ദിവസവും ചായകുടിച്ചാല്‍ മറവിരോഗത്തെ തടയാം!

ദിവസവും ഒരു കപ്പ് ചായ കുടിച്ചാല്‍ മറവിരോഗത്തെ തയടാമെന്നാണ് കണ്ടെത്തല്‍
ദിവസവും ചായകുടിച്ചാല്‍ മറവിരോഗത്തെ തടയാം!

പലരുടെയും പ്രഭാതം തുടങ്ങുന്നത് ഒരു കപ്പ് ചൂടുചായ രുചിച്ചു കൊണ്ടായിരിക്കും. ഉന്‍മേഷവും ഉണര്‍വും നേടണമെങ്കില്‍ ഈ പാനീയം കൂടിയേ തീരു എന്നു കരുതുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് സന്തോഷകരമായൊരു വാര്‍ത്തയുണ്ട്.. ദിവസവും ഒരു കപ്പ് ചായ കുടിച്ചാല്‍ മറവിരോഗത്തെ തയടാമെന്നാണ് വിദഗ്ധരുടെ കണ്ടുപിടുത്തം. 

സിംഗപ്പൂരിലെ നാഷനല്‍ യൂണിവേഴ്‌സിറ്റിയാണ് ദിവസവും ഒരു ചായ കുടിച്ചാല്‍ മറവിരോഗ സാധ്യതയെ 50 ശതമാനം വരെ തടുക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്. തലച്ചോറില്‍ മറവിരോഗത്തിന്റെ ജീനുകളെ വഹിക്കുന്നവരില്‍ പോലും രോഗം വരാനുള്ള സാധ്യത 86 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് ജേണല്‍ ഓഫ് ന്യൂട്രീഷന്‍ ഹെല്‍ത്ത് ആന്‍ഡ് ഏജിങ്ങില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്. 

തേയിലയില്‍ അടങ്ങിയ സംയുക്തങ്ങളായ കറ്റേച്ചിനുകള്‍ക്കും ദിഫ്‌ലേവിനുകള്‍ക്കും ആന്റി ഇന്‍ഫ്‌ലമേറ്ററി ആന്‍ഡ് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് നാഡീനാശത്തില്‍ നിന്നും മറ്റും തലച്ചോറിനെ സംരക്ഷിക്കുന്നു. ദിവസവും ചായകുടിക്കുക എന്ന ജീവിതത്തിന്റെ ഭാഗമായ പ്രക്രിയയിലൂടെ നിങ്ങള്‍ക്ക് ഗരുതരമായൊരു ആരോഗ്യപ്രശ്‌നത്തില്‍ നിന്നും തലച്ചോറിനെ സംരക്ഷിക്കാനാവും. ഗ്രീന്‍ ടീയോ കട്ടന്‍ ചായയോ ഏതായാലും കുഴപ്പമില്ലെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.

55 വയസില്‍ കൂടുതല്‍ പ്രായമുള്ളവരെ 12 വര്‍ഷക്കാലം നിരീക്ഷിക്കുകയും അവരെ നിരന്തരം പഠന വിധേയരാക്കുകയും ചെയ്തു. അവരുടെ ജീവിത രീതി, ആരോഗ്യ ഘടന, രോഗാവസ്ഥ എന്നിവയെല്ലാം നിരീക്ഷിക്കുകയും ചെയ്തു. പിന്നീട് ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ഇവരുടെ ബൗദ്ധിക ഘടന പരിശോധിച്ചു. അവസാനം മറവിരോഗത്തെയും നാഡീസംബന്ധമായ രോഗങ്ങളെയും ചായ കുടിക്കുന്നതു വഴി ചെറുത്തു തോല്‍പ്പിക്കാമെന്ന് സിംഗപ്പൂര്‍ നാഷനല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താനായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com