ചെറുപ്പം ചെറുപ്പമായി നിര്‍ത്താന്‍ ഡാന്‍സ് ഡാന്‍സ്‌

പ്രായമായവര്‍ ദിവസേന നൃത്തം ചെയ്താല്‍ അല്‍ഷിമേഴ്‌സിനെ വരെ അകറ്റി നിര്‍ത്താമെന്നാണ് പുതിയ പഠനം.
ചെറുപ്പം ചെറുപ്പമായി നിര്‍ത്താന്‍ ഡാന്‍സ് ഡാന്‍സ്‌

ജീവിതത്തിന്റെ പാതിയെലെത്തിക്കഴിഞ്ഞാല്‍ മിക്കവരും അനുഭവിക്കുന്ന പ്രതിസന്ധിയാണ് ഓര്‍മ്മക്കുറവ്. ഇതിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും ചിലരില്‍ അല്‍പം കൂടി മോശമായി അല്‍ഷിമേഴ്‌സ് എന്ന അവസ്ഥയിലേക്ക് അത് മാറും. എന്നാല്‍ പ്രായമായവര്‍ ദിവസേന നൃത്തം ചെയ്താല്‍ അല്‍ഷിമേഴ്‌സിനെ വരെ അകറ്റി നിര്‍ത്താമെന്നാണ് പുതിയ പഠനം.

പ്രായം കൂടുന്നതു മൂലം ശാരീരികവും മാനസികവുമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുള്ള മികച്ച പ്രതിവിധിയാണ് വ്യായാമം എന്നാണ് ന്യൂറോജനറേറ്റീവ് അസുഖങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ജര്‍മന്‍ സെന്ററിലെ ഡോക്ടര്‍ കാതറിന്‍ റഹ്‌ഫെല്‍ഡ് പറയുന്നത്. ദിവസേന വ്യായാമം ചെയ്യുന്നത് പ്രായമാകുന്ന പ്രക്രിയയ്ക്ക് വേഗത കുറയ്ക്കാന്‍ സാധിക്കും. പ്രായമാകുന്നത് പൂര്‍ണ്ണമായി തടയാനായില്ലെങ്കിലും ഇത് മെല്ലെയാക്കാന്‍ നൃത്തം ചെയ്യുന്നതിലൂടെ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

നൃത്തം പ്രായമായവരുടെ മാനസികാവസ്ഥയെ എങ്ങനെ സ്വാധിനിക്കുന്നു എന്ന് തെളിയിക്കാനുള്ള പഠനം നടത്താനായി പ്രായമായ ആളുകള്‍ക്ക് രണ്ട് തരത്തിലുള്ള വ്യായാമങ്ങള്‍ നല്‍കി. ഒന്ന് നൃത്തവും മറ്റേത് എന്‍ഡ്യുറന്‍സ് ട്രെയിനിങ്ങുമായിരുന്നു. രണ്ടും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ നൃത്തം ചെയ്യുമ്പോഴാണ് പ്രായമായവരില്‍ പ്രത്യക്ഷമായ മാറ്റം കണ്ടെത്തിയത്. നൃത്തം ചെയ്യുന്നവരുടെ മാനസികാവസ്ഥ മെച്ചപ്പെട്ടതായാണ് കാണാനായത്- കാതറിന്‍ വ്യക്തമാക്കി.

ഏകദേശം 68 വയസ് പ്രായമുള്ളവരിലായിരുന്നു പഠനം നടത്തിയത്. ഇവരെ പല ഗ്രൂപ്പുകളായി തിരിച്ച് 18 മാസത്തോളം നൃത്തം, മറ്റു വ്യായാമങ്ങള്‍ എന്നിവ ചെയ്യിപ്പിച്ച് നിരീക്ഷിച്ചു. ഓര്‍മ്മയും മനസിലാക്കാനുള്ള ശേഷിയേയുമെല്ലാം ബാധിക്കുന്ന തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ബാഗത്തിന്റെ പ്രവര്‍ത്തനം ഈ 18 മാസം കൊണ്ട് കൂടിയതായി കണ്ടെത്തിയതായി കാതറിന്‍ പറഞ്ഞു.

ഈ മാസങ്ങളത്രയും പ്രായമായവരെക്കൊണ്ട് തുടര്‍ച്ചയായി നൃത്തം ചെയ്യിക്കുകയും വ്യത്യസ്തമംയ നൃത്തങ്ങള്‍ ചെയ്യാന്‍ പരിശീലിക്കുകയും ചെയ്തു. താളം, വേഗത, സ്റ്റെപ്‌സ് അങ്ങനെ എല്ലാകാര്യത്തിലും ഇവരെ കോണ്‍ഷ്യസ് ആക്കി. ഓര്‍മ്മയുടെ കാര്യം മാത്രമല്ല വാര്‍ധക്യസംഭന്ധമായ നിരവധി പ്രശ്‌നങ്ങളാണ് ഇതിലൂടെ ലഘൂകരിക്കപ്പെട്ടത്. നൃത്തം വളരെ മാനസികോല്ലാസം നല്‍കുന്ന വ്യായാമം ആയതുകൊണ്ടുതന്നെ പ്രായമായവരെ ഇതിലേക്ക് അടുപ്പിക്കാന്‍ എളുപ്പമാണ്. ഹ്യൂമണ്‍ ന്യൂറോസയന്‍സ് ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com