സൂചിക്ക് പകരം തേനീച്ചയെ ഉപയോഗിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തിയ സ്ത്രീ മരിച്ചു

55 കാരിയായ രോഗിയാണ് ജീവനുള്ള തേനീച്ചകളെ ഉപയോഗിച്ചുള്ള ചികിത്സയില്‍ മരണമടഞ്ഞത്
സൂചിക്ക് പകരം തേനീച്ചയെ ഉപയോഗിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തിയ സ്ത്രീ മരിച്ചു

തേനീച്ചയെ ഉപയോഗിച്ച് അക്യുപങ്ചര്‍ ചികിത്സ നടത്തിയതിനെത്തുടര്‍ന്ന് കോമയിലായ സ്പാനിഷ് സ്വദേശിനി മരിച്ചു. സൂചിക്ക് പകരം തേനീച്ചകളെ ചികിത്സയ്ക്കായി ഉപയോഗിച്ചതോടെ യുവതിക്ക് അലര്‍ജിവരികയും മരിക്കുകയുമായിരുന്നു. 

55 കാരിയായ രോഗിയാണ് ജീവനുള്ള തേനീച്ചകളെ ഉപയോഗിച്ചുള്ള ചികിത്സയില്‍ മരണമടഞ്ഞത്. എന്നാല്‍ ആദ്യമായല്ല ഇവര്‍ ഈ ചികിത്സയ്ക്ക് വിധേയയാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ നാല് ആഴ്ച കൂടുമ്പോള്‍ ഇവര്‍ അക്യുപങ്ചര്‍ നടത്താറുണ്ട്. മസിലുകള്‍ ദൃഡമാക്കുന്നതിനും സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇവര്‍ ചികിത്സ നടത്തുന്നത്. 

ഇവര്‍ക്ക് ആസ്മയോ ഹൃദ്രോഗമോ ഉണ്ടായിരുന്നില്ല. കൂടാതെ തേനീച്ച കുത്തിയാല്‍ അലര്‍ജി ബാധിക്കാറുണ്ടായിരുന്നില്ലെന്നുമാണ് ഇവരുടെ മെഡിക്കല്‍ രേഖകളില്‍ പറയുന്നത്. അവസാനം എത്തിയപ്പോള്‍ ചികിത്സയുടെ പ്രതികരണമായി ബോധരഹിതയാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രോഗിയുടെ രക്തസമ്മര്‍ദ്ദം താഴ്ന്നതോടെ സ്‌ട്രോക്കിന് കാരണമാവുകയും കോമയിലേക്ക് പോകുകയുമായിരുന്നു. തുടര്‍ന്ന് അന്തരിക അവയവങ്ങള്‍ നിശ്ചലമാവുകയായിരുന്നു.

തേനീച്ചയെ ഉപയോഗിച്ച് നടത്തുന്ന അക്യുപങ്ചര്‍ ചികിത്സ കാരണം ഉണ്ടാകുന്ന ആദ്യത്തെ മരണമാണിതെന്നാണ് റിപ്പോര്‍ട്ട്. സൂചി ഉപയോഗിക്കുന്നതിന് പകരം നിരവധി മാര്‍ഗങ്ങളിലൂടെ അക്യുപങ്ചര്‍ നടത്താറുണ്ട്. തേനീച്ചയുടെ വിഷം കുത്തിവെക്കാന്‍ ജീവനുള്ള തേനീച്ചകളെ തന്നെ ഉപയോഗിക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com