വിറ്റാമിന്‍ഡിയും പ്രമേഹവും അതിന്റെ സങ്കീര്‍ണ്ണതകളും

വിറ്റാമിന്‍ഡി കുറവുള്ളവരില്‍ പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ കണ്ടുവരികയും പ്രമേഹം മൂലമുള്ള മരണം നേരത്തെയാകുന്നതിന് കാരണമാകുകയും ചെയ്യും. 
ഡോ പ്രദീപ് വി. ഗാഡ്ജ്
ഡോ പ്രദീപ് വി. ഗാഡ്ജ്

വിറ്റാമിന്‍ഡിയുടെ അപര്യാപ്തതയും പ്രമേഹവും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് ഡയബറ്റോളജിസ്റ്റ് ഡോ പ്രദീപ് വി. ഗാഡ്ജ് എഴുതുന്നു.

ലോകമെങ്ങും വിറ്റാമിന്‍ഡിയുടെ അപര്യാപ്തത വര്‍ധിച്ചുവരികയാണ്. കുറച്ചു വര്‍ഷങ്ങളായി ഗവേഷകര്‍ വിറ്റാമിന്‍ഡിയുടെ അപര്യാപ്തതയും ശരീരത്തിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നടത്തിവരികയാണ്. വിറ്റാമിന്‍ഡിയുടെ അപര്യാപ്തത പ്രമേഹമുണ്ടാകുന്നതുമായും നാഡികളുടെ തകരാറുകള്‍ മൂലം കൈകാലുകളില്‍ വേദനയുണ്ടാകുന്നതുപോലെയുള്ള സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകുന്നതുമായി വ്യക്തമായിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളും രക്തക്കുഴലുകളിലെ രോഗങ്ങളും വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട്.  

വിറ്റാമിന്‍ഡിയും പ്രമേഹവും

വിറ്റാമിന്‍ഡിയുടെ കുറവ് മൂലം പ്രമേഹം, പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ മൂലം നാഡികള്‍ക്കുണ്ടാകുന്ന കേടുപാട്, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാവുക, കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയാല്‍ മരണനിരക്ക് വര്‍ധിക്കുന്നതിന് തെളിവുകളുണ്ട്. പ്രമേഹരോഗമുള്ള മുതിര്‍ന്നവര്‍ ഇന്‍സുലിന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ വൈറ്റമിന്‍ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് ഗുണകരമാണ്. മുപ്പത് വര്‍ഷം നീണ്ടുനിന്ന പഠനം അനുസരിച്ച് കുട്ടികള്‍ ആദ്യവര്‍ഷം ദിവസവും വൈറ്റമിന്‍ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടിവരുന്ന പ്രമേഹം ഉണ്ടാകാനുള്ള സാധ്യതകള്‍ കുറയ്ക്കും. വിറ്റാമിന്‍ഡി സപ്ലിമെന്റുകള്‍ കഴിക്കുന്ന പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ അളവ് കുറഞ്ഞ അളവില്‍ മതിയാകും എന്ന് വിലയിരുത്തപ്പെടുന്നു. വിറ്റാമിന്‍ഡി കുറവുള്ളവരില്‍ പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ കണ്ടുവരികയും പ്രമേഹം മൂലമുള്ള മരണം നേരത്തെയാകുന്നതിന് കാരണമാകുകയും ചെയ്യും. 

വിറ്റാമിന്‍ഡിയും നാഡികളുടെ കേടുപാടും

പ്രമേഹരോഗികളില്‍ മൂന്നിലൊന്നുപേര്‍ക്കും നാഡികളുടെ തകരാറുകള്‍ മൂലം തരിപ്പ്, ഞെട്ടിത്തരിക്കുന്നതുപോലെയുള്ള വേദന, അസ്വസ്ഥകള്‍ എന്നിവയ്ക്കു കാരണമാകുന്നു. പ്രമേഹരോഗികള്‍ വിറ്റാമിന്‍ഡി സപ്ലിമെന്റുകള്‍ കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗം മൂലം നാഡികള്‍ക്ക് കുറഞ്ഞതോതിലേ നാശം സംഭവിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്താം. നാഡികള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍മൂലം അനുഭവപ്പെടുന്ന വേദന വിറ്റാമിന്‍ഡിയുടെ അപര്യാപ്തതയുള്ള പ്രമേഹരോഗികളില്‍ വഷളാവുന്നു.

വിറ്റാമിന്‍ഡിയും വൃക്കകളില്‍ ഉണ്ടാകുന്ന സ്വാധീനവും

പ്രമേഹരോഗികളില്‍ സാധാരണയായി ഉണ്ടാകുന്ന വൃക്കരോഗങ്ങള്‍ വിറ്റാമിന്‍ഡി അളവ് കുറയുന്നതിന് ഒരു കാരണമാണ്. ഇത്തരം രോഗികള്‍ വിറ്റാമിന്‍ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഹൃദ്രോഗവും മരണവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടുവരുന്നു. 

വിറ്റാമിന്‍ഡിയും കണ്ണുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും

പ്രമേഹരോഗികളില്‍ അധികമായി നേത്രരോഗങ്ങള്‍ കണ്ടുവരുന്നു. പ്രമേഹം അന്ധത വരാനുള്ള ഒരു പ്രധാന കാരണമാണ്. വിറ്റാമിന്‍ ഡിയുടെ കുറവും കണ്ണുകള്‍ നേരത്തെ പ്രായമാകുന്നതും കണ്ണുകളില്‍ കാഴ്ച സാധ്യമാക്കുന്ന പടലം വളരെ നേരത്തെ നേര്‍ത്തുവരുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിന്‍ഡിയുടെ അപര്യാപ്തത ഉള്ള പ്രമേഹരോഗികളില്‍ കണ്ണിന്റെ ആരോഗ്യം മോശമാവുകയും അവരില്‍ ധാരാളം സങ്കീര്‍ണ്ണതകളുണ്ടാവുകയും ചെയ്യും.

പ്രധാന കാര്യങ്ങള്‍

1. വിറ്റാമിന്‍ഡിയുടെ അപര്യാപ്തത ലോകമെങ്ങും വളരെ ഉയര്‍ന്ന നിരക്കില്‍ കണ്ടുവരുന്നു പ്രത്യേകിച്ച് പ്രമേഹബാധിതരില്‍
2. പ്രമേഹരോഗത്തിന്റെ വളര്‍ച്ച, നീണ്ടുനില്ക്കുന്ന സങ്കീര്‍ണ്ണതകള്‍, പ്രമേഹത്തിന്റെ ചികിത്സ എന്നിവയില്‍ വിറ്റാമിന്‍ഡി പ്രധാന പങ്കുവഹിക്കുന്നു. 
3. വിറ്റാമിന്‍ഡി അപര്യാപ്തത ദീര്‍ഘകാലമായി നിലനില്‍ക്കുന്നത് പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്ക് ഒരു കാരണമാണ്. ഇത് വേദനാജനകമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും കൂടുതല്‍ നാഡികള്‍ നശിക്കുന്നതിന് കാരണമാകുകയും ചെയ്യും.
4. പ്രമേഹബാധിതരില്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിന് വിറ്റാമിന്‍ഡി സപ്ലിമെന്റുകള്‍ ആവശ്യമായ തോതില്‍ കഴിക്കുന്നത് ഗുണകരമാണ്. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണ്.
5. വിറ്റാമിന്‍ഡി ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത് കൂട്ടാന്‍ സഹായിക്കുകയും അങ്ങനെ പ്രമേഹം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സങ്കീര്‍ണ്ണതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സഹായിക്കുകയും ചെയ്യും. 
6. വിറ്റാമിന്‍ഡി സപ്ലിമെന്റുകള്‍ കഴിച്ചുകൊണ്ടുള്ള ചികിത്സാരീതി പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നു. 

അതിനാല്‍ വിറ്റാമിന്‍ഡി സപ്ലിമെന്റുകള്‍ സാധാരണ ആളുകളില്‍ പ്രമേഹം ഉണ്ടാകുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും ചെലവു കുറഞ്ഞ വഴിയായി ഉപയോഗിക്കാവുന്നതും പ്രമേഹം വഴി ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. പ്രമേഹരോഗം കുറയ്ക്കുന്നതിനും അതിന്റെ വിവിധ സങ്കീര്‍ണതകള്‍ ചികിത്സിക്കുന്നതിനും സുരക്ഷിതവും ഫലപ്രദവുമായ ഒരു മാര്‍ഗമാണ് വിറ്റാമിന്‍ഡി സപ്ലിമെന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com