കൊറോണയുടെ രണ്ടാംവരവ് അതിഭീകരം ; വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ സാമൂഹിക അകലം പാലിക്കല്‍ 2022 വരെ തുടരേണ്ടി വരും ; മുന്നറിയിപ്പ്

ചെറു കാലഘട്ടത്തിലേക്കുള്ള ലോക്ക്ഡൗണ്‍ ഫലം ചെയ്യില്ലെന്നും രോഗം തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും പഠനം ആവര്‍ത്തിക്കുന്നു.
കൊറോണയുടെ രണ്ടാംവരവ് അതിഭീകരം ; വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ സാമൂഹിക അകലം പാലിക്കല്‍ 2022 വരെ തുടരേണ്ടി വരും ; മുന്നറിയിപ്പ്


ന്യൂയോര്‍ക്ക് : ഒരു ലോക്ക്ഡൗണ്‍ കൊണ്ടു മാത്രം കൊറോണ വൈറസിനെ തളയ്ക്കാനാവില്ലെന്നും 2022 വരെ സാമൂഹിക അകലം പാലിക്കല്‍ തുടരണമെന്നും വിദഗ്ധര്‍. ഹാര്‍വാഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞദിവസം പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷം രണ്ടാമതും കൊറോണ പടര്‍ന്നാല്‍, അത് മുന്‍ വരവിനേക്കാള്‍ ഭീകരമായിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡിനെതിരെ വാക്‌സിന്‍ തയ്യാറാകുകയോ, തീവ്ര പരിചരണ ചികില്‍സ ശക്തമാകുകയോ ചെയ്യാത്ത പക്ഷം സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏകവഴി. ചികിത്സകളും വാക്‌സിനും ഉണ്ടായിരുന്നെങ്കില്‍ ഇത്തരം സാമൂഹിക അകലം പാലിക്കലിന്റെ ആവശ്യകത ഉണ്ടാകുമായിരുന്നില്ല.

വാക്‌സിനിലൂടെയും മറ്റും സ്ഥിരമായ പ്രതിരോധം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞാല്‍ ഇപ്പോഴത്തെ പൊട്ടിപ്പുറപ്പെടലോടു കൂടി അഞ്ചാറു വര്‍ഷത്തിനുള്ളില്‍ കോവിഡ് അപ്രത്യക്ഷമായേക്കാം. എന്നാല്‍ മനുഷ്യര്‍ ആര്‍ജ്ജിച്ചെടുക്കുന്ന പ്രതിരോധം തത്കാലത്തേക്ക് മാത്രമേ ആശ്വാസം നല്‍കൂ. രോഗ വ്യാപനം ചാക്രികമായി സംഭവിക്കാം. ചെറു കാലഘട്ടത്തിലേക്കുള്ള ലോക്ക്ഡൗണ്‍ ഫലം ചെയ്യില്ലെന്നും രോഗം തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും പഠനം ആവര്‍ത്തിക്കുന്നു.

കൃത്യമായ ചികില്‍സ കണ്ടുപിടിച്ചില്ലെങ്കില്‍ 2025 ല്‍ കോവിഡ് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. അമേരിക്കയില്‍ കോവിഡ് അതിന്റെ പാരമ്യത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ 2022 വരെ വീടുകളില്‍ തന്നെ തുടരുകയും സ്‌കൂളുകള്‍ അടച്ചിടുകയുമാണ് പോംവഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2024 ല്‍ സാര്‍സ് വൈറസ് ബാധ വീണ്ടും ലോകത്ത് പടര്‍ന്നുപിടിച്ചേക്കാമെന്നും പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

'രോഗബാധിതരായ മനുഷ്യരിലൂടെയും സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകരാന്‍ സാധ്യത. ഇതിനെതിരേ വാകസിന്‍ വഴി മനുഷ്യരെയൊന്നാകെ രോഗത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാക്കിയില്ലെങ്കില്‍ ഒരു വലിയ വിഭാഗം ജനത എപ്പോള്‍ വേണമെങ്കിലും രോഗബാധിതാരാവാവുന്ന അവസ്ഥയിലാണ്', 2020 ലെ വേനല്‍ അവസാനിക്കുന്നതോടെ രോഗം ശമിക്കുമെന്ന വാദം തെറ്റാണെന്നും ഹാര്‍വാഡിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ മാര്‍ക്ക് ലിപ്‌സിച്ച് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com