം തന്നെ ഞാന്‍ റഡാറില്‍നിന്നും അകന്നു മാറുന്നു. ഞാന്‍ എവിടെയാണെന്ന് ആരും അറിയാന്‍ പോകുന്നില്ല. പുറപ്പെട്ടയിടത്തിനും എത്തിച്ചേര്‍ന്നയിടത്തിനുമിടയിലെ ഒരു പ്രദേശം അത് എപ്പോഴെങ്കിലും സാധ്യമായിട്ടുള്ള ഒന്നാണോ. നോവലിസ്റ്റ് തന്നെ തന്റെ ആശങ്കകളെക്കുറിച്ച് പറയുന്നുണ്ട്. മുറിച്ചുമാറ്റിയ പാദത്തിന് കത്തുകളെഴുതുന്ന ഫിലിപ്പ് വെര്‍ഹെയിന്റെ ജീവിതം അയാളെഴുതിയ കത്തുകള്‍ പിന്നീട് വായിക്കാന്‍ കഴിഞ്ഞ ആഖ്യാതാവിന്റെ മനസ്സിലെ ചിന്തകള്‍ ശരീരത്തിനും ആത്മാവിനുമിടയില്‍ സംഭവിക്കുന്ന സത്തയെയാണ് എടുത്തുകാണിക്കുന്നത്. ഒരു അനന്തതയുടെ രണ്ട് സങ്കല്പങ്ങളായിട്ടു മാത്രമേ ഈ മാറ്റത്തെ കാണാന്‍ കഴിയൂ. എല്ലാം ദൈവമെന്ന മഹത്തായ തിരിച്ചറിവിനെ ആവരണം ചെയ്തു നില്‍ക്കുകയും ചെയ്യുന്നു. മയക്കത്തില്‍നിന്നുണരുമ്പോള്‍ തൊട്ടുമുന്നിലായി ചാരായം നിറച്ച കുപ്പിയില്‍വച്ചിരിക്കുന്ന മുറിച്ചുമാറ്റിയ പാദം അയാള്‍ കാണുന്നുണ്ട്. വേദനകള്‍ക്കും യാതനകള്‍ക്കും മീതെ നിശ്ചലമായി നില്‍ക്കുന്ന ഒരു രൂപം. മനുഷ്യശരീരം ശരിക്കും നിഗൂഢതകളില്‍ മുങ്ങിനില്‍ക്കുന്ന ഒന്നാണ്. അയാള്‍ കത്തില്‍ എഴുതിയിരുന്നു. ഈ നോവലിലെ ഏറ്റവും ദാര്‍ശനിക സമ്പന്നമായ ഒരു ഭാഗമാണിത്. ദാര്‍ശനികനായ സ്പിനോസയെക്കുറിച്ചുള്ള ഓര്‍മ്മകളും ഇവിടെ ഒത്തുചേരുന്നുണ്ട്. ജീവനുള്ള ഒരു രൂപത്തോട് സംവേദിക്കുന്നതുപോലെയാണ് ഫിലിപ്പ് മുറിച്ചുമാറ്റിയ കാലിനോട് കാര്യങ്ങള്‍ പറയുന്നത് അവസാനം അയാള്‍ സ്വയം ചോദിക്കുന്നു - എന്റെ വേദന തന്നെയാണോ എന്റെ ദൈവം?
ജീവിതം മുഴുവന്‍ യാത്രകള്‍ ചെയ്ത അയാളുടെ ശരീരം സ്വന്തം മുറിച്ചുമാറ്റിയ കാലിലേക്ക് ചുരുക്കിച്ചേര്‍ക്കുകയാണോ. നമ്മെ ശരിക്കും അസ്വസ്ഥരാക്കുന്ന ഈ മനുഷ്യനും അയാളുടെ മുറിച്ചുമാറ്റിയ കാലും ശരിക്കും നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. ചലനാത്മകതയാണ് മനുഷ്യജീവിതത്തില്‍ യാഥാര്‍ത്ഥ്യബോധത്തെ നിലനിര്‍ത്തുന്നതെന്ന് നോവലിസ്റ്റ് ഈ കഥാപാത്രത്തിലൂടെ പറയുന്നു. 
എങ്ങനെയാണ് ഈ പുസ്തകത്തെ വിശേഷിപ്പിക്കേണ്ടതെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. നൂറ്റാണ്ടുകളിലൂടെയുള്ള മനുഷ്യന്റെ പ്രയാണങ്ങളെ ചരിത്രത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ഓള്‍ഗ ടോകാര്‍സൂക്കിന്റെ കൗശലവും ഭാവനയും നോവല്‍ സാഹിത്യത്തിനുതന്നെ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്ന ഒന്നാണ്. സഞ്ചാരങ്ങള്‍ കഴിഞ്ഞ് തിരിച്ച് ഭവനത്തില്‍ എത്തിച്ചേരുന്ന ആഖ്യാതാവിന്റെ ചിന്തകളില്‍ തന്റെ ചിന്തകളുടെ ഭാരം എവിടെയാണ് ഇറക്കിവക്കുകയെന്ന ആകാംക്ഷയാണ് ബാക്കിയാവുന്നത്. ഇടക്കയാള്‍ എത്തിച്ചേര്‍ന്ന ഇടം സൈക്കോളജിസ്റ്റുകള്‍ വിഭാവനം ചെയ്യുന്ന ''എനിക്കറിഞ്ഞുകൂടാ ഞാനെവിടെയാണെന്ന്'' എന്ന സത്തയിലാണ്. മൊത്തത്തില്‍ അസംഘടിതമായ ഒരു രൂപത്തിലാവും ഞാന്‍ ഉണരാന്‍ പോകുന്നത്. ഞാനെവിടെയാണെന്നുള്ളതിന് ഒരു പ്രാധാന്യവുമില്ല. അത് ഒരു മാറ്റവുമുണ്ടാക്കുന്നില്ല ഞാന്‍ ഇവിടെത്തന്നെയാണ്. എഴുത്തുകാരനായ കാഫ്ക വിഭാവനം ചെയ്ത ഗ്രെഗര്‍ സാംസയുടെ അവസ്ഥയിലേക്കാണോ താന്‍ എത്തിച്ചേരുന്നത് എന്നും അയാള്‍ സംശയിക്കുന്നുണ്ട്. നോവലിസ്റ്റ് അവസാനം ഒരു ചോദ്യമുയര്‍ത്തുന്നുണ്ട്. ആരാണ് ഇതൊക്കെ വായിക്കാന്‍ പോകുന്നത്? കവാടം തുറക്കാന്‍ പോകയാണ്. ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാര്‍ ഡെസ്‌കിലേക്ക് അടുക്കുവാന്‍ പോകയാണ്. യാത്രക്കാര്‍ അവരുടെ ലഗേജുകള്‍ക്കായി പരതിനടക്കുന്നതിന്റെ വിഭ്രാന്തികള്‍. പുതിയ ഒരു ദര്‍ശനത്തിനുള്ളില്‍നിന്നുകൊണ്ടാണ് ഓള്‍ഗ തന്റെ ഏറ്റവും പുതിയ നോവലിന്റെ കാഴ്ചകള്‍ പങ്കുവയ്ക്കുന്നത്. നോവലിസ്റ്റ് വായനക്കാരെ ആധുനികതയുടെ പരിമിതികള്‍ക്കപ്പുറത്തേക്കു കൊണ്ടുപോവുകയാണ്. അതെ, മാനവരാശിയുടെ സത്തകള്‍ക്കുള്ളിലേക്ക് അഗാധമായി ഇറങ്ങിച്ചെല്ലുന്ന യാത്രകളിലൂടെ അവരിത് നേടിയെടുക്കുന്നു. 

Flights (Novel)
Olga Tokarczuk
Translation from polish by
Jennifer Croft
Pub. Fitz carraldo Editions
London 2018 June
410 Pages t 12,99
spl.indnedhnvailable for Rs499/-

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com