പ്രളയശേഷം കാത്തിരിക്കുന്നത് എലിപ്പനി; ജാഗ്രത

മലിനജലവുമായുള്ള സമ്പര്‍ക്കം എലിപ്പനി പിടിപ്പെടുന്നതിനുള്ള സാധ്യത കൂട്ടുന്നു
പ്രളയശേഷം കാത്തിരിക്കുന്നത് എലിപ്പനി; ജാഗ്രത

കാലവര്‍ഷം ശക്തികുറഞ്ഞ് പ്രളയജലം പിന്‍വാങ്ങിയെങ്കിലും അത് നമ്മുടെ വീടും,നാടും, കുടിവെള്ള സ്രോതസ്സുകളുമൊക്കെ വലിയ തോതില്‍ മലിനമാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇനി നമുക്ക് നേരിടേണ്ടിവരുന്ന ഒരു പ്രധാന ഭീഷണി പകര്‍ച്ചവ്യാധികളാണ്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചാല്‍ തീര്‍ച്ചയായും നമുക്ക് പകര്‍ച്ച വ്യാധികളില്‍ നിന്നും രക്ഷനേടുവാന്‍ കഴിയും. മലിനജലവുമായുള്ള സമ്പര്‍ക്കം എലിപ്പനി പിടിപ്പെടുന്നതിനുള്ള സാധ്യത കൂട്ടുന്നു.എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ്. കാര്‍ന്നു തിന്നുന്ന ജീവികളായ  എലി , അണ്ണാന്‍ , മരപ്പട്ടി എന്നിവയിലും പൂച്ച, പട്ടി തുടങ്ങിയ ജീവികളിലും ഈ രോഗാണുക്കളെ കണ്ടത്തിയിട്ടുണ്ട്.

രോഗം പകരുന്ന രീതി  
രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ,  മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് ഈ രോഗം പകരുന്നത്. ഒരു രോഗിയില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണ്.എല്ലാ പ്രായക്കാരിലും രോഗം കാണാറുണ്ടെക്കിലും 20  വയസ്സിനും 40 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലാണ് നമ്മുടെ സാഹചര്യത്തില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. മഴക്കാലത്താണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. രോഗാണു  ശരീരത്തില്‍ പ്രവേശിച്ചാല്‍ 4 മുതല്‍ 19 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.

സംശയിക്കേണ്ട ലക്ഷണങ്ങള്‍ 
പെട്ടെന്നുണ്ടാകുന്ന പനി, തലവേദന എന്നിവ കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എലിപ്പനി സംശയിക്കേണ്ടതാണ്;
ശക്തമായ പനി,  തലവേദന, പേശിവേദന, സന്ധിവേദന,  മൂത്രത്തിന് കടുത്ത മഞ്ഞനിറം, ഓക്കാനം, ഛര്‍ദി, വയറിളക്കം, കണ്ണില്‍ ചുവപ്പ് നിറം, രോഗം മൂര്‍ച്ഛിച്ചാല്‍ രക്തസ്രാവം,മൂത്രത്തിന്റെ അളവ്  കുറയുക എന്നിവ കാണപ്പെടാം. വിവിധ അവയവങ്ങളെ ബാധിക്കുന്നതനുസരിച്ച് അതിന്റെതായ രോഗ ലക്ഷണങ്ങള്‍ പ്രകടമാകും.
വൈവിധ്യമായ ലക്ഷണങ്ങളോട് കൂടി എലിപ്പനി പ്രക്ത്യക്ഷപ്പെടാം എന്നത് കൊണ്ട് മലമ്പനി, ഡെങ്കിപ്പനി , വൈറല്‍ ഹെപ്പറ്റെറ്റിസ് എന്നിവയെല്ലാമായി രോഗം സംശയിക്കപ്പെട്ടേക്കാം. ആയതിനാല്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് പനി ബാധിച്ചാല്‍ ഉടനെതന്നെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്.  

പ്രതിരോധ ചികിത്സ
വെള്ളപ്പൊക്കത്തോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍  മലിനജലത്തിലിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനി പ്രതിരോധത്തിനായുള്ള 100 ഗ്രാമിന്റെ ഡോക്‌സിസൈക്‌ളിന്‍ ഗുളികകള്‍ ആഴ്ചയില്‍ 2 എണ്ണം കഴിക്കേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകട സാധ്യത കുറയുന്നതുവരെയോ 6 ആഴ്ചയോ ഡോക്‌സിസൈക്‌ളിന്‍ ഗുളികകള്‍ തുടരേണ്ടതാണ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടിരിക്കുന്നവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ബാധകമാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ഈ ഗുളിക സൗജന്യമായി   ലഭിക്കുന്നതാണ്.ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കട്ടി കൂടിയ റബ്ബര്‍ കാലുറകളും, കയ്യുറകളുംനിര്‍ബന്ധമായും  ധരിക്കണം.  കൈകാലുകളില്‍ പോറലോ,മുറിവോ ഉള്ളവര്‍  മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്. മലിനജലം ഉപയോഗിച്ച് മുഖം കഴുകുന്നതും ഒഴിവാക്കേണ്ടതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com