വെയിലു കൊള്ളാറുണ്ടോ? കോവിഡിനെ കീഴടക്കാം; പഠന റിപ്പോര്‍ട്ട്

വെയിലു കൊള്ളാറുണ്ടോ? കോവിഡിനെ കീഴടക്കാം; പഠന റിപ്പോര്‍ട്ട്
വെയിലു കൊള്ളാറുണ്ടോ? കോവിഡിനെ കീഴടക്കാം; പഠന റിപ്പോര്‍ട്ട്

ചൂടും പൊള്ളുന്ന വെയിലുമെല്ലാം കൊറോണ വ്യാപനത്തെ എങ്ങനെയാണ് സ്വാധീനിക്കുക എന്നത് വലിയ ചര്‍ച്ചാവിഷയമായിരുന്നു, ഗവേഷകര്‍ക്കിടയില്‍. അതില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇപ്പോഴിതാ കൊറോണ പ്രതിരോധത്തില്‍ വെയിലിനു കാര്യമായ റോളുണ്ട് എന്നു ചൂണ്ടിക്കാട്ടുകയാണ് ഒരു വിഭാഗം ഗവേഷകര്‍. വെയിലു കൊള്ളുന്ന ശീലമുള്ള മനുഷ്യര്‍ക്കിടയില്‍ കോവിഡിന്റെ മരണനിരക്കു കുറവാണെന്നാണ് ഇവര്‍ പറയുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലെ കോവിഡ് വ്യാപനവും മരണ നിരക്കും കണക്കിലെടുത്തുകൊണ്ടുള്ള പഠനമാണ്, ബ്രിട്ടനിലെ ആന്‍ജില റസ്‌കിന്‍ യൂണിവേഴ്‌സിറ്റി നടത്തിയത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിറ്റാമിന്‍ ഡിക്ക് കാര്യമായ പങ്കുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വിറ്റാമിന്‍ ഡി കിട്ടുന്നതിനുള്ള പ്രധാന മാര്‍ഗമാണ് വെയിലു കായല്‍.

ഇറ്റലിയും സ്‌പെയിനുമാണ് കോവിഡ് മരണനിരക്ക് ഏറ്റവും കുടുതലുള്ള രണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനങ്ങളില്‍ വിറ്റാമിന്‍ ഡിയുടെ അളവു ശരാശരിയിലും കുറവുള്ള രണ്ടു രാജ്യങ്ങളാണ് ഇവ. തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വെയിലു കൊള്ളുന്ന ശീലം താരതമ്യേന കുറവാണെന്ന് ഇവര്‍ പറയുന്നു. ഈ രാജ്യങ്ങളിലെ പ്രായമായവര്‍ വെയിലുള്ളപ്പോള്‍ പുറത്തിറങ്ങാറേയില്ല.

വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആളുകളിലെ വിറ്റാമിന്‍ ഡി നിരക്ക് ഉയര്‍ന്നതാണ്. അവര്‍ വെയിലു കായും എന്നതു മാത്രമല്ല, കോഡ് ലിവര്‍ ഓയിലും വിറ്റാമിന്‍ ഡി സപ്ലിമെന്റുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ജനസംഖ്യയുടെ ആനുപാതിക കണക്കു വച്ചു നോക്കിയാല്‍ യുറോപ്പില്‍ ഏറ്റവും കുറവ് കോവിഡ് മരണം ഈ രാജ്യങ്ങളിലാണെന്നാണ് ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ശ്വസന പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിരോധം തീര്‍ക്കുന്നതില്‍ വിറ്റാമിന്‍ ഡിക്കുള്ള പങ്ക് വലുതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഈ ദിശയില്‍ കൂടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇരുപതു രാജ്യങ്ങളില്‍നിന്നു ലഭ്യമായ വിവരങ്ങള്‍ വച്ചുള്ള സാംപിള്‍ പഠനമാണ് നടത്തിയതെന്നും ഇക്കാര്യത്തില്‍ വിശദ പഠനം നടക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com