കരകേറ്റിയ കടല്‍വേരുകള്‍: ഡി. അനില്‍കുമാര്‍ എഴുതുന്നു

ഉപ്പിന്റെ രുചിയും മീനിന്റെ മണവുമുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍.
കരകേറ്റിയ കടല്‍വേരുകള്‍: ഡി. അനില്‍കുമാര്‍ എഴുതുന്നു

Local boatmen the heroes of flood rescues in India's Kerala Reuters Scroll, Canary Wharf

പ്പിന്റെ രുചിയും മീനിന്റെ മണവുമുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍. മണം അടിവരയിട്ട് പറയേണ്ട പദമാണ്. നിങ്ങള്‍ക്കത് നാറ്റമാണ്. ഞങ്ങളുടെ  പരിഷ്‌കാരം നിങ്ങള്‍ക്ക് അപരിഷ്‌കാരം ആണ്. ഞങ്ങളുടെ ഭാഷ നിങ്ങള്‍ക്ക് അഭാഷയാണ്. ഞങ്ങളുടെ അറിവുകള്‍, മൊഴികള്‍, നോട്ടങ്ങള്‍ നിങ്ങള്‍ക്ക് പരിഭ്രാന്തവും അസഹനീയവുമാണ്. മീന്‍കുട്ടയുമായി ബസില്‍ കയറിയാലോ കടല്‍ക്കറയുള്ള വസ്ത്രം ധരിച്ച് കടയില്‍ വന്നാലോ നിങ്ങള്‍ ഞങ്ങളെ ഇറക്കി വിട്ടിട്ടുണ്ട്. അടുക്കാന്‍ കൊള്ളാത്തവരാണ്, വാ തുറന്നാല്‍  പൂരപ്പാട്ടാണ് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുപോയിട്ടുണ്ട്. മുറുക്കാന്‍ കറ പിടിച്ച പല്ലും മണല് പുരണ്ട തലമുടിയും വിയര്‍പ്പ് നാറ്റമുള്ള ശരീരവുമാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് കല്പിച്ചു നല്‍കിയ ഭൗതിക രൂപം. തീര്‍ച്ചയാണ്, പുറംലോകത്തേക്കുള്ള വാതിലുകള്‍ കൊട്ടിയടച്ചപ്പോള്‍ ഞങ്ങള്‍ ഞങ്ങള്‍ക്കുള്ളില്‍ വ്യവസ്ഥകള്‍ തീര്‍ത്ത് പ്രണയിക്കുകയും വിവാഹം കഴിക്കുകയും സന്തതി പരമ്പരകളെ പെറ്റുകൂട്ടുകയും ചെയ്തവരാണ്. അവരില്‍ ചിലര്‍ വിദ്യാഭ്യാസം നേടി പുറംരാജ്യങ്ങളില്‍ പോയി തൊഴിലെടുത്തു. ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി. എങ്കിലും കടലില്‍ പണിയെടുക്കുന്നവരുടേയും മീന്‍കുട്ട ചുമക്കുന്ന പെണ്ണുങ്ങളുടേയും എണ്ണം കൂടിവന്നു. കാരണം മേല്‍പ്പറഞ്ഞ വിദ്യാഭ്യാസം ആര്‍ജിക്കുന്നവര്‍ ഈ കമ്മ്യൂണിറ്റിയുടെ അഞ്ചിലൊന്ന് പോലും വരുന്നില്ല എന്നതാണ് വാസ്തവം.

ഇതൊക്കെ ഇവിടെ പറയുന്നത് സമീപകാലത്ത് കേരളം കടന്നുപോയ പ്രളയക്കെടുതിയുടേയും അതില്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍വ്വഹിച്ച അതിനിര്‍ണ്ണായകമായ റോളിന്റെയും പശ്ചാത്തലത്തിലാണ്. അസംഘടിതരെന്ന് വിശേഷിക്കപ്പെട്ട അവര്‍ പല സന്ദര്‍ഭങ്ങളിലും സംഘടിതമായി പ്രവര്‍ത്തിക്കുന്നതും പ്രായോഗിക ബുദ്ധിയോടെ ഇടപ്പെടുന്നതും കേരളം കണ്ടു. കൊടിയ പ്രളയത്തിലും വീട്ടില്‍നിന്ന് ഇറങ്ങിവരാന്‍ കൂട്ടാക്കാത്തവരെ അവരുടെ തന്നെ ജനപ്രതിനിധികളുമായി ചെന്ന് കൂട്ടികൊണ്ടു  വരുന്നതും രാത്രി വൈകിയും ചെറിയ ടോര്‍ച്ച് വെട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതും ആരെയും ആവേശഭരിതമാക്കുന്ന കാഴ്ചകളായിരുന്നു. പൊതുസമൂഹത്തിന്റെ സ്ഥാപിത ധാരണകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു അത്. അവശ്യഘട്ടത്തില്‍ ഇഴജന്തുക്കളെ വകവയ്ക്കാതെ വെള്ളത്തിലിറങ്ങിയും നീന്തിയും സഞ്ചരിച്ചും അപ്പപ്പോള്‍ സൈന്യത്തിന്റേയും പൊലീസുകാരുടേയും

ഭരണകര്‍ത്താക്കളുടേയും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടും അവര്‍ പ്രവര്‍ത്തിച്ചു. അതുകൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് നമ്മുടെ സൈനികരാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് വിശേഷിപ്പിക്കേണ്ടി വന്നത്. അത് ആത്മാര്‍ത്ഥവും നിര്‍വ്യാജവുമായ പ്രസ്താവനയാണ്. കാരണം പ്രളയം രൂക്ഷമായ സന്ദര്‍ഭത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹായം പൊതുമാധ്യമത്തിലൂടെ ആവശ്യപ്പെടുന്നതും അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനെത്തുടര്‍ന്ന് ആലപ്പുഴയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെ തുറകളിലെയും മത്സ്യത്തൊഴിലാളികള്‍ അവരുടെ വള്ളങ്ങളും മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമായി പ്രളയബാധിത പ്രദേശങ്ങളിലെത്തി. ആദ്യമൊക്കെ സ്വന്തം ചെലവിലാണ് മെഷീന്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട പെട്രോളും ഡീസലും അവര്‍ സ്വരൂപിച്ചത്. പിന്നീട് ഗവണ്‍മെന്റ് തന്നെ അവരെ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. സ്വന്തം പൊലീസും ഭരണസംവിധാനങ്ങളും കേന്ദ്രസേനാ വിഭാഗങ്ങളും നിരന്ന ദുരന്തമുഖത്ത് ബോധപൂര്‍വ്വം തമസ്‌കരിക്കാമായിരുന്നിട്ടും മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി വിശേഷിപ്പിച്ച പിണറായി വിജയന്‍ സ്വന്തം ഭരണജാഗ്രതയ്ക്കൊപ്പം ഞങ്ങളുടെ ആത്മാഭിമാനവും ഉയര്‍ത്തി

യിരിക്കുകയാണ്.

തീരം നിറഞ്ഞ രാവുകള്‍
പ്രളയബാധിത പ്രദേശത്ത് പോകാന്‍ പള്ളിയില്‍നിന്ന് അറിയിപ്പുണ്ടാകേണ്ട താമസം നൂറു കണക്കിന് മത്സ്യത്തൊഴിലാളികള്‍ തീരത്തെത്തി. വള്ളത്തില്‍ സൂക്ഷിച്ചിരുന്ന വലയും ഡക്കില്‍ കരുതിയിരുന്ന മത്സ്യബന്ധനോപകരണങ്ങളും മാറ്റിവച്ച് ദുരന്തത്തെ നേരിടാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തു. ചാകരയ്ക്കുപോലും കാണാത്തത്ര ആളും പരപ്പുമായി തീരം നിറഞ്ഞു. തീര്‍ത്തും ദുര്‍ഘടമായ സാഹചര്യത്തെയാണ് തങ്ങള്‍ നേരിടാന്‍ പോകുന്നത് എന്ന ഭാവം ആരുടെ മുഖത്തും ഉണ്ടായിരുന്നില്ല. വലിയൊരു ദൗത്യത്തിന്റെ ഭാഗമായി നിരവധി മനുഷ്യരെ രക്ഷപ്പെടുത്താനുള്ള ഉദ്യമത്തിലാണ് തങ്ങള്‍ എന്ന് മാത്രം വിശ്വസിച്ചു. ഒരു വള്ളത്തിന് മൂന്ന് പേര്‍ എന്ന കണക്കിനെ അവഗണിച്ച് നിരവധി പേര്‍ സ്വമേധയാ പല ലോറികളിലായി കയറി. അര്‍ദ്ധരാത്രി, കോരിച്ചൊരിയുന്ന മഴയില്‍ ഒരു കുടയോ തലേക്കെട്ടോ പോലുമില്ലാതെ അവര്‍ വള്ളം വലിച്ചു ലോറിയില്‍ കയറ്റി. ഇപ്പോള്‍ പുറപ്പെട്ടാല്‍ എപ്പോഴായിരിക്കും തിരുവല്ല, ചെങ്ങന്നൂര്‍, ആലപ്പുഴ, ആലുവ ഭാഗത്തേക്ക് എത്തുക എന്ന മനക്കണക്ക് കൂട്ടി. ഒരടി അകലം പാലിച്ചു മാത്രം നിന്നിരുന്ന പൊലീസുകാര്‍ അവരോടൊപ്പം കൂട്ടുകൂടുന്നതും വള്ളം കയറ്റാന്‍ സഹായിക്കുന്നതും അവരുടെ അഭിപ്രായങ്ങള്‍ നിറഞ്ഞ മനസ്സോടെ പരിഗണിക്കുന്നതും കാണാമായിരുന്നു. എല്ലാ ലോറിയിലും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം  പൊലീസുകാരും കൂടി. ഊണും ഉറക്കവും കളഞ്ഞ് അവരെ യാത്രയാക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും അതത് തുറകളില്‍ ഉണ്ടായിരുന്നു.

ഇതിനു മുന്‍പ് ഇങ്ങനെയൊരു രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ സജ്ജരാകുന്നത് ഓഖി ദുരന്തസമയത്താണ്. അന്നവര്‍ രക്ഷിക്കാന്‍ പുറപ്പെട്ടത് സ്വന്തം കൂടപ്പിറപ്പുകളെയാണ്. ഭരണകൂടത്തിന്റേയും ഉദ്യോഗസ്ഥരുടേയും അവിശ്വാസവും  അധീശമനോഭാവവും അന്നവരെ പല സന്ദര്‍ഭങ്ങളിലും പിന്തിരിപ്പിച്ചു. കടലിന്റെ ദിശയും കാറ്റിന്റെ ഗതിയും അറിയാമെന്നും ഓരോ മത്സ്യത്തൊഴിലാളിയും വലയിറക്കുന്ന, മീന്‍ പിടിക്കുന്ന ഇടങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടാമെന്നും കരഞ്ഞുപറഞ്ഞിട്ടും അന്നാരും അവരെ വിശ്വാസത്തില്‍ എടുത്തില്ല. നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും പ്രവര്‍ത്തനത്തെപ്പറ്റി പരാതി ഉയരുമ്പോഴും സ്വന്തം നിലയ്ക്കുള്ള അന്വേഷണം കാര്യക്ഷമമെന്ന് വരുത്തിത്തീര്‍ക്കാനാണ് ഭരണകൂടം ശ്രമിച്ചത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കുറെയേറെ മനുഷ്യരെ ജീവനോടെ രക്ഷപ്പെടുത്തി കൊണ്ടുവരാന്‍ സാധിച്ചു. ഭരണകൂടത്തിന് വൈകി വിവേകമുദിച്ചപ്പോഴേക്കും ഒരുപാടുപേര്‍ ജീവനറ്റ്, വിറങ്ങലിച്ച ശരീരമായി കടലില്‍ ഒഴുകി നടക്കാന്‍ തുടങ്ങിയിരുന്നു. മരിച്ച മനുഷ്യരുടെ എണ്ണത്തെക്കാള്‍ ശവമായിപ്പോലും തിരിച്ചു കിട്ടാത്ത മത്സ്യത്തൊഴിലാളികളുടെ എണ്ണമാണ് അനൗദ്യോഗികമായി നോക്കുമ്പോള്‍ കൂടുതല്‍. മരണപ്പെട്ടവര്‍ക്ക്  നല്‍കാമെന്നേറ്റ നഷ്ടപരിഹാരമോ വാഗ്ദാനങ്ങളോ പൂര്‍ണ്ണമായി പാലിക്കപ്പെട്ടില്ല. കണ്ടുകിട്ടാത്ത തൊഴിലാളികളെ മരിച്ചതായി പ്രഖ്യാപിച്ചത് പോലും നിരന്തരമായ പ്രതിഷേധത്തിനും വിമര്‍ശനത്തിനും ശേഷമാണ്. ഇങ്ങനെയൊരു മഹാദുരന്തത്തിന്റെ തീരാപ്പാടും ഭരണകൂട അവഗണനയുടെ കടുംകയ്പും മതപരവും വിപണിപരവുമായ ചൂഷണവും പേറി ജീവിക്കുന്നവരാണ് സ്വന്തം ജീവനും ജീവിതവും മരണത്തിനു മുന്നില്‍ സമര്‍പ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്.

ആഗസ്റ്റ് 15 ഉച്ചയോടെ ആലപ്പുഴയിലേയും എറണാകുളത്തേയും മത്സ്യത്തൊഴിലാളികള്‍ ദുരന്തമുഖത്ത് നിരന്നുകഴിഞ്ഞിരുന്നു. സംഘാടനവും ഏകോപനവും അവര്‍ തന്നെ നിശ്ചയിച്ചു. ദിശകള്‍ മനസ്സിലാക്കാന്‍ അതത് പ്രദേശത്തെ വ്യക്തികളെ ആശ്രയിക്കുകയും ചെയ്തു. അതിരാവിലെ തുടങ്ങുന്ന പ്രവര്‍ത്തനം അര്‍ദ്ധരാത്രി വരെ നീണ്ടു. വിശ്രമിക്കാന്‍ പോലും അധികസമയം എടുത്തില്ല. സുനാമിത്തിരകളെ അതിജീവിച്ച മെയ്ക്കരുത്തും നിരന്തരം മരണത്തെ അഭിമുഖീകരിച്ചുകൊണ്ടുള്ള സഞ്ചാരവും ഈ സന്നദ്ധ ദൗത്യത്തില്‍ അവര്‍ക്ക് മുതല്‍ക്കൂട്ടായി. തിരുവനന്തപുരത്ത്‌നിന്നു പോയവര്‍ ആദ്യം തിരുവല്ല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറക്കാട്ട്‌നിന്നും തൃക്കുന്നപ്പുഴയില്‍നിന്നുമുള്ളവര്‍ എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും ആലുവയിലുമായി തിരച്ചിലില്‍ മുഴുകി. താനൂരിലേയും കടലുണ്ടിയിലേയും മത്സ്യത്തൊഴിലാളികള്‍ വടക്ക് ഭാഗത്തെ പ്രവര്‍ത്തനത്തിലും വ്യാപൃതരായി. പതിനേഴാം തീയതി രാത്രിയോടുകൂടിയാണ് ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്റെ കണ്ണീരും സിസ്സഹായതയും കലര്‍ന്ന വാക്കുകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. 

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി കഴിഞ്ഞുവെന്നും ഇനിയും വൈകിയാല്‍ ഒരുപാട് ശവങ്ങളായിരിക്കും ഇവിടന്ന് കൊണ്ടുപോകേണ്ടിവരിക എന്നുമുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷയറ്റ നിലവിളി എല്ലാവരെയും ഒരുപോലെ വേദനിപ്പിച്ചു. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശപ്രകാരം നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ കൊല്ലത്തുനിന്ന് നൂറോളം വള്ളങ്ങള്‍ ചെങ്ങന്നൂരെത്തി. ഒറ്റ പകലും രാത്രിയുമായി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഏകദേശം ഇരുപതിനായിരത്തോളം പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു. അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, മര്യനാട്, പൂന്തുറ, വിഴിഞ്ഞം, പുതിയതുറ, പൂവാര്‍, പൊഴിയൂര്‍ തുടങ്ങി തിരുവനന്തപുരത്തെ എല്ലാ തുറകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും പാണ്ടനാട്, മാടവന, വെണ്മിഴി ഭാഗത്തെ തിരച്ചിലില്‍ ഭാഗഭാക്കായി.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പലരും ദിവസം മുഴുവന്‍ പട്ടിണിയിരുന്നു. പോസ്റ്റുകളിലും മതില്‍ക്കെട്ടുകളിലുമായി ഇടിച്ചു പലരുടെ വള്ളങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മെഷീനുകള്‍ തറയിലുരഞ്ഞു പ്രവര്‍ത്തനരഹിതമായി. കടപുഴകി ഒഴുകുന്ന മരച്ചില്ലകള്‍ നീക്കം ചെയ്യുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന തുഴകള്‍ ഒടിഞ്ഞുപോയി. വള്ളം അടുപ്പിക്കാന്‍ ഒഴുക്കില്‍ ചാടിയിറങ്ങുന്നതിനിടെ കുപ്പിച്ചില്ലുകളും മുള്ളുകളും കൊണ്ട് പലരുടെയും കാലുകള്‍ മുറിഞ്ഞു. എങ്കിലും ഇതൊന്നും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചില്ല. തങ്ങളിറങ്ങിത്തിരിച്ച ദൗത്യം ആത്മാര്‍ത്ഥമായി പൂര്‍ത്തീകരിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഇതിനിടയില്‍ പല ഇടങ്ങളില്‍നിന്നും ജാതീയവും തൊഴില്‍പരവുമായ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മുക്കുവരുടെ വള്ളത്തില്‍ കയറില്ല എന്ന് നിലപാടെടുത്തവരും ഇങ്ങനെ ഓടിക്കാന്‍ ഇത് കടലല്ല, ഞങ്ങള്‍ സര്‍ക്കാര്‍ റെസ്‌ക്യൂ ടീമിന്റെ ബോട്ടില്‍ കയറിക്കോളാം എന്ന് മുഖം തിരിഞ്ഞു നിന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. മരണം മുന്നില്‍ കാണുമ്പോഴും ജാതിയും ഹുങ്കും വിട്ടുമാറാത്ത ഇത്തരക്കാരാണ് എന്നത്തേയും പോലെ ഇനിയും പുരോഗമന കേരളത്തിന്റെ ശാപം. 18-ന് വൈകുന്നേരം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറുന്നൂറോളം മത്സ്യബന്ധന വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായും അവരെ നന്ദിയോടെ ഓര്‍ക്കുന്നതായും അറിയിക്കുകയുണ്ടായി.

സോഷ്യല്‍ മീഡിയയിലെ കടലലകള്‍
പ്രളയാനന്തരം സോഷ്യല്‍ മീഡിയ മത്സ്യത്തൊഴിലാളികളെ നെഞ്ചേറ്റുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളി വള്ളങ്ങളുടെ കേടുപാടുകള്‍ തീര്‍ത്തു നല്‍കാമെന്നും ഓരോ മത്സ്യത്തൊഴിലാളിക്കും പ്രതിദിനം മൂവായിരം രൂപ വീതം വേതനം നല്‍കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും മടങ്ങിച്ചെല്ലുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ അവരെ ആദരിക്കണമെന്ന നിര്‍ദ്ദേശവും സോഷ്യല്‍ മീഡിയ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്.  ആയിരങ്ങള്‍ ആ വാക്കുകള്‍ ഷെയര്‍ ചെയ്തു. പലരുടേയും പ്രൊഫൈല്‍ പിക്ച്ചറും കവര്‍ ഫോട്ടോയും വാട്ട്സ്ആപ്പ് ഡി.പിയും മത്സ്യത്തൊഴിലാളികളാണ് നമ്മുടെ സൈന്യം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആലേഖനം ചെയ്തതായിരുന്നു. പത്രോസിനേയും അന്ത്രയോസിനേയും സെബദി പുത്രന്മാരേയും നോക്കി യേശുക്രിസ്തു പറഞ്ഞ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന ബൈബിള്‍ വചനം കാല്പനികമായും യാഥാര്‍ത്ഥ്യ ബോധത്തോടേയും പലരും അവരുടെ വാക്കുകളില്‍ ഉപയോഗിച്ചു. കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്ന് മൂന്നായി തിരിക്കുമെങ്കിലും ഇടനാടിനെ ചുറ്റിപ്പറ്റിയാണ് കേരളത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളും സാമൂഹിക സാംസ്‌കാരിക ചരിത്രങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അതിനൊരു അപവാദമെന്നോണം മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രയത്‌നവും ഇടപെടലും കേരളചരിത്രത്തില്‍ അടയാളപ്പെടുന്ന അപൂര്‍വ്വ സന്ദര്‍ഭം കൂടിയായിരുന്നു അത്. തമസ്‌കരണങ്ങള്‍ക്കിടയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ ദൈവമായും കാവല്‍മാലാഖമാരായും വിശുദ്ധവല്‍ക്കരിക്കുന്ന പോസ്റ്റുകളും ഉണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനുശേഷം തിരിച്ചുവരുമ്പോള്‍ പലരും റോഡിനിരുവശം നിന്ന് അവരെ കയ്യുയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും കൈകൂപ്പി നന്ദിയറിയിക്കുന്നതുമായ ചിത്രങ്ങളും വൈറലായി. ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടു. ''ദുരന്തം കണ്‍മുന്നില്‍ എത്തിനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആ വാര്‍ത്തയെത്തി. അവര്‍ വരുന്നു തിരമാലകളെ ഭയക്കാത്തവര്‍. ഞങ്ങളെ കൈപിടിച്ചു കയറ്റാന്‍. എനിക്കുറപ്പായിരുന്നു അവര്‍ക്ക് ഇവിടെ ഒരുപാട് ചെയ്യാനുണ്ടെന്ന്. നേവി പോലും പകച്ച് നിന്നിടത്ത് അവരുടെ ഡബിള്‍ എഞ്ചിന്‍ ഘടിപ്പിച്ച ബോട്ടുകളില്‍ ജീവന്‍ പോലും പണയം വച്ച് അവര്‍ കുതിച്ചു. പരിചയം ഇല്ലാത്ത സ്ഥലങ്ങളില്‍ അവര്‍ കാത്തത് പതിനായിരങ്ങളെയാണ്, ഞങ്ങളുടെ ജീവനാണ്.''

ഓഖി തമസ്‌കരിച്ചവരുടെ വീണ്ടുവിചാരം
2017 നവംബറിലെ ഓഖിയില്‍ നിന്ന് 2018 ആഗസ്റ്റിലെ മഴക്കെടുതിയില്‍ എത്തുമ്പോള്‍ ഒരു സമൂഹം മുഴുവന്‍ ഞങ്ങളെ തിരിച്ചറിയുകയാണ്. ഓഖി മത്സ്യത്തൊഴിലാളികളുടെ മാത്രം പ്രശ്‌നമായി കണ്ട് തമസ്‌കരിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇന്ന് അതിനെപ്പറ്റിയും വീണ്ടുവിചാരം ഉണ്ടാകുന്നു. മത്സ്യത്തൊഴിലാളികള്‍ അവരുടെ എല്ലാ വൈരുദ്ധ്യത്തോടെയും കൂടി കേരളചരിത്രത്തില്‍ അടയാളപ്പെടുകയാണ്. വിദ്യാര്‍ത്ഥികളും യുവതയും അടങ്ങുന്ന തലമുറയും ഇതര തൊഴില്‍വിഭാഗ ജനങ്ങളും പ്രളയക്കാലത്ത് സജീവമായും ക്രിയാത്മകമായും ഇടപെട്ടെങ്കിലും അതില്‍നിന്നെല്ലാം വ്യത്യസ്തമായി മത്സ്യത്തൊഴിലാളികള്‍ പ്രളയാനുഭവത്തിന്റെ ഐക്കണ്‍ ആയി മാറുന്നത് അവരുടെ ആത്മാര്‍ത്ഥമായ  പ്രവര്‍ത്തനവും തമസ്‌കരണത്തിന്റെ പൂര്‍വ്വചരിത്രവും കൊണ്ടാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിഫലമെന്നോണം ഗവണ്‍മെന്റ് നല്‍കിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ത്തന്നെ തിരിച്ചു നല്‍കുമെന്ന് പറഞ്ഞ ഫോര്‍ട്ട് കൊച്ചിയിലെ മീന്‍പിടിത്തകാരായ ഖായിസ്, സഹജീവി സ്‌നേഹത്തിന്റെ മറ്റൊരു മാതൃകയാണ്. വീഡിയോയിലൂടെ ഖായിസ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് ഇങ്ങനെ: ''ഞാന്‍ മത്സ്യത്തൊഴിലാളിയുടെ മകനാണ്. ഉപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് എന്റെ കുടുംബവും ഞാനും എന്റെ അനിയനുമൊക്കെ ജീവിച്ചത്. വാപ്പ പണിയെടുത്ത ഹാര്‍ബറിലാണ്  ആ പണികൊണ്ട് ഞങ്ങള്‍ ജീവിച്ചത്. ഇന്നലെ കൂട്ടുകാരന്മാര്‍ക്കൊപ്പം, എന്റെ കൂടപ്പിറപ്പുകള്‍ക്കൊപ്പം ബോട്ടെടുത്ത് ഒരുപാട് പേരെ രക്ഷിക്കാന്‍ പോയി. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഇന്ന് രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ ഞാന്‍ കേട്ടിരുന്നു ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്. ഞാന്‍ ഒരുപാട് അഭിമാനിച്ചു സാര്‍. പക്ഷേ, ഇന്ന് വൈകിട്ട് ഞാനറിഞ്ഞു മൂവായിരം രൂപ വച്ച് ഓരോ മത്സ്യത്തൊഴിലാളിക്കും കൊടുക്കുന്നുവെന്ന്. വളരെ സങ്കടത്തോടെ പറയുന്നു സര്‍, ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് ഞങ്ങള്‍ക്ക് പൈസ വേണ്ട. ബോട്ട് നന്നാക്കി തരുമെന്ന് സാര്‍ പറഞ്ഞു. അത് നല്ല കാര്യം. ജീവിക്കാന്‍ വേറെ ഉപജീവന മാര്‍ഗ്ഗമില്ല.'' തീര്‍ത്തും ദരിദ്രമായ ഒരു സമൂഹം മുഖ്യമന്ത്രിയുടെ തുക വാങ്ങുന്നതിലും വാങ്ങാതിരിക്കുന്നതിലും വേര്‍തിരിവ് കാണാന്‍ കഴിയില്ല. അന്നന്നത്തെ ജീവിതത്തിനായി കടലിനെ ആശ്രയിക്കുന്നവര്‍ ഒരാഴ്ചത്തെ ജീവനോപാധികള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ അവരുടെ കുടുംബങ്ങളില്‍ പലതും പട്ടിണിയിലോ അര്‍ദ്ധപട്ടിണിയിലോ ആയിരുന്നു. അതുകൊണ്ടാണ് ഗവണ്‍മെന്റ് മത്സ്യത്തൊഴിലാളികളെ അകമഴിഞ്ഞ് സഹായിക്കണം എന്ന അഭ്യര്‍ത്ഥന പൊതുസമൂഹത്തില്‍നിന്നും ഉണ്ടായത്. ഭാവിയെപ്പറ്റി സാമ്പത്തിക കരുതല്‍ ഇല്ലാത്തവരുടെ ഭാവി സുരക്ഷിതമാക്കണമെന്ന  പൊതുജനാഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയ്ക്കും ചര്‍ച്ചയ്ക്കുമാണ് വഴിവച്ചത്.

ദുരന്തമുഖത്ത് മനുഷ്യനന്മയുടെ പ്രതിരൂപമായി മാറിയ മത്സ്യത്തൊഴിലാളിയാണ് താനൂരുകാരനായ ജെയ്സല്‍. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍  വള്ളത്തില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി നല്‍കുകയായിരുന്നു അദ്ദേഹം. ദൈവം ബ്രാഹ്മണനോ ക്ഷത്രിയനോ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല, വെറുമൊരു മത്സ്യത്തൊഴിലാളി മാത്രമാണെന്ന് റഫീക്ക് അഹമ്മദിനെ പോലുള്ളവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടതിന് പിന്നില്‍ ജെയ്സലിന്റെ പ്രവൃത്തിയുടെ ധീരവും അനിര്‍വ്വചനീയവുമായ പൊരുള്‍ ഉണ്ട്. പൊതുസമൂഹത്തിലെന്നപോലെ നവമാധ്യമത്തിനും പുറത്താണ് മത്സ്യത്തൊഴിലാളികളുടെ സ്ഥാനം. സ്റ്റേറ്റിന്റെ വിദ്യാഭ്യാസം നേടിയവരോ സ്വയം പ്രകാശനത്തിന്റേയും സൗഹൃദത്തിന്റേയും സാധ്യത കണ്ടെത്താന്‍ ശ്രമിക്കുന്നവരോ ആണ് നവമാധ്യമത്തില്‍ കൂടുതല്‍. തൊഴിലിന്റെ സ്വഭാവം കൊണ്ടും നിര്‍മ്മിത വിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ടും മത്സ്യത്തൊഴിലാളികള്‍ ഈയൊരു വെര്‍ച്വല്‍ ഇടത്തിലും അന്യവല്‍ക്കരിക്കപ്പെട്ടവരാണ്. അങ്ങനെയൊരിടത്ത് അവര്‍ നടത്തിയ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ അലകള്‍ വീശിയടിക്കുമ്പോള്‍ അത് മത്സ്യത്തൊഴിലാളി ജീവിതത്തിന്റെ വീണ്ടെടുപ്പും ജനാധിപത്യപരമായ പുനര്‍വായനയും ആകുന്നു. 

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ പ്രാദേശികമായി പല പാര്‍ട്ടികളും സംഘടനകളും സ്ഥാപനങ്ങളും ആദരിക്കുകയുണ്ടായി. മന്ത്രിമാരും എം.എല്‍.എമാരും ജനപ്രതിനിധികളും അടങ്ങുന്ന സംഘമാണ് പലയിടങ്ങളിലും ആദരവ് നല്‍കാനുണ്ടായിരുന്നത്. 20-ലെ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരവിനെപ്പറ്റി മുഖ്യമന്ത്രി തന്നെ അറിയിച്ചു. ''നമ്മുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏറ്റവും നല്ല നിലയില്‍ സേവനമര്‍പ്പിച്ച വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനത്തില്‍ ധൈര്യവും സഹജീവി സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സാഹസികമായി മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയതിന്റെ നിരവധി അനുഭവങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായമൊന്നുമില്ലാതെ സ്വന്തം അനുഭവത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേയും കരുത്തിന്റേയും ബലത്തില്‍ മുന്നിട്ടിറങ്ങിയ ഇവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. അതിന്റെ അംഗീകാരം എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളേയും തിരുവനന്തപുരത്തു വച്ച് സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുകയാണ്.'' മത്സ്യത്തൊഴിലാളികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരമായിരിക്കും ഇത് എന്ന കാര്യത്തില്‍ സംശയമില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവുകളേയും അനുഭവങ്ങളേയും ചൂഷണം ചെയ്തു വിദേശയാത്രകള്‍ നടത്തിയവരും സര്‍ക്കാര്‍, എന്‍.ജി.ഒ. തലത്തില്‍ അംഗീകാരങ്ങള്‍ നേടിയവരും നിരവധി ഉണ്ടെങ്കിലും ഒരു പരമ്പരാഗത മത്സ്യത്തൊഴിലാളി സര്‍ക്കാരിന്റെ ആദരവ് ഏറ്റുവാങ്ങുന്നത് ആദ്യമായാണ്. ഐ.എഫ്.എഫ്.കെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന, ഗുലാം അലിയേയും യേശുദാസിനേയും ആദരിക്കുന്ന, സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ക്ക് സ്ഥിരം വേദിയാകുന്ന നിശാഗന്ധിയില്‍ ആയിരത്തോളം മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന്റെ അതിഥികളായി മാറുമ്പോള്‍ അവഗണനയുടേയും അപരവല്‍ക്കരണത്തിന്റേയും പൂര്‍വ്വചരിത്രം കൂടി ഓര്‍മ്മിക്കപ്പെടണം. അപ്പോള്‍ മാത്രമേ ആ ആദരവ് പൂര്‍ണമാകൂ.

(കവിയും ഗവേഷകനും മത്സ്യത്തൊഴിലാളികളുടെ  മകനുമാണ് ലേഖകന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com