ലൈം​ഗിക ബന്ധത്തിലൂടെ ‍ഡെങ്കിപ്പനി ; ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ലൈംഗീക ബന്ധത്തിലൂടെ ഡെങ്കി വൈറസ് ബാധയുണ്ടാവാമെന്ന പഠനങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും കേസ് റിപ്പോര്‍ട്ട് ചെയ്തത് ഇതാദ്യമായാണ്
ലൈം​ഗിക ബന്ധത്തിലൂടെ ‍ഡെങ്കിപ്പനി ; ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

മാഡ്രിഡ് :  ലൈംഗിക ബന്ധത്തിലൂടെ ഡെങ്കിപ്പനി പകരാം. ഇത്തരത്തിൽ ഡെങ്കിപ്പനി പകർന്ന  ആദ്യ കേസ് സ്‌പെയിനില്‍ സ്ഥിരീകരിച്ചു. മാഡ്രിഡില്‍ നിന്നുള്ള 41കാരനാണ് ഡെങ്കിപ്പനി ബാധിച്ചതെന്ന് മാഡ്രിഡ് പബ്ലിക് ഹെല്‍ത്ത് ഓഫീസറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സെപ്തംബറിലാണ് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

രോഗി താമസിച്ചിരുന്ന സ്ഥലത്തോ ഇടപഴകിയ ചുറ്റുപാടുകളിലോ നേരത്തെ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ രോഗം എങ്ങനെ ബാധിച്ചുവെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. യാത്രയ്ക്കിടയിലോ മറ്റോ രോഗം ബാധിച്ചതാവാം എന്നായിരുന്നു ഡോക്ടര്‍മാരുടെ അനുമാനം. എന്നാല്‍ രോഗിയുടെ പുരുഷസുഹൃത്തും സമാനമായ രോഗലക്ഷണങ്ങളോ ചികിത്സ തേടിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് രോഗബാധയെ കുറിച്ച് വ്യക്തമായത്.

ഇയാള്‍ തന്റെ പുരുഷസുഹൃത്തുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ശുക്ലത്തിലും വൈറസിന് ജീവിക്കാനാവുമെന്ന പഠനങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലൈംഗീക ബന്ധത്തിലൂടെ ഡെങ്കി വൈറസ് ബാധയുണ്ടാവാമെന്ന പഠനങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും കേസ് റിപ്പോര്‍ട്ട് ചെയ്തത് ഇതാദ്യമായാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അധികൃതര്‍ പ്രതികരിച്ചു.

വളരെ സാധാരണ കണ്ടുവരുന്ന ഒരു വൈറല്‍ അണുബാധയാണ് ഡെങ്കി. പ്രത്യേകിച്ച് ഏഷ്യ, തെക്കേ അമേരിക്ക, കരീബിയന്‍ തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍. ഉയര്‍ന്ന താപനില, തലവേദന, കണ്ണിനു പിന്നിലും പേശികളിലും വേദന, ഛര്‍ദ്ദി, കടുത്ത പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com